ലുഖ്മാന്‍ മമ്പാട്
പാരിന്‍ നടുവില്‍ പെരിയോന്‍ പടൈത്ത
പരിശുദ്ധ ഖഅബാലയം
പൂമാന്‍ റസൂലിന്‍ പാദം പതിഞ്ഞ
പുകളേറും പുണ്യാലയം…
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്…ഭൂഗോളത്തിന്റെ സര്‍വ്വ ദിക്കുകളില്‍ നിന്നുമായി ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ കഅബാലയം വലംവെക്കുമ്പോള്‍ വര്‍ഷം ഒന്നായി ആ കണ്ണിയിലേക്ക് കണ്ണുംനട്ട് ആയിരം കാതമകലെ നിന്ന് നടന്നടുത്തൊരു ചെറുപ്പക്കാരനുണ്ട്. കേരളത്തില്‍ നിന്ന് കാല്‍നടയായി പാക്കിസ്ഥാനാന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് വഴി സഊദിയിലെത്തി വിശുദ്ധ ഹറമൈനികള്‍ കണ്‍കുളിര്‍ക്കെ കണ്ട മുപ്പതുകാരനാണ് ഇത്തവണത്തെ ഹജ്ജാജികളിലെ വേറിട്ട വ്യക്തിത്വം; മലപ്പുറം ആതവനാട് ചേലമ്പാടന്‍ ഷിഹാബ് ചേറ്റൂര്‍. ഇതൊരു അനുകരണീയ മാതൃകയാണെന്ന് അവകാശപ്പെടാതെ, തന്റെ ഹൃദയത്തില്‍ നിന്നുള്ള ഉള്‍വിളിക്ക് ഉത്തരം നല്‍കിയെന്ന അനുഭൂതിയാണ് അനുഭവം പങ്കുവെക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളിലാകെ വന്നു നിറയുന്നത്. ഷിഹാബ് ചോറ്റൂര്‍ വിശുദ്ധ ഹറമില്‍ നിന്ന് ഓണ്‍ലൈലിലൂടെ ചന്ദ്രികയോട് മനസ്സ് തുറക്കുന്നു.
ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ദക്ഷിണ മുനമ്പിനിപ്പുറം ആദം മലയിലാണത്രെ ആദിമ മനുഷ്യന്‍ ആദം നബിയെ സ്വര്‍ഗത്തില്‍ നിന്ന് ഇറക്കിയത്. ഹവ്വാ ഉമ്മയെ സഊദിയിലും. ദക്ഷിണേന്ത്യയില്‍ നിന്ന് ഏകാന്തനായി കാല്‍നടയായി മക്കത്തു പോയി ആദം നബി ഹജ്ജ് ചെയ്തു; ഒന്നല്ല, നാല്‍പതു തവണ. ഒരിക്കല്‍ മക്കയില്‍ ഹവ്വാഉമ്മയെ കണ്ടുമുട്ടിയ ആദം നബിയിലൂടെ മനുഷ്യകുലം ഭൂമിയില്‍ യാഥാര്‍ത്ഥ്യമായി. നാല്‍പതു തവണ മക്കത്തു പോയി ഹജ്ജ് ചെയ്ത് തിരിച്ചുവന്ന ആദം നബിയെ കുറിച്ചുള്ള വിവരണത്തില്‍ തര്‍ക്കമുള്ളവരുണ്ട്. എന്നാല്‍, നമ്മുടെ കണ്‍മുന്നിലൂടെ ദക്ഷിണേന്ത്യയില്‍ നിന്ന് കാല്‍നടയായി ഒരാള്‍ മക്കത്തേക്ക് ഹജ്ജിനെത്തിയിരിക്കുന്നു. ഇതിന്റെ മതവിധിയെയും ആനുകാലികതയെയും ചോദ്യം ചെയ്യുന്നവര്‍ക്കും ഷിഹാബ് ചോറ്റൂരിന്റെ ലക്ഷ്യ ബോധത്തെയും അര്‍പ്പണത്തെയും കഠിനാധ്വാനത്തെയും വിലകുറച്ചു കാണാനാവില്ല.
