Connect with us

EDUCATION

അറബിക്കിൽ 200 ൽ 200 മാർക്ക്: അരുന്ധതിയുടെ എപ്ലസ് നേട്ടത്തിന് തിളക്കമേറെ 

മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറത്തെ ചീരക്കുഴി സുരേഷിൻ്റെയും സുമിത്രയുടെയും മകളായ അരുന്ധതി
അറബിക്കിൽ 200 മാർക്കുൾപ്പെടെ 1200 ൽ 1159 മാർക്ക് നേടിയാണ് വിജയിച്ചത്.

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ഹയർ സെക്കണ്ടറി പരീക്ഷയിൽ ‘അറബിക്കിൽ 200 ൽ 200 മാർക്കോടെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മങ്കട പള്ളിപ്പുറം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സി.എസ്.അരുന്ധതിയുടെ വിജയത്തിന് തിളക്കമേറെ . മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറത്തെ ചീരക്കുഴി സുരേഷിൻ്റെയും സുമിത്രയുടെയും മകളായ അരുന്ധതി
അറബിക്കിൽ 200 മാർക്കുൾപ്പെടെ 1200 ൽ 1159 മാർക്ക് നേടിയാണ് വിജയിച്ചത്.

പള്ളിപ്പുറം യു.പി.സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ തന്നെ എല്ലാ വിഷയങ്ങളെയും പോലെ ഒരു ഭാഷ എന്ന നിലയിൽ അറബിക് കൂടി പഠിക്കണമെന്ന അച്ചൻ സുരേഷിൻ്റെ താൽപര്യപ്രകാരം അറബിക് പാഠപുസ്തകം കൂടി വാങ്ങി പഠിച്ച് തുടങ്ങിയ അരുന്ധതി എൽ.പി.തലത്തിൽ തന്നെ അറബിക് നന്നായി എഴുതാനും വായിക്കാനും പഠിച്ചു.അതോടെ ഒന്നാം ഭാഷയായി അറബിക് തുടർന്ന് പഠിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഏഴാം ക്ലാസിൽ നിന്ന് യു.എസ്.എസും എട്ടാം ക്ലാസിൽ നിന്ന് എൻ.എം.എം.എസും നേടിയതോടെ അറബിയിൽ കൂടുതൽ താൽപര്യമായി. രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയും അധ്യാപകരുടെ പ്രോത്സാഹനവും ഏറെ സഹായകരമായി.

എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ മങ്കട പള്ളിപ്പുറം ഹയർ സെക്കണ്ടറി സ്കൂളിലും പഠനം തുടർന്നത്.2022 ൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അരുന്ധതി പാഠ്യേതര മേഖലയിലും മികവ് പുലർത്തി ഒട്ടേറെ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .

അറബിക് കലാമേളകളിൽ സ്ഥിരമായി പങ്കെടുത്തു. യു.പി.തലം അറബിക് മോണോ ആക്ടിൽ സബ് ജില്ലയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും, അറബിക് ഗ്രൂപ്പ് ഗാനത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി.ശാസ്ത്രമേളയിൽ ജ്യോമട്രിക്കൽ ചാർട്ട് മത്സരത്തിൽ എൽ.പി. മുതൽ പ്ലസ്ടു വരെ സബ് ജില്ലാതലത്തിൽ എ.ഗ്രേഡോടെ ഒന്നാം സ്ഥാനവും സംസ്ഥാന ശാസ്ത്രമേളയിൽ യു.പി.തലത്തിൽ എ.ഗ്രേഡ്, ജില്ലാ സ്കൂൾ കലാമേളയിൽ ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ എ ഗ്രേഡ്, സംസ്ഥാന കേരളോൽസവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം എന്നിവ നേടിയിട്ടുണ്ട്.

യു പി.ഹൈസ്കൂൾ അറബി അധ്യാപകരായ ഹഫ്സത്ത്, ജമീല, സഫിയ, ജൗഹറ, റിയാസ് അൻവർ എന്നിവർ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നതായി അരുന്ധതി പറഞ്ഞു. മൂന്ന്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന സഹോദരങ്ങളായ അന്വയ്, അനവദ്യ എന്നിവരും അറബി പഠിക്കുന്നുണ്ട്.

EDUCATION

കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച; ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടു

5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

Published

on

കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാതായി. മൂല്യനിർണം നടത്താൻ ഒരു അധ്യാപകനു നൽകിയ ‘പ്രൊജക്ട് ഫിനാൻസ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. 5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചു. ഇതിനുള്ള അറിയിപ്പ് വിദ്യാർഥികൾക്കു ലഭിച്ചപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാർഥികൾക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്.

എംബിഎ വിദ്യാർഥികളുടെ അവസാന സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായതെന്നാണ് വിവരം. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട കോഴ്സിന്റഎ ഫല പ്രഖ്യാപനം രണ്ടര വർഷമായിട്ടും നടത്തിയിരുന്നില്ല.

