സക്കീര്‍ താമരശ്ശേരി
ജനവിധിക്കായി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു സപ്തസഹോദരിമാര്‍. അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മിസോറാം, മേഘാലയ, നാഗാലാന്റ്, ത്രിപുര. വടക്കുകിഴക്കന്‍ മേഖലയിലെ ഈ ഏഴു സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഒപ്പം ഒരു സീറ്റുള്ള സിക്കിമും പോളിങ് ബൂത്തിലെത്തും. ലോക്‌സഭയിലേക്ക് 25 സീറ്റാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ളത്. ഇതില്‍ 14 സീറ്റും അസമിലാണ്. അരുണാചല്‍, മണിപ്പുര്‍, ത്രിപുര, മേഘാലയ എന്നിവിടങ്ങളില്‍ രണ്ടും നാഗാലാന്‍ഡ്, സിക്കിം, മിസോറം എന്നിവിടങ്ങളില്‍ ഓരോന്നും. അരുണാചലിലും സിക്കിമിലും ലോക്‌സഭക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍: അരുണാചല്‍ പ്രദേശ്-2, അസം-5, മണിപ്പൂര്‍-1, മേഘാലയ-2, മിസോറം-1, നാഗാലാന്‍ഡ്-1, സിക്കിം-1, ത്രിപുര-1. 14 സീറ്റുകളുള്ള അസമില്‍ പോളിങ് മൂന്ന് ഘട്ടങ്ങളില്‍.
അസം
ആകെ 14 മണ്ഡലങ്ങള്‍. 2014ല്‍ ബി.ജെ.പി നേടിയത് ഏഴ് സീറ്റ്. കോണ്‍ഗ്രസിനും ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ടിനും (എ.ഐ.യു.ഡി.എഫ്) മൂന്ന് സീറ്റ് വീതം. ഒന്ന് സ്വതന്ത്രനും. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി വിജയം ആവര്‍ത്തിച്ചു. 126 സീറ്റുകളില്‍ 60 എണ്ണം അക്കൗണ്ടില്‍. കോണ്‍ഗ്രസ്-26, അസം ഗണപരിഷത്ത് (എ.ജി.പി)-14, ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് (ബി.പി.എഫ്)-12. എ.ഐ.യു.ഡി.എഫ്- 13. സ്വതന്ത്രന്‍-ഒന്ന്. എ.ജി.പി, ബി.പി.എഫ് പിന്തുണയോടെ 86 സീറ്റുകളുമായി കാവിപ്പാര്‍ട്ടി അധികാരം പിടിച്ചു. ഇത്തവണ ബി.ജെ.പി- എ.ജി.പി- ബി.പി.എഫ് സഖ്യമാണ് എന്‍.ഡി.എ ക്യാമ്പിലുള്ളത്. കോണ്‍ഗ്രസ് ഒറ്റയ്ക്കും. മുസ്‌ലിം വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ബദറുദ്ദീന്‍ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് ഏഴിടങ്ങളില്‍ ജനവിധി തേടും. മറ്റു മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണക്കും. ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും മുന്‍തൂക്കം ബി.ജെ.പിക്ക്. 41 ശതമാനം വോട്ട്. കോണ്‍ഗ്രസിന് 32 ശതമാനവും എ.ജി.പിയും എ.ഐ.യു.ഡി.എഫും മികച്ച പ്രകടനം നടത്തി. ദേശീയ പൗരത്വ ബില്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ ഇത്തവണ ബി.ജെ.പിക്ക് തിരിച്ചടിയാകും.
