Connect with us

News

പാകിസ്താന് പത്ത് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി

പാക്കിസ്താന്‍ കാത്തിരിപ്പിന് വീരചരിതം. പത്ത് വിക്കറ്റിന്റെ തട്ടുതകര്‍പ്പന്‍ വിജയം

Published

on

ദുബൈ: പാക്കിസ്താന്‍ കാത്തിരിപ്പിന് വീരചരിതം. പത്ത് വിക്കറ്റിന്റെ തട്ടുതകര്‍പ്പന്‍ വിജയം. നായകന്‍ ബബര്‍ അസമോ, മെന്റര്‍ മാത്യു ഹെയ്ഡനോ സ്വപ്‌നം കാണാത്ത വലിയ വിജയം. ജയിക്കാന്‍ ഇന്ത്യ നല്‍കിയ 151 റണ്‍സ് ലക്ഷ്യം 17-ാം ഓവറില്‍ പാക്കിസ്താന്‍ സ്വന്തമാക്കുമ്പോള്‍ ആരും പുറത്തായിരുന്നില്ല. മുഹമ്മദ് റിസ്‌വാന്‍ 55 പന്തില്‍ 78 റണ്‍സ് നേടിയപ്പോള്‍ നായകന്‍ ബബര്‍ അസം 52 പന്തില്‍ 68 റണ്‍സ് നേടി. രണ്ട് പേരും ചേര്‍ന്ന് ഇന്ത്യന്‍ ബൗളിംഗിനെ കശക്കുകയായിരുന്നു. ഇന്ത്യയുടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ സ്വന്തമാക്കിയ ഷാഹിന്‍ അഫ്രീദിയാണ് മല്‍സരം പാക്കിസ്താന് അനുകൂലമാക്കിയത്.

ടോസ് പാക്കിസ്താന്‍ നായകന്‍ ബബര്‍ അസമിനായിരുന്നു. വളരെ വേഗത്തില്‍ അദ്ദേഹം തിരുമാനവുമെടുത്തു-ഇന്ത്യന്‍ ബാറ്റിംഗിനെ പരീക്ഷിക്കുക. ഇന്ത്യന്‍ ഇലവനില്‍ കാര്യമായ മാറ്റങ്ങളുണ്ടായില്ല. ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ എന്ന സ്ഥാനം വരുണ്‍ ചക്രവര്‍ത്തിക്കായിരുന്നു. സീനിയര്‍ സ്പിന്നര്‍ അശ്വിന് വിശ്രമം നല്‍കിയപ്പോള്‍ ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും രവിന്ദു ജഡേജയും. പാക്കിസ്താന്‍ സംഘത്തെ നേരത്തെ നിശ്ചയിച്ചിരുന്നു. ഇന്ത്യക്കെതിരെ മെച്ചപ്പെട്ട റെക്കോര്‍ഡുള്ള രണ്ട് സീനിയേഴ്‌സും -ഷുഹൈബ് മാലിക്കും മുഹമ്മദ് ഹാഫിസും ആദ്യ ഇലവനിലെത്തി.

തുടക്കത്തില്‍ തന്നെ ഇന്ത്യ ഞെട്ടി. ഷാഹിന്‍ അഫ്രീദിയുടെ നാലാം പന്തില്‍ സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്ക്. അതിമനോഹരമായ ഇന്‍സ്വിംഗറില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുരുങ്ങി പോയി. റിവ്യൂ പോലും അസാധ്യമായ പന്ത്. ശരിക്കും പ്ലംമ്പ്ഡ്..! കെ.എല്‍ രാഹുല്‍ ആദ്യ രണ്ട് പന്തുകളെ ബഹുമാനിച്ച് മൂന്നാം പന്തില്‍ സിംഗിള്‍ നേടിയാണ് നാലാം പന്തില്‍ രോഹിത് വന്നത്. ഗ്യാലറി സ്തംബ്ധരായ കാഴ്ച്ച.

പാക്കിസ്താന്‍ പതാകകള്‍ ഗ്യാലറിയില്‍ പറന്നു. സ്പിന്നര്‍ ഇമാദ് വാസിമിനായിരുന്നു അടുത്ത ഓവര്‍. ആക്രമണത്തിന് രാഹുലോ, വിരാത് കോലിയോ മുതിര്‍ന്നില്ല. മൂന്നാം ഓവറിന് ഷാഹിന്‍ അഫ്രിദി വന്നപ്പോള്‍ ഇന്ത്യ വീണ്ടും ഞെട്ടി- ആദ്യ പന്തില്‍ തന്നെ രാഹുല്‍ ക്ലീന്‍ ബൗള്‍ഡ്. സ്‌ക്കോര്‍ബോര്‍ഡില്‍ കേവലം 6 റണ്‍സ് മാത്രമുള്ളപ്പോഴായിരുന്നു 29 കാരന്റെ മടക്കം. അഫ്രീദിയുടെ പന്തുകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. പക്ഷേ രാഹുലിന് പകരമെത്തിയ സൂര്യകുമാര്‍ യാദവ് അഫ്രീദിയുടെ രണ്ടാം ഓവറിലെ അവസാന പന്ത് ഗ്യാലറിയിലെത്തിച്ചതോടെ കോലിയുടെ ടെന്‍ഷനും അകന്നു.

ഇതിഹാസ സീമര്‍ ഇമ്രാന്‍ഖാനെ പോലെ വിക്കറ്റിലേക്ക് പറന്നടുക്കുന്ന അഫ്രീദിക്ക് പാക്കിസ്താന്‍ നായകന്‍ ബബര്‍ അസം തുടര്‍ച്ചയായി മൂന്നാം ഓവറും നല്‍കി. ഈ ഓവറില്‍ കോലിയുടെ സ്‌ട്രെയിറ്റ് സിക്‌സര്‍ ഗ്യാലറിക്ക് ഹരമായി. അഫ്രീദിക്ക് പകരം വന്ന ഹസന്‍ അലി തന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ സൂര്യുകുമാറിനെ വീഴ്ത്തി. ഓഫ് സ്റ്റംമ്പിന് പുറത്ത് പോയ പന്തില്‍ സുര്യകുമാര്‍ ബാറ്റ് വെച്ചപ്പോള്‍ പന്ത് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്റെ കരങ്ങളില്‍. എട്ട് പന്തില്‍ പതിനൊന്ന് റണ്‍സ് നേടിയ താരത്തിന് പകരം വിക്കറ്റ് കീപ്പര്‍ റിഷാഭ് പന്ത്. തുടക്കത്തില്‍ തന്നെ കോട്ട് ബിഹൈന്‍ഡ് അപ്പീല്‍. പാക്കിസ്താന്‍ റിവ്യു നല്‍കി. പക്ഷേ ഹാഫിസിന്റെ പന്ത് റിഷാഭിന്റെ ബാറ്റില്‍ തട്ടിയിരുന്നില്ല. പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ 3 വിക്കറ്റിന് 60. ഹസന്‍ അലി എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ റിഷാഭ് രണ്ട് തവണ പന്ത് ഗ്യാലറി കടത്തി.

സ്‌ക്കോര്‍ ഉയരാന്‍ തുടങ്ങി. എല്ലാ പന്തുകളെയും റിഷാഭ് ആക്രമിക്കാന്‍ തുടങ്ങിയതോടെ വിക്കറ്റ്് സാഹസികമായി. ഷഹദാബ് ഖാന്റെ പന്ത് ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ കോട്ട് ആന്‍ഡ് ബൗള്‍ഡ്. 30 പന്തില്‍ രണ്ട് സിക്‌സറും രണ്് ബൗണ്ടറിയും ഹരമേകിയ 39 റണ്‍സിന്റെ ഇന്നിംഗ്‌സ്. പകരം രവിന്ദു ജഡേജ. നായകന്‍ കോലി അപ്പോഴും നങ്കുരക്കാരനായി കരുത്തനായി നില കൊള്ളുന്നുണ്ടായിരുന്നു. 15 ഓവര്‍ പിന്നിടുമ്പോള്‍ സ്‌ക്കോര്‍ 100 കടന്നു. പതിനാറാം ഓവറില്‍ കോലി രണ്ട് ബൗണ്ടറികള്‍ നേടി. പക്ഷേ പതിനെട്ടാം ഓവറില്‍ തിരിച്ചടിയേറ്റു. സ്ലോഗ് ഓവറുകളില്‍ പന്തിനെ പ്രഹരിക്കുന്ന ജഡേജയെ ഹസന്‍ അലി പുറത്താക്കി. അര്‍ധശതകം പൂര്‍ത്തിയാക്കി ക്രിസിലുണ്ടായിരുന്ന കോലിയിലേക്ക് ഇന്ത്യന്‍ ആരാധകര്‍ നോക്കി. അവസാനത്തില്‍ അദ്ദേഹം ആഞ്ഞടിക്കുമെന്ന് കരുതിയ ഘട്ടത്തില്‍ അഫ്രീദിയുടെ അവസാന ഓവറില്‍ 57 ല്‍ നായകന്‍ മടങ്ങി. പിന്നെ അവസാനത്തിലേക്ക് വാലറ്റക്കാര്‍ മാത്രം. ഭുവനേശ്വറിനും മുഹമ്മദ് ഷമിക്കും ആഞ്ഞടിക്കാനായില്ല. ഇന്ത്യന്‍ സ്‌ക്കോര്‍ 151 ല്‍.

പാക് നിരയില്‍ ഗംഭീരമായത് അഫ്രീദി തന്നെ. നാലോവറില്‍ 31 റണ്‍സിന് മൂന്ന് വിക്കറ്റ്. ഹസന്‍ അലി 44 റണ്‍സിന് രണ്ട് പേരെ മടക്കി. ഷദാബ് ഖാനും ഹാരിസ് റൗഫും ഓരോ വിക്കറ്റ് നേടി. ജയിക്കാന്‍ 152 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്താന് വേണ്ടി നായകന്‍ ബബര്‍ അസമും മുഹമ്മദ് റിസ്‌വാനുമെത്തി. തുടക്കത്തില്‍ വിക്കറ്റ് നേടിയാല് മാത്രം ഇന്ത്യക്ക് പ്രതീക്ഷ. പക്ഷേ ഭുവനേശ്വറും മുഹമ്മ് ഷമിയും ജസ്പ്രീത് ബുംറയുമെല്ലാം അടി വാങ്ങിയപ്പോള്‍ പാക്കിസ്താന് പത്ത് വിക്കറ്റിന്റെ മാസ്മരിക വിജയം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എം.ടി ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്ര: കെ. സുധാകരന്‍

എം.ടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നു എന്ന് കെ. സുധാകരൻ തന്റെ കുറിപ്പിൽ രേഖപ്പെടുത്തി.

Published

on

വിഖ്യാത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. എം.ടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷര മുദ്രയായിരുന്നു എന്ന് കെ. സുധാകരൻ തന്റെ കുറിപ്പിൽ രേഖപ്പെടുത്തി.

‘ ആധുനിക മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ എംടി കേരളത്തിന്റെ സുകൃതമായിരുന്നു. ഭാരതപ്പുഴയുടെ തീരത്തെ കൂടല്ലൂർ എന്ന വള്ളുവനാടൻ ഗ്രാമത്തിന്റെ സവിശേഷമായ ഭംഗിയും ഭാഷാരീതിയും മലയാള കഥാരംഗത്ത് എംടിയിലൂടെ ആധിപത്യം നേടി. ജീവിതഗന്ധിയായ കഥാപാത്രങ്ങളിലൂടെ കാവ്യാത്മകവും ഭാവഭദ്രവുമായ രീതിയിൽ കഥകൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ വൈഭവം ആസ്വാദക തലങ്ങളെ വല്ലാതെ സ്പർശിച്ചിരുന്നു.അതുകൊണ്ടാണ് തലമുറകളുടെ ഭേദമില്ലാതെ എംടിയുടെ രചനകളെ വായനക്കാർ ഏറ്റെടുത്തത്.

