Connect with us

india

പാക് ചാര സംഘടനയ്ക്ക് സൈനിക രഹസ്യവിവരങ്ങള്‍ കൈമാറി; യുപിയില്‍ കേന്ദ്ര ആയുധ ഫാക്ടറി ഉദ്യോഗസ്ഥന്‍ പിടിയില്‍

ആയുധ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന രവീന്ദ്രകുമാറും ആഗ്ര സ്വദേശിയായ ഇയാളുടെ സഹായിയുമാണ് അറസ്റ്റിലായത്

Published

on

യുപിയില്‍ പാക് ചാര സംഘടനയ്ക്ക് സൈനിക രഹസ്യവിവരങ്ങള്‍ കൈമാറിയ സംഭവത്തില്‍ കേന്ദ്ര ആയുധ ഫാക്ടറി ഉദ്യോഗസ്ഥന്‍ പിടിയില്‍. ഫിറോസാബാദിലെ ഹസ്രത്പൂര്‍ ആസ്ഥാനമായുള്ള ആയുധ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന രവീന്ദ്രകുമാറും ആഗ്ര സ്വദേശിയായ ഇയാളുടെ സഹായിയുമാണ് അറസ്റ്റിലായത്. പാക് ചാര സംഘടനയായ ഐഎസ്‌ഐയ്ക്കാണ് ഇവര്‍ സൈനിക രഹസ്യവിവരങ്ങള്‍ കൈമാറിയത്. ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഇരുവരേയും പിടികൂടിയത്. പാകിസ്താന്‍ ചാരവനിത ഒരുക്കിയ ഹണിട്രാപ്പില്‍പ്പെട്ട് രഹസ്യ സൈനിക വിവരങ്ങള്‍ പങ്കിടുകയായിരുന്നു രവീന്ദ്രകുമാര്‍.

സ്‌ക്രീനിങ് കമ്മിറ്റിയില്‍ നിന്നുള്ള രഹസ്യ കത്തുകള്‍, ദൈനംദിന പ്രൊഡക്ഷന്‍ റിപ്പോര്‍ട്ടുകള്‍, തീര്‍പ്പാക്കാത്ത അഭ്യര്‍ഥന പട്ടിക, ഡ്രോണുകള്‍, ഗഗന്‍യാന്‍ പദ്ധതി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള അങ്ങേയറ്റം രഹസ്യമായ വിവരങ്ങള്‍ ഐഎസ്ഐയുമായി ബന്ധമുള്ള ഒരു സ്ത്രീയുമായി ഇയാള്‍ പങ്കിട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി.

പരിശോധനയില്‍ രവീന്ദ്രയുടെ മൊബൈലില്‍നിന്ന് പല നിര്‍ണായക വിവരങ്ങളും എടിഎസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഓര്‍ഡനന്‍സ് ഫാക്ടറിയിലെയും 51 ഗൂര്‍ഖ റൈഫിള്‍സ് റെജിമെന്റിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ ലോജിസ്റ്റിക്‌സ് ഡ്രോണ്‍ പരീക്ഷണങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ഉള്‍പ്പെടെ അതിലുണ്ടായിരുന്നു. ഇന്ത്യയുടെ പ്രതിരോധ പദ്ധതികളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളടക്കം കൈമാറി പാകിസ്താനിലെ ഐഎസ്ഐ ഏജന്റുമാരുമായി ഇയാള്‍ നേരിട്ട് ആശയവിനിമയം നടത്തിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

കഴിഞ്ഞവര്‍ഷമാണ് നേഹ ശര്‍മയെന്ന പേരില്‍ രവീന്ദ്രകുമാറുമായി ഫേസ്ബുക്കിലൂടെ ചാരസംഘടനയിലെ യുവതി പരിചയപ്പെട്ടത്. തുടര്‍ന്ന് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയില്‍ ജീവനക്കാരിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. എങ്കിലും രവീന്ദ്രയെ ഹണിട്രാപ്പില്‍പെടുത്താന്‍ യുവതിക്ക് കഴിഞ്ഞു. ചന്ദന്‍ സ്റ്റോര്‍ കീപ്പര്‍ 2 എന്ന പേരില്‍ രവീന്ദ്ര യുവതിയുടെ നമ്പര്‍ സേവ് ചെയ്തിരുന്നതായും യുവതിയുടെ വാഗ്ദാനങ്ങളില്‍ പ്രേരിതനായി ഇയാള്‍ വാട്ട്സ്ആപ്പ് വഴി രഹസ്യരേഖകള്‍ അയച്ചുകൊടുത്തതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

