സി.പി സൈതലവി
”ഞങ്ങള്‍ ഉറങ്ങുകയായിരുന്നു.കട്ടിക്കൂരിരുട്ടിന്റെ തിരശ്ശീലയില്‍ ജീനിയും കടിഞ്ഞാണുമില്ലാതെ, കടന്നുപോയ കാലമാം ജവനാശ്വത്തിന്റെ കാല്‍പ്പെരുമാറ്റത്തിന് കാതോര്‍ക്കാതെ, മൂഢസങ്കല്പങ്ങളില്‍ മൂടിപ്പുതച്ചുറങ്ങുകയായിരുന്നു ഞങ്ങള്‍.
ഞങ്ങള്‍ക്കു ചുറ്റും ഭൂമിയാകെ ഉഴുതുമറിക്കപ്പെട്ടിട്ടും, ആഴിയിലെ ജലബിന്ദുക്കള്‍ മുഴുവന്‍ ആവിയായി രൂപാന്തരപ്പെട്ടിട്ടും, കാര്യമറിയാതെ കാല്‍വണ്ണകള്‍ക്കിടയില്‍ കൈകള്‍ തിരുകി മുത്തശ്ശിക്കഥയിലെ മുയലിനെപ്പോലെ ഞങ്ങളുറങ്ങി. ഞങ്ങളറിയാതെ, ഞങ്ങളെക്കൂടാതെ, പല ആമകളും ഇഴഞ്ഞുപോയി.മോഹങ്ങള്‍പോലും മരവിച്ചുപോയ ഒരു ജനത.
സ്വാതന്ത്ര്യത്തിന്റെ സ്വര്‍ണ്ണരശ്മികള്‍ ഉദയം ചെയ്തിട്ടും നിറഞ്ഞ മനസ്സോടെ പുഞ്ചിരിക്കാന്‍ ഞങ്ങള്‍ക്കായില്ല. സ്വാതന്ത്ര്യത്തോടൊപ്പം കുത്തിയൊലിച്ചത് ചോരപ്പുഴകളായിരുന്നു. ആ പുഴകളിലൂടെ പൊങ്ങുതടികള്‍പോലെ ഒഴുകിപ്പോയത് ഞങ്ങളുടെ തലകളായിരുന്നു.വെളിച്ചം വിതറാന്‍ ഒരു വിളക്കുമരമില്ലാതെ, കൂടാരമൊരുക്കാന്‍ മരുപ്പച്ച കാണാതെ, ഭാരമിറക്കിവെക്കാന്‍ അത്താണിയില്ലാതെ, മൂടല്‍മഞ്ഞിന്റെ മൂടുപടത്തിനുള്ളില്‍ ഞങ്ങളിരുന്നു. ഞങ്ങളുടെ മോതിരവിരലുകള്‍ പോലും മുരടിച്ചുപോയിരുന്നു. ആകാശത്തുനിന്നു മന്നാ വീണില്ല, പെട്ടകവുമായി ഒരു നോഹാ വന്നില്ല എം.സി കഥ പറഞ്ഞു തുടങ്ങുകയാണ്.
ചരിത്രത്തിന്റെ കല്പടവുകളിലിരുന്ന്, വാക്കുകള്‍ കൂട്ടിയിട്ടുകത്തിച്ച വെളിച്ചത്തില്‍ ഉടലാകെ ആ കഥ പടരുമ്പോള്‍ കേള്‍ക്കുന്നുണ്ടൊരു കാലൊച്ച. പതിറ്റാണ്ടുകള്‍ക്കപ്പുറത്തെങ്ങോ പോയ്മറഞ്ഞ പടനായകന്‍ ചരിത്രത്തിന്റെ അടരുകളില്‍ നിന്നിറങ്ങി അടുത്തേക്കുവരുന്നു. എന്നോ വീണുടഞ്ഞ ഗോപുരമണി വീണ്ടും ശബ്ദിക്കുന്നു. സി.എച്ച് മുഹമ്മദ് കോയ എന്ന ഇതിഹാസം കണ്‍മുന്നില്‍ കൈകൂപ്പി മന്ദഹസിച്ചങ്ങനെ….
മലയാളത്തിലേതു രാഷ്ട്രീയ നേതാവിന്റെ ജീവചരിത്ര കൃതിക്കുമില്ല ഇവ്വിധമൊരാമുഖം. ഭാഷയില്‍ മറ്റൊരു ജീവിത കൃതിയിലും കണ്ടുമില്ല. ആദിമധ്യാന്തം കവിതപെയ്യുന്ന വരികള്‍. ചരിത്രത്തിന്റെ ഇരുളും വെളിച്ചവും പ്രതിബിംബിച്ച ഉള്ളടക്കം. രാഷ്ട്രീയ സത്യസന്ധതയില്‍ നിന്നുതിര്‍ന്ന നിശിത വിമര്‍ശനങ്ങള്‍.
