Connect with us

News

റമദാനിലും ഗസ്സയില്‍ ഇസ്രാഈലിന്റെ നരനായാട്ട്; കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു

പുതിയ റിപ്പോര്‍ട്ട് പ്രകാരം മരണ സംഖ്യ 232 ആയി

Published

on

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയില്‍ ഇസ്രാഈലിന്റെ വംശഹത്യ. ഇന്ന് രീവിലെ നടത്തിയ വ്യോമാക്രമണത്തില്‍ ഇരുനൂറിനതികം ജീവനുകള്‍ നഷ്ടപ്പെട്ടമായി. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം മരണ സംഖ്യ 232 ആയി. ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രണമാണ് റമദാന്‍ മാസത്തില്‍ ഇസ്രാഈല്‍ നടത്തിയിരിക്കുന്നത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന സമാധാന ചര്‍ച്ച ഫലംകാണാതെ പിരിഞ്ഞതിനു പിന്നാലെയാണ് ഇസ്രാഈലിന്റെ നരനായാട്ട്.

വടക്കന്‍ ഗസ്സ, ഗസ്സ സിറ്റി, മധ്യ- തെക്കന്‍ ഗസ്സ മുനമ്പിലെ ദെയര്‍ അല്‍-ബല, ഖാന്‍ യൂനിസ്, റഫാ എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഉറങ്ങിക്കിടക്കുന്ന സമയത്താണ് ഇസ്രാഈലിന്റെ ബോംബുകള്‍ വന്നു പതിക്കുന്നത്.

ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേല്‍ സൈന്യം എക്‌സില്‍ കുറിച്ചു. ബന്ദികളെ വിട്ടയക്കണമെന്ന നിര്‍ദേശം പാലിക്കാന്‍ ഹമാസ് തയാറാകാത്തതിനെ തുടര്‍ന്നാണ് ആക്രമണം കടുപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍, ഇസ്രഈല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നും ഹമാസ് പ്രതികരിച്ചു. ബന്ദികളുടെ വിധി അനിശ്ചിതത്വത്തിലാകുന്ന സ്ഥിതിവിശേഷമാണ് ഇസ്രാഈല്‍ സൃഷ്ടിക്കുന്നതെന്നും ഹമാസ് വ്യക്തമാക്കി.

2023 ഒക്ടോബറില്‍ ഇസ്രായേല്‍ ഗസ്സയില്‍ തുടങ്ങിയ നരനായാട്ടില്‍ സ്ത്രീകളും കുഞ്ഞുങ്ങളും ഉള്‍പ്പെടെ 47,000ത്തിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രണത്തില്‍ 1200ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗസ്സയെ മരുപ്പറമ്പാക്കി ഇസ്രായേല്‍ നടത്തിയ യുദ്ധത്തില്‍ 1.12 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും 2.3 ലക്ഷം പേര്‍ ഭവനരഹിതരാകുകയും ചെയ്തു. ലോകം പ്രതീക്ഷയോടെ നോക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനത്തോടെ വീണ്ടും ഗസ്സയെ രക്തരൂഷിതമാക്കുകയാണ് ഇസ്രായേല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാന കായിക നയത്തില്‍ സമഗ്രമാറ്റം വേണം: വിഡി സതീശന്‍

കായിക രംഗത്തിലൂടെ യുവതയെ കേരളത്തിന്റെ റോള്‍ മോഡലുകളാക്കി മാറ്റുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Published

on

സംസ്ഥാനത്തിന്‍റെ കായിക നയത്തില്‍ സമഗ്രമായ മാറ്റം വേണമെന്നും കേരളത്തിലെ കായിക മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് യുഡിഎഫ് പഠിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നിയമസഭയില്‍ യുഡിഎഫ് അവതരിപ്പിക്കും. കായിക രംഗത്തിലൂടെ യുവതയെ കേരളത്തിന്റെ റോള്‍ മോഡലുകളാക്കി മാറ്റുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കെപിസിസി ആസ്ഥാനത്ത് ദേശീയ കായികവേദി സംസ്ഥാന കമ്മിറ്റിയുടെ 2024-25ലെ പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്‌കാര വിതരണം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

കേരളത്തിലെ കായിക മേഖല വലിയ പ്രതിസന്ധി നേരിടുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം യുവ കായിക താരങ്ങള്‍ക്ക് ഹോസ്റ്റല്‍ ഫീസിനും ഭക്ഷണം കഴിക്കാനും കാശില്ല. ദേശീയതലത്തിലും വിദേശത്തും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്ന കേരളത്തിലെ കായിക താരങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ദേശീയ കായിക മത്സരങ്ങളില്‍ കേരളം മുന്‍പന്തിയിലുണ്ടായിരുന്ന പല മത്സരയിനങ്ങളിലും ഇന്ന് ഏറെ പിന്നിലാണ്. അതിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ വികലമായ കായിക നയമാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

സമൂഹിക വിപത്തായ ലഹരി വ്യാപനം തടയാന്‍ ഏറ്റവും നല്ല ഉപാധിയാണ് കായിക പ്രവര്‍ത്തനങ്ങള്‍. ഈ മേഖലയില്‍ നമ്മുടെ കുട്ടികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കണം. തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നവരെ അതിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കും. അതിനായി അന്താരാഷ്ട്ര നിലവാരമുള്ള കായിക പരിശീലന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് വേണമെന്നും വിഡി സതീശന്‍ പറഞ്ഞു.

