അഡ്വ. മുഹമ്മദ് ഷാ
ഒരു പ്രത്യേക സമുദായത്തില്‍പെട്ട ഒരാള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്താല്‍, അദ്ദേഹം സ്വജനപക്ഷപാതം നടത്തുമെന്ന ആശങ്ക ഉയര്‍ത്തി മുഖ്യമന്ത്രിക്ക് മറ്റൊരു സമുദായസംഘടന കത്തയക്കുന്നു. ആശങ്ക ഉള്‍കൊണ്ട് വകുപ്പ് സ്വയം കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി തീരുമാനിക്കുന്നു. ഈ ആക്ഷേപം തികച്ചും ന്യായമായ കാര്യമാണെന്നും അതില്‍ യാതൊരു തെറ്റുമില്ലെന്നും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇടത്പക്ഷത്തെ പിന്തുണച്ചേ മതിയാവു എന്ന് വ്യഗ്രതയുള്ള ചില മുസ്‌ലിം സംഘടനകള്‍ക്കും തോന്നിയിരിക്കുന്നു. മറ്റൊരു സമുദായത്തില്‍പെട്ട ആരോഗ്യമന്ത്രി സ്വജനപക്ഷപാതം നടത്തി കോവിഡ് ചികിത്സ നല്‍കുന്നതിലും കോവിഡ് വാക്‌സിന്‍ നല്‍കുന്നതിലും മതപരമായി വേര്‍തിരിവ് കാണിക്കുമെന്ന് മറ്റിതര മത സംഘടന ആരോപണം ഉന്നയിച്ചാല്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പ് സ്വയം ഏറ്റെടുക്കുമോ. എന്ത്തരം സന്ദേശമാണ് ഇവര്‍ സമൂഹത്തിന് നല്‍കുന്നത്. ഒരു തരം ഇസ്‌ലാമോഫോബിയ നമ്മുടെ അന്തരീക്ഷത്തില്‍ പടര്‍ന്നിരിക്കുന്നു. ഇടത്പക്ഷം ഈ പ്രത്യേകതരം നറേറ്റീവ് അംഗീകരിച്ചിരിക്കുന്നു.
സംവരണാനുകൂല്യം നല്‍കുന്നത്‌കൊണ്ടോ ന്യൂനപക്ഷാവകാശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ പേരിലോ മതപരമായതോ സാമുദായികമായതോ ആയ അനൈക്യം ഒരിക്കലുമുണ്ടാകാന്‍ പാടില്ല. കാരണം അത് ഭരണഘടനയുടെ ഹൃദയമായ മൂന്നാം അധ്യായം നല്‍കുന്ന മൗലികവകാശത്തിന്റെ സംരക്ഷണം നല്‍കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ്. എന്നാല്‍ അനര്‍ഹമായി ആര്‍ക്കെങ്കിലും അത്തരമൊരവകാശം നല്‍കിയാല്‍ അത് ചോദ്യംചെയ്യാന്‍ ഇതര വിഭാഗത്തിന് അവകാശവുമുണ്ട്.
അര്‍ഹതയും അനര്‍ഹതയും പരിശോധിക്കുന്ന ഒരേയൊരു അളവ് കോല്‍ ‘പര്യാപ്തമായ’ പ്രാതിനിധ്യമുണ്ടോ എന്ന പരിശോധന മാത്രമാണ് എന്ന് മെയ് ആദ്യവാരത്തില്‍ ഇറങ്ങിയ മറാത്താ കേസിലെ സുപ്രീംകോടതി വിധി ഉള്‍പെടെ നിരവധി വിധികളില്‍ പറഞ്ഞിട്ടുണ്ട്. ഈ ‘പര്യാപ്തമായ’ പ്രാതിനിധ്യം പരിശോധിക്കാനാണ് കാലാകാലങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കമ്മീഷനുകളെ നിയമിക്കുന്നതും ആ കമ്മീഷനുകളുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംവരണാനുകൂല്യവും ന്യൂനപക്ഷാനുകൂല്യങ്ങളും നല്‍കുന്നതും. അതായത് നിയമ ഭാഷയില്‍ പറഞ്ഞാല്‍ ആ റിപ്പോര്‍ട്ടുകളാണ് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കാരണമാകുന്ന ‘പ്രസക്തമായ ഘടകങ്ങള്‍’ (ൃലഹല്മി േളമരീേൃ). ഈ ‘പ്രസക്തമായ ഘടകങ്ങള്‍’ പരിഗണിക്കാതെ എടുക്കുന്ന ഒരു തീരുമാനങ്ങളും നിയമപരമായി നിലനില്‍ക്കില്ല എന്ന് സുപ്രീംകോടതി പലപ്പോഴും വിധി പ്രസ്താവിച്ചിട്ടുണ്ട്.
