Connect with us

india

ദക്ഷിണേന്ത്യയിലുയരുന്ന ഐക്യനിര

കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയിട്ടുള്ള ലോക്‌സഭാ മണ്ഡല അതിര്‍ത്തി നിര്‍ണയ പ്രക്രിയ മരവിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുകയും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണം നടത്തുകയും ചെയ്യുക എന്നതാണ് യോഗത്തിന്റെ അജണ്ട.

Published

on

നിര്‍ദിഷ്ട മണ്ഡല പുനര്‍നിര്‍ണയ പ്രക്രിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട്, ഭരണകക്ഷിയായ ഡി.എം.കെ ഇന്ന് ചെന്നൈയില്‍ സംയുക്ത ആക്ഷന്‍ കമ്മിറ്റിയുടെ (ജെ.എ.സി) ആദ്യ യോഗം വിളിച്ചുചേര്‍ത്തിരിക്കുകയാണ്. മൂന്ന് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരും കര്‍ണാടക ഉപമുഖ്യമന്ത്രിയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ സമുന്നത നേതാക്കളും പങ്കെടുക്കുന്ന ചടങ്ങ് ബി.ജെ.പിയെ എതിര്‍ക്കുന്ന പാര്‍ട്ടികളുടെ വേദിയായിത്തീര്‍ന്നിരിക്കുകയാണ്. പിണറായി വിജയന്‍ (കേരളം), രേവന്ത് റെഡ്ഡി (തെലങ്കാന), ഭഗവന്ത് മാന്‍ (പഞ്ചാബ്), കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഒഡീഷ മുന്‍ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ (ബിജെഡി) മേധാവിയുമായ നവീന്‍ പട്‌നായിക്, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് മിഥു റെഡ്ഡി, ബി.ആര്‍.എസ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയിട്ടുള്ള ലോക്‌സഭാ മണ്ഡല അതിര്‍ത്തി നിര്‍ണയ പ്രക്രിയ മരവിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുകയും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള പ്രചാരണം നടത്തുകയും ചെയ്യുക എന്നതാണ് യോഗത്തിന്റെ അജണ്ട.

തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്‍, മുഖ്യമന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കത്തെഴുതിയതിനു പുറമേ, തന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകരും എം.പിമാരും അടങ്ങുന്ന ഒരു പ്രതിനിധി സംഘത്തെ നേരിട്ട് ക്ഷണിക്കാന്‍ അയക്കുകയും ചെയ്തിരുന്നു. ലോകസഭാ മണ്ഡലങ്ങളുടെ ജനസംഖ്യാടിസ്ഥാനത്തിലുള്ള അതിര്‍ത്തി നിര്‍ണയം ബാധിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെയുള്ള സംസ്ഥാനങ്ങളുടെ ഒരു ജെ.എ.സി രൂപീകരിക്കാനുള്ള തീരുമാനം അടുത്തിടെ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത ഒരു സര്‍വകക്ഷി യോ ഗത്തിലാണ് എടുത്തത്. ജനസംഖ്യാടിസ്ഥാനത്തിലുള്ള അതിര്‍ത്തി നിര്‍ണയം ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളുടെ സീറ്റുകള്‍ കുറയ്ക്കമെന്നും കൂടുതല്‍ ജനസംഖ്യയുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അനാവശ്യ നേട്ടം നല്‍കുമെന്നുമുള്ള കാര്യത്തില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളിലെല്ലാം സമവായമുണ്ട്. വിഷയം ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി, പാര്‍ലമെന്റിന്റെ നിലവിലെ സമ്മേളനത്തില്‍ ഡി.എം.കെ എം.പിമാര്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഡി.എം.കെയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കനിമൊഴി സഭയില്‍ ചര്‍ച്ചക്ക് നോട്ടീസ് നല്‍കുകയുണ്ടായി. കഴിഞ്ഞ വ്യാഴാഴ്ച, ഡി.എം.കെ എം.പിമാര്‍ അതിര്‍ ത്തി നിര്‍ണയം പ്രഖ്യാപിക്കുന്ന മുദ്രാവാക്യം എഴുതിയ കറുത്ത ടീഷര്‍ട്ടുകള്‍ ധരിച്ച് പാര്‍ലമെന്റിലെത്തി സഭക്ക് പുറത്ത് പ്രകടനം നടത്തിയിരുന്നു.

