Connect with us

kerala

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: വ്യാഴാഴ്ചയ്ക്കുമുമ്പ് 55.16 കോടി സ്കൂളുകൾക്ക് നൽകണമെന്ന് ഹൈക്കോടതി

.ഹർജി കഴിഞ്ഞതവണ പരിഗണിച്ചപ്പോൾ കുടിശ്ശികത്തുക മുഴുവൻ 15 ദിവസത്തിനകം നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, സെപ്റ്റംബർ 30 കഴിഞ്ഞിട്ടും കുടിശ്ശികത്തുക പൂർണമായും നൽകിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Published

on

ഉച്ചഭക്ഷണപദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ അനുവദിച്ച 55.16 കോടിരൂപ വ്യാഴാഴ്ചയ്ക്ക് മുന്‍പ് സ്‌കൂളുകള്‍ക്ക് ലഭ്യമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ നേരത്തേ അനുവദിച്ച 100.02 കോടിരൂപയ്ക്കുപുറമേ 55.16 കോടിരൂപകൂടി അനുവദിച്ച് സെപ്റ്റംബര്‍ 30-ന് ഉത്തരവിറക്കിയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചപ്പോഴായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഈ നിര്‍ദേശം.

പ്രധാനാധ്യാപകര്‍ ചെലവാക്കിയ തുക അനുവദിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷനടക്കം നല്‍കിയ ഹര്‍ജികളില്‍ ജസ്റ്റിസ് ടി.ആര്‍. രവിയാണ് ഉത്തരവു നല്‍കിയത്. ഹര്‍ജികള്‍ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ഈ അധ്യയനവര്‍ഷം മുഴുവന്‍ ഉച്ചഭക്ഷണം നല്‍കാന്‍ ഈ തുക മതിയാകുമോയെന്നും ഇല്ലെങ്കില്‍ അധിക തുക എങ്ങനെ കണ്ടെത്തുമെന്നും സര്‍ക്കാര്‍ വിശദീകരിക്കണം. അധ്യാപകര്‍ ഉച്ചഭക്ഷണപദ്ധതിക്കുവേണ്ടി തുക ചെലവിടണോ എന്നതില്‍ ഇതിനുശേഷം തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഉച്ചഭക്ഷണപദ്ധതിയില്‍ സംസ്ഥാനസര്‍ക്കാരിന്റെ വിഹിതം 163.15 കോടിരൂപയാണ്.

ഹര്‍ജി കഴിഞ്ഞതവണ പരിഗണിച്ചപ്പോള്‍ കുടിശ്ശികത്തുക മുഴുവന്‍ 15 ദിവസത്തിനകം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സെപ്റ്റംബര്‍ 30 കഴിഞ്ഞിട്ടും കുടിശ്ശികത്തുക പൂര്‍ണമായും നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് 55.16 കോടിരൂപകൂടി പദ്ധതിക്കുവേണ്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നോഡല്‍ അക്കൗണ്ടിലേക്ക് കൈമാറി ഉത്തരവിറക്കിയതായി സര്‍ക്കാര്‍ അറിയിച്ചത്. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ ഹര്‍ജിയും പരിഗണനയിലുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൂരം കലക്കി നേടിയതാണോ തൃശൂരിലെ ജയം?; കേസ് അന്വേഷിക്കുന്നത് ആരോപണ വിധേയ‍ർ: പി കെ കുഞ്ഞാലിക്കുട്ടി

വ്യക്തമായ ഒരു വിശദീകരണവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും ആരോപണ വിധേയർ തന്നെയാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Published