വൈകാരിക സംഘർഷമനുഭവിക്കുന്ന മനുഷ്യരുടെ മാനസിക ചലനങ്ങൾ വായനക്കാരിൽ ആഴത്തിലുള്ള സംവേദനം സാധ്യമാക്കുന്ന അഖ്യാന സൃഷ്ടികളായിരുന്നു എംടിയുടേത്. എഴുത്തിനോട് എക്കാലവും നീതി പുലർത്തിയ സാഹിത്യകാരനാണ്. താൻ മുൻപെഴുതിയതിനെക്കാൾ മെച്ചപ്പെട്ട ഒന്ന് എഴുതാൻ കഴിഞ്ഞില്ലെങ്കിൽ എഴുതാതിരിക്കുക എന്ന നിഷ്ഠ എംടിയുടെ സൃഷ്ടികൾ ഓരോന്നിനെയും മികവുറ്റതാക്കി.മലയാളത്തിന്റെ നന്മ ലോകത്തോട് വിളിച്ച് പറഞ്ഞ സാഹിത്യകാരൻ എംടിയുടെ വേർപാട് സാഹിത്യ ലോകത്തിന് കനത്ത നഷ്ടമാണ്’ എന്നും കെ.സുധാകരൻ പറഞ്ഞു.

മാനവികതയുടെയും മനുഷ്യ സ്നേഹത്തിന്റെയും സന്ദേശം കഥകളിലൂടെയും നോവലുകളിലൂടെയും ലേഖനങ്ങളിലൂടെയും മനുഷ്യ ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിച്ച സാഹിത്യകാരനായിരുന്നു എംടി എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.

‘പ്രണയവും ഹൃദയഭേദകമായ നൊമ്പരവും അടങ്ങാത്ത ആനന്ദവും എല്ലാം അതിന്റെ തനിമ ഒട്ടും ചോർന്നു പോകാതെ അക്ഷരങ്ങളിലൂടെ പകർന്ന് നൽകിയ മലയാളത്തിന്റെ പുണ്യമായിരുന്ന എംടി ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരം കൂടിയായിരുന്നു. എംടിയുടെ വിയോഗം സാഹിത്യമേഖലയ്ക്ക് മാത്രമല്ല രാജ്യത്തിന് തന്നെ വലിയ നഷ്ടമാണ്. ഗുരുതര രോഗാവസ്ഥയിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ മകൾ അശ്വതിയെ ഫോണിൽ വിളിച്ച് അദ്ദേഹത്തിൻറെ ആരോഗ്യനിലയെ സംബന്ധിച്ച് തിരക്കിയിരുന്നു.

ചികിത്സാ പുരോഗതി സംബന്ധിച്ച് ഡോക്ടർമാരോടും ആശയവിനിമയം നടത്തിയിരുന്നു. ജീവിതത്തിലേക്ക് എം ടി മടങ്ങിവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മലയാളത്തെ വിശ്വസാഹിത്യത്തിലേക്ക് ഉയർത്തിയ പകരം വയ്ക്കാൻ ഇല്ലാത്ത അതുല്യപ്രതിഭയായ എഴുത്തുകാരനായിരുന്നു എം.ടി.കഥകളും ഭാഷയും സാഹിത്യവും ഉള്ളിടത്തോളം കാലം എംടിക്ക് മരണമില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.’ എന്നാണ് കെ.സി വേണുഗോപാൽ പറഞ്ഞത്.

അതുല്യ പ്രതിഭയും മലയാള സാഹിത്യ തറവാട്ടിലെ കാരണവരുമായ എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ യുഡിഎഫ് കൺവീനർ എം.എം ഹസൻ അനുശോചിച്ചു.

‘അക്ഷരക്കൂട്ടുകൾ കൊണ്ട് മലയാള സാഹിത്യത്തിൽ ഇതിഹാസം തീർത്ത പ്രതിഭയായിരുന്നു എംടി. നാട്ടിൻ പുറത്തിന്റെ നിഷ്‌കളങ്കമായ സൗന്ദര്യമാണ് എംടി കഥകളുടെ പ്രത്യേകത.തലമുറകളെ ആനന്ദിപ്പിച്ച അതുല്യ സൃഷ്ടികളായിരുന്നു അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും ജന്മം കൊണ്ടത്. ജീവിതയാഥാർത്ഥ്യങ്ങളുടെ അകക്കണ്ണിലൂടെ ഒപ്പിയെടുത്ത അതുല്യ സൃഷ്ടികളായിരുന്നു അദ്ദേഹത്തിന്റെത്.

