ദുബൈ: പാക്കിസ്താന്‍ കാത്തിരിപ്പിന് വീരചരിതം. പത്ത് വിക്കറ്റിന്റെ തട്ടുതകര്‍പ്പന്‍ വിജയം. നായകന്‍ ബബര്‍ അസമോ, മെന്റര്‍ മാത്യു ഹെയ്ഡനോ സ്വപ്‌നം കാണാത്ത വലിയ വിജയം. ജയിക്കാന്‍ ഇന്ത്യ നല്‍കിയ 151 റണ്‍സ് ലക്ഷ്യം 17-ാം ഓവറില്‍ പാക്കിസ്താന്‍ സ്വന്തമാക്കുമ്പോള്‍ ആരും പുറത്തായിരുന്നില്ല. മുഹമ്മദ് റിസ്‌വാന്‍ 55 പന്തില്‍ 78 റണ്‍സ് നേടിയപ്പോള്‍ നായകന്‍ ബബര്‍ അസം 52 പന്തില്‍ 68 റണ്‍സ് നേടി. രണ്ട് പേരും ചേര്‍ന്ന് ഇന്ത്യന്‍ ബൗളിംഗിനെ കശക്കുകയായിരുന്നു. ഇന്ത്യയുടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ സ്വന്തമാക്കിയ ഷാഹിന്‍ അഫ്രീദിയാണ് മല്‍സരം പാക്കിസ്താന് അനുകൂലമാക്കിയത്.
ടോസ് പാക്കിസ്താന്‍ നായകന്‍ ബബര്‍ അസമിനായിരുന്നു. വളരെ വേഗത്തില്‍ അദ്ദേഹം തിരുമാനവുമെടുത്തു-ഇന്ത്യന്‍ ബാറ്റിംഗിനെ പരീക്ഷിക്കുക. ഇന്ത്യന്‍ ഇലവനില്‍ കാര്യമായ മാറ്റങ്ങളുണ്ടായില്ല. ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ എന്ന സ്ഥാനം വരുണ്‍ ചക്രവര്‍ത്തിക്കായിരുന്നു. സീനിയര്‍ സ്പിന്നര്‍ അശ്വിന് വിശ്രമം നല്‍കിയപ്പോള്‍ ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും രവിന്ദു ജഡേജയും. പാക്കിസ്താന്‍ സംഘത്തെ നേരത്തെ നിശ്ചയിച്ചിരുന്നു. ഇന്ത്യക്കെതിരെ മെച്ചപ്പെട്ട റെക്കോര്‍ഡുള്ള രണ്ട് സീനിയേഴ്‌സും -ഷുഹൈബ് മാലിക്കും മുഹമ്മദ് ഹാഫിസും ആദ്യ ഇലവനിലെത്തി.
തുടക്കത്തില്‍ തന്നെ ഇന്ത്യ ഞെട്ടി. ഷാഹിന്‍ അഫ്രീദിയുടെ നാലാം പന്തില്‍ സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്ക്. അതിമനോഹരമായ ഇന്‍സ്വിംഗറില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുരുങ്ങി പോയി. റിവ്യൂ പോലും അസാധ്യമായ പന്ത്. ശരിക്കും പ്ലംമ്പ്ഡ്..! കെ.എല്‍ രാഹുല്‍ ആദ്യ രണ്ട് പന്തുകളെ ബഹുമാനിച്ച് മൂന്നാം പന്തില്‍ സിംഗിള്‍ നേടിയാണ് നാലാം പന്തില്‍ രോഹിത് വന്നത്. ഗ്യാലറി സ്തംബ്ധരായ കാഴ്ച്ച.
പാക്കിസ്താന്‍ പതാകകള്‍ ഗ്യാലറിയില്‍ പറന്നു. സ്പിന്നര്‍ ഇമാദ് വാസിമിനായിരുന്നു അടുത്ത ഓവര്‍. ആക്രമണത്തിന് രാഹുലോ, വിരാത് കോലിയോ മുതിര്‍ന്നില്ല. മൂന്നാം ഓവറിന് ഷാഹിന്‍ അഫ്രിദി വന്നപ്പോള്‍ ഇന്ത്യ വീണ്ടും ഞെട്ടി- ആദ്യ പന്തില്‍ തന്നെ രാഹുല്‍ ക്ലീന്‍ ബൗള്‍ഡ്. സ്‌ക്കോര്‍ബോര്‍ഡില്‍ കേവലം 6 റണ്‍സ് മാത്രമുള്ളപ്പോഴായിരുന്നു 29 കാരന്റെ മടക്കം. അഫ്രീദിയുടെ പന്തുകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. പക്ഷേ രാഹുലിന് പകരമെത്തിയ സൂര്യകുമാര്‍ യാദവ് അഫ്രീദിയുടെ രണ്ടാം ഓവറിലെ അവസാന പന്ത് ഗ്യാലറിയിലെത്തിച്ചതോടെ കോലിയുടെ ടെന്‍ഷനും അകന്നു.