ഇന്ത്യയിലും കേരളത്തിലും പ്രധാനമായും സംവരണാനുകൂല്യവും ന്യൂനപക്ഷക്ഷേമ സ്‌കീമുകളും നല്‍കുന്നത് സംബന്ധിച്ചും അഞ്ച് കമ്മീഷന്‍ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ അഞ്ച് ദശകങ്ങളില്‍ ഉണ്ടായിട്ടുള്ളത്. 1980 ഡിസംബര്‍ 31 ന് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ബി.പി മണ്ഡല്‍ ചെയര്‍മാനായ ആറംഗ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് ആദ്യമായിറങ്ങിയത്. രാജ്യത്ത് പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും മുസ്‌ലിംകള്‍ ഉള്‍പ്പെടുന്ന പിന്നാക്കക്കാരും ഇപ്പോഴും വളരെ പിന്നാക്കമാണെന്നും 50 ശതമാനം സംവരണം അവര്‍ക്ക് നല്‍കണമെന്നും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭം നടന്നു.
അതിന്‌ശേഷം കേരള സര്‍ക്കാര്‍ ജസ്റ്റിസ് കെ.കെ നരേന്ദ്രന്‍ അധ്യക്ഷനായും മുന്‍ ചീഫ് സെക്രട്ടറി കെ.വി രബീന്ദ്രന്‍ നായര്‍ മുന്‍ പി.എസ്.സി ചെയര്‍മാന്‍ സാവാന്‍ കുട്ടി എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ കമ്മിറ്റിയെ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ മുസ്‌ലിംകള്‍, ഈഴവര്‍ തുടങ്ങിയ പിന്നാക്ക ജാതിക്കാരുടെ പ്രാതിനിധ്യം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചു. 2001 ഒക്ടോബറില്‍ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പിച്ചു. റിപ്പോര്‍ട്ടിന്റെ 42, 44, 46 പേജുകളില്‍ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റി എന്നിവയില്‍ യഥാക്രമം 10.45, 8.67, 11.15 ശതമാനം പ്രാതിനിധ്യം മാത്രമേ 24 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിം സമുദായത്തിനുള്ളൂവെന്ന് കണ്ടെത്തി. എന്നാല്‍ 23 ശതമാനം വരുന്ന മുന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റി എന്നിവയില്‍ യഥാക്രമം 38, 36.84, 45.86 ശതമാനം പ്രാതിനിധ്യമുണ്ട് എന്നും കണ്ടെത്തി. മുസ്‌ലിം സമുദായത്തിന് ഇങ്ങനെയൊരു പിന്നാക്കാവസ്ഥ വന്നത് വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ കൊണ്ടാണെന്നും സര്‍ക്കാര്‍ ഈ കുറവുകള്‍ പരിഹരിക്കണമെന്നും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേജ് 76ല്‍ ശിപാര്‍ശ ചെയ്തു.