സഊദിയില്‍ ജോലി ചെയ്യുമ്പോള്‍ പല തവണ ഉംറ ചെയ്യാന്‍ അവസരമുണ്ടായിട്ടുണ്ട്. അന്നൊരിക്കല്‍ മനസ്സിലൊരു മോഹം മൊട്ടിട്ടു. നാട്ടില്‍ നിന്ന് നടന്നു ഹജ്ജിന് വരണം. പിന്നെ, മനസ്സില്‍ നിന്ന് പറിച്ചു മാറ്റാനാവാത്ത അതമ്യമായ ആഗ്രഹമായി. സഊദിയിലെ ജോലി മതിയാക്കി നാട്ടില്‍ ചെറിയൊരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി. സദാ സമയവും മക്കയും ഹറമുമാണ് മനസ്സില്‍. അല്ലാഹുവിനെ ആരാധിക്കാന്‍ ആദ്യമായി ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട മലക്കുകളാല്‍ പണികഴിപ്പിക്കപ്പെട്ട വിശുദ്ധ ഗേഹമാണല്ലോ കഅബാലയം. ഒരു റകഅത്ത് നമസ്‌കാരത്തിന് ലക്ഷം റകഅത്തിന്റെ പ്രതിഫലമുള്ള ഭൂമിയിലെ ഏക സ്ഥലം. ലോക മുസ്‌ലിംകളുടെ ഖിബ്‌ല. സ്വര്‍ഗത്തില്‍ നന്ന് ഇറക്കപ്പെട്ട അജറുല്‍ അസ്‌വദ്. ഇബ്രാഹീം മഖാമും നവജാത ശിശുവായ ഇസ്മായില്‍ നബിയുടെ കാല്‍പാദ സ്പര്‍ശത്തില്‍ പൊടിഞ്ഞ വിശുദ്ധ ജലമായ സംസമും മാതൃത്വത്തിന്റെ വിഹ്വലതകളുമായി ഹാജറാ ബീവി ഓടിയ സഫയും മര്‍വയും. അല്ലാഹുവിന്റെ തിരുദൂതര്‍ പിറവിയെടുത്ത, പിച്ചവെച്ച് നടന്ന, യുവത്വത്തിന്റെ നാല്‍പതില്‍ നുബുവ്വത്തിന്റെ പ്രഖ്യാപനം നടത്തിയ ഹിജ്‌റക്ക് ശേഷം വിശ്വവിജയത്തിന്റെ വെന്നിക്കൊടി നാട്ടിയ മക്ക. പ്രവാചകന്‍ അന്ത്യ വിശ്രമംകൊളളുന്ന മദീന. ഓര്‍ക്കുമ്പോഴേ കരച്ചില്‍ വരും. ഹറമൈനിയിലേക്ക് കാല്‍നടയായി നടന്നെത്തുന്ന സുദിനത്തിനായി ഹൃദയം തുടികൊട്ടി. അല്ലാഹുവാനോട് സദാസമയവും പ്രാര്‍ത്ഥനാ നിരതമായി. വഴിയാലും മുതലാലും തടിയാലും ആവതുള്ള വിശ്വാസികള്‍ക്കെല്ലാം ജീവിതത്തില്‍ ഒരു ഹജ്ജ് നിര്‍ബന്ധമാണല്ലോ. ഇനി പോവാതെ വയ്യെന്നായപ്പോള്‍ വീട്ടുകാരോട് വിഷയം പറഞ്ഞു. നല്ല ആഗ്രഹം, പക്ഷെ എങ്ങിനെ.