സി.എച്ച് മുഹമ്മദ് കോയ രാഷ്ട്രീയ ജീവചരിത്രം’ എന്ന ബൃഹദ്ഗ്രന്ഥം സി.എച്ചിനെകുറിച്ച് പ്രസിദ്ധീകൃതമായതില്‍ ഏറ്റവും ആധികാരികവും അനുബന്ധകാലഘട്ടങ്ങളിലെ രാജ്യത്തിന്റെ നേര്‍ചിത്രവുമാണ്. 1983 വരെയുള്ള കേരള രാഷ്ട്രീയത്തിന്റെ അടിസ്ഥാനരേഖകളാണ് ഈ കൃതി കോര്‍ത്തുവെച്ചിരിക്കുന്നത്. മലയാളത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രം ഇത്രയേറെ രേഖപ്പെടുത്തിയ മറ്റൊരാളില്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ നയവും നിലപാടും പ്രയാണപഥവും ഗഹനമായി അടയാളപ്പെടുത്തിയതും എം.സി തന്നെ. ‘മുസ്ലിംലീഗ് ചരിത്രത്തിന്റെ ദശാസന്ധികളില്‍’ എന്ന കൃതിയോടെ ആരംഭിച്ച രചനാദൗത്യം സി.എച്ച് മുഹമ്മദ് കോയ രാഷ്ട്രീയ ജീവചരിത്രം, മുസ്ലിം രാഷ്ട്രീയത്തിന്റെ നൂറുവര്‍ഷങ്ങള്‍, മുസ്ലിംലീഗ് നിലപാടുകളുടെ നീതിശാസ്ത്രം, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, മുസ്ലിംലീഗ് സ്വതന്ത്ര ഇന്ത്യയില്‍ എന്നീ മഹദ്കൃതികളെ സംഭാവന ചെയ്തു.
വടകരയിലെ പഴയ തറവാടുകളിലൊന്നായ മീത്തലെചാലിയില്‍ എന്ന വീട്ടുപേര് എം.സി’യായി ഇബ്രാഹിമിനു മുന്നില്‍നിന്നു. സര്‍ക്കാര്‍ സര്‍വീസിന്റെ കടുത്ത നിയന്ത്രണത്തിലും രാഷ്ട്രീയ, സാമൂഹ്യപ്രവര്‍ത്തനത്തിന്റെയും എഴുത്തിന്റെയും തീവ്രത കുറക്കാനുദ്ദേശ്യമില്ലാത്തതിനാല്‍ ‘എം.സി വടകര’യായി. പലചരക്ക് വ്യാപാരിയായിരുന്നു പഴങ്കാവില്‍ രേരോട്ടില്‍ മൂസയുടെയും മീത്തലെചാലിയില്‍ സൈനബയുടെയും പുത്രന്‍ എം.സി ഇബ്രാഹിമിന്റെ ജനനം രേഖകളില്‍ 1939 ജൂലൈ 1. തീയ്യതി കൃത്യമല്ലെന്നും അത് അധ്യാപകരുടെ സൗകര്യത്തിനു ചെയ്തതാണെന്നും എം.സി. രണ്ടാംലോക മഹായുദ്ധം തുടങ്ങുന്നതും എം.സി ജനിക്കുന്നതും ഒരേവര്‍ഷം. പക്ഷേ, ലോകയുദ്ധം ശമിച്ചാലും അവസാനിക്കാത്ത ആശയയുദ്ധത്തിലേക്ക് ബാല്യത്തിലേ പോര്‍ച്ചട്ടയണിഞ്ഞിറങ്ങി എം.സി.
സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ എം.എസ്.എഫില്‍ തുടങ്ങിയ സംഘടനാ ജീവിതം. പൊതുവേദിയില്‍ പ്രസംഗത്തുടക്കവും ഇതേകാലം. കവിതയും കഥയും നാടകനിരൂപണവും എഴുതിത്തുടങ്ങിയ ബാല്യ, കൗമാരം. വായനയുടെ സ്വര്‍ഗം തേടിയുള്ള സഞ്ചാരങ്ങള്‍. അഗ്നിപടരുന്ന അക്ഷരങ്ങളുമൊത്ത് എഴുപത് വര്‍ഷമായി തുടരുകയാണ് എം.സിയുടെ സര്‍ഗസപര്യ. എഴുത്തിലും പ്രസംഗത്തിലും സംഭാഷണത്തിലും ഒരേഭാഷ. ലോക സാഹിത്യ, രാഷ്ട്രീയ രംഗം മുതല്‍ നൂറുനൂറായിരം എഴുത്തുകാരുടെ പേരുകള്‍, ചരിത്രസന്ദര്‍ഭങ്ങള്‍, കഥാ, കാവ്യ ഖണ്ഡങ്ങള്‍ അക്ഷരം പിഴക്കാതെ ഒഴുകിവരുമ്പോള്‍ എം.സി, സി.എച്ചിനെ വിശേഷിപ്പിച്ച പ്രയോഗം കരിക്കട്ടകളെപ്പോലും കനല്‍ക്കട്ടകളാക്കി മാറ്റുന്ന കരവിരുതും കരിമ്പാറക്കൂട്ടങ്ങളെപ്പോലും കാട്ടരുവികളാക്കിയൊഴുക്കുന്ന വാഗ്വിലാസവുമായി കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന ഉത്തുംഗപ്രതിഭയെന്ന് ശിഷ്യനുകൂടി ചേര്‍ത്തുവെക്കാം. ഒരുമാത്ര പോലും മറവി പറ്റാത്ത ഓര്‍മകള്‍. നിലയ്ക്കാത്ത ചരിത്രഗവേഷണങ്ങള്‍. പുതുകഥ, കവിതകള്‍പോലും വായിച്ച് കാലാതീതമായി മിനുക്കിയെടുക്കുന്ന പ്രതിഭ. സദാപുതുക്കുന്ന അറിവുകളുടെ സമ്പന്നത. ഒരു ചരിത്രപണ്ഡിതനോട് സംവാദത്തിന്, യുക്തിവാദിയെ തര്‍ക്കിച്ചുജയിക്കാന്‍, കവിതയുടെ ഛന്ദസ്സിനെക്കുറിച്ചും നോവലിന്റെ ശില്പഭദ്രതയെ സംബന്ധിച്ചും പണ്ഡിതോചിതമായ വിമര്‍ശനത്തിന് എം.സിയുടെ ആവനാഴിയില്‍ ഏതുകാലത്തും അസ്ത്രങ്ങളേറെ.
കവിതയിലെ നാലുവരികളല്ല; അതുമുഴുവനാണു മനഃപാഠം. മലയാള സാഹിത്യമെന്നപോലെ ഇംഗ്ലീഷിലും നല്ല വഴക്കം. ഉള്ളില്‍ നിറഞ്ഞ ചിന്തകള്‍, സംഘര്‍ഷങ്ങള്‍ വരിയായും വാദമായും ഉച്ചസ്ഥായില്‍ പുറത്തേക്കുവരുന്നതിന് സ്ഥല, കാല പരിമിതികളില്ല. ചിലപ്പോള്‍ വളരെ നിശബ്ദമായ ഒരു സദസ്സില്‍ ശ്രോതാക്കള്‍ക്കിടയിലിരിക്കുമ്പോഴാകും. ട്രെയിന്‍ യാത്രയിലോ പള്ളി വരാന്തയിലോ, ആസ്പത്രിയിലോ എം.സി പറയാന്‍ വന്നത് പിന്നേക്കുവെക്കില്ല.
പ്രതിഭയും പ്രവര്‍ത്തന പാരമ്പര്യവുംകൊണ്ട് കേരളത്തിലിന്നുള്ളവരില്‍ ഏറ്റവും മുന്‍നിരയിലെ മുസ്്‌ലിംലീഗ് നേതാവാണ് എം.സി.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ സ്ഥാപകനേതാക്കളില്‍ അധികപേരുമായും അടുത്ത സൗഹൃദത്തിന് ബാല്യത്തിലേ കൈവന്ന അവസരങ്ങള്‍. മുസ്്‌ലിംലീഗിലും യൂത്ത്‌ലീഗിലും എം.എസ്.എഫിലും പലതലമുറകളെ പ്രതിഭയാല്‍ രൂപകല്പന ചെയ്ത ശില്പി. പക്ഷേ, ആ ചമയങ്ങളൊന്നും എടുത്തണിയാന്‍ എം.സിയെ കിട്ടില്ല. മുസ്്‌ലിംലീഗില്‍ സമുന്നത പദവി വഹിക്കാന്‍ സര്‍വഥാ യോഗ്യനായിട്ടും എം.സി തന്റെ ഇരിപ്പിടം വേദിക്കുതാഴെ സദസ്സില്‍ കണ്ടെത്തി. വലിയ നേതാക്കളുമൊത്തുള്ള ചിത്രങ്ങളില്‍ എം.സിയെ കാണില്ല. മുസ്്‌ലിംലീഗിന്റെ പ്രാദേശിക, മണ്ഡലം ഘടകങ്ങളുടെ ഭാരവാഹിത്വത്തില്‍ അദ്ദേഹം സംതൃപ്തനായി. കനത്ത
പദവികളുടെ ഭാരമില്ലാത്ത ജീവിതം ആദര്‍ശത്തെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കി. തന്നിലുമിളയവരെത്രയോ ഉയരങ്ങളിലെത്തുമ്പോഴും അസൂയലേശമന്യെ അനുമോദിച്ചു. പിന്തുണച്ചു.