അരുണാചല്‍ പ്രദേശ്
എട്ടു ലക്ഷം വോട്ടര്‍മാര്‍. അരുണാചല്‍ വെസ്റ്റ്, അരുണാചല്‍ ഈസ്റ്റ് എന്നിങ്ങനെ രണ്ട് മണ്ഡലങ്ങള്‍. 2009 ല്‍ രണ്ട് സീറ്റിലും ജയിച്ചത് കോണ്‍ഗ്രസ്. 2014 ല്‍ ഒരു സീറ്റ് പിടിച്ചെടുത്ത ബി.ജെ.പി കോണ്‍ഗ്രസിനൊപ്പമെത്തി. വോട്ടിങ് ശതമാനം കോണ്‍ഗ്രസ്-41.66. ബി.ജെ.പി 46.22. വെസ്റ്റ് മണ്ഡലത്തില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ ജയിച്ച കിരണ്‍ റിജ്ജു കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി. 2004 ല്‍ റിജ്ജുവിലൂടെ ആദ്യമായി ബി.ജെ.പി അരുണാചലില്‍ നേടിയ സീറ്റ് 2014 ല്‍ അദ്ദേഹം തന്നെ തിരിച്ചു പിടിക്കുകയായിരുന്നു. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള തീയതി അവസാനിച്ചതോടെ, അരുണാചല്‍ നിയമസഭയിലേക്ക് മൂന്ന് ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചു. ബി.ജെ.പിയുടെ ജനാധിപത്യ കശാപ്പിന് വേദിയായി അരുണാചല്‍. 2014 ല്‍ സംസ്ഥാനത്ത് ഭരണം പിടിച്ചത് കോണ്‍ഗ്രസ്. 60 അംഗ നിയമസഭയില്‍ 42 പേരുടെ പിന്തുണ. ബിജെപിക്ക് കിട്ടിയത് 11 സീറ്റ്. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍- അഞ്ച്. സ്വതന്ത്രര്‍- രണ്ട്. 2011 മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള നബാം തുക്കി തന്നെ ആ സ്ഥാനത്തു തുടര്‍ന്നു. ഡിസംബറില്‍, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി കലിഖോ പുലിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. കലിഖോ പുലിനൊപ്പം നിന്ന 21 കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിമത ശബ്ദമുയര്‍ത്തി പാര്‍ട്ടി വിട്ടു. ഇവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നോട്ടിസ് നല്‍കി. നോട്ടിസ് റദ്ദാക്കിയ സ്പീക്കര്‍ നിയമസഭാ മന്ദിരം പൂട്ടാന്‍ ഉത്തരവിട്ടു. അവസരം മുതലെടുത്ത ബിജെപി, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളില്‍ വിമതര്‍ക്കൊപ്പം ചേര്‍ന്നു. 2016 ജനുവരിയില്‍ സംസ്ഥാനത്തു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. തുടര്‍ന്ന് നാടകീയ നീക്കങ്ങളിലൂടെ ബി.ജെ.പി അധികാരം പിടിച്ചു.
മിസോറം
87 ശതമാനം ക്രിസ്ത്യനികള്‍. ഒരു സീറ്റ്. സിറ്റിങ് എം.പി കോണ്‍ഗ്രസിന്റെ സി.എല്‍ റുവാല. 2014 ല്‍ കോണ്‍ഗ്രസിന് കിട്ടിയത് 48.59 ശതമാനം വോട്ട്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് തിരിച്ചടിയായി. 60 അംഗ സഭയില്‍ കോണ്‍ഗ്രസിന് 21 സീറ്റ്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 19 ഉം യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി ആറ് സീറ്റും നേടി. രണ്ട് സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. ബി.ജെ.പിയുടെ പിന്തുണയോടെ എന്‍.പി.പി. അധികാരത്തിലെത്തി. എല്ലാ പാര്‍ട്ടികളും ഒരു പോലെ പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നുവെന്നതാണ് മിസോറമിലെ പ്രത്യേകത.
മേഘാലയ
ഷില്ലോങ്, തുറ എന്നിങ്ങനെ രണ്ടു മണ്ഡലങ്ങള്‍. ഷില്ലോങ് തുടര്‍ച്ചയായി ആറു തവണ കോണ്‍ഗ്രസിന്റെ കയ്യില്‍. തുറ മണ്ഡലം എന്‍.പി.പിയുടെതാണ്. പി.എ സങ്മ ജയിച്ച ഇവിടെ അദ്ദേഹത്തിന്റെ മരണശേഷം മകന്‍ കോണ്‍റാഡ് സാങ്മയാണ് എം.പി. കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയായതോടെ മണ്ഡലത്തില്‍ എം.പി ഇല്ലാതായി. അച്ഛന്‍ നേടിയതിനെക്കാള്‍ വോട്ട് മകന്‍ ഉപതെരഞ്ഞെടുപ്പില്‍ നേടി. 68.16 വോട്ട് നേടിയാണ് വിജയം. ഖനനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. അടുത്തിടെ ജയന്ത് ഹില്‍സിലുണ്ടായ ഖനി അപകടത്തില്‍ കൊല്ലപ്പെട്ടത് 15 പേര്‍.