ആധുനിക യാത്രാ സൗകര്യങ്ങള്‍ വരുന്നതിന് മുമ്പ് എത്രയോ പേര്‍ കാല്‍നടയായി ഹജ്ജിന് പോയിട്ടുണ്ട്. കപ്പലിലും വിമാനത്തിലും മക്കത്തേക്ക് പോയവരേറെയുണ്ട്. നടന്നു പോയ ഒരാളെയാണ് കാണേണ്ടത്. കേരളത്തില്‍ നിന്നു കാല്‍നടയായി പോയി ഹജ്ജ് ചെയ്തവരിലെ അവസാന കണ്ണിയായിരുന്ന ഷൊര്‍ണ്ണൂരിലെ മുഹമ്മദ് ഹാജി, ഒരു വ്യാഴവട്ടം മുമ്പ് തൊണ്ണൂറ്റി രണ്ടാം വയസ്സില്‍ മരണപ്പെട്ടു. ചോദിക്കാനും വഴികാണിക്കാനും ഇനിയാരുമില്ല. പുതിയ പാത കണ്ടെത്തിയേ തീരൂ. ഗൂഗിള്‍ മാപ്പും സോഷ്യല്‍ മീഡിയയുമുപയോഗിച്ച് ഏകദേശ ധാരണയുണ്ടാക്കി. കഴിയാവുന്നിടത്തോളം വിവരങ്ങള്‍ ശേഖരിച്ചു. പാക്കിസ്ഥാന്‍ വഴിയോ ചൈന വഴിയോ പോവാം. ദൂരവും റിസ്‌കും കുറവ് പാക്കിസ്ഥാന്‍ വഴിയായെന്ന് വ്യക്തമായി. ഇന്ത്യക്കാര്‍ക്ക് പാക്കിസ്ഥാനിലൂടെ കാല്‍നടയായി പോകാനുളള വിസയും മറ്റുമുള്ള കടമ്പകള്‍ വലുതാണെന്നുമാത്രം.
മാസങ്ങളുടെ ഗവേഷണത്തിനൊടുവില്‍ പാക്കിസ്ഥാനാന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത്, സഊദിയിലെത്തുകയെന്ന തീരുമാനത്തിലെത്തി. വിസ ലഭിക്കുന്നതാണ് ഒരു പ്രശ്‌നം. വിമാനത്തില്‍ പോകുന്നവര്‍ക്ക് വിസ ലഭിക്കുന്നതു പോലെയല്ലകാര്യങ്ങള്‍. കാലാവസ്ഥ, ആരോഗ്യം എന്നിവയൊക്കെ അനുകൂലമായാലേ കാല്‍നടയാത്ര മുന്നേറൂ. എന്നു നടന്നെത്തും, എത്ര ദിവസം ഒരു രാജ്യത്തുകൂടെ സഞ്ചരിക്കേണ്ടി വരും. ഇതിലൊന്നും ഒരുറപ്പുമില്ല. ഇക്കാര്യത്തില്‍ ജ്യേഷ്ഠന്‍ മനാഫിനോടൊപ്പം ഒന്നര മാസത്തോളം ഡല്‍ഹിയില്‍ തങ്ങി ഇറാന്‍, ഇറാഖ്, കുവൈത്ത്, സഊദി വിസകളൊക്കെ ലഭ്യമാക്കി. ഞങ്ങളുടെ എം.പി ഇ.ടി മുഹമ്മദ് ബഷീര്‍, എം.എല്‍.എ കുറുക്കോളി മൊയ്തീന്‍, കെ.എം.സി.സി നേതാക്കള്‍ തുടങ്ങി ആ സമയം കൂടെ നിന്നവരേറെയുണ്ട്. പാക്കിസ്ഥാന്‍ വിസയുടെ കാര്യത്തില്‍ വല്ലാത്ത അനിശ്ചിതത്വം. വിസ നല്‍കാമെന്ന് പാക്ക് എമ്പസി ആദ്യം സമ്മതിച്ചെങ്കിലും അതിര്‍ത്തിയിലെത്തുന്ന മുറക്ക് ഇഷ്യുചെയ്യാമെന്നായി അവര്‍. ഹജ്ജിനല്ലേ, ഞങ്ങളുടെ ഭാഗത്തു നിന്ന് തടസ്സമുണ്ടാവില്ലെന്നും ഉറപ്പുകിട്ടി. ആദ്യം മുതലേ പിന്തുണച്ച പാണക്കാട് പോയി കാര്യം പറഞ്ഞു. അവിടെ നിന്നുള്ള നിര്‍ദേശപ്രകാരം പോകാനുള്ള തിയതി നിശ്ചയിക്കപ്പെട്ടു.