പരീക്ഷാ ഫലം വൈകുന്നതിന്റെ കാരണം സർവകലാശാല വിശദീകരിച്ചിരുന്നില്ല. അതിനിടെയാണ് ഏപ്രിൽ ഏഴിനു വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ചു വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചത്.

മൂല്യനിർണയം കഴിഞ്ഞ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടു പോയി എന്നു അധ്യാപകൻ സർവകലാശാലയെ അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം സിൻഡിക്കേറ്റിൽ റിപ്പോർട്ടു ചെയ്തു. സിൻഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താൻ നിശ്ചയിച്ചത്.

Continue Reading

EDUCATION

സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും; പ്രവേശന പരീക്ഷയും തലവരിപ്പണവും പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം

Published

on

തിരുവനന്തപുരം: 2026-27 അധ്യയ വർഷം മുതൽ ആറു വയസ് പൂർത്തിയായ കുട്ടികൾക്ക് മാത്രം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ ആറു വയസിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം. ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും തലവരിപ്പണവും അംഗീകരിക്കില്ല. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്ന കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ അവർക്കെതിരെ പരാതി ലഭിച്ചാൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

Continue Reading

EDUCATION

പ്ലസ് ടു പരീക്ഷ ചോദ്യപേപ്പറില്‍ വീണ്ടും പിഴവുകള്‍: സയന്‍സ്, കൊമേഴ്‌സ് പരീക്ഷകളില്‍ ഒരേ ചോദ്യം ആവര്‍ത്തിച്ചു

പ്ലസ് ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പറുകൾ വലിയ ചർച്ചയായിരുന്നു.

Published

on

പ്ലസ്ടു ചോദ്യപേപ്പറിലെ പിഴവുകൾ അവസാനിക്കുന്നില്ല.പ്ലസ്ടു സയൻസ് , കൊമേഴ്സ് പരീക്ഷകൾക്കാണ് ഒരേ ചോദ്യം ആവർത്തിച്ചത്.ഇരു വിഷയത്തിലും കണക്ക് പരീക്ഷയിലാണ് 6 മാർക്കിന്റെ ഒരേ ചോദ്യം വന്നത്. വാക്കോ സംഖ്യകളോ പോലും മാറാതെ ചോദ്യം ആവർത്തിക്കുകയായിരുന്നു.

നേരത്തെ ഹയർ സെക്കൻഡറി ചോദ്യപേപ്പറുകളില്‍ നിരവധി അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.പ്ലസ് ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പറുകൾ വലിയ ചർച്ചയായിരുന്നു. 15ലധികം തെറ്റുകൾ വന്ന ചോദ്യപേപ്പറുകൾക്കെതിരെ നാനാദിക്കിൽ നിന്നും വിമർശനം ഉയർന്നു.

തൊട്ടു പിന്നാലെ നടന്ന മറ്റു പരീക്ഷകളിലെ ചോദ്യപേപ്പറുകളും അക്ഷരത്തെറ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.പ്ലസ് വൺ ബയോളജി, കെമിസ്ട്രി ചോദ്യപേപ്പറുകളിലും പ്ലസ് ടു എക്കണോമിക്സ് ചോദ്യപേപ്പറുകളിലും വ്യാപകമായ അക്ഷരത്തെറ്റുകൾ കണ്ടെത്തിയിരുന്നു.

പ്ലസ് വൺ ബോട്ടണി, സുവോളജി പരീക്ഷയുടെ ചോദ്യപേപ്പറുകളിൽ ഇരുപതോളം തെറ്റുകളുണ്ട്. ദ്വിബീജപത്ര സസ്യം എന്നതിന് പകരം ദി ബീജ പത്രസസ്യം എന്ന് അച്ചടിച്ചിരിക്കുന്നു. അവായൂ ശ്വസനം എന്നതിന് പകരം അച്ചടിച്ചിരിക്കുന്നത് ആ വായൂ ശ്വസനം എന്ന്. വ്യത്യാസത്തിന് പകരം വൈത്യാസം, സൈക്കിളിൽ എന്നതിന് പകരം സൈക്ലിളിൽ എന്നും തെറ്റി അടിച്ചിരിക്കുന്നു.

കെമിസ്ട്രിയിലും സമാനമാണ് സ്ഥിതി. വിപലീകരിച്ചെഴുതുക, ബാഹ്യസവിഷേത അറു ക്ലാസുകൾ എന്നിങ്ങനെയൊക്കെയുള്ള വാക്കുകൾ രസതന്ത്രം ചോദ്യപേപ്പറിൽ വന്നുപെട്ടിരിക്കുന്നു. രണ്ടാം വർഷ ഹയർസെക്കൻഡറി എക്കണോമിക്സ് പരീക്ഷയിൽ ഉപഭോക്താവിന്‍റെ വരുമാനം കുറയുന്നു എന്നതിന് പകരം വരുമാനം കരയുന്നു എന്നാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Continue Reading

Trending