Connect with us

kerala

സംസ്ഥാന കമ്മിറ്റിക്ക് ഓഫീസുണ്ടാക്കാന്‍ 25 കോടി പിരിച്ച് മുക്കി; ഐഎന്‍എല്ലിനെതിരെ യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ്‌

ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേതൃത്വം 25 കോടി രൂപ പിരിച്ചെങ്കിലും ഇതുവരെ ഓഫീസ് നിർമ്മിച്ചിട്ടില്ല

Published

on

ഐ എൻ എൽ ഓഫീസിന് 25 കോടി രൂപ പിരിച്ച് മുക്കിയതായി യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീർ പയ്യനങ്ങാടി. ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേതൃത്വം 25 കോടി രൂപ പിരിച്ചെങ്കിലും ഇതുവരെ ഓഫീസ് നിർമ്മിച്ചിട്ടില്ല. ഇക്കാര്യം സംസ്ഥാന പ്രവർത്തക സമിതിയിൽ ചോദിച്ചതിന് തന്നെ കയ്യേറ്റം ചെയ്തതായും ഷമീർ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പാർട്ടി സെക്രട്ടറിയേറ്റ് മെമ്പർ മുഖേനയാണ് അദാനി ഗ്രൂപ്പിൽ നിന്നും ഓഫീസ് നിർമ്മാണത്തിനുവേണ്ടി പത്തു കോടി രൂപ ശേഖരിച്ചത്. ഗൾഫ് നാടുകളിൽ നിന്നും പ്രമുഖ വ്യവസായികളിൽ നിന്നുമായി വേറെയും 15 കോടി രൂപ പിരിച്ചിട്ടുണ്ട്. ഈ പണത്തിന്റെ കണക്ക് ഇതുവരെ സംസ്ഥാന കമ്മിറ്റിയിലോ മറ്റോ പറഞ്ഞിട്ടില്ല. പണം ബാങ്കിൽ നിക്ഷേപിച്ചതിന്റെ രേഖകളും ഹാജരാക്കിയിട്ടില്ല. പണം ആരുടെ കയ്യിലാണ് എന്ന് എന്നതിന് നേതൃത്വത്തിന് മറുപടിയുമില്ല. പാർട്ടി സംസ്ഥാന ട്രഷറർ ചോദിച്ചിട്ട് പോലും അദ്ദേഹത്തെ അവഗണിക്കുന്ന സമീപനമാണ് നേതൃത്വം സ്വീകരിച്ചത്.

2024 ഡിസംബർ പത്തിന് ചേർന്ന സംസ്ഥാന പ്രവർത്തകസമിതി യോഗത്തിലാണ് കണക്ക് ചോദിച്ചതിന്റെ പേരിൽ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റിനെതിരെ തെറി അഭിഷേകവും കയ്യേറ്റ ശ്രമവും നടത്തിയത്. അതിനെതിരെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. കയ്യേറ്റ ശ്രമം നടത്തിയ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവർത്തകസമിതി മെമ്പറെ നടപടി എടുക്കാതെ അഹമ്മദ് ദേവർ കോവിൽ യൂത്ത് ലീഗിന്റെ ചുമതല നൽകി സംരക്ഷിക്കുകയാണ് ചെയ്തത്. ഫണ്ട് സംബന്ധിച്ച് കണക്ക് ചോദിച്ചതിന്റെ വിരോധമാണ് ഇതിനു കാരണം. പല നിയമനങ്ങൾക്കും പാർട്ടി ഫണ്ടിന്റെ പേരിൽ മന്ത്രിയുടെ അഡീഷണൽ പി എസ് ലക്ഷങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നവവധു ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പൊലീസ്‌

മൊറയൂര്‍ പൂന്തലപ്പറമ്പ് അബ്ദുല്‍ വാഹിദിനെതിരെ ഭാരതീയ ന്യായ സംഹിത 85 വകുപ്പുകൂടി ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

Published

on

നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തെതുടര്‍ന്ന് കൊണ്ടോട്ടിയില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കൂടുതല്‍ നടപടികള്‍ക്കൊരുങ്ങുന്നു. കൊണ്ടോട്ടി ബ്ലോക്ക് റോഡിൽ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകൾ മരിച്ച ഷഹാന മുംതാസിന്റെ (19) ഭര്‍ത്താവ് മൊറയൂര്‍ പൂന്തലപ്പറമ്പ് അബ്ദുല്‍ വാഹിദിനെതിരെ ഭാരതീയ ന്യായ സംഹിത 85 വകുപ്പുകൂടി ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഭര്‍ത്താവോ ബന്ധുക്കളോ സ്ത്രീകളോട് ക്രൂരമായി പെരുമാറുന്നതിനെതിരെയാണ് ഈ വകുപ്പനുസരിച്ച് കേസെടുക്കുക. കൊണ്ടോട്ടി ഡിവൈ.എസ്.പി കെ.സി. സേതു ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്ത ശേഷമാണ്, അസ്വാഭാവിക മരണത്തിനു മാത്രം രജിസ്റ്റര്‍ ചെയ്തിരുന്ന കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി തുടരന്വേഷണം നടത്തുന്നത്.

ചൊവ്വാഴ്ച രാവിലെയാണ് ഷഹാനയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. 2024 മേയ് 27നാണ് നിക്കാഹ് കഴിഞ്ഞത്. പിന്നീട് വിദേശത്തേക്കു പോയ ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് നിറമില്ലെന്ന പേരില്‍ ഫോണിലൂടെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും വിവാഹബന്ധം ഒഴിയുകയാണെന്നറിയിച്ചിരുന്നെന്നും തുടര്‍ന്നാണ് യുവതി തൂങ്ങിമരിച്ചതെന്നും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ വനിത കമീഷനും യുവജന കമീഷനും സ്വമേധയാ കേസെടുത്തിരുന്നു. ഭര്‍ത്താവിനെ നാട്ടിലെത്തിച്ച് നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യം ശക്തമാണ്.

Continue Reading

crime

ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; സിപിഎമ്മുകാരന് 33 വര്‍ഷം കഠിനതടവ്

2016 ഒക്ടോബര്‍ 21-ന് രാവിലെ 10.30-നാണ് കേസിനാസ്പദമായ സംഭവം.

Published

on

ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ സി.പി.എം പ്രവര്‍ത്തകനായ പ്രതിക്ക് 33 വര്‍ഷവും ഏഴുമാസം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്കിടങ്ങ് പാടൂര്‍ കൊല്ലങ്കിവീട്ടില്‍ സനീഷിനെ(33)യാണ് ചാവക്കാട് അസി. സെഷന്‍സ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. പാവറട്ടി പെരിങ്ങാട് കളപ്പുരയ്ക്കല്‍ വീട്ടില്‍ വിഷ്ണുപ്രസാദി(35)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. കേസിലെ മറ്റൊരു പ്രതി ഹാരിസ് വിചാരണ നേരിടാതെ ഒളിവിലാണ്.

2016 ഒക്ടോബര്‍ 21-ന് രാവിലെ 10.30-നാണ് കേസിനാസ്പദമായ സംഭവം. പാടൂര്‍ ഇടിയന്‍ചിറ പാലത്തിന് സമീപം ബൈക്കില്‍ വരുകയായിരുന്ന വിഷ്ണുപ്രസാദിനെ ഒന്നാംപ്രതിയുടെ നേതൃത്വത്തില്‍ കാറിലെത്തിയ സംഘം റോഡിനു കുറുകെ കാര്‍ നിര്‍ത്തി വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. രക്ഷപ്പെടാന്‍ വിഷ്ണുപ്രസാദ് തൊട്ടടുത്തുള്ള വീട്ടില്‍ ഓടിക്കയറി വാതില്‍ അടച്ചെങ്കിലും വാതില്‍ ചവിട്ടിപ്പൊളിച്ച് അക്രമിസംഘം വീട്ടിനുള്ളില്‍ കയറി വിഷ്ണുപ്രസാദിനെ വെട്ടി.

മരിച്ചെന്നു കരുതി കാറില്‍ത്തന്നെ രക്ഷപ്പെട്ടു. ശരീരമാസകലം വെട്ടേറ്റ വിഷ്ണുപ്രസാദ്, അക്രമികള്‍ പോയശേഷം വീടിനു പുറത്തേക്ക് ഇഴഞ്ഞുവരുകയായിരുന്നു. അതുവഴി വന്ന ഓട്ടോറിക്ഷക്കാരനാണ് പാവറട്ടിയിലെ ആശുപത്രിയിലെത്തിച്ചത്. അവിടെനിന്ന് വിദഗ്ധചികിത്സയ്ക്കായി തൃശ്ശൂരിലേക്ക് മാറ്റി. ദിവസങ്ങളോളം തീവ്രപരിചരണവിഭാഗത്തിലായിരുന്നു.

