ഡോ.മുസ്തഫ ഫാറൂഖി
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ച് ഡിസംബര്‍ പതിനെട്ട് രാജ്യാന്തര അറബി ഭാഷാ ദിനമായി ആചരിക്കുകയാണ്. ലോകത്തില്‍ ഏറ്റവുമധികം പ്രചാരമുള്ള ഭാഷകള്‍ എന്ന നിലയില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, ചൈനീസ്, റഷ്യന്‍, സ്പാനിഷ് ഭാഷകള്‍ക്കാണ് ഇവ്വിധം ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക പദവിയും അംഗീകാരവുമുള്ളത്.
അറബി ഭാഷയെ സ്‌നേഹിക്കുകയും നെഞ്ചേറ്റുകയും ചെയ്യുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഈ ദിനാഘോഷം പൂര്‍വ്വ സംസ്‌കൃതിയുടെ നന്മയൂറുന്ന ഒരായിരം സ്മൃതികളാണ് സമ്മാനിക്കുന്നത്.
ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസുകളുടെയും ഭാഷയായ അറബി, മുസ്‌ലിംകളുടെ മതഭാഷയാണ്. ലോകോത്തര ഭാഷ എന്ന നിലയില്‍ അറബി ഭാഷക്ക് ലഭിച്ച മികച്ച സ്വീകാര്യതയും വന്‍ പ്രാധാന്യവും സര്‍വാംഗീകൃതമാണ്. ദര്‍ശനം, ചരിത്രം, ശാസ്ത്രം, കവിത, നോവല്‍, നാടകം, സിനിമ തുടങ്ങിയ മേഖലകളിലെ സ്വാധീനം അറബി ഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും കാരണമായി. ഇമാം ഗസാലി, ഇബ്‌നു ഹസം, ഇബ്‌നു തൈമിയ തുടങ്ങിയ പണ്ഡിത പ്രതിഭകളും വൈദ്യശാസ്ത്രത്തില്‍ വിസ്മയം സൃഷ്ടിച്ച ഇബ്‌നുസീന, സ്വതന്ത്ര തത്വചിന്തകനായ ഇബ്‌നു റുശ്ദ്, ഗണിതശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഖുവാരസ്മി, രസതന്ത്ര ശാസ്ത്രജ്ഞനായ റാസി, സാമൂഹ്യ ശാസ്ത്രജ്ഞന്‍ ഇബ്‌നു ഖല്‍ദൂന്‍, സഞ്ചാര സാഹിത്യത്തിലെ കുലപതി ഇബ്‌നു ബത്തൂത്ത, ഉമര്‍ഖയ്യാം എന്നിവരെല്ലാം അറബി ഭാഷയെ അനശ്വരമാക്കിയ പൂര്‍വകാല പ്രതിഭകളാണ്.
കവിതാ വിജ്ഞാന ശാഖയില്‍ അത്ഭുത പ്രപഞ്ചം തീര്‍ത്തവരാണ് ഇബ്‌നു റൂമി (ഹി. 221), അബൂതമാം (232), ബുഹ്തുരി (248), മുതനബ്ബി (303), അബുല്‍ അലാഉല്‍ മഅരി (363), ഇബ്‌നുല്‍ ഫാരിള് (576), ബൂസീരി (1213) എന്നിവര്‍. ‘കവികളുടെ രാജാവ്’ എന്ന പേരില്‍ വിഖ്യാതനായ അഹ്മദ് ശൗഖി, നൈലിന്റെ കവിയായി അറിയപ്പെടുന്ന ഹാഫിള് ഇബ്രാഹിം, ബാറൂദി എന്നിവര്‍ ആധുനിക അറബി കവികളില്‍ മുന്നില്‍ നില്‍ക്കുന്നു.
