ന്യൂഡല്‍ഹി: രാജ്യത്ത് നടന്നതില്‍ 75 ശതമാനം വിദ്വേഷ പ്രസംഗങ്ങളും നടത്തിയത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് കണക്കുകള്‍ പുറത്ത്. ഇന്ത്യയില്‍ മുസ്ലീങ്ങളെയും താഴ്ന്ന ജാതിയിലുള്ളവരെയും ആക്ഷേപിച്ചുകൊണ്ട് മാത്രം 2023 ല്‍ 668 വിദ്വേഷ പ്രസംഗ പരിപാടികള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യ ഹേറ്റ് ലാബാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ‘ഇന്ത്യയിലെ വിദ്വേഷ പ്രസംഗ പരിപാടികള്‍’ എന്ന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2023ന്റെ ആദ്യപകുതിയില്‍ 255 അവസാന പകുതിയില്‍ 413 വിദ്വേഷ പ്രസംഗ പരിപാടികള്‍ നടന്നതായാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. 2023ന്റെ ആദ്യപകുതിയിലെ കണക്കുകളെ അപേക്ഷിച്ച് 63 ശതമാനതോളം വര്‍ധനവാണ് 2023 ലെ അവസാന പകുതിയിലെന്നും റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്.
ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ്, ഹലാല്‍ ജിഹാദ്, പോപ്പുലേഷന്‍ ജിഹാദ് കൂടാതെ മുസ്ലീം ആരാധനാലയങ്ങളെ ലക്ഷ്യമാക്കിയുള്ള വിദ്വേഷ പ്രസംഗ പരിപാടികളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുണ്ട്. 2023 ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടെയെല്ലാം വിദ്വേഷ പ്രസംഗ പരിപാടികള്‍ നടന്നിരുന്നു. ഇതിന് പുറമേ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, കര്‍ണാടക, ഗുജറാത്ത്, ബീഹാര്‍ സംസ്ഥാനങ്ങളിലെല്ലാം കടുത്ത വിദ്വേഷ പരാമര്‍ശങ്ങളോടെയുള്ള പ്രസംഗ പരിപാടികള്‍ നടന്നിരുന്നു.