മക്കയിലേക്കുള്ള പാത
2022 ജൂണ്‍ രണ്ട്. അതൊരു വ്യാഴാഴ്ചയായിരുന്നു. ഒന്നര വര്‍ഷത്തിലേറെയായി കാത്തിരുന്ന സുദിനം. അര നൂറ്റാണ്ടിന് ശേഷമാണ് കേരളത്തില്‍ നിന്നൊരാള്‍ കാല്‍ നടയായി ഹജ്ജിന് പോകുന്നത്. പലതവണ മക്കത്തെത്തി ഉംറ ചെയ്യാനും മദീന മുനവ്വറയില്‍ പോകാനുമെല്ലാം അവസരം ലഭിച്ചതാണ്. ഇത്തവണ ഏറെ വ്യത്യസ്ഥമാണ്. വലതുകാല്‍ വെച്ച് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വിശുദ്ധ മക്കയും മദീനയുമാണ് കണ്ണിലും മനസ്സിലും. ഒരു വാഹനത്തിലും കേറാതെ ഇങ്ങനെ ലക്ഷം ലക്ഷം അടികള്‍ വെച്ച് നടന്നവിടെയെത്തണം. മഴയും വെയിലും ചൂടും മഞ്ഞും തണുപ്പുമെല്ലാം ഇനി സമം. ജീവന്‍ നല്‍കിയ നാഥാ, ആരോഗ്യത്തോടെ പുണ്ണ്യഭൂമിയിലെത്തിക്കണേ.. 8640 കിലോമീറ്ററാണ് മുമ്പിലുള്ളത്. 280 ദിവസങ്ങള്‍ വേണം. 15 കിലോമീറ്ററില്‍ കുറയാതെ പ്രതിദിനം നടക്കണം. കാലാവസ്ഥയും ആരോഗ്യവും അനുകൂലമാവുമ്പോള്‍ അതു അമ്പത് കിലോമീറ്റര്‍ വരെയാക്കണം. റമസാന് മുമ്പ് വിശുദ്ധ ഭൂമിയിലെത്തണം. ഇതൊക്കെയായിരുന്നു പ്ലാന്‍.
പക്ഷെ, യാത്ര തുടങ്ങിയതോടെ കണക്കുകൂട്ടലൊക്കെ തെറ്റി. പലതിലും പ്രതീക്ഷിക്കാത്ത വഴിത്തിരിവ്. ആദ്യ ദിനം കൂടെ നടക്കാന്‍ നാട്ടുകാരും സ്വന്തക്കാരും മത്സരിച്ചു. ശാരീരികവുമായ തയ്യാറെടുപ്പുകളുണ്ടായിരുന്നെങ്കിലും തുടക്കം ക്ലേശകരമായിരുന്നു. 10 കിലോ ഭാരമുള്ള ലഗേജ്, സ്ലീപ്പിംങ് ബാഗ്, നാല് ടീ ഷര്‍ട്ടുകളും ട്രൗസറുകളും ഒരു കുടയുമാണ് കൂടെകരുതിയത്. രണ്ടാം ദിവസം കോഴിക്കോട് നഗരത്തിലൂടെ പോകുമ്പോള്‍ വൈകിട്ട് കാലിന്റെ മസിലു കേറിയപ്പോള്‍ ചന്ദ്രികയിലെത്തിയാണ് അല്‍പം വിശ്രമിച്ചത്. കണ്ണൂരും പിന്നിട്ടതോടെ യാത്രാ വഴികളിലാകെ നൂറുക്കണക്കിന് പേരാണ് വരവേല്‍ക്കാനെത്തിയത്. കാസര്‍കോട്ടെ ജനസഞ്ചയം പിന്നെ പഞ്ചാബിലെത്തുന്നതു വരെ തുടര്‍ന്നു. തനിക്ക് സുരക്ഷയൊരുക്കലും ഗതാഗത നിയന്ത്രണവുമെല്ലാമായി പ്രത്യേക പൊലീസ് സംഘത്തെ കര്‍ണ്ണാടകയിലും ഗുജറാത്തിലുമെല്ലാമായി ആറു സംസ്ഥാനങ്ങളിലും നിയമിച്ചു. അവരെല്ലാം സ്‌നേഹത്തോടെയാണ് പെരുമാറിയത്. കുട്ടികളും മുതിര്‍ന്നവരും പൊലീസുകാരുമെല്ലാം കൂടെ ഫോട്ടോയെടുക്കാന്‍ തിരക്ക് കൂട്ടി. എന്നോടുളള സ്‌നേഹം കൊണ്ടു മാത്രമല്ല, എന്റെ ലക്ഷ്യമേതാണോ അതിനോടുള്ള ഇഷ്ടം കൊണ്ടാണിത്. 3300 കിലോമീറ്റര്‍ താണ്ടിയാണ് അമൃത്സറിലെത്തിയത്. രണ്ടു ദിവസം കൊണ്ട് പാക്കിസ്ഥാനിലേക്ക് കടക്കാനുളള വിസ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ, കാര്യങ്ങള്‍ കൈവിട്ടു. ഇന്ത്യക്കാര്‍ക്ക് പാക്ക് മണ്ണില്‍ കാലുകുത്തുന്നത് എളുപ്പമല്ല. അമൃത്സര്‍ ഖാസയിലുള്ള ആഫിയ കിഡ്‌സ് സ്‌കൂളില്‍ മൂന്നു ദിവസത്തേക്ക് തങ്ങാന്‍ ഉദ്ദേശിച്ചത് നാലു മാസത്തോളമാണ് നീണ്ടത്. മുന്‍കൂറായി നല്‍കിയാല്‍ വിസ അവസാനിക്കുമെന്ന കാരണം പറഞ്ഞ പാക്ക് എംബസി അതിര്‍ത്തിയില്‍ എത്തിയാലുടന്‍ വിസ അനുവദിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഈ ഉറപ്പ് ലംഘിച്ചതായി എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും പലരും വിഷയത്തില്‍ ഇടപെട്ടു. ലാഹോര്‍ ഹൈക്കോടതിയില്‍ വിഷയമെത്തി. സിംഗിള്‍ ബെഞ്ച്, സുരക്ഷ എന്ന ഒറ്റക്കാരണത്തില്‍ വിസ നല്‍കണമെന്ന് ഉത്തവിടാന്‍ കൂട്ടാക്കിയില്ല. അപ്പീലില്‍ ജസ്റ്റിസുമാരായ ചൗധരി മുഹമ്മദ് ഇഖ്ബാല്‍, മുസാമില്‍ അക്തര്‍, ഷബീര്‍ തുടങ്ങിയവരുടെ ഡിവിഷന്‍ ബെഞ്ച് ദിവസങ്ങള്‍ വിശദമായി വാദം കേട്ടതോടെ പച്ചക്കൊടിയുയര്‍ന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു ഇന്ത്യക്കാരന് ട്രാന്‍സിറ്റ് വിസ അനുവദിക്കപ്പെട്ടു. പതിവിലും നേരത്തെ ഉണര്‍ന്ന് പ്രാര്‍ത്ഥിച്ച് നാഥനോട് നന്ദി പറഞ്ഞ് സുബഹിക്ക് ശേഷം ഖാസ മുതല്‍ വാഗ അതിര്‍ത്തിയിലേക്ക്. 12 കിലോമീറ്റര്‍ താണ്ടി. നമ്മുടെ രാജ്യം പിന്നിട്ടിരിക്കുന്നു. രാവിലെ 10 മണിക്ക് വാഗാ അതിര്‍ത്തി ചെക്ക് പോസ്റ്റ് തുറന്നു; യാത്ര മുന്നോട്ട്.
