ദോഹ: ഖത്തറില്‍ സ്തനാര്‍ബുദത്തെ വിജയകരമായി അതിജീവിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. 85ശതമാനം സ്തനാര്‍ബുദ രോഗികളും രോഗത്തെ മറികടക്കുന്നുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ ക്യാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ചി(എന്‍.സി.സി.സി.ആര്‍)ലെ മെഡിക്കല്‍ ഓങ്കോളജി ആന്റ് ഹെമറ്റോളജി വിഭാഗം ചെയര്‍മാനും സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനുമായ ഡോ. മുഹമ്മദ് ഉസാമ അല്‍ഹോംസി പറഞ്ഞു. ദി പെനിന്‍സുലയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നതനിലവാരത്തിലുള്ള പരിശോധനയും ചികിത്സാ രീതികളും നൂതന ചികിത്സാ സംവിധാനങ്ങളുമാണ് ഈ വിജയനിരക്കിന് കാരണം. 85ശതമാനമെന്നത് മറ്റു രാജ്യങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ ഉയര്‍ന്ന നിരക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗം തിരിച്ചറിഞ്ഞാലുടന്‍ വിദഗ്ദ്ധ ചികിത്സയും മികച്ച ആരോഗ്യപരിചരണവുമാണ് ലഭ്യമാക്കുന്നത്. സ്തനാര്‍ബുദം, ലിംഫോമ, ലുക്കീമിയ, മള്‍ട്ടിപ്പില്‍ മൈലോമ തുടങ്ങിയ വിവിധതരം അര്‍ബുദരോഗബാധിതര്‍ ചികിത്സയകളോട് മികച്ച രീതിയിലാണ് പ്രതികരിക്കുന്നത്. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍, കരള്‍ അര്‍ബുദം ബാധിതരായ രോഗികള്‍ക്കിടയില്‍ ചികിത്സയോട് ചെറിയ അളവിലാണ് പ്രതികരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അര്‍ബുദം ആദ്യഘട്ടത്തില്‍തന്നെ തിരിച്ചറിഞ്ഞാല്‍ ചികിത്സയോടുള്ള പ്രതികരണം നൂറു ശതമാനമായിരിക്കും. എന്‍സിസിസിആര്‍ രോഗികള്‍ക്ക് ഉന്നതനിലവാരത്തിലുള്ള ചികിത്സയും ആരോഗ്യപരിചരണവുമാണ് ലഭ്യമാക്കുന്നത്. അടിയന്തര പരിചരണം, ഹെമറ്റോളജി, ഓങ്കോളജി സേവനങ്ങള്‍ക്കു പുറമെ പാലിയേറ്റീവ്(സ്വാന്തന) പരിചരണവും ലഭ്യമാക്കുന്നുണ്ട്. സംശയകരമായ അര്‍ബുദ കേസുകളില്‍ സമഗ്രമായ ആരോഗ്യപരിചരണമാണ് ഉറപ്പാക്കുന്നത്. രോഗീകേന്ദ്രീകൃത ചികിത്സയാണ് ഇവിടെ നടപ്പാക്കുന്നത്. അര്‍ബുദമാണെന്ന് സംശയിക്കുന്ന കേസുകള്‍ പൊതു സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും ഇവിടേക്ക് റഫര്‍ ചെയ്യാറുണ്ട്. 48മണിക്കൂറിനകം ബന്ധപ്പെച്ച രോഗിയെ പരിശോധിക്കും.