വിഖ്യാത നോവലിസ്റ്റ് അബ്ബാസ് മഹ്മൂദ് അഖാദ് (1889-1964) പുരോഗമന ചിന്തകനായ അഹ്മദ് അമീന്‍ (1886-1954), നാടകരചയിതാവ് തൗഫീഖുല്‍ ഹകീം (1898-1987), ചെറുകഥാ സാഹിത്യത്തിലെ സര്‍ഗപ്രതിഭ മഹ്മൂദ് തൈമൂര്‍ (1894-1968), നോവല്‍ സാഹിത്യത്തിലെ വിസ്മയമായ ത്വാഹാ ഹുസൈന്‍, നോബല്‍ സമ്മാനാര്‍ഹനായ നജീബ് മഹ്ഫൂള് (1913-2006) ബിന്‍തു ശാത്വി എന്ന പേരില്‍ പ്രശസ്തയായ ആഇശ അബ്ദു റഹ്മാന്‍ (1926-1999) എന്നിവരുടെ സാഹിത്യ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും.
ആധുനിക മുസ്ലിം ലോക പരിഷ്‌കര്‍ത്താക്കളായ ജമാലുദ്ദീന്‍ അഫ്ഗാനി (ക്രി. 1838), ശൈഖ് മുഹമ്മദ് അബ്ദു (1845), സയ്യിദ് റഷീദ് റിദ (1865), ശക്കീബ് അര്‍സലാന്‍ (1869) എന്നിവരുടെ സംഭാവനകളും അറബി ഭാഷയെ സമ്പന്നമാക്കി.
കേരളവുമായി നൂറ്റാണ്ടുകളുടെ സാംസ്‌കാരിക വിനിമയ ബന്ധമുള്ള ഭാഷയാണ് അറബി. പോര്‍ത്തുഗീസ് നാവികനായ വാസ്‌കോഡഗാമ 1498ല്‍ കോഴിക്കോട് എത്തിയപ്പോള്‍ സാമൂതിരി രാജാവിനെ സന്ദര്‍ശിച്ചത് പോര്‍ത്തുഗല്‍ രാജാവ് കൊടുത്തയച്ച അറബി ഭാഷയിലുള്ള കത്തുമായിട്ടായിരുന്നുവെന്നത് ചരിത്രസാക്ഷ്യമാണ്. അക്കാലത്തെ വാണിജ്യഭാഷ അറബി ആയതുകൊണ്ടാണ് ആശയ വിനിമയത്തിന് അറബി തെരഞ്ഞെടുത്തത് എന്നത് വ്യക്തം. പോര്‍ത്തൂഗീസ് അധിനിവേശ കാലത്തെ കേരള ചരിത്രത്തെ കുറിച്ച ആധികാരിക ഗ്രന്ഥം അറബി ഭാഷയില്‍ വിരചിതമായ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ ആണ്. അതിപുരാതന കാലം മുതല്‍ അറബി ഭാഷക്കും സാഹിത്യത്തിനും കേരളം നല്‍കിയ സംഭാവനകള്‍ പഠന ഗവേഷണമര്‍ഹിക്കുന്ന മേഖലയാണ്.
ലോകത്തെ 180 മില്യനോളം വരുന്ന അറബ് ജനതയുടെ സംസാര ഭാഷയാണ് അറബിക്. സഊദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, യമന്‍, മൊറോക്കോ, അള്‍ജീരിയ, തുനീഷ്യ, ലിബിയ, മൗറിത്താനിയ, ഈജിപ്ത്, സുഡാന്‍, ജിബൂത്തി, സോമാലിയ, ജോര്‍ദാന്‍, ഫലസ്തീന്‍, ഇറാഖ്, സിറിയ, ലബ്‌നാന്‍ എന്നീ രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും അറബിയാണ്. ഇതിനു പുറമെ അറബി എഴുതാനും വായിക്കാനും അറിയുന്ന അമ്പതു കോടിയില്‍ പരം ജനങ്ങള്‍ വിവിധ അനറബി നാടുകളിലുണ്ട്.ഇന്ത്യയില്‍ അറബി ഭാഷക്ക് ഏറ്റവും കൂടുതല്‍ വളര്‍ച്ചയും വികാസവും പ്രചാരവും കേരളത്തിലാണുള്ളത്. കേരളത്തിലെ ഏതാണ്ട് എല്ലാ സര്‍വ്വകലാശാലകളിലും അറബി ഭാഷാ പഠന കേന്ദ്രങ്ങളുണ്ട്. കേരളത്തിലെ എയ്ഡഡ് മേഖലയില്‍ പതിനൊന്ന് അറബിക് കോളജുകളാണുള്ളത്. വിവിധ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ അറബി വകുപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ ഏഴായിരത്തോളം സ്‌കൂളുകളിലും പള്ളി ദര്‍സുകളിലും മറ്റു അനൗപചാരിക കേന്ദ്രങ്ങളിലും അറബി ഭാഷാ പഠന സൗകര്യമുണ്ട്. വിവിധ മതസംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ കലാലയങ്ങള്‍ അറബി പ്രചാരണത്തില്‍ കര്‍മ്മ നിരതമാണ്. അറബി പഠന ഗവേഷണ മാസികകള്‍ വിവിധ സര്‍വകലാശാലകളും കോളജുകളും പ്രസിദ്ധീകരിച്ചു വരുന്നു.