സര്‍വീസില്‍ നിന്നു വിരമിച്ച ഉടന്‍ നഗരസഭാ കൗണ്‍സിലറായി പ്രാദേശിക വികസനത്തില്‍ മാതൃകകള്‍ സൃഷ്ടിച്ചു. രാത്രിയില്‍ ലോറികളില്‍ യാത്രചെയ്തുപോലും പഠനകേമ്പുകളില്‍ വിഷയാവതാരകനായെത്തി. മുമ്പൊരിക്കല്‍ കുറിച്ച പോലെ; മലയാളകവിതക്കു വെച്ച മഷികൊണ്ട് രാഷ്ട്രീയ സാഹിത്യമെഴുതുന്ന ചരിത്രപണ്ഡിതനായ എം.സിയുമായി ഒരു അഭിമുഖം നേര്‍ച്ചയാക്കി കാലമേറെ കടന്നുപോയി. വടകരയിലെ ഹരിതാലയത്തില്‍ വര്‍ത്തമാനത്തിനിരുന്നപ്പോള്‍ ഒരു പകലും രാവും മതിയായതുമില്ല. പിന്നെയും തേടിച്ചെന്നു. ആ സുദീര്‍ഘ സംഭാഷണങ്ങളില്‍ എം.സിയുടെ സ്വന്തം കഥയില്‍ നിന്നൊരു ചീന്ത് മാത്രം ഇവിടെ:
എസ്.പി.എച്ച് വിലാസം സ്‌കൂളില്‍ അഞ്ചുവരെ പഠനം. മനാറുല്‍ ഉലൂം മദ്രസ ഹയര്‍ എലമെന്ററി സ്‌കൂളില്‍ നിന്ന് ഇ.എസ്.എല്‍.സി. തേര്‍ഡ് ഫോം മുതല്‍ ബി.ഇ.എം ഹൈസ്‌കൂളില്‍. അക്കാലത്ത് സ്‌കൂളിലെ സമരങ്ങളിലെല്ലാം സജീവം. അതില്‍ പ്രധാനപ്പെട്ടതായിരുന്നു ഡീറ്റന്‍ഷന്‍ വിരുദ്ധ സമരം. എസ്.എസ്.എല്‍.സി പരീക്ഷക്ക് പാസാകുമെന്ന് ഉറപ്പുള്ളവരെ മാത്രം അയക്കുന്ന സംവിധാനത്തിനെതിരെ. മലബാറിലെ തന്നെ ആദ്യത്തെ വിദ്യാര്‍ത്ഥി സമരമായിരുന്നു അത്.
ഹൈസ്‌കൂള്‍ പഠനകാലത്ത് വടകര ടൗണ്‍ എം.എസ്.എഫിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയായി. 1954ല്‍ വടകരയില്‍ നടന്ന മലബാര്‍ ജില്ലാ എം.എസ്.എഫ് സമ്മേളനത്തില്‍ പങ്കെടുത്തു. ആ സമ്മേളനം നടന്ന സ്ഥലം ഇന്ന് സീതി സാഹിബ് മൈതാനം എന്നറിയപ്പെടുന്നു. മലബാറില്‍ എം.എസ്.എഫ് പുനര്‍ജനിക്കുന്നത് ആ സമ്മേളനത്തിലൂടെയാണ്. അതില്‍ വെച്ച് മലബാര്‍ ജില്ലാ എം.എസ്.എഫിന്റെ പ്രവര്‍ത്തക സമിതിയില്‍ ഞാന്‍ വരുന്നുണ്ട്. പി.എം അബുബക്കര്‍ ആയിരുന്നു പ്രസിഡന്റ്, കെ ഹംസത്ത് സെക്രട്ടറി, അദ്ദേഹം ലക്ഷദ്വീപില്‍ പോയ സമയത്താണ് ഇ അഹമ്മദ് സെക്രട്ടറിയാകുന്നത്.
തലശ്ശേരി ബ്രണ്ണന്‍ കോളജിലാണ് പിന്നീട് പഠിച്ചത്. ഇ അഹമ്മദ് സാഹിബ് അവിടെ എന്റെ സീനിയറായിരുന്നു. മതപഠനം വടകര ജുമാമസ്ജിദ് ദര്‍സില്‍.
സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് തന്നെ നന്നായി പുസ്തകം വായിക്കുമായിരുന്നു. രാവിലെ തന്നെ ലൈബ്രറിയില്‍ എത്തും, അടയ്ക്കുന്നത് വരെ അവിടെയുണ്ടാകും. അക്കാലത്ത് ലോകപ്രശസ്തമായ പല ഗ്രന്ഥങ്ങളും വായിച്ചു. ‘ദ മാന്‍ ഹു ചേയ്ഞ്ച്ഡ് ചൈന’ എന്ന പേള്‍ബക്കിന്റെ പുസ്തകം സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ കൗതുകത്തിന് വേണ്ടി തര്‍ജ്ജമ ചെയ്തിട്ടുണ്ട്.
ബഷീറിന്റെ പുസ്തകങ്ങളുടെ വലിയ ആരാധകനായിരുന്നു ഞാന്‍. പൊറ്റക്കാടിന്റെയും ബഷീറിന്റെയും എല്ലാ പുസ്തകവും വായിച്ചിട്ടുണ്ട്. മലയാളം പുസ്തകങ്ങള്‍ തന്നെയായിരുന്നു വായിച്ചതിലധികവും. മാര്‍ക്സിന്റെ ‘ദാസ് കാപ്പിറ്റലി’ന്റെ ഇംഗ്ലീഷും ദേവദാസ് തര്‍ജ്ജമ ചെയ്ത പുസ്തകവും വായിച്ചു. പക്ഷെ ഒരിക്കലും എനിക്ക് കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം തോന്നിയിട്ടില്ല.