on

പൂരം കലക്കി നേടിയതാണോ തൃശൂരിലെ ബിജെപിയുടെ ജയമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അവിടെ മത്സരിച്ച സ്ഥാനാർഥികൾ വരെ അത് പറയുന്നുണ്ട്. മുൻ മന്ത്രിവരെ ആ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതിന് വ്യക്തമായ ഒരു വിശദീകരണവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും ആരോപണ വിധേയർ തന്നെയാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘താനൂർ കസ്റ്റഡി കൊലപാതകം മുതൽ തന്നെ പൊലീസിന്റെ വിഷയം ഞങ്ങൾ പറഞ്ഞിരുന്നു. ഇപ്പോൾ ഭരണകക്ഷി എംഎൽഎ പറയുന്നതിന് മുൻപ് ഞങ്ങൾ പറഞ്ഞിട്ടുണ്ട്‌. പൊലീസിനെ വെള്ള പൂശിയിട്ട് കാര്യമില്ല. അതിൽ അന്വേഷണം വേണം. ‍യുഡിഎഫും ലീഗും പ്രക്ഷോഭം തുടരും’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ‍ർക്കാർ പുറത്തിറക്കിയ മെമ്മോറാണ്ടത്തിൽ മുഖ്യമന്ത്രി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് പറ‍‍ഞ്ഞ കുഞ്ഞാലിക്കുട്ടി സംശയത്തിന് ഇട നൽകുന്ന ഒരു ഡോക്യുമെന്റ് പുറത്ത് വരാൻ പടില്ലായിരുന്നുവെന്നും വ്യക്തമാക്കി. അസാധാരണ ആരോപണങ്ങളാണ് പൊലീസിന് നേരിടേണ്ടി വന്നത്. ആരോപണങ്ങളിൽ നിഷ്പക്ഷ അന്വേഷണം വേണം. ആരോപണ വിധേയൻ തന്നെ അന്വേഷിക്കുന്ന അവസ്ഥ വരരുത്. എഡിജിപി അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷിക്കണം.

അൻവർ കോൺഗ്രസുകാരൻ ആണെന്ന് ഇപ്പോൾ മനസ്സിലായത് അല്ലല്ലോ. ആര് പറഞ്ഞു എന്നതല്ല, പറഞ്ഞത് എന്താണ് എന്നതാണ് പ്രധാനം. പി ശശിക്കെതിരെ അന്വേഷണം വേണം. പറഞ്ഞ ആരോപണം ഗൗരവതരമാണ്. പിവി അൻവർ യുഡിഎഫിലേക്ക് എന്നത് ചർച്ചയിലും ചിന്തയിലും ഇല്ല. അത് ഞാൻ മറുപടി പറയേണ്ട കാര്യമല്ല. എം ആർ അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷണം നടത്തണം. അൻവർ ഉന്നയിച്ച കാര്യങ്ങൾ ഗൗരവമുള്ളതാണ്. അതിൽ അന്വേഷണം വേണമെന്നും പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Continue Reading

kerala

പിണറായി സാമൂഹ്യവിരുദ്ധരെയും കള്ളക്കടത്തുകാരെയും സംരക്ഷിക്കുന്ന നിലയിലേക്ക് മാറി -രമേശ് ചെന്നിത്തല

ആര്‍.എസ്.എസ് നേതാക്കളെ എ.ഡി.ജി.പി സന്ദര്‍ശിച്ച വിഷയത്തില്‍ മുഖ്യമന്ത്രി വെള്ളപൂശുന്നു.

Published

on

സമൂഹത്തിലെ എല്ലാ കൊള്ളക്കാരെയും സാമൂഹ്യ വിരുദ്ധരെയും കള്ളക്കടത്തുകാരെയും സംരക്ഷിക്കുന്ന നിലയിലേക്ക് പിണറായി വിജയന്‍ ഭരണകൂടം മാറിയതായി മുഖ്യമന്ത്രിയുടെ ഇന്നത്തെ വാര്‍ത്താസമ്മേളനം വ്യക്തമാക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ഇന്നത്തെ പത്രസമ്മേളനത്തിലൂടെ രണ്ടു കാര്യങ്ങള്‍ വ്യക്തമാകുന്നു. ഒന്ന്, പി. വി അന്‍വര്‍ തെറിക്കും. രണ്ട്, അന്വേഷണത്തിനു ശേഷം വരുന്ന റിപ്പോര്‍ട്ട് എ.ഡി.ജി.പി അജിത് കുമാറിന് അനുകൂലമായിരിക്കും. കാരണം മുഖ്യമന്ത്രി നേരിട്ടു സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു ഉദ്യോഗസ്ഥനെതിരെ റിപ്പോര്‍ട്ട് എഴുതാന്‍ ആര്‍ക്കും ധൈര്യമുണ്ടാവില്ല.