മനുഷ്യ ജീവിതത്തിലെ അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും പൊളുന്ന വേദനകളും സ്വാംശീകരിച്ച് ആവിഷ്‌കരിച്ച അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എക്കാലവും വായനക്കാരന്റെ ഉള്ളുലയക്കുന്നവയാണ്. നിളയുടെ കഥാകാരൻ കൂടിയായ എംടി വാസുദേവന്റെ നിര്യാണം മലയാള സാഹിത്യ ലോകത്തിനും സാംസ്‌കാരിക രംഗത്തിനും കനത്ത നഷ്ടമാണ്’ എന്നും എം.എം ഹസൻ പറഞ്ഞു.

Continue Reading

kerala

വിടവാങ്ങിയത് നമ്മുടെ കലയുടെ യഥാർത്ഥ സൂക്ഷിപ്പുകാരൻ: പ്രിയങ്ക ഗാന്ധി

അദ്ദേഹത്തിൻ്റെ ആഖ്യാനങ്ങൾ മാനുഷിക വികാരങ്ങളുടെ ആഴം ഉൾക്കൊള്ളുന്നു.’ പ്രിയങ്ക ​ഗാന്ധിയുടെ അനുശോചന കുറിപ്പിൽ പറയുന്നു. 

Published

on

എം.ടി. വാസുദേവൻ നായരെ അനുസ്മരിച്ച് വയനാട് എം പി പ്രിയങ്ക ​ഗാന്ധി. കലയുടെയും സാഹിത്യത്തിൻ്റെയും യഥാർത്ഥ സംരക്ഷകനാണ് വിടവാങ്ങിയത് എന്ന് പ്രിയങ്ക ​ഗാന്ധി എക്സിൽ കുറിച്ചു.

‘സാഹിത്യത്തെയും സിനിമയെയും സാംസ്കാരിക ആവിഷ്കാരത്തിൻ്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റിയ പ്രതിഭയോട് വിട പറയുന്നു. അദ്ദേഹത്തിൻ്റെ ആഖ്യാനങ്ങൾ മാനുഷിക വികാരങ്ങളുടെ ആഴം ഉൾക്കൊള്ളുന്നു.’ പ്രിയങ്ക ​ഗാന്ധിയുടെ അനുശോചന കുറിപ്പിൽ പറയുന്നു.

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം ടി വാസുദേവൻ നായർ (91) ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്.

കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകൻ, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തൻ്റെ കൈയൊപ്പ് ആഴത്തിൽ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ.

Continue Reading

film

ആ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി; എം.ടിയെ അവസാനമായി കാണാനെത്തി മോഹന്‍ലാല്‍

ഇന്ന് പുലർച്ചെയോടെയാണ് മോഹൻലാൽ സിതാരയിലെത്തിയത്.

Published

on

അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായരെ അനുസ്മരിച്ച് ചലച്ചിത്രതാരം മോഹൻലാൽ. എം.ടിയുടെ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മോഹൻലാൽ. ഇന്ന് പുലർച്ചെയോടെയാണ് മോഹൻലാൽ സിതാരയിലെത്തിയത്.

എം.ടിയുടെ രണ്ട് സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു. അവസാനമായി ഓളവും തീരവും എന്ന സിനിമയിലാണ് അഭിനയിച്ചത്. തന്നോട് വലിയ സ്‌നേഹമായിരുന്നു. വൈകാരികമായ അടുപ്പമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. ഇന്ത്യയിൽ അറിയപ്പെടുന്ന സാഹിത്യകാരനാണ് എം.ടി. തനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ്. തന്റെ നാടകങ്ങൾ കാണാൻ അദ്ദേഹം എത്തിയിരുന്നുവെന്നും മോഹൻലാൽ അനുസ്മരിച്ചു.

അന്തരിച്ച മഹാസാഹിത്യകാരൻ എം.ടി വാസുദേവൻ നായർ ഇനി ഓർമ. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. എം.ടിയുടെ ആഗ്രഹ പ്രകാരം പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്.

ഇന്നലെ രാത്രിയോടെയാണ് ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തിച്ചത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.

Continue Reading

Trending