വിവിധ രാജ്യങ്ങളിലൂടെ
ആയിരക്കണക്കിന് ജനങ്ങളുടെ ഇടയിലൂടെ അവരുടെ സ്‌നേഹവായ്പുകളേറ്റുവാങ്ങി 3312 കിലോമീറ്റര്‍ സ്വ്ന്തം രാജ്യത്തെ വഴികള്‍ പിന്നിട്ടപോലെയല്ല ഇനിയുള്ള ദിനങ്ങള്‍. ഇന്ത്യന്‍ അതിര്‍ത്തി കടന്നാല്‍ പിന്നെ വിസയുടെ ബലത്തില്‍ ആ രാജ്യത്തെ നിയമത്തിന് വിധേയമായി അപരിചതരുടെ ഇടയിലൂടെയാണ് യാത്ര. വീഡിയോ ഷൂട്ട് ചെയ്യാന്‍ പോലും പാക്കിസ്ഥാനില്‍ നിയന്ത്രണമുണ്ടായിരുന്നു. ഇറാനിലേക്ക് കടന്നതോടെ സ്ഥിതിയാകെ മാറി. മഞ്ഞുമലകള്‍ക്കിടയിലൂടെ കൊടും ശൈത്യത്തെ വകഞ്ഞുമാറ്റിയാണ് മുന്നോട്ടു പോയത്. കിലോമീറ്ററുകള്‍ ഒരു മനുഷ്യനെയും കാണില്ല. നടന്നു നടന്ന് ഇരുട്ടുമ്പോള്‍ ഏതെങ്കിലും വീട്ടിലോ മറ്റോ അഭിയം തേടും. ബാഗിന് പുറമെ വിറകും ചുമന്ന് പോകാന്‍ നിര്‍ബന്ധിതമായി. ബ്ലാങ്കറ്റൊന്നും മതിയാവില്ല. വിറക് കൂട്ടിയിട്ട് കത്തിക്കണം. മോഷണ സംഘത്തെ മുഖാമുഖം കണ്ടെങ്കിലും എന്റെ കയ്യില്‍ വിലപിടിപ്പുളളതൊന്നുമില്ലെന്ന് അവര്‍ക്കും വേഗം മനസ്സിലായി. ഇറാനൊഴികെ കടന്നു പോകുന്ന എല്ലാ രാജ്യങ്ങളിലും മുസ്‌ലിംകള്‍ സുന്നി ആശയക്കാരാണ്. ഇറാനില്‍ ഭൂരിപക്ഷവും ശിയാക്കളും. ആരാധനാ കര്‍മ്മങ്ങളിലും സംസ്‌കാരങ്ങളിലും ഇതേറെ പ്രകടമാണ്. അഭിപ്രായസ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവുമെല്ലാം അവിടെ പരിമിതം. സോഷ്യല്‍ മീഡിയക്ക് പോലും നിയന്ത്രണം. എന്തൊക്കെയോ സങ്കടം ഉള്ളിലൊതുക്കി ശാന്തമായി മുന്നോട്ടു പോകുന്നവര്‍. ഇമാം മഹദിനെ വരവേറ്റുകൊണ്ടുള്ള ബോര്‍ഡുകളും ഫ്‌ളക്‌സുകളുമാണ് ഇറാനിലെങ്ങും. എന്റെ യാത്രയെ കുറിച്ച് രണ്ടു പുസ്തകം എഴുതുകയാണെങ്കില്‍ അതില്‍ ഒന്ന് ഇറാനിലെ അനുഭവങ്ങള്‍ മാത്രമാവും. അത്രയേറെയുണ്ട് പറയാന്‍.
