X

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ്; മലബാറില്‍ 1.24 ലക്ഷം വിദ്യാര്‍ഥികള്‍ പുറത്ത്

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റില്‍ മലബാര്‍ ജില്ലകളില്‍ പുറത്തായത് 1.24 ലക്ഷം വിദ്യാര്‍ഥികള്‍. പാലക്കാട് മുതല്‍ കാസര്‍കോട് വരെ ആറു ജില്ലകളില്‍ ഈ വര്‍ഷം 2,46,089 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 1,21,657 പേര്‍ക്കാണ് അവസരം ലഭിച്ചത്. 1,24,432 വിദ്യാര്‍ഥികള്‍ പുറത്തായി. ജനറല്‍, മുസ്ലിം സംവരണ സീറ്റുകള്‍ 99 ശതമാനവും നിറഞ്ഞു. ജനറല്‍ വിഭാഗത്തില്‍ 1,53,532 സീറ്റുകളില്‍ 1,53,516 സീറ്റിലേക്കാണ് അലോട്ട്‌മെന്റ് നടത്തിയത്. 16 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്.

മുസ്ലിം സംവരണത്തില്‍ 13,296 സീറ്റില്‍ 13,106 സീറ്റിലും അലോട്ട്‌മെന്റ് നടത്തി. 190 സീറ്റ് ബാക്കി. സംവരണ സീറ്റുകളില്‍ മുസ്ലിം വിഭാഗം ഒഴിച്ച് മറ്റുള്ളവയിലെല്ലാം മിക്ക ജില്ലകളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തിരുവനന്തപുരം ജില്ലകളില്‍ ഒരു സീറ്റുപോലും മുസ്ലിം സംവരണത്തില്‍ ബാക്കിയില്ല. ഈഴവ, തിയ്യ വിഭാഗത്തില്‍ 14,482 സീറ്റില്‍ ഒഴിവുള്ളത് 139 സീറ്റുകള്‍ മാത്രം.

ആഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന് സംവരണം ചെയ്ത 5856 സീറ്റില്‍ 3497 സീറ്റും ഒഴിഞ്ഞു കിടക്കുകയാണ്. ക്രിസ്ത്യന്‍ ഒ.ബി.സിയില്‍ 2386 സീറ്റില്‍ 1191 സീറ്റും ഹിന്ദു ഒ.ബി.സിയില്‍ 5856 സീറ്റില്‍ 693 സീറ്റും ഒഴിഞ്ഞു കിടക്കുകയാണ്. 45,330 പട്ടികജാതി വിഭാഗ സീറ്റില്‍ 32,449 സീറ്റുകളാണ് ഉള്‍പ്പെട്ടത്.

12981 സീറ്റുകള്‍ ഒഴിവുണ്ട്. 30378 പട്ടികവര്‍ഗ വിഭാഗ സീറ്റില്‍ 4044 എണ്ണത്തിലാണ് അലോട്ട്മെന്റ് നടന്നത്. 26,344 സീറ്റുകള്‍ ബാക്കിയുണ്ട്. ശാരീരക വെല്ലുവിളികള്‍ നേരിടുന്നവരുടെ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സംവരണം ചെയ്ത 7107 സീറ്റില്‍ 3716 എണ്ണമാണ് ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടത്. 3391 എണ്ണം ബാക്കിയുണ്ട്.

കാഴ്ചശക്തി കുറഞ്ഞവരുടെ വിഭാഗത്തില്‍ 1092 സീറ്റില്‍ 203 എണ്ണമാണ് അലോട്ട്‌മെന്റ് നടത്തിയത്. 899 സീറ്റും ഒഴിഞ്ഞു കിടക്കുകയാണ്. ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍ 308 സീറ്റില്‍ 265 എണ്ണം അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടു. 43 സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ധീവര വിഭാഗത്തിന് 3381 സീറ്റില്‍ 1123 സീറ്റിലേക്ക് അലോട്ട്‌മെന്റ് നടത്തിയപ്പോള്‍ 2258 സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. വിശ്വകര്‍മ വിഭാഗത്തില്‍ 3381 സീറ്റില്‍ 3320 സീറ്റും ആദ്യ അലോട്ട്മെന്റില്‍ ഉള്‍പ്പെട്ടു. 61 എണ്ണമാണ് ശേഷിക്കുന്നത്.

webdesk14: