നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്ക കടുത്ത സാമ്പത്തികപ്രതിന്ധിയിലൂടെ കടന്നുപോകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ സമ്പദ്‌വ്യവസ്ഥയെ എവ്വിധം സൂക്ഷ്മതയോടെ കൈകാര്യംചെയ്യണമെന്ന പാഠമാണ് ലോകത്തിന് മുന്നില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെയും പെട്രോളടക്കമുള്ള ഇന്ധനങ്ങളുടെയും കടുത്ത ക്ഷാമമാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്. വിദേശനാണ്യശേഖരം തീര്‍ത്തും ശൂന്യമായ സ്ഥിതിയും ഡോളറിനുള്ള ശ്രീലങ്കയുടെ മൂല്യം 280 രൂപ കടന്നതും അരിവില കിലോക്ക് 370 രൂപയിലെത്തിയതും ചൂണ്ടിക്കാട്ടുന്നത് രാജ്യം ഏതുനിമിഷവും പട്ടിണിമരണത്തെ നേരിടുമെന്നാണ്. പട്ടാളത്തെ വിളിച്ച് റേഷന്‍ ഭക്ഷ്യധാന്യ വിതരണത്തിന് കടുത്ത നിയന്ത്രണങ്ങള്‍ വരുത്തിയിരിക്കുകയാണ് രാജപക്‌സെ സര്‍ക്കാര്‍. പണപ്പെരുപ്പ നിരക്ക് 13 വര്‍ഷത്തെ ഉയരത്തിലേക്ക് കുതിച്ചിരിക്കുന്നതും വ്യക്തമാക്കുന്നത് പ്രതിസന്ധിയുടെ ആഴമാണ്. കോവിഡും അതിനനുബന്ധമായ സാമ്പത്തികത്തകര്‍ച്ചയുമാണ് ദ്വീപ് രാജ്യത്തെ ഇത്തരത്തിലൊരു കെണിയിലകപ്പെടുത്തിയതെന്നാണ് പറയുന്നതെങ്കിലും പുതുതായി രാജ്യഭരണമേറ്റ സര്‍ക്കാരിന്റെയും ഭരണാധികാരികളുടെയും കഴിവില്ലായ്മയാണ് കാരണമെന്നാണ് പ്രതിപക്ഷാരോപണം. മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ കഴിഞ്ഞദിവസം സര്‍ക്കാരിനെതിരെ കടുത്ത ഭാഷയുപയോഗിച്ചാണ് വിമര്‍ശിച്ചത്. അന്താരാഷ്ട്ര നാണയനിധിയുടെ പ്രത്യേക പാക്കേജ് കൊണ്ടുമാത്രമേ പോംവഴിയുള്ളൂവെന്നാണ് അദ്ദേഹം പറയുന്നത്. 2020ലെ പൊതുതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായിരുന്ന യുണൈറ്റഡ് നാഷണല്‍പാര്‍ട്ടിയുടെ ഏകവിജയിയായിരുന്നു വിക്രമസിംഗെ. ഇതിനകം ഇന്ത്യ 90 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്്. 2500 കോടി രൂപ വായ്പയും നല്‍കാമെന്നേറ്റതായാണ ്‌വിവരം.
കോവിഡ് കാലത്ത് രാജ്യത്തെ ടൂറിസം മേഖല നേരിട്ട സ്്തംഭനാവസ്ഥയാണ് ഇതിലേക്ക് പെട്ടെന്ന്് നയിച്ചതെന്നാണ്് ഒരു വ്യാഖ്യാനം. രാജ്യത്തിന്റെ പത്തു ശതമാനം വരുമാനവും വിനോദ സഞ്ചാരരംഗത്തുനിന്നാണ്. സഹസ്രകോടികള്‍വരുമിത്. കാനഡ, ഇന്ത്യ, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും ടൂറിസ്റ്റുകള്‍ വന്നുകൊണ്ടിരുന്നത്. അതോടൊപ്പം ഭരണാധികാരികള്‍ യാതൊരു തയ്യാറെടുപ്പുമില്ലാതെ പ്രഖ്യാപിച്ച രാസവള നിരോധനം കാര്‍ഷികമേഖലയുടെ ഇടിവിന് കാരണമായി. പകുതിയായി വിളയുത്പാദനം കുറഞ്ഞതോടെ വിപണിയില്‍ അരി, പഞ്ചസാര മുതലായവക്ക് കടുത്ത ക്ഷാമവും വിലക്കയറ്റവും അനുഭവപ്പെട്ടു. ഒരു ലിറ്റര്‍ പെട്രോളിന്റെ വില 283 രൂപയിലെത്തി. 500 കോടിഡോളറാണ് ചൈനക്കുള്ള ശ്രീലങ്കയുടെ കടബാധ്യത. 2019ല്‍ ഗോതബായരാജപക്‌സെ പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ 7.5 ബില്യന്‍ ഡോളറായിരുന്ന വിദേശനാണ്യകരുതല്‍ ഇന്ന് 1.58 ബില്യന്‍ ഡോളറായിരിക്കുന്നു. ഇതുമൂലം ഇറക്കുമതി വന്‍തോതില്‍ കുറഞ്ഞു. പഞ്ചസാര, പരിപ്പുകള്‍, പാല്‍പൊടികള്‍, മരുന്നുകള്‍ തുടങ്ങിയവയുടെ ഇറക്കുമതിയെ ബാധിച്ചത് മതിയായ വിദേശനാണ്യ കരുതലില്ലാത്തതിനാലാണ്.