ഇറാഖിലേക്ക് കടന്നതോടെ വേറൊരു അന്തരീക്ഷമായി. ബദ്ഗാദൊക്കെ എന്നോ മനസ്സില്‍ കേറിയ നാടാണ്. ഖൗസുല്‍ അഅ്‌ളമിന്റെ അന്ത്യവിശ്രമം അവിടെയാണല്ലോ. കുവൈത്തില്‍ കടന്നതോടെ മനോഹരമായ റോഡുകളും സൗകര്യങ്ങളുമാണെങ്കിലും മരുഭൂമിയിലൂടെയുള്ള യാത്ര വിചാരിക്കുന്ന അത്ര സുഖകരമല്ല. സഊദി അതിര്‍ത്തി കടന്നതോടെ ഇനി അധികദൂരമില്ലെന്ന ആശ്വാസമായി. കണ്ണെത്താ ദൂരമുള്ള മരുഭൂമികള്‍ താണ്ടി നേരെ മദീന മുനവ്വറയിലേക്ക്. മുമ്പും അവിടെ പോയിട്ടുണ്ടെങ്കിലും ദൂരെ നിന്ന് പച്ച ഖുബ്ബ കണ്ടപ്പോഴേ കണ്ണുകള്‍ നിറഞ്ഞു. റോഡൊന്നും കാണുന്നില്ല. അസ്സലാമുഅലൈക്ക യാ റസൂല റബ്ബില്‍ ആലമീന്‍…
മദിനയില്‍ പ്രവാചകന്റെ ചാരത്ത് 21 ദിവസം. പിന്നെ മക്കയിലേക്ക്. 440 കിലോമീറ്ററാണ് വഴിദൂരം. ഒട്ടകപ്പുറത്തും കുതിരപ്പുറത്തുമായി എത്രയോ തവണ അല്ലാഹുവിന്റെ തിരുദൂതരും സഹാബാക്കളും സഞ്ചരിച്ച വഴിയാണ്. ആ മണ്ണിലൂടെ നടക്കുമ്പോള്‍ നടന്നു തീര്‍ത്ത 8200 കിലോ മീറ്റര്‍ വഴി ദൂരത്തിലും അനഭവിക്കാത്ത എന്തൊക്കെയോ മനസ്സിലാകെ വിങ്ങിപ്പൊട്ടുന്നു. ഒമ്പതാം ദിനം മക്കയിലെത്തുമ്പോള്‍ എന്റെ ശ്വാസം നിലച്ചപോലെ തോന്നി. വീട്ടില്‍ നിന്നിറങ്ങിയിട്ട്, ഒരു വര്‍ഷവും ഒരാഴ്ചയുമായിരിക്കുന്നു.
യാത്ര ബാക്കിവെച്ചത്
എല്ലാം പ്ലാന്‍ ചെയ്‌തെങ്കിലും ഞാനുദ്ദേശിച്ച വഴിയിലൂടെയല്ല യാത്ര മുന്നേറിയത്. എത്രയോ പ്രതിസന്ധികള്‍. കാര്‍മേഘം നീങ്ങി പ്രകാശം മുന്നോട്ട് വഴിനടത്തിയ സന്ദര്‍ഭങ്ങള്‍. പാക്കിസ്ഥാന്‍ വിസ നിഷേധിച്ചപ്പോള്‍ ചിലര്‍ പിന്തിരിയാന്‍ പ്രേരിപ്പിച്ചു. ജംറയിലെ ഏറ് ഹൃദയത്തില്‍ നിന്നുയര്‍ന്നു. ഇറാനിലെയും ഇറാഖിലെയും പ്രശ്‌നബാധിത മേഖലകളിലൂടെ മഞ്ഞും വെയിലും കല്ലും മുള്ളും മരുഭൂമിയും നിറഞ്ഞ വഴിത്താരകളിലൂടെ നടക്കുമ്പോഴും അല്ലാഹുവിന്റെ അപാരമായ സഹായം എന്നില്‍ വര്‍ഷിച്ചു. ഒരിക്കല്‍ പോലും ഭയപ്പെട്ടില്ല; പിന്‍മാറമെന്ന് തോന്നിയില്ല. 15 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെയായിരുന്നു നടത്തം. വീഴുമെന്ന് തോന്നിയപ്പോഴെല്ലാം താങ്ങിയ എത്രയെത്ര മനുഷ്യര്‍.
