ബിഹാറില്‍ മസ്ജിദിന് മുന്നില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച പത്ത് പേര്‍ കൂടി അറസ്റ്റില്‍

ബിഹാറിലെ ജാമുയ് ജില്ലയിലെ ജാഝ പ്രദേശത്ത് മുസ്‌ലിം പള്ളിക്ക് മുന്നില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് സംഘര്‍ഷമുണ്ടാക്കിയ ഹിന്ദുത്വ പ്രവര്‍ത്തക ഖുശ്ബു പാണ്ഡെ അടക്കം 10 പേരെക്കൂടി അറസ്റ്റ് ചെയ്ത് പൊലീസ്. അറസ്റ്റിലായ ഖുശ്ബു പാണ്ഡെ ‘ഹിന്ദു ഷേര്‍ണി’ എന്നറിയപ്പെടുന്ന തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകയാണ്.

പള്ളിക്ക് മുന്നില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ഹനുമാന്‍ ഭജന നടത്തുകയും ചെയ്ത് സംഘര്‍ഷമുണ്ടാക്കിയവരാണ് പിടിയിലായിരിക്കുന്നത്. ഇവരെയെല്ലാം റിമാന്‍ഡ് ചെയ്തു. ഇനിയും 50ഓളം പേരെ പിടികൂടാനുണ്ട്.

സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമികളെ പിടികൂടിയ പശ്ചാത്തലത്തില്‍ പ്രദേശത്തെ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിക്കുമെന്ന് ജാമുയ് മജിസ്‌ട്രേറ്റ് അഭിലാഷ ശര്‍മ പറഞ്ഞു. പള്ളിയ്ക്ക് സമീപത്തെ സംഘര്‍ഷം തടയുന്നതില്‍ വീഴ്ച വരുത്തിയ ഒരു പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ ഫെബ്രുവരി 17 തിങ്കളാഴ്ച ജില്ലാ പൊലീസ് പ്രദേശത്ത് മാര്‍ച്ച് നടത്തി. തിരിച്ചറിയാത്ത 60 ഓളം വ്യക്തികള്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഘര്‍ഷത്തിനിടെ ഇരുവിഭാഗത്തിലെയും അംഗങ്ങള്‍ പരസ്പരം കല്ലെറിഞ്ഞതായും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ സ്ഥിതി പൂര്‍ണമായും നിയന്ത്രണത്തിലാണെന്ന് പൊലീസ് പറഞ്ഞു.

ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ ഘോഷയാത്ര നടത്തിയെന്ന കുറ്റത്തിനാണ് ആളുകളെ അറസ്റ്റ് ചെയ്തതെന്ന് ജാഝ പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം 4.30 ഓടെ ജാഝ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നതെന്ന് ജാമുയി പൊലീസ് പറഞ്ഞു. 30 പേരടങ്ങുന്ന സംഘം ഒരു ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയില്‍ മടങ്ങുകയായിരുന്നു. ഈ ഘോഷയാത്ര അനുമതിയില്ലാതെയായിരുന്നു നടത്തിയത്.

സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയും ഹിന്ദു സ്വാഭിമാന്‍ എന്ന സംഘടനയും ചേര്‍ന്നാണ് പൊലീസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തിയത്. പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ ഹനുമാന്‍ ഭജന നടത്തിയ ശേഷമാണ് ഹിന്ദുത്വവാദികള്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയത്.

പിന്നാലെ സമീപത്തുള്ള മുസ്‌ലിം പള്ളിക്ക് മുന്നില്‍ അവര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഖുശ്ബു പാണ്ഡെക്ക് പുറമെ ബി.ജെ.പി നേതാവും ജാമുയ് മുന്‍സിപ്പില്‍ കൗണ്‍സില്‍ വൈസ്പ്രസിഡന്റുമായ നിതീഷ് കുമാര്‍ സാഹു അടക്കമുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

പള്ളിക്ക് സമീപം കാര്‍ പാര്‍ക്ക് ചെയ്ത് അതിന് അകത്തിരുന്ന് പ്രകോപനപരമായ രീതിയില്‍ സംസാരിക്കുന്ന ഖുശ്ബു പാണ്ഡെയുടെ വീഡിയോയും പുറത്തുവന്നു. മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിന് ഖുശ്ബു പാണ്ഡെക്കെതിരെ നിരവധി കേസുകളുണ്ട്.

webdesk13:
whatsapp
line