നാടകത്തിലും കലാപ്രവര്‍ത്തനത്തിലുമൊക്കെ അക്കാലത്ത് പങ്കെടുക്കാറുണ്ടായിരുന്നു. ഈ കാലത്ത് എന്റെ കൂടെയുള്ളവരെല്ലാം കമ്മ്യൂണിസ്റ്റ് ആഭിമുഖ്യമുള്ളവരായിരുന്നു. കമ്മ്യൂണിസ്റ്റ് യോഗങ്ങള്‍ കേള്‍ക്കാന്‍ പോകാറുണ്ടായിരുന്നെങ്കിലും അന്ന് എന്റെ മനസ്സില്‍ ശക്തമായി മതമുണ്ടായിരുന്നു. സ്ഥിരമായി ജിന്നാ തൊപ്പിയിടും. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്‌കൂളില്‍ നിന്നും കലാമണ്ഡലത്തിലേക്ക് എസ്‌കര്‍ഷന് പോയി. മഹാകവി വള്ളത്തോളിന്റെ അടുത്ത് നിന്ന് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഫോട്ടോയെടുത്തു.
സി.എച്ചുമായി ആദ്യം സംസാരിക്കുന്നത്, ഞാന്‍ എഴുതി ചന്ദ്രികയിലേക്ക് അയച്ച കഥ പ്രസിദ്ധീകരിക്കാത്തതുമായി ബന്ധപ്പെട്ടാണ്. എം.എസ്.എഫ് കാലത്ത് ചന്ദ്രികയില്‍ പോയിട്ടുണ്ടെങ്കിലും അന്നൊന്നും നേരിട്ട് സംസാരിച്ചിരുന്നില്ല. 1957-58 കാലഘട്ടത്തിലാണ് ഞാന്‍ കഥ അയക്കുന്നത്. ഞാന്‍ ലേഖനം എഴുതിത്തുടങ്ങിയതിന് ശേഷമാണ് സി.എച്ചിന് എന്നെ പേരറിയുന്ന പരിചയമുണ്ടായത്. ആദ്യകഥ അച്ചടിച്ചുവന്നില്ലെങ്കിലും 1961 ല്‍ ഞാന്‍ ഗവണ്‍മെന്റ് സര്‍വീസിലുള്ള സമയത്ത് തീക്കാറ്റ്’ എന്ന നാടകത്തിന്റെ നിരൂപണമെഴുതി ചന്ദ്രികക്ക് അയച്ചു. ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു.ആദ്യത്തെ പുസ്തകം ‘ചരിത്രത്തിന്റെ ദശാസന്ധികളില്‍’ ആണ് ചന്ദ്രിക പ്രസിദ്ധീകരിച്ച ഏക രാഷ്ട്രീയ കൃതി. പിന്നീട് ആ പുസ്തകത്തിന് പല രൂപപരിണാമങ്ങളും വന്നു. ഒടുവില്‍ ഇറങ്ങിയത് ‘മുസ്്ലിം രാഷ്ട്രീയത്തിന്റെ നൂറ് വര്‍ഷങ്ങള്‍’ എന്ന പേരിലായിരുന്നു.
മലയാള ഭാഷയില്‍ തന്നെയാണ് കാര്യമായി അറിവുള്ളത്. ഇംഗ്ലീഷ്, തമിഴ്, ഗുജറാത്തി എന്നിവ സാമാന്യം നന്നായി അറിയാം. ഗുജറാത്തിയും തമിഴുമെല്ലാം എഴുതാനും കഴിയും. വിമോചന സമരത്തില്‍ പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. രാവിലെ അറസ്റ്റ് ചെയ്താല്‍ വൈകീട്ട് വിട്ടയക്കും. വടകര താലൂക്ക് ഓഫീസ് പിക്കറ്റ് ചെയ്തതിന് ഒരിക്കല്‍ രണ്ടാഴ്ചത്തേക്ക് ശിക്ഷിക്കപ്പെട്ടു. അന്ന് സമരക്കാരെകൊണ്ട് ജയില്‍ നിറഞ്ഞതിനാല്‍ സാമൂതിരി കോവിലകം ജയിലാക്കിയിരുന്നു. അവിടെയായിരുന്നു ഞാന്‍. അന്ന് ജയിലില്‍ ഡോ. കെ.ബി മേനോന്‍ തുടങ്ങിയവരുണ്ട്. ജയിലില്‍ പത്ത് ദിവസം പൂര്‍ത്തിയാക്കിയപ്പോഴേക്കും ഗവണ്‍മെന്റിനെ പിരിച്ചു വിട്ടു. അതിന്റെ തുടര്‍ച്ചയായി രാഷ്ട്രീയ തടവുകാരെ വിട്ടയക്കുകയും ചെയ്തു. എം.എസ്.എഫ് പ്രഥമ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയില്‍ അംഗമായിരുന്നു. എം.എസ്.എഫ് കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറിയായിട്ടുണ്ട്.
1961ല്‍ നടുവണ്ണൂരില്‍ രജിസ്ട്രേഷന്‍ വകുപ്പില്‍ ക്ലാര്‍ക്ക് ആയി സര്‍വീസില്‍ കയറി. ആ കാലഘട്ടത്തില്‍ എന്‍.ജി.ഒ യൂണിയന്‍ രൂപീകരണ യോഗത്തില്‍ പങ്കെടുത്തു. അന്ന് സംഘടനക്ക് രാഷ്ട്രീയമുണ്ടായിരുന്നില്ല. ആദ്യ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയില്‍ അംഗമായി. ക്രമേണ അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൈയിലൊതുക്കി. സംഘടനയിലെ സി.പി.എം മുദ്രാവാക്യത്തോട് യൂത്ത് ലീഗുകാരും എം.എസ്.എഫുകാരുമായി വന്ന ഉദ്യോഗസ്ഥര്‍ക്ക് വെറുപ്പുതോന്നി. ഇവര്‍ക്കെല്ലാം സംഘടനയുണ്ടാക്കാമെങ്കില്‍ നമുക്കും ആയിക്കൂടെ എന്നൊരു ചിന്ത മുസ്്ലിംലീഗുകാരായ ഉദ്യോഗസ്ഥരില്‍ വന്നു.