തകഴിയുടെ ചെമ്മീന്‍ ആണ് അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യത്തെ മലയാള നോവല്‍. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടിയ വിഖ്യാത പണ്ഡിതന്‍ ഡോ. മുഹ്‌യുദ്ദീന്‍ ആലുവായ് 1965ല്‍ ആണ് വിവര്‍ത്തനം നിര്‍വ്വഹിച്ചത്. മഹാകവി കുമാരനാശാന്റെ ‘വീണപൂവ്’ നന്മണ്ട അബൂബക്കര്‍ മൗലവി ഭാഷാന്തരം നടത്തി. കമലാ സുരയ്യയുടെ ‘യാ അല്ലാഹ്’ കാവ്യം കെ. മൊയ്തു മൗലവി മൊഴിമാറ്റം ചെയ്തു. ബെന്‍യാമിന്റെ ‘ആടുജീവിതം’ സുഹൈല്‍ അബ്ദുല്‍ ഹകീം വിവര്‍ത്തനം ചെയ്തു.അറബിയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട നോവലുകളില്‍ ശ്രദ്ധേയമായത് ത്വാഹാ ഹുസൈന്റെ ദുആഉല്‍ കര്‍വാന്‍ ആണ്. പണ്ഡിതനായ പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി പാതിരാക്കുയിലിന്റെ രാഗം എന്ന പേരില്‍ വിവര്‍ത്തനം നിര്‍വ്വഹിച്ചു (1979). മനുഷ്യചരിത്രത്തിന് ഒരാമുഖം എന്ന പേരില്‍ മുട്ടാണിശ്ശേരി കോയാക്കുട്ടി മൗലവി ഭാഷാന്തരം ചെയ്ത ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമയാണ് മറ്റൊരു പ്രധാന കൃതി.മലയാള മൂല കൃതികളുടെ ഇംഗ്ലീഷ് തര്‍ജമയില്‍ നിന്ന് അറബിയിലേക്ക് മൊഴിമാറ്റിയവരില്‍ പ്രധാനിയാണ് യു.എ.ഇ.യിലെ ശിഹാബ് ഗാനിം. മഹാകവി ജി. ശങ്കരക്കുറുപ്പ്, സുഗതകുമാരി, ചെമ്മനം ചാക്കോ എന്നിവരുടെ കവിതകളും ശിഹാബ് ഗാനിം വിവര്‍ത്തനം ചെയ്തിട്ടുണ്ട് (2014). പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവല്‍ ഈജിപ്തിലെ മുഹമ്മദ് ഇബ്‌റാഹിം വിവര്‍ത്തനം ചെയ്തു (2015). ബി.എം. സുഹ്‌റയുടെ നിലാവ്, മൊഴി എന്നീ നോവലുകള്‍ സിറിയന്‍ സാഹിത്യകാരന്‍ സമര്‍ മൊഴിമാറ്റം നടത്തി (2015). എം.ടി. വാസുദേവന്‍ നായരുടെ ‘കാലം’ അതേ പേരില്‍ ഈജിപ്ത് എഴുത്തുകാരനായ സഹര്‍ തൗഫീഖ് (2016) വിവര്‍ത്തനം ചെയ്തു.അറബി കൃതികളുടെ ഇംഗ്ലീഷ് തര്‍ജമയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തവരില്‍ പ്രമുഖനാണ് എസ്.എ. ഖുദ്‌സി. ഖലീല്‍ ജിബ്രാന്റെ ഒട്ടുമിക്ക രചനകളും ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലെത്തിയിട്ടുണ്ട്.