കാലങ്ങളായി മുല്ലശ്ശേരി, തിരുനെല്ലൂര്‍ ഭാഗങ്ങളില്‍ നടന്നുവന്ന ആര്‍.എസ്.എസ്, സി.പി.എം സംഘട്ടനങ്ങളെത്തുടര്‍ന്നുള്ള രാഷ്ട്രീയവൈരമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പിഴസംഖ്യ പരിക്കേറ്റ വിഷ്ണുപ്രസാദിന് നല്‍കാന്‍ വിധിയില്‍ പറയുന്നു.

Continue Reading

kerala

24 വയസ്സേ ഉള്ളൂ, പഠിക്കാന്‍ മിടുക്കിയാണ്, ശിക്ഷയില്‍ ഇളവു വേണം’; ഗ്രീഷ്മ കോടതിയില്‍, ശിക്ഷാ വിധി മറ്റന്നാള്‍

കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന നിലപാടിൽ ഉറച്ചുനിന്ന പ്രോസിക്യൂഷൻ, പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Published

on

പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷാവിധി 20ന്. ശിക്ഷയിൻമേലുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾക്കുശേഷമാണ് നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി വിധി പറയാൻ മാറ്റിയത്. ഗ്രീഷ്മയ്ക്ക് ചെകുന്താന്റെ ചിന്തയാണെന്നും സ്‌നേഹം നടിച്ചാണു കൃത്യം ചെയ്തതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഗ്രീഷ്മ പലതവണ ബന്ധം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഷാരോൺ അനുവദിച്ചില്ലെന്നും ഇതോടെയാണ് കൊലയ്ക്കു നിർബന്ധിതയായതെന്നും പ്രതിഭാഗം വാദിച്ചു. സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ഷാരോൺ ബ്ലാക്ക് മെയിൽ ചെയ്‌തെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ ആരോപണമുയർത്തി.

രാവിലെ 11ഓടെയാണ് കോടതിയിൽ അന്തിമവാദം ആരംഭിച്ചത്. ശിക്ഷയെപ്പറ്റി വല്ലതും പറയാനുണ്ടോയെന്ന് ചോദിച്ച് ഗ്രീഷ്മയെ കോടതി ചേംബറിന് അടുത്തേക്ക് വിളിപ്പിക്കുകയായിരുന്നു. പറയാനുള്ളത് ഗ്രീഷ്മ എഴുതിനൽകി. ഗ്രീഷ്മ എഴുതിനൽകിയത് ജഡ്ജി എ.എം ബഷീർ പരിശോധിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രതിയോട് ജഡ്ജി ചോദിച്ചറിഞ്ഞു. ബിരുദ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ജഡ്ജിക്കു കൈമാറിയ ഗ്രീഷ്മ തനിക്ക് മറ്റ് ക്രിമിനൽ കേസുകൾ ഒന്നുമില്ലെന്നും പരമാവധി ഇളവുകൾ നൽകണമെന്നും അഭ്യർഥിച്ചു.

എന്നാൽ, കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന നിലപാടിൽ ഉറച്ചുനിന്ന പ്രോസിക്യൂഷൻ, പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒരു യുവാവിനെ മാത്രമല്ല, യഥാർഥ പ്രണയത്തെ കൂടി കൊലപാതകം ചെയ്ത കേസാണിത്. സ്‌നേഹം നടിച്ചു വിളിച്ചുവരുത്തിയാണ് കൊല ചെയ്തത്. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ ചിന്തയാണ്. ഒരു തവണ വധശ്രമം പരാജയപ്പെട്ടപ്പോൾ വീണ്ടും വീണ്ടും കൊലപ്പെടുത്താൻ ശ്രമിച്ചു. വ്യക്തമായ ലക്ഷ്യത്തോടെയാണ് പ്രതി തീരുമാനം നടപ്പാക്കിയതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