മണിപ്പൂര്‍
രണ്ട് ലോകസഭാ മണ്ഡലങ്ങള്‍. 2014 ല്‍ രണ്ടിടത്തും ജയിച്ചത് കോണ്‍ഗ്രസ്. ഇന്നര്‍ മണിപൂരില്‍ തോക്‌ചോം മെനിയും ഔട്ടര്‍ മണിപ്പൂരില്‍ താങ്‌സോ ബെട്ടിയും. ഇന്നറില്‍ രണ്ടാം സ്ഥാനത്തെത്തിയത് സി.പി.ഐ. ഔട്ടറില്‍ എന്‍.പി.എഫിനാണ് രണ്ടാം സ്ഥാനം. എന്നാല്‍ 2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് ബി.ജെ.പിയും സഖ്യകക്ഷികളും അധികാരം പിടിച്ചു. പൗരത്വ ഭേദഗതി ബില്‍ തന്നെയാണ് മുഖ്യ പ്രചാരണ വിഷയം.
നാഗാലന്‍ഡ്
ഒറ്റ മണ്ഡലം. 2014ല്‍ വിജയിച്ചത് നാഷണല്‍ പീപ്പിള്‍ ഫ്രണ്ടിന്റെ( എന്‍.പി.എഫ്) നെയ്ഫു റിയോ. എന്നാല്‍ പിന്നീട് പാര്‍ട്ടി പിളരുകയും നെയ്ഫു റിയോ നാഷണലിസ്റ്റ് പ്രോഗ്രസീവ് പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. നിലവില്‍ മുഖ്യമന്ത്രി റിയോയാണ്. ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.പി.പി മണ്ഡലം കൈക്കലാക്കി. 2014 രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് എന്‍.പി.എഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. പൗരത്വ ഭേദഗതി ബില്‍, നാഗാ രാഷ്ട്രീയ സമാധാന കരാര്‍ ചര്‍ച്ചാ വിഷയം. 2018 മാര്‍ച്ചില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍.ഡി.പി.പി) 18 സീറ്റും ബി.ജെ.പി 12 സീറ്റും നേടി അധികാരത്തില്‍. ഏറ്റവും വലിയ ഒറ്റകക്ഷി 26 സീറ്റ് നേടിയ നാഗാ പീപ്പിള്‍സ് പാര്‍ട്ടി പുറത്ത്.
ത്രിപുര
ത്രിപുര ഈസ്റ്റ്, ത്രിപുര വെസ്റ്റ് എന്നിങ്ങനെ രണ്ടു മണ്ഡലങ്ങള്‍. രണ്ടും സി.പി.എമ്മിന്റെ സിറ്റിങ് സീറ്റ്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 25 വര്‍ഷത്തെ ഇടതു ഭരണത്തിന് അന്ത്യം. ബി.ജെ.പി 60 തില്‍ 36 സീറ്റ് നേടി ഭരണം പിടിച്ചു. പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് സഖ്യ കക്ഷിയായ ഐ.പി.എഫ്.ടി ബി.ജെ.പിക്കെതിരെ മല്‍സരിക്കുന്നു. വെല്ലുവിളി ഉയര്‍ത്തി കോണ്‍ഗ്രസും സി.പി.എമ്മും കളത്തിലുണ്ട്.
സിക്കിം
സപ്തസഹോദരിമാരില്‍ ഉള്‍പ്പെടില്ലെങ്കിലും വടക്കുകിഴക്കിന്റെ ഭാഗം തന്നെയാണ് സിക്കിം. 2014 നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 32 ല്‍ 22 സീറ്റും നേടിയ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) അധികാരത്തില്‍. ബി.ജെ.പി രൂപീകരിച്ച നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സില്‍ അംഗമാണ് എസ്ഡിഎഫ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നു. നിയമസഭയിലേക്ക് ഇത്തവണ സഖ്യമില്ലെങ്കിലും ദേശീയ തലത്തില്‍ ബി.ജെ.പിയെ പിന്തുണക്കാമെന്നാണ് എസ്ഡിഎഫ് നിലപാട്. എസ്ഡിഎഫിന് മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ഗുണം ബി.ജെ.പിക്കുതന്നെ.