അതിന്റെ ഭാഗമായി 1982ല്‍ കോഴിക്കോട് നീലിമ ലോഡ്ജില്‍ യു.എ ബീരാന്‍ സാഹിബിന്റെ ഒത്താശയോടെ ഉദ്യോഗസ്ഥര്‍ ഒത്തുചേര്‍ന്നു. ഞാന്‍ പ്രസിഡന്റും കെ.എസ് ഹലീലുറഹ്്മാന്‍ (ചങ്ങനാശ്ശേരി) ജനറല്‍ സെക്രട്ടറിയും കെ.എം കോയാമു (മലപ്പുറം) ഖജാഞ്ചിയുമായി ആദ്യത്തെ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി വന്നു. സംഘടനയുണ്ടാക്കിയ വിവരം സി.എച്ചിനോട് പറഞ്ഞു. ‘എന്‍.ജി.ഒ യൂണിയന്‍കാരോട് തവാന്തകന്‍ ഭൂമിതലേ ജനിച്ചു’ എന്നു പറഞ്ഞേക്ക് എന്നായിരുന്നു സി.എച്ചിന്റെ പ്രതികരണം.
സര്‍വീസിലുള്ളതിനാല്‍ യൂത്ത് ലീഗ് ഭാരവാഹിത്വത്തില്‍ എനിക്ക് വരാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അണിയറയില്‍ സജീവമായുണ്ടായിരുന്നു. ഭാഷാസമരത്തിന്റെ ഓരോ അണുവിലും ഞാനുണ്ട്. സര്‍വീസിലുള്ള സമയത്ത് ചന്ദ്രികയിലും മാപ്പിള നാടിലും ധാരാളം രാഷ്ട്രീയ ലേഖനങ്ങള്‍ എം.സി എന്ന പേരില്‍ എഴുതിയിരുന്നു. ഞങ്ങള്‍ മുന്‍കൈ എടുത്ത് രൂപീകരിച്ച യങ് ലീഗ് സ്പീക്കേഴ്സ് ഫോറത്തില്‍ വെച്ചാണ് സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ‘ബഹറില്‍ മുസല്ലയിട്ട് നിസ്‌കരിച്ചാലും ഞാന്‍ ആര്‍.എസ്.എസിനെ വിശ്വസിക്കില്ല’ എന്ന പ്രസിദ്ധമായ പ്രസംഗം സംഭവിച്ചത്. സര്‍വീസില്‍ നിന്നു വിരമിച്ച കൊല്ലം തന്നെ വടകര ടൗണ്‍ മുസ്്ലിംലീഗ് പ്രസിഡന്റായി. 1995 ല്‍ വടകര മുനിസിപ്പല്‍ കൗണ്‍സിലറായി, കൗണ്‍സിലില്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറായിരുന്നു. ജില്ലാ പ്ലാനിങ് കമ്മിറ്റിയിലും അംഗമായി. നാട്ടിലെ ചെറിയ കലാസംഘടനകളിലൊക്കെ ഞാനുണ്ടായിരുന്നു. എവറസ്റ്റ് മ്യൂസിക് ക്ലബ്, വി.ടി കുമാരന്‍ മാസ്റ്റര്‍ ട്രസ്റ്റ്, എ. മമ്മുമാഷ് സ്ഥാപിച്ച ‘പ്രതീക്ഷ’ ലൈബ്രറിയുടെ പ്രസിഡന്റാണിപ്പോള്‍. 1996ല്‍ വടകര മണ്ഡലം മുസ്്ലിംലീഗ് ജനറല്‍ സെക്രട്ടറിയായി. 2018 മുതല്‍ വടകര മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റാണ്. വടകര എം.ഐ സഭയുടെ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ദീര്‍ഘകാലമായി മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ സീതിസാഹിബ് പഠനഗവേഷണ കേന്ദ്രം ചെയര്‍മാനുമാണ്. കാലിക്കറ്റ് സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസിലും അംഗമായിരുന്നു. പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം മുസ്‌ലിം യൂത്ത് ലീഗ് പുനഃസംഘടിപ്പിക്കുന്നതില്‍ പ്രധാന പ്രവര്‍ത്തകനായി ഉണ്ടായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ സ്ഥലം മാറ്റങ്ങള്‍ക്കും വിധേയനായി.
വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളാണ് എഴുത്തിലെ എന്റെ പ്രചോദനം. ആദ്യത്തെ ഖണ്ഡിക തന്നെ ആകര്‍ഷകമാവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. സി.എച്ചിന്റെ ചരിത്രം എഴുതുന്നതില്‍ കുമാരനാശാന്റെ വീണ പൂവിന്റെ സ്വാധീനമുണ്ട്. വീണ പൂവിലെ ആദ്യത്തെ വാക്ക് ഹാ’ എന്നും അവസാനം ‘കഷ്ടം’ എന്നുമാണ്. അതുപോലെയൊരു നാടകീയത വേണമെന്ന് ഞാന്‍ കരുതി. സി.എച്ചിന്റെ ചരിത്രം ഞങ്ങള്‍ ഉറങ്ങുകയായിരുന്നു’ എന്നാണ് തുടങ്ങുന്നത്. അവസാനിക്കുന്നത് ‘ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു’ എന്നാണ്.സി.എച്ച് ജീവിച്ചിരുന്ന സമൂഹത്തെ അവതരിപ്പിക്കുക. ആ സമൂഹത്തില്‍ നിന്നും ഒരു പൂ വിരിയുന്ന പോലെ സി.എച്ച് വിരിഞ്ഞു വരണം എന്നതായിരുന്നു എന്റെ ആഗ്രഹം. പുസ്തകത്തിന്റെ തുടക്കമായിരുന്ന ‘ഞങ്ങള്‍ ഉറങ്ങുകയായിരുന്നു’ എന്ന് എഴുതിയതിന് ശേഷം മൂന്ന് ആഴ്ചയോളം ഞാന്‍ പിന്നെ ഒന്നും എഴുതിയില്ല. അത് കണ്ടിട്ട് പി.എ റഷീദ് എന്നോട് കലഹിച്ചു. അങ്ങനെയാണ് അടുത്ത വരികള്‍ എഴുതുന്നത്. പുസ്തകം എഴുതിത്തീര്‍ക്കാന്‍ വര്‍ഷങ്ങളെടുത്തു. സി.എച്ച് മരിക്കുന്നതിന് മുമ്പ് എട്ട് അധ്യായങ്ങളായിരുന്നു പൂര്‍ത്തിയായത്. എഴുത്തിന്റെ ഭാഗമായി ഒന്നുരണ്ടു പ്രാവശ്യം സി.എച്ചിനെ കണ്ടിരുന്നു. പക്ഷെ ആ സമയം ആയപ്പോഴേക്കും സി.എച്ചിന് ഓര്‍മപ്പിശകുണ്ടായിരുന്നു. പറഞ്ഞ കാര്യങ്ങള്‍ ഉറപ്പുവരുത്തിയതിനു ശേഷമായിരുന്നു എഴുത്ത്.
പതുക്കെ എഴുതി പൂര്‍ത്തീകരിച്ചാല്‍ മതിയല്ലോ എന്ന് വിചാരിച്ചിരിക്കുന്ന സമയത്താണ് പെട്ടെന്ന് സി.എച്ച് മരിച്ചുവെന്ന് കേള്‍ക്കുന്നത്. എന്റെ ഉദാസീനത കാരണം സി.എച്ച് ജീവിച്ചിരിക്കുമ്പോള്‍ പുസ്തകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമം. പിന്നീട് എഴുത്ത് വേഗത്തിലായി.
എം.ടി വാസുദേവന്‍ നായരാണ് പുസ്തകത്തിന്റെ ആദ്യപതിപ്പ് പ്രകാശനം ചെയ്തത്. അന്നദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു; ഈ പുസ്തകം ഞാന്‍ ഒരു തവണ വായിച്ചു. ഗൗരവമായ വായന അര്‍ഹിക്കുന്നത് കൊണ്ട് ഒരുതവണകൂടി വായിക്കാന്‍ ഞാന്‍ എടുത്തുവെച്ചിട്ടുണ്ട്.’ എനിക്കത് വലിയൊരു അംഗീകാരമായിരുന്നു.അടിസ്ഥാനപരമായി ഞാന്‍ ഒരു ചരിത്രകാരനൊന്നുമല്ല. സാഹചര്യം എന്നെ എഴുതാന്‍ പ്രേരിപ്പിച്ചു. എഴുതിയപ്പോള്‍ ചരിത്രമാണെന്ന് ആളുകളൊക്കെ പറഞ്ഞു. ചരിത്രരചനയുടെ സാങ്കേതിക വശമൊന്നും എനിക്ക് അറിഞ്ഞു കൂടാ. മുസ്ലിം രാഷ്ട്രീയത്തിന്റെ അടിവേരുകള്‍ കണ്ടെത്തി സമൂഹങ്ങള്‍ക്ക് പകരുക, പൊതുസമൂഹം വില്ലന്മാരാക്കി അവമതിച്ചവരെ ചരിത്രത്തിന്റെ അഭ്രപാളിയില്‍ എത്തിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ചരിത്രത്തോടുള്ള ആവേശത്തേക്കാള്‍ എന്നില്‍ മുന്നിട്ടുനിന്നത് രാഷ്ട്രീയ ആവേശവും മതപരമായ ആവേശവുമായിരുന്നു. ചരിത്രം സ്വാഭാവികമായി വന്നുകൂടിയതാണ്. സി.എച്ചിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തയാളാണ് ഞാന്‍. ‘എന്റെ സമുദായത്തിന്റെ അവകാശം മുടിനാരു പോലും വിട്ടുകൊടുക്കില്ല’ എന്ന പ്രസിദ്ധമായ പ്രസംഗം അന്നായിരുന്നു. ജീവിതം, അനുഭവം, യാത്ര, എത്തിനില്‍ക്കുന്ന ഇടം ഇതുകൊണ്ടെല്ലാം സംതൃപ്തനാണോ?