11 ദിവസം ഷാരോൺ അനുഭവിച്ച വേദന കാണണമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വിഷം കഴിച്ചപ്പോൾ മുതൽ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിലുണ്ട്. കൊലപാതകം യാദൃച്ഛികമായി സംഭവിച്ചതല്ല. പദ്ധതി തയാറാക്കി നടപ്പാക്കിയതാണ്. ബിരുദാനന്തര ബിരുദത്തിലെ അറിവ് തെറ്റായി ഉപയോഗിക്കുകയാണ് ചെയ്തത്. ഈ വാർത്ത മലയാളികൾക്ക് മുഴുവൻ നാണക്കേടാണ്. ഒരു ഘട്ടത്തിൽ പോലും ഗ്രീഷ്മയ്ക്കു മനഃസ്താപം ഉണ്ടായിട്ടില്ല. കൊലപാതകം കേട്ട് എല്ലാവരും ഞെട്ടി. മനഃസ്സാക്ഷിയുള്ള സമൂഹം ഞെട്ടിയ സംഭവമാണിതെന്നും വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ഇതിനു ശേഷമായിരുന്നു പ്രതിഭാഗം വാദം ആരംഭിച്ചത്. കേസിൽ സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്നും പ്രതിക്ക് സാമൂഹ്യവിരുദ്ധ സ്വഭാവമില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. വധശിക്ഷ നൽകാൻ കഴിയില്ലെന്നും അഭിഭാഷകർ പറഞ്ഞു. ഗ്രീഷ്മയ്ക്ക് ആത്മഹത്യാ പ്രവണതയുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഷാരോണുമായുള്ള ബന്ധത്തിൽനിന്ന് പുറത്തിറങ്ങാൻ ഗ്രീഷ്മ പലതരത്തിലും ശ്രമിച്ചു. കിടപ്പുമുറിയിലെ കട്ടിലിൽ ഇരുന്ന് ഇരുവരും തമ്മിലുള്ള ഫോട്ടോ ഷാരോൺ എടുത്തത് എന്തിനാണെന്ന് ചോദ്യമുയർത്തിയ പ്രതിഭാഗം, ഈ ബന്ധത്തിൽനിന്ന് ഗ്രീഷ്മയെ പുറത്തുവിടാൻ ഷാരോൺ തയാറായിരുന്നില്ലെന്നും വാദിച്ചു.

ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ഷാരോൺ ബ്ലാക്ക്‌മെയിൽ ചെയ്തുവെന്നും പ്രതിഭാഗം ആരോപിച്ചു. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ഫോട്ടോയെടുത്ത് സൂക്ഷിച്ചു. തനിക്ക് കിട്ടാത്തത് വേറെ ആർക്കും കിട്ടരുതെന്ന് ഷാരോൺ തീരുമാനിച്ചിരുന്നു. ഒരു സ്ത്രീക്ക് സഹിക്കാവുന്നതിലും അപ്പുറവും ആയിരുന്നു ഷാരോണിന്റെ പെരുമാറ്റം. അതുകൊണ്ടാണ് ഗ്രീഷ്മ കുറ്റം ചെയ്തുപോയത്. അത് നേരത്തെ തയാറാക്കിയതായിരുന്നില്ല. വീട്ടിലെത്തി ആത്മഹത്യ ചെയ്യാൻ ഷാരോൺ ഉറപ്പിച്ചിരുന്നും യുവാവിനു സാമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു.

പരമാവധി നൽകാൻ കഴിയുന്ന ശിക്ഷ ജീവപര്യന്തമാണെന്നും പ്രതിഭാഗം സൂചിപ്പിച്ചു. ഇത് 10 വർഷമായി കുറയ്‌ക്കേണ്ട ഇളവ് ഈ സംഭവത്തിലുണ്ട്. സാഹചര്യത്തെളിവുകൾ അടിസ്ഥാനമായുള്ള കേസുകളിൽ ഉന്നത കോടതികളുടെ ഉത്തരവ് പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സാഹചര്യത്തെളിവുകൾ പരിഗണിച്ചും ശിക്ഷിച്ചിട്ടുണ്ടെന്നു കോടതി ഇടപെട്ടു. പ്രതിയെ മാനസാന്തരപ്പെടുത്തി പുനരധിവാസം ഉറപ്പാക്കേണ്ടത് കൂടി സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.

Continue Reading

Trending