ഇതിഹാസ സീമര്‍ ഇമ്രാന്‍ഖാനെ പോലെ വിക്കറ്റിലേക്ക് പറന്നടുക്കുന്ന അഫ്രീദിക്ക് പാക്കിസ്താന്‍ നായകന്‍ ബബര്‍ അസം തുടര്‍ച്ചയായി മൂന്നാം ഓവറും നല്‍കി. ഈ ഓവറില്‍ കോലിയുടെ സ്‌ട്രെയിറ്റ് സിക്‌സര്‍ ഗ്യാലറിക്ക് ഹരമായി. അഫ്രീദിക്ക് പകരം വന്ന ഹസന്‍ അലി തന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ സൂര്യുകുമാറിനെ വീഴ്ത്തി. ഓഫ് സ്റ്റംമ്പിന് പുറത്ത് പോയ പന്തില്‍ സുര്യകുമാര്‍ ബാറ്റ് വെച്ചപ്പോള്‍ പന്ത് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്റെ കരങ്ങളില്‍. എട്ട് പന്തില്‍ പതിനൊന്ന് റണ്‍സ് നേടിയ താരത്തിന് പകരം വിക്കറ്റ് കീപ്പര്‍ റിഷാഭ് പന്ത്. തുടക്കത്തില്‍ തന്നെ കോട്ട് ബിഹൈന്‍ഡ് അപ്പീല്‍. പാക്കിസ്താന്‍ റിവ്യു നല്‍കി. പക്ഷേ ഹാഫിസിന്റെ പന്ത് റിഷാഭിന്റെ ബാറ്റില്‍ തട്ടിയിരുന്നില്ല. പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ 3 വിക്കറ്റിന് 60. ഹസന്‍ അലി എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ റിഷാഭ് രണ്ട് തവണ പന്ത് ഗ്യാലറി കടത്തി.
സ്‌ക്കോര്‍ ഉയരാന്‍ തുടങ്ങി. എല്ലാ പന്തുകളെയും റിഷാഭ് ആക്രമിക്കാന്‍ തുടങ്ങിയതോടെ വിക്കറ്റ്് സാഹസികമായി. ഷഹദാബ് ഖാന്റെ പന്ത് ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ കോട്ട് ആന്‍ഡ് ബൗള്‍ഡ്. 30 പന്തില്‍ രണ്ട് സിക്‌സറും രണ്് ബൗണ്ടറിയും ഹരമേകിയ 39 റണ്‍സിന്റെ ഇന്നിംഗ്‌സ്. പകരം രവിന്ദു ജഡേജ. നായകന്‍ കോലി അപ്പോഴും നങ്കുരക്കാരനായി കരുത്തനായി നില കൊള്ളുന്നുണ്ടായിരുന്നു. 15 ഓവര്‍ പിന്നിടുമ്പോള്‍ സ്‌ക്കോര്‍ 100 കടന്നു. പതിനാറാം ഓവറില്‍ കോലി രണ്ട് ബൗണ്ടറികള്‍ നേടി. പക്ഷേ പതിനെട്ടാം ഓവറില്‍ തിരിച്ചടിയേറ്റു. സ്ലോഗ് ഓവറുകളില്‍ പന്തിനെ പ്രഹരിക്കുന്ന ജഡേജയെ ഹസന്‍ അലി പുറത്താക്കി. അര്‍ധശതകം പൂര്‍ത്തിയാക്കി ക്രിസിലുണ്ടായിരുന്ന കോലിയിലേക്ക് ഇന്ത്യന്‍ ആരാധകര്‍ നോക്കി. അവസാനത്തില്‍ അദ്ദേഹം ആഞ്ഞടിക്കുമെന്ന് കരുതിയ ഘട്ടത്തില്‍ അഫ്രീദിയുടെ അവസാന ഓവറില്‍ 57 ല്‍ നായകന്‍ മടങ്ങി. പിന്നെ അവസാനത്തിലേക്ക് വാലറ്റക്കാര്‍ മാത്രം. ഭുവനേശ്വറിനും മുഹമ്മദ് ഷമിക്കും ആഞ്ഞടിക്കാനായില്ല. ഇന്ത്യന്‍ സ്‌ക്കോര്‍ 151 ല്‍.
പാക് നിരയില്‍ ഗംഭീരമായത് അഫ്രീദി തന്നെ. നാലോവറില്‍ 31 റണ്‍സിന് മൂന്ന് വിക്കറ്റ്. ഹസന്‍ അലി 44 റണ്‍സിന് രണ്ട് പേരെ മടക്കി. ഷദാബ് ഖാനും ഹാരിസ് റൗഫും ഓരോ വിക്കറ്റ് നേടി. ജയിക്കാന്‍ 152 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്താന് വേണ്ടി നായകന്‍ ബബര്‍ അസമും മുഹമ്മദ് റിസ്‌വാനുമെത്തി. തുടക്കത്തില്‍ വിക്കറ്റ് നേടിയാല് മാത്രം ഇന്ത്യക്ക് പ്രതീക്ഷ. പക്ഷേ ഭുവനേശ്വറും മുഹമ്മ് ഷമിയും ജസ്പ്രീത് ബുംറയുമെല്ലാം അടി വാങ്ങിയപ്പോള്‍ പാക്കിസ്താന് പത്ത് വിക്കറ്റിന്റെ മാസ്മരിക വിജയം.