Connect with us

india

പട്ടാപ്പകല്‍ നടുറോഡില്‍ വണ്ടി നിര്‍ത്തി പൊലീസ് ഉദ്യോഗസ്ഥരുടെ തമ്മിലടി- വീഡിയോ

ഉദ്യോഗസ്ഥരില്‍ ഒരാള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് തര്‍ക്കം ആരംഭിച്ചത്

Published

on

പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ നടുറോഡില്‍ ഏറ്റുമുട്ടി പൊലീസ് ഉദ്യോഗസ്ഥര്‍. ബിഹാറിലെ നളന്ദയില്‍ ഇന്നാണ്‌ സംഭവം. 2 പൊലീസ് കോണ്‍സ്റ്റബിള്‍മാരാണ് റോഡില്‍ നിരവധി പേരുടെ കണ്‍മുന്നില്‍ തമ്മിലടിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. നളന്ദയിലെ റോഡിന് നടുവില്‍ രണ്ട് ഉദ്യോഗസ്ഥര്‍ വഴക്കിടുന്നതും അടിപിടിയിലേര്‍പ്പെടുന്നതും വീഡിയോയില്‍ കാണാം.

ഉദ്യോഗസ്ഥരില്‍ ഒരാള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് തര്‍ക്കം ആരംഭിച്ചത്. ആദ്യം കൈകള്‍ ഉപയോഗിച്ചാണ് ഏറ്റുമുട്ടല്‍. ഇരുവരും പരസ്പരം അടിക്കുകയും മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ, ഒരു ഉദ്യോഗസ്ഥന്‍ വാഹനത്തില്‍ നിന്ന് ലാത്തിയെടുത്ത് കൊണ്ടുവന്ന് രണ്ടാമനെ അടിക്കുന്നതും തുടര്‍ന്ന് ഇരുവരും തമ്മില്‍ പിടിവലി നടത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഇതിനിടെ, അസഭ്യം പറയുകയും പരസ്പരം കഴുത്തിന് പിടിക്കുകയും ചെയ്തു. നിങ്ങളെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് രംഗം കണ്ടുനിന്ന ചിലര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍, പൊലീസുകാര്‍ ഇതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ ഏറ്റുമുട്ടല്‍ തുടര്‍ന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

സംഭവം പലരും മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ട നളന്ദ പൊലീസ്, രണ്ട് ഉദ്യോഗസ്ഥരെയും പൊലീസ് കേന്ദ്രത്തിലേക്ക് അയച്ചതായും അന്വേഷണത്തിന് ഉത്തരവിട്ടതായും അറിയിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് പൊലീസിന്റെ പ്രതികരണം. ‘രണ്ട് ഉദ്യോ?ഗസ്ഥരെയും പൊലീസ് സെന്ററിലേക്ക് അയച്ചിട്ടുണ്ട്. വിഷയം അന്വേഷിക്കുകയാണ്. അച്ചടക്ക നടപടി സ്വീകരിക്കും’ ട്വീറ്റില്‍ പറയുന്നു.

സംഭവത്തില്‍ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. രണ്ടു പേരെയും സസ്‌പെന്‍ഡ് ചെയ്താല്‍ പോരെന്നും പിരിച്ചുവിടണമെന്നും നിരവധി പേര്‍ കുറിച്ചു. എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ദേഷ്യം നിയന്ത്രിക്കാനുള്ള സെഷനുകള്‍ സേനയില്‍ ഉണ്ടാവണമെന്നും ഇത് നാണംകെട്ട നടപടിയാണെന്നും മറ്റു ചിലര്‍ ചൂണ്ടിക്കാട്ടി.

india

ട്രംപിന്‍റെ വാദം തള്ളി ഇന്ത്യ, വെടിനിര്‍ത്തലില്‍ ആരും മധ്യസ്ഥത വഹിച്ചിട്ടില്ല

Published

on

ഇന്ത്യാ-പാക് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ. വെടിനിര്‍ത്തലില്‍ മധ്യസ്ഥ ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ അമേരിക്കയുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യാപാരം ഉള്‍പ്പെടെ വിഷയമായില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വെടിനിര്‍ത്തലിന് ആദ്യം സമീപിച്ചത് പാകിസ്താന്‍ ആണെന്നും ഇന്ത്യ ആവര്‍ത്തിച്ചു. DGMOതല ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ധാരണയായതെന്നും വിദേശകാര്യമന്ത്രാലായം വ്യക്തമാക്കി. പാകിസ്താന്‍ ഭാഗത്തിന് ഹോട്ട്ലൈന്‍ വഴി ബന്ധപ്പെടാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാല്‍, ഡിജിഎംഒയുമായി സംസാരിക്കാനുള്ള അഭ്യര്‍ത്ഥന വിദേശകാര്യ മന്ത്രാലയം വഴിയാണ് ലഭിച്ചത്. പാക് വ്യോമതാവളങ്ങള്‍ ആക്രമിച്ചതിന് പിന്നാലെയായിരുന്നു അഭ്യര്‍ത്ഥന. ഇന്ത്യയുടെ സന്ദേശം കൃത്യമായിരുന്നു. പാകിസ്താന്‍ അടിച്ചാല്‍ തിരിച്ചടിക്കും. അവര്‍ അവസാനിപ്പിച്ചാല്‍ ഇന്ത്യയും നിര്‍ത്തും. ലോകനേതാക്കളോട് ഇന്ത്യ ഇത് പറഞ്ഞു. അവര്‍ പാകിസ്താനോട് ഇത് പറഞ്ഞു. ആരും മധ്യസ്ഥ ചര്‍ച്ച നടത്തിയില്ല – വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷി ഇടപെടല്‍ വേണ്ടെന്ന ഇന്ത്യയുടെ നയത്തില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. കശ്മീര്‍ നയത്തില്‍ മാറ്റമില്ല കശ്മീരില്‍ മൂന്നാം കക്ഷി ഇടപെടല്‍ പാടില്ല. പരിഹരിക്കണ്ടത് ഉഭയകക്ഷി ചര്‍ച്ചയില്‍ – അദ്ദേഹം വ്യക്തമാക്കി.