ഹോക്കിതാരം ഒളിമ്പ്യന്‍ പി.ആര്‍.ശ്രീജേഷിനെയാണ് മികച്ച കായികതാരമായി തിരഞ്ഞെടുത്തത്. പി.ആര്‍.ശ്രീജേഷിന് വേണ്ടി അദ്ദേഹത്തിന്റെ പരിശീലകന്‍ കെ.ശശിധരന്‍ പുരസ്‌കാരം പ്രതിപക്ഷ നേതാവില്‍ നിന്ന് ഏറ്റുവാങ്ങി. മികച്ച പരിശീലകന്‍ ഗോഡ്സണ്‍ ബാബു(നെറ്റ്ബോള്‍), മികച്ച കായിക അധ്യാപിക യു.പി.സാബിറ, സമഗ്ര കായിക വികസന റിപ്പോര്‍ട്ടര്‍ അന്‍സാര്‍ രാജ്( കേരള കൗമുദി) മികച്ച കായിക റിപ്പോര്‍ട്ടര്‍ അജയ് ബെന്‍(മലയാള മനോരമ കോട്ടയം), മികച്ച കായിക ഫോട്ടോഗ്രാഫര്‍ കെ.കെ.സന്തോഷ്(മാതൃഭൂമി കോഴിക്കോട്), മികച്ച കായിക ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍(ബിനോയ് കേരളവിഷന്‍ തിരുവനന്തപുരം)എന്നിവരും അവാര്‍ഡ് ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ ആഹ്വാനം അനുസരിച്ച് ദേശീയകായിക വേദിയുടെ ആഭിമുഖ്യത്തിലുള്ള ‘കളിയാണ് ലഹരി’ എന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിര്‍വഹിച്ചു.തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ദേശീയകായികവേദി സംസ്ഥാന പ്രസിഡന്‍റ് എസ്.നജ്മുദ്ദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങളില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്.ബാബു, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ജോസഫ് വാഴയ്ക്കന്‍, ചെറിയാന്‍ ഫിലിപ്പ്,ഡിസിസി പ്രസിഡന്‍റ് പാലോട് രവി, ദേശീയകായികവേദി സംസ്ഥാന സെക്രട്ടറി സണ്ണി വി സക്കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

kerala

ചുങ്കത്തറ പഞ്ചായത്ത് ഭരണം യുഡിഎഫിന്

എല്‍ഡിഎഫിന് ഭരണം നഷ്ടമായതിനെ തുടര്‍ന്ന് നുസൈബയുടെ ഭര്‍ത്താവിന് നേരെ സിപിഎം നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു.

Published

on

എല്‍ഡിഎഫ് ഭരിച്ചിരുന്ന ചുങ്കത്തറ പഞ്ചായത്ത് ഭരണം യുഡിഎഫിന്. കോണ്‍ഗ്രസിന്റെ വത്സമ്മ സെബാസ്റ്റ്യനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. സിപിഎം പ്രസിഡന്റിനെ നേരത്തെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു.

എല്‍ഡിഎഫ് 10, യുഡിഎഫ് 10 എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫ് ആയിരുന്നു അധികാരത്തിലുണ്ടായിരുന്നത്. പിന്നീട് യുഡിഎഫിലെ ഒരു അംഗം പി വി അന്‍വറിന്റെ സ്വാധീനത്തില്‍ എല്‍ഡിഎഫിലേക്ക് കൂറുമാറുകയും യുഡിഎഫിന് ഭരണം നഷ്ടമാവുകയുമായിരുന്നു.

പിന്നീട് യുഡിഎഫ് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയതോടെ ഒരംഗത്തെ യുഡിഎഫ് അനുകൂലമായി അന്‍വര്‍ കൂറുമാറ്റുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ അവിശ്വാസ പ്രമേയത്തില്‍ സിപിഎം സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ജയിച്ച നുസൈബ സുധീര്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.

എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാവുകയും വത്സമ്മ സെബാസ്റ്റ്യനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയുമായിരുന്നു. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കായിരുന്നു പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ചുങ്കത്തറയില്‍ പാസായത്.

നുസൈബ സുധീര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പഞ്ചായത്ത് അംഗം എന്ന ചുമതലയുമാണ് രാജിവെച്ചത്. എല്‍ഡിഎഫിന് ഭരണം നഷ്ടമായതിനെ തുടര്‍ന്ന് നുസൈബയുടെ ഭര്‍ത്താവിന് നേരെ സിപിഎം നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു. പാര്‍ട്ടിയെ കുത്തിയാണ് പോകുന്നതെങ്കില്‍ സുധീറും കുടുംബവും ഗുരുതരമായ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നും അതില്‍ യാതൊരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് സുധീറിന്റെ കടയും ആക്രമിച്ചു.

