രണ്ടുപതിറ്റാണ്ടോളം ഇരുന്ന കസേരയില്‍നിന്ന് സ്വേച്ഛയാല്‍ ഇറങ്ങിച്ചെന്ന് വിശ്രമിക്കാമെന്നുവെച്ചാല്‍ അതിനുകഴിയില്ലെന്ന് വരുന്നത് രാഷ്ട്രീയത്തില്‍ അത്യപൂര്‍വമാണ്. ലോകത്തെ ഏറ്റവും വലുതും പഴക്കമുള്ളതുമായ രാഷ്ട്രീയസംഘടനയുടെ തലപ്പത്തേക്ക് സോണിയാഗാന്ധി വീണ്ടും എത്തിയിരിക്കുന്നു. ഇടക്കാലത്തേക്കാണെങ്കിലും ഈ പുനരാഗമനം ചെറിയസന്ദേശമല്ല ഈ വ്യക്തിയെക്കുറിച്ചും അവരുടെ പ്രസ്ഥാനത്തെക്കുറിച്ചും നല്‍കുന്നത്. നേരായവഴിയില്‍ ചാഞ്ചല്യം ലവലേശമില്ലാത്ത പെരുമാറ്റവും അതിനൊത്ത തീരുമാനങ്ങളും നടപടികളും. അതാണ് സോണിയ എന്ന നെഹ്രുകുടുംബത്തിന്റെയും ഇന്ത്യയുടെയും മരുമകളുടേത്. ഇവരെ ഇന്ത്യക്കാരും അവര്‍ ഇന്ത്യക്കാരെയും ഒരുപോലെ വിശ്വസിക്കുന്നു, സ്‌നേഹിക്കുന്നു എന്നതുതന്നെയാണ് ഈ രണ്ടാംവരവിന് പിന്നിലെ പരസ്യമായ രഹസ്യം. ഇക്കഴിഞ്ഞ ആഗസ്റ്റ് പത്തിനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ താല്‍കാലിക അധ്യക്ഷയായി മുന്‍ അധ്യക്ഷകൂടിയായ (1998 മുതല്‍ 2017 വരെ) സോണിയാ ഗാന്ധി നിര്‍ബന്ധപൂര്‍വം തിരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയത്തില്‍ കസേരകള്‍ക്കും ആളുകള്‍ക്കും പഞ്ഞമില്ലാതിരിക്കെ എന്തുകൊണ്ടാണ് മഹാപ്രസ്ഥാനത്തിന്റെ അമരത്തേക്ക് ഒരിക്കല്‍കൂടി സോണിയ എത്തിച്ചേര്‍ന്നത് എന്നതിനുത്തരം ആ പ്രസ്ഥാനം നേരിടുന്ന സ്വത്വപ്രതിസന്ധിയെക്കാള്‍ സോണിയ എന്ന കളങ്കരഹിത വ്യക്തിത്വത്തിനുള്ള അംഗീകാരമാണ്.
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്വന്തം സ്വത്തുക്കള്‍ വിറ്റും പോരാടിയ മോത്തിലാല്‍ നെഹ്രുവിന്റെ നാലാം തലമുറയിലെ മണവാട്ടിയായാണ് ഈ ഇറ്റലിക്കാരി ഇന്ത്യാ മഹാരാജ്യത്തിലേക്കെത്തുന്നത്. ലണ്ടനിലെ പഠനകാലത്ത്, നെഹ്രുവിന്റെ മകളായ ഇന്ദിരയുടെ മൂത്തപുത്രന്‍ രാജീവിന്റെ പ്രാണേശ്വരിയായാണ് ചരിത്രത്തിലിടം നേടിയ ആ വരവിന്റെ തുടക്കം. കണ്ടു, കീഴടക്കി, വന്നു എന്ന് വേണമെങ്കില്‍ രാജീവ് -സോണിയ സമാമഗത്തെക്കുറിച്ച് പറയാം. തികച്ചും വ്യത്യസ്തമായ യൂറോപ്പിന്റെ ഭാഷാ-ദേശ-സംസ്‌കാരങ്ങളുടെ ഭൂമിയില്‍നിന്ന് ഇന്ത്യപോലൊരു ഏഷ്യന്‍ രാജ്യത്തിലേക്ക് സുസ്ഥിരമായി ജീവിതം മാറ്റുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെക്കുറിച്ച് നല്ല ബോധ്യത്തോടെതന്നെയായിരുന്നു വരവ്. ഇതിന് ഏറ്റവും പ്രചോദനമായത് നെഹ്രുകുടുംബത്തിന് ലോകത്തുതന്നെയുണ്ടായിരുന്ന മാന്യതയാണ്. പ്രത്യേകിച്ച് രാജീവ് എന്ന ഇന്ദിരാപുത്രന്റെ വിനയാന്വിതമായ പെരുമാറ്റവും രൂപസൗഷ്ടവവും.
മകന്‍ രാഹുല്‍ഗാന്ധിയുടെ അധ്യക്ഷപദവിയാണ് സോണിയ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. മുമ്പ് രാജീവ് കൊല്ലപ്പെട്ടപ്പോള്‍ പാര്‍ട്ടി അധ്യക്ഷപദത്തിലേക്കും പ്രധാനമന്ത്രിപദത്തിലേക്കും പാര്‍ട്ടിയും രാജ്യമൊന്നടങ്കവും ക്ഷണിച്ചപ്പോഴും ‘ഇല്ല’ എന്ന ഇടംതടിച്ചുനിന്ന വിനയാന്വിത. കാര്‍ക്കശ്യമാര്‍ന്ന നിലപാടുകള്‍ അന്നേ സോണിയയില്‍ ഇന്ത്യയിലെയും ലോകത്തെയും ജനങ്ങള്‍ നോക്കിക്കണ്ടു. പലതവണ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നതസമിതി കേണാവശ്യപ്പെട്ടിട്ടും രണ്ടുപദവിയും ഏറ്റെടുക്കാന്‍ സോണിയ വന്നില്ല. 1984ലെ ഇന്ദിരാഗാ്ന്ധിവധത്തിനുശേഷം രാജീവിന്റെ നേതൃത്വത്തില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ചരിത്രവിജയം നേടിയ കോണ്‍ഗ്രസ് പിന്നിട് തളര്‍ന്നെങ്കിലും 2004ല്‍ പാര്‍ട്ടിയെ തിരിച്ച് അധികാരത്തിലേക്ക് പിടിച്ചുകയറ്റിയതില്‍ ഈ മഹതിയുടെ പങ്ക് ചെറുതല്ല. ഭരണമുന്നണിയായ യു.പി.എയുടെ ചെയര്‍പേഴ്‌സന്‍ പദവി മതിയെന്ന് വെച്ചു. 2009ലും കൂടുതല്‍ തിളക്കമാര്‍ന്ന വിജയം നേടിക്കൊടുക്കാനും സോണിയയുടെ നേതൃത്വത്തിന് കഴിഞ്ഞു. 2004ല്‍ പ്രധാനമന്ത്രിപദത്തിലേക്ക് വിദേശത്തുജനിച്ചയാള്‍ ആദ്യമായി എത്തുമെന്ന് കരുതപ്പെട്ടെങ്കിലും ഉള്ളംകയ്യില്‍ കിട്ടിയ പദവി വേണ്ടെന്നുവെക്കുകയായിരുന്നു ജനപഥ് പത്തിലെ കിരീടംവെക്കാത്ത റാണി. തന്നെക്കുറിച്ച് ബി.ജെ.പിയും ശരത്പവാറടക്കമുള്ളവരും പറഞ്ഞുപരത്തിയ വിദേശി ആരോപണം അവരിലുണ്ടാക്കിയ ദു:ഖമായിരിക്കാം അതിനൊരുകാരണം. തുടര്‍ഭരണം ലഭിച്ചിട്ടും വിശ്വസ്ഥനായ ഡോ.മന്‍മോഹന്‍സിംഗിനെതന്നെ പ്രധാനമന്ത്രിപദത്തില്‍ തുടരാന്‍ സോണിയ കല്‍പിച്ചു. ചരിത്രപരമായ ഒട്ടേറെ നിയമനിര്‍മാണങ്ങള്‍ ഇന്ത്യന്‍ജനതക്ക് സമ്മാനിക്കാന്‍ അവരുടെ നേതൃത്വത്തിന് കഴിഞ്ഞു-മഹാത്മാഗാന്ധി ദേശീയതൊഴിലുറപ്പുപദ്ധതി, വിവരാവകാശനിയമം, ദേശീയവിദ്യാഭ്യാസനിയമം തുടങ്ങിയവ..
ലോക്‌സഭയിലെ 58 സീറ്റിന്റെ ചരിത്രപരാജയത്തില്‍ മെയ്25ന് ഉണ്ടായ രാഹുലിന്റെ സ്ഥാനത്യാഗംകൊണ്ട് പാര്‍ട്ടിഅകപ്പെട്ട പ്രതിസന്ധി മറികടക്കുകയാണ് സോണിയയുടെ മുന്നിലെ വെല്ലുവിളികള്‍. മുന്‍പരിചയസമ്പത്ത് ഗുണമാകുമെങ്കിലും അന്നത്തേക്കാള്‍ സങ്കീര്‍ണമായ ദേശീയവിഷയങ്ങളെയാണ് ബി.ജെ.പി-സംഘപരിവാര്‍ ശക്തികള്‍ക്കുമുന്നില്‍ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നത്. 73-)ം സ്വാതന്ത്ര്യദിനത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് പതാകഉയര്‍ത്തിയശേഷം അവര്‍ പറഞ്ഞു: ‘ ജനാധിപത്യത്തിന്റെയും സഹിഷ്ണുതയുടെയും രാജ്യം ഇന്ന് പരാജയപ്പെടുത്തേണ്ടത് സ്വജനപക്ഷപാതം, അന്ധവിശ്വാസം, അക്രമരാഷ്ട്രീയം, കാപാലികത്വം, വംശീയത, അസഹിഷ്ണുത, അനീതി എന്നിവയെയാണ് ‘ മക്കളായ രാഹുലും പ്രിയങ്കയുമടക്കമുള്ള വിരലിലെണ്ണാവുന്ന വിശ്വസ്ഥരും മഹത്തായ കുടുംബപാരമ്പര്യവും തികഞ്ഞ മതേതരത്വബോധവും ആത്മസ്ഥൈര്യവും അമേരിക്കയിലെ നീണ്ടചികില്‍സകൊണ്ട് ഭേദപ്പെട്ട ആരോഗ്യവുമാണ് ഈ എഴുപത്തിരണ്ടിലും വ്യക്തിപരമായ കൈമുതലുകള്‍. ഇതൊക്കെത്തന്നെയാണ് ഈ മഹതിയെ ബി.ജെ.പിയുടെ യു.പി കാവിക്കോട്ടയില്‍നിന്നുള്ള ഏകകോണ്‍ഗ്രസ് എം.പി യാക്കിയിരിക്കുന്നതും ഏറ്റവുംസ്വാധീനമുള്ള ലോകവനിതകളിലൊരാളായി മാറ്റിയതും.