അന്‍വര്‍ കോണ്‍ഗ്രസുകാരനാണെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. നിലമ്പൂരില്‍ രണ്ടു വട്ടം സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ മുഖ്യമന്ത്രിക്ക് ഇക്കാര്യം ഓര്‍മയുണ്ടായിരുന്നില്ലേ.. ഇത്ര കാലവും കൊണ്ടു നടന്ന അന്‍വറിനെ ഇപ്പോള്‍ തള്ളിപ്പറയുന്നു. ഇനി പുറത്താക്കലാണ് അടുത്ത നടപടി. അതുടന്‍ പ്രതീക്ഷിക്കാം.

കൊള്ളക്കാരായ മുഴുവന്‍ പേരെയും സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. ഒരാള്‍ ആരോപണവിധേയനാണെങ്കില്‍ അയാളെ മാറ്റിനിര്‍ത്തിയാണ് അന്വേഷണം നടത്തേണ്ടത്. അതിനു പകരം എ.ഡി.ജി.പിക്കു താഴെയുള്ള ഉദ്യോഗസ്ഥരെ തന്നെ അന്വേഷണം ഏല്‍പിച്ചു. ആര്‍.എസ്.എസ് നേതാക്കളെ എ.ഡി.ജി.പി സന്ദര്‍ശിച്ച വിഷയത്തില്‍ മുഖ്യമന്ത്രി വെള്ളപൂശുന്നു. കാരണം മുഖ്യനു വേണ്ടിയാണ് കൂടിക്കാഴ്ച. ഇയാള്‍ക്ക് സ്വര്‍ണക്കടത്തും കൊലപാതകത്തിലും പങ്കുണ്ടെന്ന്‌ പറഞ്ഞ്‌ ഭരണകക്ഷി എം.എ.ല്‍എയെ തള്ളിപ്പറഞ്ഞ് എ.ഡി.ജി.പിയെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി.

തൃശൂര്‍ പൂരം അന്വേഷണ ഉത്തരവ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും നമ്പര്‍ മാത്രമായിരുന്നുവെന്ന് വ്യക്തമായിരിക്കുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ക്കുമെന്ന് ഉറപ്പ് പറഞ്ഞതാണ് സര്‍ക്കാര്‍. അഞ്ചു മാസം കഴിഞ്ഞ് പൂരം കലക്കിയെന്ന് ആരോപണമുയര്‍ന്നപ്പോള്‍ 24 ന് റിപ്പോര്‍ട്ട് നല്‍കുമെന്നു പറയുന്നു. ആരെയാണ് ഈ മുഖ്യമന്ത്രി ഇങ്ങനെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്. തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണം.

ദാവൂദ് ഇബ്രാഹിമിന്റെ ജോലി ചെയ്യുന്ന പൊളിറ്റിക്കല്‍ സെക്രട്ടറിയെ സംരക്ഷിക്കുന്നു. അന്വേഷിക്കുക പോലും ചെയ്യാതെയാണ് മുഖ്യമന്ത്രി ക്ലീന്‍ ചിറ്റ് കൊടുത്തത്. എഴുതിക്കൊടുത്താല്‍ അന്വേഷിക്കുമെന്നു പാര്‍ട്ടി സെക്രട്ടറി പറയുന്നതനുസരിച്ച് എഴുതിക്കൊടുത്തിട്ടും അന്വേഷണമില്ല.

ഇന്നത്തെ വാര്‍ത്താസമ്മേളനം ജനങ്ങളെ കബളിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള പാഴ് വേല മാത്രമാണ്. ഉയര്‍ന്നു വന്ന ഒരാരോപണത്തിനും മറുപടി പറയാതെ ന്യായീകരിക്കുകയും അത് പോലീസുകാരുടെ മനോവീര്യത്തെ കെടുത്താനുള്ള പദ്ധതിയാണെന്നും പറയുന്നു. പണ്ട് ശിവശങ്കറിനെതിരെ സ്പ്രിങ്ളര്‍ ആരോപണം ഉയര്‍ത്തിയപ്പോള്‍ അന്നും ഇതേ മുഖ്യമന്ത്രി ന്യായീകരിച്ചത് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനാണ് എന്നായിരുന്നു. ഇപ്പോള്‍ ആശിവശങ്കരന്‍ എത്ര കാലമായി ജയിലിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഞങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം ശരിയെന്നു തെളിഞ്ഞിരിക്കുന്നു.