2004ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ശേഷം 09.03.2005ന് രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി മാത്രം സുപ്രീംകോടതി റിട്ടയേഡ് ജഡ്ജി രജീന്ദര്‍ സച്ചാര്‍ ചെയര്‍മാനായും സെയ്ദ് ഹമീദ്, ഡോ ടി.കെ ഉമ്മന്‍, ഡോ. രാകേഷ് ബസന്ത് തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന ഏഴംഗ സമിതിയെ നിയോഗിച്ചു. 17.11.2006 ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ 72 ശിപാര്‍ശകളെ കേന്ദ്ര സര്‍ക്കാര്‍ 2007 ജൂലൈ 17ന് അംഗീകരിച്ചു. റിപ്പോര്‍ട്ടില്‍ കേരളത്തെ കുറിച്ച് പഠനം നടത്തിയിട്ടില്ല എന്ന വാദം കേരളത്തിലെ ചില സാമുദായിക സംഘടനകള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ കേരളമുള്‍പെടെ എല്ലാ സംസ്ഥാനങ്ങളിലെയും മുസ്‌ലിം പിന്നാക്കാവസ്ഥ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.
കേരളത്തിലെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള ആളുകളില്‍ 30.8 ശതമാനം മുസ്‌ലിം സമുദായത്തില്‍പെട്ടവരാണെന്നും സര്‍ക്കാര്‍ സ്‌കീമുകളുടെ അഞ്ച് മുതല്‍ 16 ശതമാനം വരെ പ്രയോജനം മാത്രമേ മുസ്‌ലിം സമുദായത്തിന് ലഭിക്കുന്നുള്ളൂ എന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേജ് 177 ല്‍ വ്യക്തമായി പ്രതിപാദിക്കുന്നു. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളില്‍ 57 ശതമാനം മുസ്‌ലിം സമുദായംഗങ്ങളാണെങ്കിലും ന്യൂനപക്ഷ/പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങളുടെ 22 ശതമാനം മാത്രമേ മുസ്‌ലിം സമുദായത്തിന് ലഭിക്കുന്നുള്ളൂ എന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേജ് 184 ല്‍ പറയുന്നു.
കേരളത്തില്‍ ദരിദ്രരില്‍ 24 ശതമാനം മുസ്‌ലിം സമുദായംഗങ്ങളാണെന്നും മറ്റ് ന്യൂനപക്ഷങ്ങള്‍ ദരിദ്രരില്‍ 9 ശതമാനം മാത്രമാണെന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേജ് 159 ല്‍ പറയുന്നു. കേരളത്തില്‍ മുസ്‌ലിം സമുദായം 24.6 ശതമാനം ഉണ്ടെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ 10.4 ശതമാനം മാത്രമേ പ്രതിനിധ്യമുള്ളൂ എന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേജ് 370, ടേബിള്‍ 9.4ല്‍ പ്രതിപാദിക്കുന്നു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന കാലഘട്ടത്തില്‍തന്നെ ഇന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷം വളരെ പിന്നാക്കാവസ്ഥയിലാണെന്ന് കാണിച്ച് രംഗനാഥ്മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടും വന്നു.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം സമുദായത്തിന്റെ കേരളത്തിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് മാത്രമായി ഏഛ ( ങട) ചീ.468/2007/ഏഅഉ നമ്പര്‍ ഉത്തരവിലൂടെ 15.10.2007ലാണ് പതിനൊന്നംഗ പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റിയെ കേരള സര്‍ക്കാര്‍ നിയോഗിച്ചത്. 21.02.2008 പാലൊളി കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിനെ 06.05.2008 ല്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ചു. കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ 14.3 ശതമാനം ആളുകള്‍ മാത്രമാണ് വിദ്യാലയങ്ങളില്‍ പഠിക്കുന്നതെന്നും മുസ്‌ലിംകളില്‍ 55 ശതമാനം തൊഴില്‍ രഹിതരാണെന്നും പാലൊളി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേജ് 3 ല്‍ പ്രതിപാദിക്കുന്നു. അതേസമയം ക്രിസ്ത്യാനികളില്‍ 35.4 ശതമാനവും മുന്നോക്ക ഹിന്ദുക്കളില്‍ 39.8 ശതമാനം വിദ്യാര്‍ ത്ഥികളും 31.9 ശതമാനവും 36.3 ശതമാനവും മാത്രമാണ് തൊഴില്‍ രഹിതരെന്നും റിപ്പോര്‍ട്ടിന്റെ പേജ് 3 ല്‍ പറയുന്നു.
നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ 38.6 ശതമാനം മുസ്‌ലിംകള്‍ ഭൂരഹിതരായിട്ടുള്ളപ്പോള്‍ ക്രിസ്ത്യാനികളില്‍ മൂന്ന് ശതമാനം മാത്രമാണ് ഭൂരഹിതര്‍ എന്നും റിപ്പോര്‍ട്ടിന്റെ മൂന്നാം പേജില്‍ പറയുന്നു. കേരളത്തിലെ ദരിദ്രരില്‍ 28.7 ശതമാനം മുസ്‌ലിംകളാണെന്നും ദരിദ്രരില്‍ ക്രിസ്ത്യാനികള്‍ നാല് ശതമാനം മാത്രമാണെന്നും പേജ് 3 ല്‍ പ്രതിപാദിക്കുന്നു. മുസ്‌ലിം സമുദായം ജനസംഖ്യയില്‍ 26 ശതമാനമുണ്ടെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ 11 ശതമാനം മാത്രമാണ് പ്രാതിനിധ്യമുള്ളത് എന്ന് 17, 18 പേജുകളില്‍ പറയുന്നു. ഇതിലൂടെ പിന്നാക്ക ന്യൂനപക്ഷ സമുദായമായ മുസ്‌ലിം സമുദായം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പിന്നാക്കമാണെന്നും തൊഴില്‍രഹിതരാണെന്നും നല്ലൊരു ശതമാനം ദരിദ്രരും ഭവനരഹിതരുമാണെന്ന് റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു.
ഈ കാര്യങ്ങളെല്ലാം പ്രതിപാദിച്ചതിന്‌ശേഷം മേല്‍പറഞ്ഞ കണ്ടെത്തലുകളിലെ കുറവുകള്‍ പരിഹരിക്കാനായി അടിയന്തിരമായി ഒരു ന്യൂനപക്ഷ സെല്ലും പിന്നീട് ന്യൂനപക്ഷ ക്ഷേമ ഡിപ്പാര്‍ട്ട്‌മെന്റും രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടിന്റെ 25, 26 പേജുകളില്‍ പാലൊളി കമ്മിറ്റി നിര്‍ദ്ദേശിച്ചു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി മദ്രസ അധ്യാപകര്‍ക്ക് വെല്‍ഫയര്‍ ഫണ്ടും പെന്‍ഷനും കൊടുക്കണമെന്നും തീരദേശ മേഖലകളിലെയും മലയോര മേഖലകളിലെയും മുസ്‌ലിം കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് കൊടുക്കണമെന്നും മൈനോരിറ്റി പാക്കേജ് നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തു. റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നതിങ്ങനെയാണ്, ‘ഞങ്ങളുടെ കണ്ടെത്തലുകളും ശിപാര്‍ശകളും കേരളത്തിലെ പിന്നാക്ക ന്യൂനപക്ഷ സമുദായമായ മുസ്‌ലിം സമുദായത്തിന് അനുകൂലമാറ്റമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു’.
കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിക്കുന്നത് 01. 01.2011ലെ GO(p)NO 2/2011/ GAD ഉത്തരവ് പ്രകാരമാണ്. സര്‍ക്കാരുത്തരവിലെ വാക്കുകളിതാണ്. ‘സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതിനായി നിയോഗിച്ച പാലൊളി കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ നടപ്പാക്കുന്നതിനായി കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിക്കുന്നു’. പിന്നീട് 22.02. 2011 മുതല്‍ ന്യൂനപക്ഷ ക്ഷേമ സ്‌കീമുകള്‍ നടപ്പാക്കുന്നതിനായി ഇറക്കുന്ന ഉത്തരവുകളില്‍ പലതിലും 80 ശതമാനം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കും 20 ശതമാനം മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും എന്ന് തെറ്റായി എഴുതിചേര്‍ത്ത്‌കൊണ്ടിരുന്നു. സത്യത്തില്‍ ഈ വകുപ്പുണ്ടാക്കിയത് സച്ചാര്‍ കമ്മിറ്റിയുടെയും പാലൊളി കമ്മിറ്റിയുടെയും ശിപാര്‍ശകള്‍ നടപ്പാക്കാനാണ്.
രണ്ട് കമ്മിറ്റികളെയും രൂപീകരിച്ചത് മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പഠിക്കാനാണ്. രണ്ട് കമ്മിറ്റികളും മുസ്‌ലിം സമുദായം വളരെ പിന്നാക്കമാണെന്നും മറ്റിതര ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പിന്നാക്കാവസ്ഥയില്ലെന്നും കണ്ടെത്തി. എന്നാലിപ്പോള്‍ ഉയര്‍ത്തുന്ന ആവശ്യം പിന്നാക്കമാണെന്ന് റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയ മുസ്‌ലിംകള്‍ക്ക് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ തുല്യമായി മുന്നാക്കമാണെന്ന് റിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയവര്‍ക്കും വേണമെന്നാണ്.
അങ്ങനെ രൂപീകരിച്ച ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ പിന്നാക്കമാണെന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സമുദായത്തിന് കൊടുക്കുന്ന ആനുകൂല്യങ്ങള്‍ തുല്യമായ പഠനംകൊണ്ട് തന്നെ മുന്നോക്കമാണെന്ന് കണ്ടെത്തിയ വിഭാഗത്തിന് വേണമെന്നാവശ്യപ്പെടുന്നതില്‍ ഔചിത്യമുണ്ടോ. അക്ഷരത്തെറ്റിന്റെ ആനുകൂല്യത്തിലായാലും അന്യന് അവകാശപ്പെട്ടത് കിട്ടിയാല്‍ അതും വേണം എന്ന് കരുതുന്നത് ശരിയോ തെറ്റോ എന്ന് പരിശോധിക്കേണ്ടതുണ്ട്. വിശ്വാസത്തിന്റെ പേരില്‍ തര്‍ക്കിക്കാനോ ഇകഴ്ത്താനോ പാടില്ല. അത് തീവ്രചിന്തയാണ്. എന്നാല്‍ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തല്‍ ശരിയാണ് എന്ന് മാത്രമല്ല അതൊരു ഉത്തരവാദിത്വവുമാണ്. സംഘ്പരിവാര്‍ പരത്തുന്ന വ്യാജ പ്രചാരണത്തെ ശരിയുടെ പക്ഷത്ത്‌നിന്ന് അവലോകനം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കണം.
80 ശതമാനം മുസ്‌ലിം സമുദായത്തിന് കൊടുത്തത് തെറ്റാണെന്നും ജനസംഖ്യാനുപാധികമായി മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും കിട്ടണം എന്ന് ആവസശ്യപ്പെട്ട് കത്തോലിക്കാ സഭ ഹൈക്കോടതിയില്‍ കൊടുത്ത കേസില്‍ സര്‍ക്കാര്‍ നാല് മാസത്തിനകം തീരുമാനമെടുക്കാന്‍ 2021 ജനുവരിയില്‍ ഹൈക്കോടതി ഉത്തരവിട്ടുണ്ട്. അതില്‍ തീരുമാനമെടുക്കുമ്പോള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി മുഖ്യമന്ത്രി പ്രവര്‍ത്തിക്കുമെന്നും വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന ആവശ്യം ഉന്നയിച്ചതിനും മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതിനും ഈ പരിഗണനയുമായി ബന്ധമില്ലെന്നും പ്രത്യാശിക്കാം.