X

കെട്ടിവെക്കാനുള്ള പണമില്ല ഡിപ്പാര്‍ട്ട്‌മെന്റ് ലീഗില്‍ ‘കേരള’മില്ല സര്‍ക്കാറിന്റെ കനിവുംകാത്ത് താരങ്ങള്‍

-ഷഹബാസ് വെള്ളില-

മലപ്പുറം: ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പുതുതായി ആരംഭിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ലീഗില്‍ കേരളത്തില്‍ നിന്നും ടീമുകളില്ല.
ദേശീയ ടൂര്‍ണമെന്റുകളിലടക്കം മത്സരിച്ച് നിരവധി ട്രോഫികള്‍ കേരത്തിലെത്തിച്ച കേരള പോലീസ്, കെ.എസ്.ഇ.ബി ടീമുകളാണ് കെട്ടി വെക്കാനുള്ള പണം ഇല്ലാത്തതിന്റെ പേരില്‍ ലീഗില്‍ നിന്നും പിന്മാറുന്നത്. 10 ലക്ഷമാണ് ടീമുകള്‍ എ.ഐ.എഫ്.എഫില്‍ കെട്ടിവേക്കേണ്ടത്.

ഈ പണം തിരിച്ചു ലഭിക്കുകയും ചെയ്യും. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകള്‍ക്ക് അവിടത്തെ സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ കേരള സര്‍ക്കാര്‍ ഇത് അറിഞ്ഞമട്ടില്ല. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, കേരള പോലീസ് ടീമുകള്‍ ലീഗില്‍ പങ്കെടുക്കാന്‍ താല്പര്യം അറിയിച്ച് ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിച്ചിരുന്നു. എന്നാല്‍ ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍ 10 ലക്ഷം രൂപ കെട്ടിവെക്കണം എന്ന നിയമം രണ്ട് വകുപ്പുകളുടെയും മേധാവികള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. കേരള ഫുട്‌ബോള്‍ അസോസിയേഷനും ഇക്കാര്യത്തില്‍ കൈമലര്‍ത്തുകയാണ്.

രാജ്യത്തിന് തന്നെ ഒരുപാട് നല്ല കളിക്കാരെ സംഭാവന ചെയ്ത മികച്ച പാരമ്പര്യമുള്ള ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഇന്നും ഫുട്‌ബോളിന് ഏറെ സംഭാവന നല്‍കാനുണ്ടെന്ന തിരിച്ചറിവിലാണ് ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫേഡറേഷന്‍ പുതിയ ലീഗിന് രൂപം നല്‍കുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകള്‍ക്ക് മത്സരിക്കാന്‍ കൂടുതല്‍ വേദികള്‍ ഒരുക്കുക എന്നത്കൂടിയാണ് എ.ഐ.എഫ്.എഫ് ലക്ഷ്യമിടുന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ലീഗിന് അപേക്ഷ ക്ഷണിച്ചതോടെ ഫെഡറേഷന്‍ പോലും പ്രതീക്ഷിക്കാത്ത അപേക്ഷകളാണ് വന്നത്. അന്‍പതോളം എന്‍്ട്രികളാണ് ഇതുവരെ ഫെഡറേഷന് ലഭിച്ചിട്ടുള്ളത്.

ടീമുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഓരോ ടീമുകളും 10 ലക്ഷം രൂപ വീതം കെട്ടിവെക്കണെന്ന നിര്‍ദേശം ഫെഡറേഷന്‍ മുന്നോട്ടുവെക്കുന്നത്. ഇതോടെയാണ് കേരളത്തിലെ രണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളും പിന്മാറിയത്. വകുപ്പ് മേധാവികള്‍ ചുവപ്പ് കൊടി ഉയര്‍ത്തിയതോടെ ടീമുകളുടെ എന്‍ട്രി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇപ്പോഴും സംസ്ഥാനത്ത് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് നിയമനം ലഭിക്കുന്ന രണ്ടു വകുപ്പുകളാണ് കേരള പോലീസും കേരള ഇലക്ട്രിസിറ്റി ബോര്‍ഡും.

ഈ താരങ്ങള്‍ക്ക് ദേശീയാടിസ്ഥാനത്തില്‍ മത്സരിക്കാനുള്ള അവസരമാണ് ഇതോടെ നഷ്ടമാകുന്നത്. ഐ.എസ്.എല്‍, ഐ-ലീഗ് ക്ലബ്ബുകളില്‍ കളിക്കാനും ഡിപ്പാര്‍ട്ട്‌മെന്റ് താരങ്ങള്‍ക്ക് അനുമതിയില്ല. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ലീഗില്‍ കളിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് തന്നെയാണ് താരങ്ങളുടെയെല്ലാം പ്രതീക്ഷ. അതേ സമയം സ്‌പോട്‌സ് ക്വാട്ട വഴി വിവിധ വകുപ്പുകളില്‍ നിയമനം ലഭിക്കുന്ന താരങ്ങള്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഉന്നതരില്‍ നിന്നോ സര്‍ക്കാറില്‍ നിന്നോ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്.

webdesk13: