കായംകുളം: സി.പി.എം നിയന്ത്രണത്തിലുള്ള കണ്ടല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് വിഷയത്തില്‍ ജീവനക്കാര്‍ക്ക് എതിരെയുള്ള നടപടി പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമാക്കുന്നു. ഏരിയ സെന്റര്‍ അംഗം പ്രസിഡന്റായ ബാങ്കിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങളടക്കം കൂട്ടരാജി നല്‍കിയതോടെ സി.പി.എം പ്രതിരോധത്തിലായി. നേതൃത്വ നടപടികളില്‍ പ്രതിഷേധിച്ച് 5ലോക്കല്‍ കമ്മിറ്റി അംഗങ്ങളും 2 ബ്രാഞ്ച് സെക്രട്ടറിമാരും നിരവധി പാര്‍ട്ടി മെമ്പര്‍മാരുമാണ് രാജി നല്‍കിയിരിക്കുന്നത്. ബാങ്കിന് അരക്കോടിയോളം രൂപ നഷ്ടം വന്ന സ്വര്‍ണ പണയ തട്ടിപ്പ് കേസില്‍ ജീവനക്കാരെ ബലിയാടാക്കി നേതാക്കള്‍ രക്ഷപ്പെടുകയാണെന്നാണ് രാജിവെച്ചവരുടെ ആരോപണം.
ബാങ്ക് ചീഫ് അകൗണ്ടന്റ് ഉല്ലാസ് ഭാനു, അകൗണ്ടന്റുമാരായ അമ്പിളി, റേച്ചല്‍ പോള്‍, സീനിയര്‍ ക്ലാര്‍ക്കുമാരായ എന്‍.എസ്. ജയലക്ഷ്മി, കെ. രാഹുല്‍ എന്നിവരെയാണ് അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിട്ടത്. ഇതില്‍ ജയലക്ഷ്മി പുതിയവിള ലോക്കല്‍ കമ്മിറ്റി അംഗമാണ്. ഇവരെ കൂടാതെ ആര്‍. വിജയകുമാര്‍, സുരേന്ദ്ര ബാബു, സലിംലാല്‍, ബാബു എന്നിവരാണ് ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും രാജി നല്‍കിയത്. ഇവരോട് അനുഭാവം പ്രകടിപ്പിച്ച് വേലഞ്ചിറ വടക്ക് ബ്രാഞ്ച് സെക്രട്ടറി ബാബു കുട്ടന്‍, ഇടച്ചന്ത സെക്രട്ടറി ദിമിത്രോവ് എന്നിവരും നിരവധി പാര്‍ട്ടി അംഗങ്ങളും രാജി നല്‍കിയതായി അറിയുന്നു.
ഭരണ സമിതിയുടെ വീഴ്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടും വിഷയം ജീവനക്കാരുടെ തലയില്‍ ചാര്‍ത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നാണ് രാജിവെച്ചവര്‍ പറയുന്നത്. പാര്‍ട്ടിക്കുള്ളില്‍ ഏറെനാളായി നിലനില്‍ക്കുന്ന വിഭാഗീയതയും വിഷയത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ ജീവനക്കാര്‍ക്കെതിരെ സംഘം പ്രസിഡന്റ് സ്വീകരിച്ച അച്ചടക്ക നടപടി ഹൈകോടതി റദ്ദാക്കിയിരുന്നു.
തുടര്‍ന്നാണ് അഭിഭാഷക കമീഷനെ നിയോഗിച്ച് പുതിയ നീക്കം നടത്തിയത്.സി.പി.എം ഏരിയ സെന്റര്‍ അംഗം കൂടിയായ അഡ്വ. സുനില്‍കുമാറാണ് ബാങ്കിന്റെ പ്രസിഡന്റ്. 201618 വര്‍ഷം പണയത്തിലിരുന്ന സ്വര്‍ണ ഉരുപ്പടികള്‍ ഉടമകളറിയാതെ വിറ്റഴിച്ചത് ബാങ്കിന് ഭീമമായ നഷ്ടത്തിന് കാരണമായിരുന്നു. 250ലധികം പണയ ഉരുപ്പടികള്‍ മറിച്ചുവിറ്റതിന് പിന്നില്‍ വന്‍ അഴിമതി നടന്നതായ ചര്‍ച്ച സജീവമായിരുന്നു.
പണയ ഉരുപ്പടികള്‍ തിരിച്ചെടുത്തതായി ഇടപാടുകാരുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികള്‍ വില്‍ക്കുമ്പോള്‍ പിഴപ്പലിശയടക്കം 14,15 ശതമാനം പലിശയാണ് ഈടാക്കേണ്ടത്. ഇതിനു വിരുദ്ധമായി ഏഴും എട്ടും ശതമാനം മാത്രം ഈടാക്കിയതായാണ് ബാങ്കിലെ രേഖയില്‍ ചേര്‍ത്തിട്ടുളളത്. ഭരണസമിയുടെ അറിവോടെയായിരുന്നു തിരിമറി നടന്നത്. മുന്‍ ഭരണ സമിതിയുടെ കാലത്ത് നടന്ന അഴിമതി ഓഡിറ്റിലൂടെ കണ്ടെത്തിയതോടെ നേതാക്കള്‍ വെട്ടിലായി.
നഷ്ടം മുന്‍ സെക്രട്ടറിയും ഭരണസമിതിയും വഹിക്കണമെന്നായിരുന്നു ഓഡിറ്റ് നിര്‍ദേശം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. ബാങ്കിന് സംഭവിച്ച നഷ്ടം ജീവനക്കാര്‍ വഹിക്കണമെന്നായിരുന്നു പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നിര്‍ദ്ദേശം. എന്നാല്‍ നേതാക്കള്‍ നടത്തിയ അഴിമതിക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്ന നിലപാടാണ് ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പടെയുള്ള ഒരുവിഭാഗം ജീവനക്കാര്‍ സ്വീകരിച്ചത്. ഇതുമായി ബന്ധമില്ലാത്ത ജീവനക്കാരെ വരെ ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ചേരിതിരിവ് രൂക്ഷമാക്കാന്‍ കാരണമാക്കി.
സംഭവം വിവാദമായപ്പോള്‍ സെക്രട്ടറി, ചീഫ് അക്കൗണ്ട് അടക്കം ഒമ്പത് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് തലയൂരാന്‍ ശ്രമിച്ച പ്രസിഡന്റിന്റെ നീക്കത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി നേരിട്ടതോടെ വാശി വര്‍ധിച്ചു. ഇതോടെയാണ് അഡ്വ. കെ. അനിലിനെ കമ്മീഷനായി നിയോഗിച്ച് റിപ്പോര്‍ട്ട് വാങ്ങി നടപടിയിലേക്ക് കടന്നത്. മൂന്ന് ജീവനക്കാര്‍ പണം തിരികെയടച്ച് ജോലിയില്‍ കയറിയിരുന്നു.
സെക്രട്ടറി വിരമിച്ചു. ബാക്കിയുള്ളവര്‍ക്ക് എതിരെയാണ് നടപടിയുണ്ടായത്. ഇതിനിടെ വിഷയം തങ്ങളുമായി ചര്‍ച്ച ചെയ്തില്ലന്നാണ് ലോക്കല്‍ കമ്മിറ്റി നേതാക്കളുടെ ആക്ഷേപം. കൂടാതെ വിഷയം പഠിക്കാന്‍ നിയോഗിച്ച ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ എ. മഹേന്ദ്രന്‍, അഡ്വ. കെ.എച്ച്. ബാബുജാന്‍ എന്നിവരുടെ കമീഷന്‍ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പുള്ള നടപടിയും ചര്‍ച്ചക്ക് കാരണമാകുകയാണ്. എന്നാല്‍ നിയമപ്രകാരമുള്ള നടപടിയാണ് സ്വീകരിച്ചതെന്നാണ് ഭരണ സമിതിയുടെ വാദം.