മാധ്യമവേട്ടയാണ് കേരളത്തിലെ മുഖ്യമന്ത്രി ആ സ്ഥാനത്തിരുന്ന് നടത്തിയത്. അത് അങ്ങേയറ്റം അപലപനീയമാണ്. പിണറായി വിജയനെ പേടിച്ച് മാധ്യമങ്ങള്‍ വാമൂടിക്കെട്ടണം എന്നതിനോട് യോജിക്കാനില്ല. മാധ്യമങ്ങള്‍ നിര്‍ഭയം പ്രവര്‍ത്തനം തുടരും. ഇത് കേരളമാണ്. സി.പി.ഐ നേതാക്കള്‍ക്ക് ഒരു വിലയിലുമില്ല എന്നു മുഖ്യമന്ത്രി വീണ്ടും വീ്ണ്ടും തെളിയിക്കുന്നു. സുനില്‍കുമാറിന്റെ വാക്കിന് പഴയ കീറച്ചാക്കിന്റെ വില പോലുമില്ല.

വാര്‍ത്താസമ്മേളനത്തില്‍ ജയറാം പടിക്കലിന്റെ കഥയൊന്നും പറഞ്ഞ് വഴിതിരിച്ചു വിട്ടിട്ടു കാര്യമില്ല. അതുപറയാനാണെങ്കില്‍ അടിയന്തിരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞടുപ്പില്‍ കെജി മാമാര്‍ പിണറായിക്കു വേണ്ടി വോട്ടു പിടിച്ച കഥ പറയേണ്ടി വരും. പിണറായി വിജയന് അന്ന് ബി.ജെ.പി പിന്തുണ ലഭിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹം എം.എല്‍.എ പോലുമാവില്ലായിരുന്നു. അതൊന്നുമല്ല ഇവിടെ വിഷയം. മുഖ്യമന്ത്രി ആരോ എഴുതിക്കൊടുത്തത് നോക്കിവായിച്ചുകൊണ്ടിരിക്കുകയാണ്.

സാലറി ചലഞ്ചിനെ അട്ടിമറിക്കാന്‍ ഞാന്‍ പ്രതിപക്ഷനേതാവായിരുന്ന കാലത്ത് ശ്രമിച്ചതായി മുഖ്യമന്ത്രി ആരോപണമുയര്‍ത്തിക്കണ്ടു. പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടി വിഷയം മാറ്റിവിടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ബലമായി ശമ്പളം പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ഘട്ടത്തിലാണ് ഇടപെടേണ്ടി വന്നത്. അതൊഴിച്ചാല്‍ പ്രളയത്തിലും എല്ലാ ദുരന്തങ്ങളിലും പ്രതിപക്ഷം സര്‍ക്കാരിനൊപ്പം തന്നെ നിന്നിട്ടുണ്ട്.

വയനാട് ദുരന്തത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം ആദ്യം പ്രഖ്യാപിച്ചത് ഞാനാണ്. പക്ഷേ ഏതു ഫണ്ട് ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചാലും നോക്കി നില്‍ക്കില്ല. ശക്തമായി തന്നെ ഇടപെടും. മുഖ്യമന്ത്രിയുടെ ഫണ്ട് വെട്ടിച്ച നേതാക്കള്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല എന്നോര്‍ക്കണം – രമേശ് ചെന്നിത്തല പറഞ്ഞു.

Continue Reading

kerala

‘ഒറ്റ തെരഞ്ഞെടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും’ യൂത്ത് ലീഗ് സി.എച്ച് അനുസ്മരണസെമിനാർ 28 ന്

‘ഒറ്റ തെരഞ്ഞെടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും’ എന്ന വിഷയത്തിലാണ് സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം യൂത്ത് ലീഗ് ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കുക.

Published

on

ഇന്ത്യൻ ജനാധിപത്യ മതേതര ആശയങ്ങളെ ജനകീയമാക്കുന്നതിൽ തുല്യതയില്ലാത്ത പങ്ക് വഹിച്ച മുൻ മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ഓർമ ദിനമായ സെപ്തംബർ 28 ന് ജില്ല തലത്തിൽ സെമിനാർ സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. ‘ഒറ്റ തെരഞ്ഞെടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും’ എന്ന വിഷയത്തിലാണ് സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം യൂത്ത് ലീഗ് ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കുക. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന യുവജാഗരൺ ക്യാമ്പയിന്റെ ഭാഗമായാണ് അനുസ്മരണ സെമിനാർ നടത്തുന്നത്.

