രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അങ്കം കുറിക്കപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് ആംആദ്മി തുടരണമോ അതോ ഭരണമാറ്റം ആവശ്യമുണ്ടോയെന്ന് 2.08 ലക്ഷം നവാഗതരുള്‍പ്പെടെ 1.55 കോടി വോട്ടര്‍മാര്‍ ഫെബ്രുവരി 5 ന് വിധിയെഴുതും. ഏതായാലും നിയമസഭാ തിരഞ്ഞെടുപ്പിനെ ആംആദ്മിയും ബിജെപിയും കോണ്‍ഗ്രസും അഭിമാന പോരാട്ടമായാണ് കാണുന്നത്. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ബി.ജെ.പി ദേശീയ തലസ്ഥാനത്ത് അധികാരം പിടിച്ചെടുക്കാന്‍ സകല കുതന്ത്രങ്ങളും പയറ്റുക്കൊണ്ടിരിക്കുകയാണ്. വിസ്മയകരമായ വിജയം തന്നെയാണ് കോണ്‍ഗ്രസും ലക്ഷ്യംവെക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പുപോലുമുണ്ടായിട്ടുള്ള വാക്‌പോരുകളും വിവാദങ്ങളുമെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ എല്ലാ ചൂടുംചൂരും പ്രതിഫലിപ്പിക്കുന്നുണ്ട്. എ.എ.പി ആപ്ദ (ദുരന്തം) യാണെന്നും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളൊന്നും നടപ്പാക്കുന്നി ല്ലെന്നും പ്രധാനമന്ത്രി ആരോപിച്ചപ്പോള്‍, അതേ വേദിയില്‍ മോദിയുടെ പ്രസംഗം തടസപ്പെട്ടതിനെക്കുറിച്ചുള്ള ആം ആ ദ്മിയുടെ പ്രതികരണം ബി.ജെ.പിയെ പോലെ മോദിയുടെ പ്രോംപ്റ്ററും പരാജയമാണെന്നായിരുന്നു. ധ്രുവീകരണ രാഷ്ട്രീയം മാത്രമല്ല, വ്യക്തിഹത്യയും, അശ്ലീലപരാമരര്‍ശങ്ങ ളുമെല്ലാം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാക്കി മാറ്റിയ ബി.ജെ.പി, ഡല്‍ഹിയിലും അത്തരം നീക്കങ്ങള്‍ക്ക് ഒരുവിട്ടുവീഴ്ച്ചയുമുണ്ടായിരിക്കില്ലെന്ന് നേരത്തെ തന്നെ തെളിയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അതിഷിക്കെതിരെ കല്‍ക്കാജി മണ്ഡലത്തില്‍ ജനവിധി തേടുന്ന ബി.ജെ.പി നേതാവ് രമേശ് ബിധുരിയാണ് ഈ ഹീനപ്രവര്‍ത്തികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിള്‍ പോലെയാക്കുമെന്നുള്ള വിവാദ പരാമര്‍ശത്തിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹം തിരിഞ്ഞിരിക്കുകയാണ്. സ്വന്തം പിതാവിനെപോലും മാറ്റിയ വ്യക്തിയാണെന്നായിരുന്നു അതിഷിക്കെതിരായ പരാമര്‍ശം. എണ്‍പതുകഴിഞ്ഞ, പരസഹായമില്ലാതെ നടക്കാന്‍പോലും കഴിയാത്ത തന്റെ പിതാവിനെതിരെയുള്ള പരാമര്‍ശത്തില്‍ രാജ്യത്തിന്റെ രാഷ്ട്രീയം ഇത്രത്തോളം തരംതാഴ്ന്നുവെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു നിറകണ്ണുകളോടെയുള്ള അവരുടെ പ്രതികരണം. സംസ്ഥാനത്തിനുമേലുള്ള പ്രത്യേക അധികാരമുപയോഗിച്ച് ഡല്‍ഹിയെ ഞെക്കിഞെരുക്കുന്ന കാഴ്ച്ചക്കാണ് ഇക്കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം രാജ്യം സാക്ഷ്യം വഹിച്ചത്. ക്രമസമാധാനചുമതല ദുരുപയോഗം ചെയ്ത് എല്ലാമേഖലയിലും വരിഞ്ഞുമുറുക്കുകയും ഫെഡറല്‍ സംവിധാനത്തെ കാറ്റില്‍ പറത്തുകയും ചെയ്ത കേന്ദ്രം മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും ജയിലിലിടാന്‍പോലും മടികാണിച്ചില്ല. മുഖ്യമന്ത്രി കാരാഗൃഹത്തിനുള്ളില്‍ കിടന്ന് ഭരണം നടത്തുന്ന അഭൂതപൂര്‍വമായ കാഴ്ച്ചക്കും ഇക്കാലയളവില്‍ ഡല്‍ഹി സാക്ഷ്യം വഹിക്കുകയുണ്ടായി. ആകെയുളള 70 നിയമസഭാ മണ്ഡലങ്ങളില്‍ 62 ഉം നേടി അധികാരത്തിലേറിയ ഒരു സര്‍ക്കാറിനെയാണ് രാഷ്ട്രീയ വിരോധംകൊണ്ട് ഇത്തരത്തില്‍ പ്രതിക്കൂട്ടിലാക്കിക്കളഞ്ഞത്. ലോകസഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്താകമാനം തിരിച്ചടിയേറ്റപ്പോള്‍ സംസ്ഥാനത്ത് മുന്‍തൂക്കം നേടാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നു.
കോണ്‍ഗ്രസും ആംആദ്മിയും ഒരുമിച്ച് മത്സരിച്ചിട്ടും ആകെയുള്ള ഏഴുസീറ്റുകളും നേടാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. അതേ സമയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിലനിര്‍ത്താന്‍ കഴിയാത്തത് ജനവിധി അട്ടിമറിക്കപ്പെടുന്നതുകൊണ്ടാണെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസുള്ളത്. വോട്ടിങ് യന്ത്രങ്ങളില്‍ പ്രകടമാകുന്നു. കണക്കിലെ പൊരുത്തക്കേടുകള്‍ വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടും മുഖവിലക്കെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാകാത്തതിനെ തുടര്‍ന്ന് നിയമപോരാട്ടത്തിലാണ് പാര്‍ട്ടിയുള്ളത്. വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചുള്ള ആശങ്കകളെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ ഇന്നലെയും കമ്മീഷന് സാധിച്ചില്ല എന്നത് ആശങ്കാജനകം തന്നെയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള ആരോപണങ്ങള്‍ വേദനാജനകമാണെന്ന വൈകാരിക പ്രതികരണമാണ് കമ്മീഷനില്‍ നിന്നുണ്ടായിരിക്കുന്നത്. ബി.ജെ.പിക്കെതിരായ രാഷ്ട്രീയപോരാട്ടം നടത്തുമ്പോഴും സംഘ്പരിവാറിന്റെ സൈദ്ധാന്തിക സമീപനങ്ങളോട് ആംആദ്മി പാര്‍ട്ടി പുലര്‍ത്തുന്ന ആഭിമുഖ്യം മതേതര വിശ്വാസികള്‍ക്ക് പലപ്പോഴും ധര്‍മസങ്കടം സമ്മാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസിനെ ഉപയോഗിച്ച് നടത്തിയ ന്യൂനപക്ഷ വേട്ടക്കെതിരായ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്നത് യാഥാര്‍ത്ഥ്യം മാത്രമാണ്.