രവീന്ദ്രയുടെ അറസ്റ്റിനു പിന്നാലെയാണ് ഇയാളുടെ സഹായിയേയും പിടികൂടിയത്. ഇയാളില്‍ നിന്ന് കണ്ടെത്തിയ വാട്ട്സ്ആപ്പ് ചാറ്റുകളും രഹസ്യരേഖകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണത്തിന്റെ ഭാഗമായി എടിഎസ് വിശകലനം ചെയ്തുവരികയാണ്.

india

ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷത്തിനിടെ പള്ളിക്ക് നേരെ അതിക്രമം; ചുമരില്‍ ‘ജയ് ശ്രീറാം’ എഴുതി; ടാര്‍പോളിന്‍ മൂടിയിട്ടും രക്ഷയില്ല

സംസ്ഥാനത്ത് ഹോളി ഘോഷയാത്രകള്‍ സമാധാനപരമായി നടക്കുന്നുണ്ടെന്ന അവകാശവാദങ്ങള്‍ക്കിടയിലാണ് ഈ സംഭവങ്ങള്‍ പുറത്തുവരുന്നത്.

Published

on

ഉത്തര്‍പ്രദേശില്‍ കനത്ത സുരക്ഷ ഒരുക്കിയിട്ടുും, ഹോളി ആഘോഷങ്ങള്‍ക്കിടയില്‍ പള്ളികള്‍ നേരെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം. സംഭലിലെ ഒരു പള്ളിയുടെ ചുരില്‍ ജയ് ശ്രീ റാം എന്നെഴുതിയതിന് പുറമെ ടാര്‍പോളിന്‍ കൊണ്ട് മൂടിയ മറ്റൊരു പള്ളിയില്‍ നിറം പൂശാനും ശ്രമമുണ്ടായി. സംസ്ഥാനത്ത് ഹോളി ഘോഷയാത്രകള്‍ സമാധാനപരമായി നടക്കുന്നുണ്ടെന്ന അവകാശവാദങ്ങള്‍ക്കിടയിലാണ് ഈ സംഭവങ്ങള്‍ പുറത്തുവരുന്നത്.

സംഭല്‍ ജില്ലയിലെ ഒരു പള്ളിയുടെ പ്രവേശന കവാടത്തില്‍ ഒരു കൂട്ടം ആണ്‍കുട്ടികള്‍ ചേര്‍ന്നാണ് ‘ജയ് ശ്രീറാം’ എഴുതിയതെന്നാണ് ആരോപണം. സംഭവത്തില്‍ വീരേഷ്, ബ്രജേഷ്, സതീഷ്, ഹര്‍സ്വരൂപ്, ശിവോം, വിനോദ് എന്നിവര്‍ക്കെതിരെ പള്ളി കമ്മിറ്റി ഹയാത്‌നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

അലിഗഢ്, അബ്ദുള്‍ കരീം ചൗക്കിലെ അബ്ദുള്‍ കരീം മസ്ജിദിന് പുറത്താണ് ഹോളി ആഘോഷിക്കുന്നതിനിടെ, ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ടും ചായം പൂശാന്‍ ശ്രമിച്ചത്. ഇതിന് പുറമെ മസ്ജിദിന് മുമ്പില്‍ നിന്ന് ജനക്കൂട്ടം പ്രകോപനപരമായ ഗാനങ്ങള്‍ ആലപിക്കുകയും വര്‍ഗീയ മുദ്രാവാക്യങ്ങള്‍ വിളിച്ച് മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഹോളി ആഘോഷങ്ങള്‍ക്കും മുന്നോടിയായി സംഭലില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തിയിരുന്നു ആരാധനാലയങ്ങളും ആഘോഷ മേഖലകളും നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ വിന്യസിക്കുകയും 100 പള്ളികളോളം ടാര്‍പോളിന്‍ കൊണ്ട് മൂടുകയും ചെയ്തിരുന്നു.

ഹോളി ആഘോഷങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതിനും മതസ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് ഈ നടപടിയെന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്. ആഘോഷ വേളകളില്‍ പള്ളികളില്‍ നിറങ്ങളാവുന്നത് തടയാന്‍ മതനേതാക്കളുമായി വിശദമായ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനമെടുത്തതെന്നായിരുന്നു ജില്ലാ ഭരണകൂടം അറിയിച്ചത്.

ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഹോളി ആഘോഷത്തിനിടെ പലപ്പോഴും അനിയന്ത്രിതമായ പ്രശ്നങ്ങള്‍ക്ക് കാരണമാവാറുണ്ടെന്നും അതിനായുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണിതെന്നും അധികൃതര്‍ പറയുന്നു.