അര്‍ബുദരോഗ ചികിത്സയ്ക്കായി പുറത്തേക്കുപോകുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായി കുറവുണ്ടായിട്ടുണ്ട്.രോഗിയ്ക്ക് ചികിത്സയ്ക്കായി പുറത്തേക്കുപോകേണ്ടതായ സാഹചര്യമുണ്ടോയെന്ന് പരിശോധിച്ച് അനുമതി നല്‍കുന്നതിനായി കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. അസാധാരണമായ ഇനത്തിലുള്ള അര്‍ബുദ രോഗം മാത്രമാണെങ്കിലാണ് രോഗി പുറത്തേക്കുപോകേണ്ട സാഹചര്യമുണ്ടാകുന്നത്. അത്തരം കേസുകള്‍ വളരെ അപൂര്‍വമാണ്. ദേശീയ അര്‍ബുദ ചട്ടക്കൂട് 2017-2022(നാഷണല്‍ ക്യാന്‍സര്‍ ഫ്രെയിംവര്‍ക്ക്) പുരോഗമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അര്‍ബുദപരിചരണത്തില്‍ മികവുകള്‍ സ്വായത്തമാക്കല്‍- 2022 ലേക്കുള്ള ദര്‍ശനം എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാണ് കര്‍മ്മപദ്ധതി നടപ്പാക്കുന്നത്. അര്‍ബുദ പരിചരണത്തില്‍ രാജ്യത്തേയും മേഖലയിലേയും മികവിന്റെ കേന്ദ്രമായി ഖത്തറിനെ പരിവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ദേശീയ അര്‍ബുദ പരിചരണ കര്‍മ്മ പദ്ധതി 2011-2016 വിജയകരമായി നടപ്പാക്കിയതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ വിപുലമായ രീതിയില്‍ രണ്ടാമതൊരു പഞ്ചവല്‍സര പദ്ധതി നടപ്പാക്കുന്നത്.
അര്‍ബുദപരിചരണത്തിന്റെ എല്ലാ തലങ്ങളും ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ ചട്ടക്കൂടാണ് നടപ്പാക്കുന്നത്. അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പൊതുജനങ്ങളെ ബോധവത്കരിക്കുക, ജീവിതശൈലി വാഗ്ദാനം ചെയ്യുക, നേരത്തെയുള്ള പരിശോധനയെ പ്രോത്സാഹിപ്പിക്കുക, മികച്ച ചികിത്സയും പരിചരണവും തുടര്‍ ചികിത്സയും ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. വിദേശ രാജ്യങ്ങളില്‍ അര്‍ബുദത്തിന് ചികിത്സ തേടി പോകുന്ന രോഗികളുടെ എണ്ണം കുറക്കുകയാണ് സുപ്രധാന ലക്ഷ്യങ്ങളിലൊന്ന്. ലോകത്തെ ഏറ്റവും മികച്ച അര്‍ബുദ രോഗപരിചരണ സേവനങ്ങള്‍ ഖത്തറില്‍ ലഭ്യമാക്കുകയെന്നതാണ് രണ്ടാംപദ്ധതി ലക്ഷ്യംവെയ്ക്കുന്നത്. പ്രതിരോധത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്.
ചികിത്സയെക്കാള്‍ നല്ലത് പ്രതിരോധമാണെന്ന ആശയം അര്‍ബുദത്തിന്റെ കാര്യത്തില്‍ പ്രവര്‍ത്തികമാക്കുകയാണ് രാജ്യം. പ്രതിരോധം, ബോധവത്കരണം, തെറ്റിദ്ധാരണകള്‍ നീക്കല്‍ തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കുന്നുണ്ട്. അര്‍ബുദ രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മികച്ച സേവനവും ആരോഗ്യ പരിചരണവും നല്‍കാന്‍ ലക്ഷ്യമിട്ട് പുതിയ സംയോജിത അര്‍ബുദ കേന്ദ്രവും രാജ്യത്ത് സജ്ജമാകുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഈ മേഖലയില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഖത്തറിനായെന്ന് ദേശീയ അര്‍ബുദ പദ്ധതി 2011- 2016 അവലോകന റിപ്പോര്‍ട്ടില്‍ നേരത്തെ വ്യക്തമാക്കുന്നു. രോഗികളെ കേന്ദ്രീകരിച്ച് ചികിത്സ നല്‍കാനും അതിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനുമുള്ള സൗകര്യം വികസിപ്പിക്കാന്‍ ഖത്തറിനായിട്ടുണ്ട്.