ടിആര്‍എഫിനെനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ യുഎന്‍ സുരക്ഷാ സമിതിയെ സമീപിക്കുമെന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ടിആര്‍എഫ് ഒന്നിലധികം തവണ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ആണവ ഭീഷണിക്ക് വഴങ്ങുകയോ അതിര്‍ത്തി കടന്നുള്ള ഭീകരവാദം നടത്താന്‍ അനുവദിക്കുകയോ ചെയ്യില്ലെന്ന ഉറച്ച നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം പാകിസ്താനാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തോട് സീറോ ടോളറന്‍സ് പോളിസിയാണ് നമ്മുടേത് – അദ്ദേഹം വ്യക്തമാക്കി.

പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതും പാക് വ്യോമത്താവളങ്ങള്‍ ആക്രമിച്ച് തകര്‍ത്തതും ഇന്ത്യ നേരത്തേ അറിയിച്ചതാണ് ഇനിയും പാകിസ്താനില്‍ ഭീകരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ അതിനെതിരെ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

india

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

വഖഫ് നിയമ ഭേദഗതിക്കെതിരായ ഹരജികളിലും ആരാധനാലയ നിയമത്തിലും സഞ്ജീവ് ഖന്ന സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Published

on

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. സഹപ്രവര്‍ത്തകരും അഭിഭാഷകരും അദ്ദേഹത്തിന് ഇന്ന് യാത്രയയപ്പ് നല്‍കും. ആറ് മാസം ചീഫ് ജസ്റ്റിസ് പദവി പൂര്‍ത്തിയാക്കിയ ശേഷമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. വഖഫ് നിയമ ഭേദഗതിക്കെതിരായ ഹരജികളിലും ആരാധനാലയ നിയമത്തിലും സഞ്ജീവ് ഖന്ന സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

മുന്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയതില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടതും സുപ്രധാന ഇടപെടലായി. മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ബി.ആര്‍.ഗവായ് ചീഫ് ജസ്റ്റിസായി ബുധനാഴ്ച ചുമതലയേല്‍ക്കും.

Continue Reading

india

പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 15 മരണം; 6 പേര്‍ ഗുരുതരാവസ്ഥയില്‍

അമൃത്സറിലെ മജിതയിലെ മധായ്, ഭഗ്ലി ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്.

Published

on

പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 15 പേര്‍ മരിച്ചു. നിരവധി പേര്‍ ചികിത്സയില്‍. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. അമൃത്സറിലെ മജിതയിലെ മധായ്, ഭഗ്ലി ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്.

ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യം കഴിച്ചവരില്‍ പലര്‍ക്കും അസ്വസ്ഥതകളുണ്ടാവുകയായിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സംഭവത്തില്‍ പ്രഭ്ജീത് സിങ് എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ വ്യാജമദ്യത്തിന്റെ പ്രധാന വിതരണക്കാരനാണെന്ന് 2അമൃത്സര്‍ എ.എസ്.പി മനീന്ദര്‍ സിങ് പറഞ്ഞു.

‘ഇന്നലെ രാത്രി 9.30ഓടെയാണ് വിഷ മദ്യം കഴിച്ചതിനെ തുടര്‍ന്ന് ആളുകള്‍ മരിക്കുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചത്. ഉടന്‍ തന്നെ നടപടി സ്വീകരിച്ച് നാല് പേരെ കസ്റ്റഡിയിലെടുത്തു’ -എ.എസ്.പി പറഞ്ഞു.

വിവരം അറിഞ്ഞതോടെ ഗ്രാമങ്ങളിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ചതായി അമൃത്സര്‍ ഡെപ്യൂട്ടി കമീഷണര്‍ സാക്ഷി സാഹ്നി പറഞ്ഞു. വീടുകള്‍ തോറും ചെന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ചികിത്സ നല്‍കുകയും ചെയ്തു. ലക്ഷണങ്ങളുള്ള എല്ലാവരെയും ആശുപത്രിയിലാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കും. മദ്യവിതരണക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണ് -ഡെപ്യൂട്ടി കമീഷണര്‍ പറഞ്ഞു.

Continue Reading

Trending