ഷാജഹാന്‍പൂരിലെ ജൂട്ടാ മാര്‍ ഹോളി എന്ന ആഘോത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ ഘോഷയാത്ര നടത്താറുണ്ട്. ഇതിനിടയില്‍ പള്ളികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുന്നതിനും പരിപാടിയുടെ സുഗമമായ നടത്തിപ്പിനുമായി നിറം തെറിക്കുന്നതടക്കമുള്ള പ്രശ്നങ്ങള്‍ ടാര്‍പോളിന്‍ കെട്ടുന്നതിലൂടെ നികത്താന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

Continue Reading

india

മടങ്ങിവരവിനൊരുങ്ങി സുനിത വില്യംസ്; സ്പേസ് എക്സ് ക്രൂ 10 വിക്ഷേപണം വിജയം

നാളെ രാവിലെ ഒൻപത് മണിക്ക് ക്രൂ-10 യാത്രികർ ബഹിരാകാശ നിലയത്തിൽ എത്തും.

Published

on

സ്പേസ് എക്സ് ക്രൂ-10 വിക്ഷേപിച്ചു. ഫാല്‍ക്കണ്‍-9 റോക്കറ്റ് കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്. നാല് യാത്രികരാണ് പേടകത്തില്‍ ഉള്ളത്. ഇവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്നതോടെ സുനിതാ വില്യംസ് ഉള്‍പ്പെടെയുള്ളവർ മാർച്ച് 19ന് ഭൂമിയിലേക്ക് മടങ്ങും.

നാളെ രാവിലെ ഒൻപത് മണിക്ക് ക്രൂ-10 യാത്രികർ ബഹിരാകാശ നിലയത്തിൽ എത്തും. പുതിയ സഞ്ചാരികളെ സുനിതാ വില്യംസും സംഘവും സ്വീകരിക്കും. കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് പാഡിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ക്രൂ-10 വിക്ഷേപണം കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും, ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂൺ ആറിന് ഐഎസ്എസിലെത്തി ജൂൺ 13 ഓടെ മടങ്ങാനായിരുന്നു പദ്ധതി.

ഈ ബഹിരാകാശ പേടകം മുമ്പ് ഐഎസ്എസിലേക്ക് രണ്ട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ പരീക്ഷണത്തിന്‍റെ ഭാഗമായിരുന്നു സുനിതയും വിൽമോറും. 24 മണിക്കൂറിന് ശേഷം ഇരുവരും സുരക്ഷിതരായി ബഹിരാകാശ നിലയത്തിലെത്തി. എട്ടു ദിവസം കൊണ്ട് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.

ജൂൺ 13നായിരുന്നു ആദ്യ മടക്കയാത്ര തീരുമാനിച്ചിരുന്നത്. തുടർന്ന് അത് ജൂൺ 26 ലേക്ക് നീട്ടിവെച്ചു. ബോയിങ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് സുനിത വില്യംസിനും ബുച്ച് വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങാൻ സാധിക്കാത്തത്. സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറും ഹീലിയം ചോർച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

Continue Reading

india

മഹാരാഷ്ട്രയില്‍ ഹോളി ആഘോഷത്തിനു ശേഷം കുളിക്കാനായി നദിയിലിറങ്ങിയ 4 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ജലനിരപ്പ് പെട്ടെന്ന് ഉയരുകയും നാലു പേരും ഒഴുക്കില്‍പ്പെടുകയുമായിരുന്നു

Published

on

മഹാരാഷ്ട്രയില്‍ ഹോളി ആഘോഷത്തിനു ശേഷം കുളിക്കാനായി നദിയിലിറങ്ങിയ നാല് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. താനെയിലെ ബദല്‍പൂര്‍ പ്രദേശത്ത് ഉല്‍ഹാസ് നദിയിലാണ് കുട്ടികള്‍ മുങ്ങിമരിച്ചത്.

ചംടോളിയിലെ പൊഡ്ഡാര്‍ ഗ്രൂഹ് കോംപ്ലക്‌സ് നിവാസികളായ ആര്യന്‍ മേദര്‍ (15), ഓം സിങ് തോമര്‍ (15), സിദ്ധാര്‍ഥ് സിങ് (16), ആര്യന്‍ സിങ് (16) എന്നിവരാണ് മരിച്ചത്.

ഇവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബദല്‍പൂര്‍ റൂറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഹോളി ആഘോഷത്തിനു ശേഷം കുളിക്കാനായി നദിയിലിറങ്ങിയതായിരുന്നു കുട്ടികള്‍. ഈ സമയം ജലനിരപ്പ് പെട്ടെന്ന് ഉയരുകയും നാലു പേരും ഒഴുക്കില്‍പ്പെടുകയുമായിരുന്നു.

നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ശക്തമായ ഒഴുക്ക് മൂലം രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് നേരിട്ടു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഉത്സവ സമയങ്ങളില്‍ നദികള്‍ക്കും ജലാശയങ്ങള്‍ക്കും സമീപം ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു.

Continue Reading

Trending