അതിര്‍ത്തി നിര്‍ണയ പ്രക്രിയ തമിഴ്‌നാട്ടില്‍ മാത്രം ഒമ്പത് ലോക്‌സഭാ സീറ്റുകള്‍ ഇല്ലാതാക്കുമെന്നാണ് ഡി.എം.കെയുടെ നിലപാട്. നിലവില്‍ തമിഴ്‌നാട്ടില്‍ ആകെ 39 ലോക്‌സഭാ സീറ്റുകളാണുള്ളത്. പുതിയ തീരുമാനം സംസ്ഥാനത്തിന്റെ ശബ്ദത്തെയും പാര്‍ലമെന്റിലെ പ്രാതിനിധ്യ ത്തെയും തകര്‍ക്കാനുള്ള ഗൂഢാലോചനയാണെന്നും ഫെഡറല്‍ വിരുദ്ധതക്കു പുറമേ, വടക്കന്‍ പ്രദേശങ്ങളില്‍ അനുപാതമില്ലാതെ വര്‍ധിച്ച സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുക എന്നതാണ് ബി.ജെപി.യുടെ ലക്ഷ്യമെന്നുമാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ആരോപണം. തമിഴ്‌നാട് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാ നങ്ങളിലെയും പഞ്ചാബ് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളും നല്‍കിക്കൊണ്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ ദ്വിഭാഷാ നീക്കത്തെയും തമിഴ്‌നാട് ശക്തമായിത്തന്നെ എതിര്‍ത്തിരുന്നു. വിദ്യാഭ്യാസ നയത്തിന്റെ മറപിടിച്ച് ഹിന്ദി സാര്‍വത്രികമാക്കാനും തമിഴ്ഭാഷയെയും സംസ്‌ക്കാരത്തെയും തകര്‍ക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ദ്വിഭാഷ നയമെന്നും ഇത് തമിഴ്‌നാട്ടില്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു സ്റ്റാലിന്റെ പ്രതികരണം. കേന്ദ്ര നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച്ചവരുത്തുന്നതിന്റെ പേരില്‍ ഫണ്ട് വെട്ടി കുറക്കുന്ന പക്ഷം അതിനെ നേരിടാന്‍ തയ്യാറാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദ്വിഭാഷാ നയത്തിലൂടെയും മണ്ഡല പുനര്‍നിര്‍ണയത്തിലൂടെയും ബി.ജെ.പി ലക്ഷ്യംവെക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്നതാണെന്നത് സുവ്യക്തമാണ്. ഉത്തേരേന്ത്യയിലെ പോലെ വര്‍ഗീയ ധ്രുവീകരണം അസാധ്യമാവുകയും ദക്ഷിണേന്ത്യയില്‍ താമര തണ്ടൊടിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തിലുള്ള നീക്കം പ്രതിപക്ഷ കക്ഷികള്‍ ഒന്നായി ചെറുക്കാന്‍ തീരുമാനിച്ചതോടെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ രൂപപ്പെടുന്ന ഈ സംയുക്ത പ്രതിഷേധം രാജ്യമെമ്പാടും വ്യാപിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും കൂടുതല്‍ പ്രതിരോധത്തിലേക്ക് നീങ്ങാനിരിക്കുകയുമാണ്.

india

അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി പാകിസ്താനിലേക്കുള്ള നീരൊഴുക്ക് കുറച്ച് ഇന്ത്യ

സമാനമായി, ഝലം നദിയിലെ കൃഷ്ണഗംഗ അണക്കെട്ടിലും നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്.

Published

on

ചെനാബ് നദിയിലെ ബഗ്‌ളിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ നീരൊഴുക്ക് ഇന്ത്യ കുറച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സമാനമായി, ഝലം നദിയിലെ കൃഷ്ണഗംഗ അണക്കെട്ടിലും നടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്.

ജമ്മുവിലെ ബഗ്‌ളിഹാര്‍ അണക്കെട്ടും വടക്ക് കശ്മീരിലെ കൃഷ്ണഗംഗ അണക്കെട്ടുലേയും പാകിസ്താനിലേക്കുള്ള നീരൊഴുക്കിന്റെ നിയന്ത്രണം ഇന്ത്യക്ക് നല്‍കുന്നതാണ്. ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. ബഗ്‌ളിഹാര്‍ അണക്കെട്ടിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കം നിലവിലുണ്ട്.

Continue Reading

india

സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യം തള്ളി കര്‍ണാടക ആഭ്യന്തര മന്ത്രി

അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു പരമേശ്വരയുടെ മറുപടി

Published

on

ബജ്റംഗ് ദള്‍ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ബിജെപി നേതാവിന്റെ ആവശ്യം തള്ളി കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര. എന്‍ഐഎ അന്വേഷണം ആവശ്യമുള്ളതായി തോന്നുന്നില്ല. തങ്ങളുടെ പൊലീസ് നല്ല രീതിയില്‍ കേസ് അന്വേഷിക്കുന്നുണ്ട്. എന്‍ഐഎ അന്വേഷണം വേണമെന്നത് ബിജെപിയുടെ ആവശ്യമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ അന്വേഷണം എന്‍ഐഎക്ക് കൈമാറേണ്ട ആവശ്യമില്ലെന്നും പരമേശ്വര പറഞ്ഞു.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ സുഹാസ് ഷെട്ടിയുടെ വീട് സന്ദര്‍ശിക്കാതിരുന്നത് എന്ന ചോദ്യത്തിന് അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു പരമേശ്വരയുടെ മറുപടി. ‘ഇത് ഒരു കൊലപാതക കേസാണ്. അദ്ദേഹത്തിനെതിരെ അഞ്ച് ക്രിമിനല്‍ കേസുകളുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ കുടുംബത്തെ സന്ദര്‍ശിക്കാതിരുന്നത്. കുടുംബത്തിന് നീതി ഉറപ്പാക്കും’ – മന്ത്രി വ്യക്തമാക്കി.

വ്യാഴാഴ്ച രാത്രിയാണ് ബജ്റംഗ് ദള്‍ നേതാവായ സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രഞ്ജിത്, നാഗരാജ് അബ്ദുല്‍ സഫ്വാന്‍, നിയാസ് അഹമ്മദ്, മുഹമ്മദ് മുസമ്മില്‍, ഖലന്ദര്‍ ഷാഫി, ആദില്‍ മെഹ്റൂസ്, മുഹമ്മദ് റിസ്വാന്‍, എന്നിവരാണ് അറസ്റ്റിലായത്.

 

Continue Reading

india

ജമ്മു കാശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 3 സൈനികര്‍ മരിച്ചു

റംബാനില്‍ ആണ് അപകടം.

Published

on

ജമ്മു കാശ്മീരില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു. റംബാനില്‍ ആണ് അപകടം. വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞാണ് സൈനികര്‍ മരിച്ചത്. വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹാദൂര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച സൈനികര്‍.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്ക്, രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപം അപകടമുണ്ടായി. ഇന്ത്യന്‍ ആര്‍മി, ജമ്മു കശ്മീര്‍ പോലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), പ്രാദേശിക സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

Continue Reading

Trending