സ്വതന്ത്ര ഭാരതത്തിൽ ഭരണഘടനയാൽ സ്ഥാപിതമായ ഫെഡറിലിസത്തിന്റെ അന്തസത്തയെ ഇല്ലായ്മ ചെയ്യുന്ന ഫാഫിസ്റ്റ് ആശയമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിലൂടെ കേന്ദ്ര ഭരണകൂടം വിഭാവനം ചെയ്യുന്നതെന്നും ഇതിനെതിരെ ജനാധിപത്യ ഇന്ത്യൻ വിചാരം ശക്തിപ്പെടുത്തുന്നതിനാണ് ജില്ലാ തലങ്ങളിൽ സെമിനാർ നടത്തുന്നതെന്നും മുനവ്വറലി തങ്ങളും ഫിറോസും തുടർന്നു. ഇന്ത്യൻ ഫെഡറലിസം എറ്റവും വലിയ ഫെഡറൽ സംവിധാനങ്ങളിലൊന്നാണ്. രാജ്യത്ത് ദേശീയ, സംസ്ഥാന ,പ്രദേശിക തലങ്ങളിൽ ജനാധിപത്യ സർക്കാറുകൾക്ക് ഭരണഘടന നൽകുന്ന അധികാരങ്ങളെയും സ്വതന്ത്ര ചുമതലകളെയും ഇല്ലായ്മ ചെയ്യുന്നതും ഏകതാ സംവിധാനത്തിലേക്ക് മാറ്റുക വഴിയുണ്ടാകുന്ന പ്രത്യാഘാതങ്ങളും ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്നതാണ്. ഇന്ത്യയിൽ ഫെഡറലിസം കേന്ദ്രം-സംസ്ഥാന സമവാക്യത്തിൽ അധിഷ്ഠിതമാണ്.

കേന്ദ്രവും സംസ്ഥാനങ്ങളും തങ്ങൾക്ക് നൽകിയ അധികാര മേഖലയിൽ സ്വാതന്ത്ര്യത്തോടെയുള്ള പ്രവർത്തനമെന്നതാണ് ഇതിൻറെ പ്രധാന ലക്ഷ്യം. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പ്രകാരം, സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് സമയക്രമം കേന്ദ്രത്തിന്റെതുമായി ബന്ധിപ്പിക്കേണ്ടിവരും. ഇതു സംസ്ഥാനങ്ങളുടെ ഭരണസൗകര്യത്തെ ബാധിക്കും. ഇന്ത്യയുടെ ഭൂപ്രദേശവും, സംസ്‌കാരങ്ങളുടെ വൈവിധ്യവും പരിഗണിച്ച് ഫെഡറലിസം ജനാധിപത്യത്തിന്റെ നെട്ടല്ലാണ്.

സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പരിസ്ഥിതികളും , പ്രത്യേകതകളും മാറിമറിയുന്ന സാഹചര്യങ്ങളും വ്യത്യസ്തമാണ്. സംസ്ഥാന സർക്കാരുകൾ മുടങ്ങുകയോ താഴുകയോ ചെയ്താൽ, തിരഞ്ഞെടുപ്പ് വേളകൾ നിർബന്ധമായും മാറ്റേണ്ടിവരും. ഒരേ സമയത്ത് പാർലമെന്റിന്റെയും സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, ദേശീയ വിഷയങ്ങൾ സ്ഥാനപ്രാധാന്യം നേടും.

സംസ്ഥാന ചർച്ചകൾ, പ്രാദേശിക പ്രശ്നങ്ങൾ, അവരുടെ അഭ്യർത്ഥനകൾ പരിഗണിക്കപ്പെടാതെ പോവാൻ ഇത് കാരണമാവുകയും ഭരണത്തിൽ ഇത് പ്രതിഫലിക്കുകയും ചെയ്യുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. കോർപ്പറേഷൻ കൗൺസിലർ മുതൽ ഇന്ത്യൻ പാർലിമെൻറ് വരെയുള്ള ഭരണ സംവിധാനങ്ങളിൽ പങ്കാളിത്തം വഹിച്ച മികച്ച ഭരണാധികാരിയുടെ സ്മരണയിൽ വർത്തമാന ഇന്ത്യൻ രാഷ്ടീയം ചർചചെയ്യുന്ന സെമിനാർ വിജയിപ്പിക്കുവാൻ നേതാക്കൾ അഭ്യർത്ഥിച്ചു.

Continue Reading

Trending