സയ്യിദ് സാദിഖലി തങ്ങള്‍, അബ്ബാസലി തങ്ങള്‍, ബഷീറലി തങ്ങള്‍, മുനവ്വറലി തങ്ങള്‍, റഷീദലി തങ്ങള്‍ തുടങ്ങിയ പാണക്കാട് സാദാത്തീങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എ.പി, പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇബ്രാഹീം ഖലീല്‍ ബുഖാരി തങ്ങള്‍, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി തുടങ്ങിയ ബഷീര്‍ ഫൈസി ദേശമംഗലം വരെയുളള എത്രയോ നേതാക്കള്‍, സംഘടനകള്‍, പേരും ഊരും അറിയുന്നവരും അറിയപ്പെടാത്തവരുമായ എത്രയോ മഹ്ദ് വ്യക്തിത്വങ്ങള്‍… എല്ലാവര്‍ക്കും നന്ദി; പ്രാര്‍ത്ഥനകള്‍.
പുറപ്പെട്ടതിലേറെ ആരോഗ്യത്തോടെ വിശുദ്ധ ഹറമൈനികളിലെത്തിയതിന് സര്‍വ്വ ശക്തനെ ശുഖ്‌റ് ചെയ്യുന്നു. സഊദിയും എന്നെ അതിഥിയായി സ്വീകരിച്ചു. ഹജ്ജിനായി കരുതിവെച്ച പണം പോലും ചെലവാക്കേണ്ടി വന്നില്ല. വിശുദ്ധ മണ്ണിനെ ബഹുമാനിച്ചുകൊണ്ടുള്ള വിശ്വാസികളുടെ സ്‌നേഹം എനിക്ക് ഭക്ഷണമായും താമസസൗകര്യമായും വന്നു ചേര്‍ന്നതാണ്. ഹജ്ജിന് മാറ്റിവച്ച പണം ഉമ്മ സൈനബാന്റെ ഹജ്ജിന് വേണ്ടി ഉപയോഗിക്കാനായതോടെ ഇരട്ടി സന്തോഷം. മക്കത്ത് സ്വീകരിക്കാനെത്തിയ ഉമ്മയെയും ഹജ്ജ് ചെയ്യിക്കാനായാത് എന്റെ ഇരട്ടി സുകൃതം.
ഇബ്രാഹീം നബിയുടെ വിളിയാളം കേട്ട ഭാഗ്യവാന്മാര്‍ക്കേ ഹജ്ജിന്റെ പുണ്ണ്യത്തിലലിയാന്‍ കഴിയൂ. മഖ്ബൂലും മബ്‌റൂറുമായ ഹജ്ജോടെ എനിക്ക് കളങ്കമില്ലാത്ത എന്റെ പിഞ്ചു മോനെപ്പോലെയാവണം. പിന്നെ, ഹജ്ജുമ്മയായ എന്റെ ഉമ്മയെയും കൂട്ടി മക്കയിലെയും മദീനയിലെയും പുണ്ണ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണം. തടസ്സമൊന്നുമുണ്ടായില്ലെങ്കില്‍ ബൈത്തുല്‍ മുഖദ്ദസയിലേക്ക് പറക്കണം. അവിടെ നിന്ന് നാട്ടിലേക്ക് വിമാനത്തില്‍ നാട്ടിലേക്ക്. പ്രവാസം മതിയാക്കിയാണ് ആറു വര്‍ഷം മുമ്പ് വളാഞ്ചേരിക്കടുത്ത കഞ്ഞിപുരയില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയത്. അതിനൊപ്പം സ്വന്തമായുള്ള 15 ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള യൂട്യൂബ് ചാനലും നന്മ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കണമെന്നാണ് ഇനിയുള്ള ആഗ്രഹം. മക്കത്തേക്ക് നടന്നുപോയി ഹജ്ജ് ചെയ്ത ജീവിച്ചിരിക്കുന്ന ഒരേയൊരു ഇന്ത്യക്കാരനെന്നാല്‍, കൂടുതല്‍ വിനയത്തോടെ സൂക്ഷ്മതയോടെ ജീവിക്കുകയെന്ന ഉത്തരവാദിത്വമാണുളളതെന്ന് തിരിച്ചറിയുന്നു. നാഥാ, നീ സ്വീകരിക്കണേ…
(ചന്ദ്രിക വീക്കന്റ്: 2023 ജൂൺ 25)