കഴിഞ്ഞമാസം പെട്രോള്‍ പമ്പില്‍ ക്യൂനില്‍ക്കുന്നതിനിടെ തളര്‍ന്നുവീണ് രാജ്യത്ത് രണ്ടു പേരാണ് മരണമടഞ്ഞത്. ഇത് തെളിയിക്കുന്നത് ഇന്ധന ക്ഷാമത്തിന്റെ രൂക്ഷതയാണ്. മണ്ണെണ്ണയുടെ ആവശ്യത്തിനായും ജനം ക്യൂനില്‍ക്കുകയാണ്. പാചകവാതകവില കുതിച്ചുയര്‍ന്നതും അതുപോലും കിട്ടാനില്ലാതായതും കാരണം മണ്ണെണ്ണ ഉപയോഗിച്ചുള്ള പാചകമാണ് ശ്രീലങ്കയുടെ വലിയ ജനവിഭാഗത്തിന്റെ ഇപ്പോഴത്തെ ആശ്രയം. 15 ശതമാനത്തിന് മുകളിലാണ് ഇപ്പോഴത്തെ രാജ്യത്തിന്റെ പണപ്പെരുപ്പനിരക്ക്, ഭക്ഷ്യവസ്തുക്കളില്‍മാത്രം ഇത് 25 ശതമാനത്തിന് മുകളില്‍വരും. ഇത് തെളിയിക്കുന്നത് രാജ്യത്തിന്റെ വിലക്കയറ്റത്തിന്റെ തോതാണ്. ഏതാണ്ട് റഷ്യയുടെ യുദ്ധകാല സമ്പദ്‌വ്യവസ്ഥിതിയെയാണ് ഇത് ഓര്‍മിപ്പിക്കുന്നത്. യുക്രെയിനുമായുള്ള യുദ്ധം കാരണം റഷ്യയിലും പണപ്പെരുപ്പവും വിലക്കയറ്റവും ഉയരുകയാണെന്നാണ് റിപ്പോര്‍ട്ട്. 1990കളുടെ ആദ്യം ഇതുപോലെ കടുത്ത സാമ്പത്തിക മാന്ദ്യത്തെയാണ് റഷ്യ എതിരിട്ടത്. ഇന്ത്യയുടെ കാര്യത്തില്‍ നിലവില്‍ ഭയപ്പെടാനൊന്നുമില്ലെങ്കില്‍ കടുത്ത ജാഗ്രത പാലിച്ചില്ലെങ്കില്‍ സമ്പദ്‌രംഗം കൈവിട്ടുപോകുമെന്ന സൂചനയാണ് ശ്രീലങ്കയും റഷ്യയും നമുക്കിപ്പോള്‍ തരുന്നത്. നമ്മുടെ പണപ്പെരുപ്പനിരക്കും അടുത്ത കാലത്തായി വര്‍ധിച്ചുവരികയാണ്. രൂപയുടെ മൂല്യത്തിലുള്ള ഇടിവും തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടേയിരിക്കുന്നു; ഡോളറിന് 60ല്‍നിന്ന് 80 രൂപയിലേക്ക്. 2014ല്‍ ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തില്‍ പണപ്പെരുപ്പനിരക്ക് 5.8 ആയിരുന്നത് ഇന്നിപ്പോള്‍ ആറിനും മുകളിലാണ്. ഫെബ്രുവരിയിലെ പണപ്പെരുപ്പനിരക്ക് 6.7 ആയി. ഇത് എട്ടു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. അടുത്ത കാലത്തായി ഇന്ധനത്തിലും നിത്യോപയോഗ വസ്തുക്കളിലും ഉണ്ടായ വിലവര്‍ധന തെളിയിക്കുന്നത് ഇന്ത്യന്‍ ജനതയും സമ്പദ്‌വ്യവസ്ഥയും ശ്രീലങ്കയുടേതത്രയില്ലെങ്കിലും പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്നാണ്. ശ്രീലങ്കയുടെ ഉയിര്‍ത്തെഴുന്നേല്‍പിന് വേണ്ട സഹായം ചെയ്യാനും അവരെ ചൈനയുടെ പിടിയില്‍നിന്ന് രക്ഷിക്കാനുമുള്ള ബാധ്യത നിറവേറ്റുന്നതോടൊപ്പം ഇതിലെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും നാം സന്നദ്ധമാകണം.