Continue Reading

News

സര്‍ക്കാര്‍ കനിവ് കാട്ടിയില്ല; വിങ്ങിപ്പൊട്ടി കരഞ്ഞ് ആശാവര്‍ക്കര്‍മാര്‍

മുപ്പത്തിയെട്ടു ദിനം നീണ്ട സമരത്തിനോട് സര്‍ക്കാര്‍ അനുഭാവം പ്രകടിപ്പിക്കുമെന്നുള്ള പ്രതീക്ഷ അതോടെ തകര്‍ന്നു.

Published

on

ആശാവര്‍ക്കര്‍മാരുമായി എന്‍ എച്ച് എം ഡയറക്ടര്‍ നടത്തിയ ചര്‍ച്ച ഫലംകണ്ടില്ല. സര്‍ക്കാരുമായി ആശമാര്‍ നടത്തിയ ആദ്യവട്ട ചര്‍ച്ച പരാജയപ്പെട്ടതോടെ  സെക്രട്ടറിയറ്റിനു മുന്നിലെ സമരപന്തല്‍ ശോകമൂകമായി. ആവേശത്തോടെ മുദ്രാവാക്യമുയര്‍ത്തിയ പലരും വിങ്ങിപ്പൊട്ടി. മുപ്പത്തിയെട്ടു ദിനം നീണ്ട സമരത്തിനോട് സര്‍ക്കാര്‍ അനുഭാവം പ്രകടിപ്പിക്കുമെന്നുള്ള പ്രതീക്ഷ അതോടെ തകര്‍ന്നു.

ഉന്നയിച്ച ഒരാവശ്യത്തെക്കുറിച്ചും ചര്‍ച്ച നടന്നില്ലെന്ന് ഹാളിനു പുറത്തു വന്ന സമരസമിതി നേതാക്കള്‍ അറിയിച്ചു. പ്രധാന ആവശ്യങ്ങള്‍ പരിഗണിച്ചതു പോലുമില്ല. ഓണറേറിയം വര്‍ധിപ്പിക്കണം എന്ന ആവശ്യം ചര്‍ച്ച ചെയ്യുവാന്‍ ഡയറക്ടര്‍ തയ്യാറായില്ല. വിരമിക്കല്‍ ആനുകൂല്യത്തെക്കുറിച്ചും ഒരു ചര്‍ച്ചയും ഉണ്ടായില്ല.

സമരം അവസാനിപ്പിക്കണം എന്ന നിര്‍ദ്ദേശമാണ് ഉദ്യോഗസ്ഥര്‍ ആദ്യം തന്നെ മുന്നോട്ടുവച്ചത്. അതേസമയം മന്ത്രിയുമായി ചര്‍ച്ച വേണമെന്ന് ആവശ്യം സമരസമിതിയും മുന്നോട്ടുവച്ചു. എന്നാല്‍ ഇതില്‍ ഒരു ഉറപ്പും നല്‍കിയില്ല. ഒരാവശ്യവും അംഗീകരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. കേവലം കഴിഞ്ഞദിവസം ഇറങ്ങിയ ഉത്തരവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രമാണ് ഹാളില്‍ നടന്നത്

ഖജനാവില്‍ പണമില്ലെന്നതാണ് ഇതേക്കുറിച്ചുള്ള പരാമര്‍ശമായി ചര്‍ച്ചയ്ക്കിടെ വന്നത്. ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ സമയം വേണമെന്നും ഉദ്യോഗസ്ഥര്‍ നിലപാട് എടുത്തു. സമരം ഒത്തുതീര്‍പ്പാകാത്ത സാഹചര്യത്തില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ആ തീരുമാനത്തില്‍ മാറ്റമില്ല. നാളെ രാവിലെ 11 മണി മുതല്‍ നിരാഹാര സമരം ആരംഭിക്കും. ഒട്ടേറെ ആശാ പ്രവര്‍ത്തകര്‍ നിരാഹാര സമരത്തിന് സന്നദ്ധരായിട്ടുണ്ട്. അതിനാല്‍ നറുക്കെടുപ്പിലൂടെ ആകും നിരാഹാര സമരക്കാരെ കണ്ടെത്തുക

ആശമാരുടെ ജീവിത സാഹചര്യങ്ങള്‍ വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ കനിവ് കാട്ടിയില്ല എന്ന് ആശമാര്‍ പരാതിപ്പെട്ടു. ചിലര്‍ വിങ്ങിപ്പൊട്ടി കരഞ്ഞു. എങ്കിലും അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല. കനത്ത മഴയും കടുത്ത വെയിലും ഏറ്റ് ആശാവര്‍ക്കര്‍മാര്‍ അവരുടെ അതിജീവന സമരം തുടരും

Continue Reading

Trending