വേണ്ടത്ര ചെയ്യാന്‍ കഴിഞ്ഞില്ല എന്ന സങ്കടമുണ്ട്. പക്ഷെ ഒട്ടും തന്നെ നിരാശയില്ല. കെ.സി അബൂബക്കര്‍ മൗലവിയുടെ ഒരു പ്രസംഗമാണ് എന്റെ ചിന്തയില്‍ നിറയുന്നത്. ഞാന്‍ എത്രകാലമായി മുസ്‌ലിംലീഗില്‍ പ്രവര്‍ത്തിക്കുന്നു. അതൊക്കെ സമുദായത്തോടുള്ള ഞങ്ങളുടെ കടമയായിരുന്നുവെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. അതുകൊണ്ട് എന്ത് കിട്ടുമെന്ന് ഞാന്‍ ആലോചിച്ചിട്ടില്ല. യാതൊരു നിരാശയുമില്ലാത്ത മുസ്്‌ലിംലീഗുകാരനാണ് ഞാന്‍. ലീഗിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്, ഉറക്കമൊഴിച്ചിട്ടുണ്ട്. അതൊക്കെ എന്റെ സമുദായത്തോട് എനിക്ക് ചെയ്യാനുള്ള ബാധ്യതയായിരുന്നു. ഇപ്പോള്‍ സമുദായം അനുഭവിക്കുന്നതില്‍ ഒരു പങ്ക് ഞാനും നിര്‍വഹിച്ചല്ലോ എന്നുള്ളൊരു സംതൃപ്തിയാണ് എനിക്കുള്ളത്’. കെ.സിയുടെ വാക്കുകള്‍ ആപ്തവാക്യം പോലെ എഴുതിവെക്കണം. ഭാവി തലമുറക്കും ചിന്തിക്കാന്‍.
മറ്റൊന്ന് തിരുവനന്തപുരത്ത് പി.വി മുഹമ്മദ് എം.എല്‍.എയുടെ മുറിയില്‍ ഞാന്‍ ഇരിക്കുമ്പോള്‍ കെ.സി അബൂബക്കര്‍ മൗലവി അവിടെ വന്നിട്ട് പറഞ്ഞു. ‘പി.വീ, എനിക്ക് ഒരു അഞ്ചുറുപ്പിക വേണം. ട്രെയിനിന് ടിക്കറ്റെടുക്കാനാണ്.’ മുസ്‌ലിംലീഗിന് മന്ത്രിമാരുള്ള കാലമാണ് അത്. പി.വിയുടെ കണ്ണില്‍ കണ്ണീര്‍ നിറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞു. ‘ഇവരൊക്കെ പ്രസംഗിച്ച് തൊണ്ടപൊട്ടിയത് കൊണ്ടല്ലെ ഞാനൊരു എം.എല്‍.എയായത്. എന്നിട്ട് ഞാനിവിടെ എം.എല്‍.എയായിട്ട് സുഖിക്കുക, ശില്പികളായ ഇവര്‍ക്ക് ടിക്കറ്റെടുക്കാന്‍ അഞ്ചുറുപ്പികയില്ലാതെ വര്വാന്ന് പറഞ്ഞാല്‍ എത്ര സങ്കടകരമാണ്.’
കഥ തീരുമ്പോള്‍ എം.സി കൂട്ടിച്ചേര്‍ത്തു:
ഓര്‍ത്തോര്‍ത്ത് കോള്‍മയിര്‍കൊള്ളാന്‍ ഒരുപാട് അനുഭവങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട് സി.എച്ച് പോയ്മറഞ്ഞു. ആലസ്യത്തിന്റെ പുതപ്പിനുള്ളില്‍നിന്നു ഞങ്ങളെ തുയിലുണര്‍ത്താന്‍ മൃതസഞ്ജീവനിയുമായി വന്ന ആ ഉണര്‍ത്തുപാട്ടിന്റെ നാദധാരകള്‍ ഞങ്ങളുടെ ഹൃദയ ഭിത്തികളില്‍നിന്നു ഒരുകാലത്തും മാഞ്ഞുപോകില്ല. ഞങ്ങള്‍ക്കിനി ഉറങ്ങാനാവില്ല. ഉറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ചാട്ടുളിപോലെ ചീറിവന്നു ഞങ്ങളെ കര്‍മ്മനിരതരാക്കും. ഞങ്ങള്‍ക്ക് ഉണര്‍ന്നിരിക്കാനേ കഴിയൂ. ഉണര്‍വ്വിന്റെ സന്ദേശം ഞങ്ങളുടെ ചെവികളില്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം പോയത്. അദ്ദേഹം പോയി.അപ്പോഴേക്കും ഞങ്ങള്‍ ഉണര്‍ന്നുകഴിഞ്ഞിരുന്നു.