മധ്യ പൗരസ്ത്യ ദേശങ്ങളിലുണ്ടായ പുതിയ തൊഴില്‍ സാധ്യതകള്‍ അറബി ഭാഷയുടെ വളര്‍ച്ചയിലും വികാസത്തിലും വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഗള്‍ഫു നാടുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പെട്രോളിയം കമ്പനികള്‍, ആസ്പത്രികള്‍, ഹോട്ടലുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വിവര സാങ്കേതിക കേന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അറബി ഭാഷയുടെ ഉപയോഗം അനുദിനം വര്‍ദ്ധിച്ചു വരികയാണ്. തൊഴില്‍ മേഖലയിലെ ഈ അനന്തസാധ്യതകള്‍ ഉള്‍ക്കൊണ്ട് പാശ്ചാത്യ നാടുകളിലെ പ്രമുഖ സര്‍വകലാശാലകളില്‍ അറബി കോഴ്‌സുകള്‍ പഠിപ്പിക്കപ്പെടുന്നുണ്ട്.
കാലത്തിന്റെയും ലോകത്തിന്റെയും താല്‍പര്യം അറിഞ്ഞ് ആധുനിക അറബി ഭാഷയും സംസാര ഭാഷയും തൊഴില്‍ ഭാഷയും സമന്വയിപ്പിച്ചു കൊണ്ടുള്ള വിവിധ തരം കോഴ്‌സുകള്‍ ഇന്ത്യയിലെ പ്രമുഖ സര്‍വ്വകലാശാലകളില്‍ ആരംഭിച്ചിട്ടുണ്ട്. വിദേശ യൂണിവേഴ്‌സിറ്റികളില്‍ അറബി ഭാഷയും സാഹിത്യവും ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുന്നു. കേരളത്തില്‍ ഏറെ തൊഴില്‍ സാധ്യതയുള്ള ടൂറിസം, ആതുര സേവനം, വിവര സാങ്കേതിക വിദ്യ, ഹോട്ടല്‍ മാനേജ്‌മെന്റ്, കായികം തുടങ്ങിയ രംഗങ്ങളില്‍ അറബി ഭാഷയില്‍ വ്യുല്‍പത്തി നേടിയവരുടെ പങ്കാളിത്തം നിര്‍ണായകമായിരിക്കും. മഹത്തായ സാംസ്‌കാരിക പൈതൃകം അടിത്തറയുള്ള അറബി കാലാതിവര്‍ത്തിയായി നില നില്‍ക്കുക തന്നെ ചെയ്യും.
ക്ലാസിക് തനിമയുള്ള ജീവല്‍ ഭാഷ എന്ന നിലയില്‍ അറബി ഭാഷക്കും സാഹിത്യത്തിനും അനന്തമായ സാധ്യതകളാണ് ലോകവും കാലവും സമ്മാനിക്കാനിരിക്കുന്നത്. പുതിയ സാഹചര്യങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കാതെ, കാലത്തോടൊപ്പം നടന്ന്, സാമൂഹിക മാറ്റങ്ങള്‍ക്ക് കാതോര്‍ത്ത്, അറബി ഭാഷയുടെ സാംസ്‌കാരിക പരിസരം കാത്തുസൂക്ഷിച്ച് മുന്നേറാന്‍ അറബി ഭാഷാ പ്രേമികള്‍ക്ക് സാധിക്കണമെന്നതാണ് രാജ്യാന്തര അറബി ഭാഷാ ദിനം ഉണര്‍ത്തുന്ന വിചാരങ്ങള്‍.
(ഫാറുഖ് റൗസത്തുല്‍ ഉലും കോളജ് പ്രിന്‍സിപ്പലാണ് ലേഖകന്‍)