Connect with us

india

മണിപ്പൂരില്‍ വെടിവെപ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു; 7പേര്‍ക്ക് പരിക്ക്‌

ചൊവ്വാഴ്ച ബിഷ്ണുപൂർ ജില്ലയിലെ നരൈൻസേനയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള കനത്ത വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ഗ്രാമീണ പ്രതിരോധ സേനാംഗമാണ് കൊല്ലപ്പെട്ട മറ്റൊരാൾ.

Published

on

നാലുമാസമായി തുടരുന്ന മണിപ്പൂരിലെ വംശീയ കലാപത്തിൽ ഇന്ന് രണ്ടുപേർ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ബിഷ്ണുപൂർ ജില്ലയിലെ നരൈൻസേനയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള കനത്ത വെടിവെപ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ഗ്രാമീണ പ്രതിരോധ സേനാംഗമാണ് കൊല്ലപ്പെട്ട മറ്റൊരാൾ. ഇയാളുടെ കൈവശമുണ്ടായിരുന്ന ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ചാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഏഴ് പേരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

അതിനിടെ ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ ജില്ലകളിൽ നടത്തിയ തെരച്ചിലിൽ വിവിധ സംഘടനകളിൽപ്പെട്ട നാല് തീവ്രവാദികളെ പിടികൂടിയതായും ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു. അറസ്റ്റിലായവരിൽ 2 പേർ എൻഎസ്‌സിഎൻ-ഐഎം, പീപ്പിൾസ് ലിബറേഷൻ ആർമി  പ്രവർത്തകരും, രണ്ടുപേർ കൻഗ്ലീപക് കമ്മ്യൂണിസ്റ്റ് പാർട്ടി  പ്രവർത്തകരുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബിഷ്ണുപൂർ, തൗബൽ ജില്ലകളിലെ ഓപ്പറേഷനിൽ ഏഴ് തോക്കുകൾ, 25 വെടിക്കോപ്പുകൾ, ഒമ്പത് ബോംബുകൾ എന്നിവയും കണ്ടെടുത്തു.

india

പാലക്കാടിന് പിന്നാലെ ആലപ്പുഴയിലും ക്രിസ്മസ് ആഘോഷത്തിന് നേരെ ഭീഷണിയുമായി ആര്‍.എസ്.എസ്

വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഹരിപ്പാട് മുതുകുളം വെട്ടത്തുമുക്ക് ജങ്ഷനിലാണ് സംഭവം നടന്നത്.

Published

on

പാലക്കാടിന് പിന്നാലെ ആലപ്പുഴയിലെ മുതുകുളത്ത് ക്രിസ്മസ് സന്ദേശം നല്‍കാനെത്തിയ സംഘത്തെ ഭീഷണിപ്പെടുത്തി ആര്‍.എസ്.എസ് നേതാവ്. ആര്‍.എസ്.എസ് കാര്‍ത്തികപ്പള്ളി താലൂക്ക് കാര്യവാഹക് രതീഷ് കുമാറാണ് ഭീഷണി മുഴക്കിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഹരിപ്പാട് മുതുകുളം വെട്ടത്തുമുക്ക് ജങ്ഷനിലാണ് സംഭവം നടന്നത്. കാരിച്ചാല്‍ ആശാരുപറമ്പില്‍ നെല്‍സണ്‍ എ. ലോറന്‍സ്, അജയന്‍, ആല്‍വിന്‍ എന്നിവരെയാണ് ആര്‍.എസ്.എസ് നേതാവ് ഭീഷണിപ്പെടുത്തിയത്.

പരിപാടിയിലേക്ക് കടന്നുകയറിയ രതീഷ് മൈക്ക് ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. പരിപാടി നിര്‍ത്താന്‍ ആവശ്യപ്പെട്ട് ഇയാള്‍ ബഹളം വെക്കുകയും ചെയ്തു. അല്ലാത്തപക്ഷം വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും ആളെ കൂട്ടുമെന്നുമാണ് രതീഷ് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ക്രിസ്മസ് സന്ദേശം മാത്രമാണ് തങ്ങള്‍ നല്‍കുന്നതെന്നും എല്ലാ വര്‍ഷവും ഇത് ചെയ്യാറുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. എന്നാല്‍ പരിപാടി അവസാനിക്കുന്നത് വരെ രതീഷ് ഭീഷണി ഉയര്‍ത്തുകയായിരുന്നു.

സംഘാടകരില്‍ ഒരാളായ നെല്‍സണ്‍ പരിപാടി തത്സമയം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ താന്‍ ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹക് ആണെന്ന് രതീഷ് പറയുന്നതായി കാണാം. സംഭവത്തില്‍ പരാതി നല്‍കുമെന്ന് നെല്‍സണ്‍ അറിയിച്ചു. വെള്ളിയാഴ്ച പാലക്കാട് നല്ലേപ്പിള്ളിയില്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ കേസില്‍ മൂന്ന് വി.എച്ച്.പി പ്രവര്‍ത്തകര്‍ ഇന്നലെ അറസ്റ്റിലായിരുന്നു.

വി.എച്ച്.പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, ജില്ലാ സംയോജക് വി. സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെ ചിറ്റൂര്‍ നല്ലേപ്പിള്ളി ഗവണ്‍മെന്റ് യു.പി സ്‌കൂളിലാണ് സംഭവം നടന്നത്. പ്രതികള്‍ സ്‌കൂളിലെത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.

സ്‌കൂള്‍ കുട്ടികളെ കരോള്‍ വസ്ത്രമണിയിച്ച് റാലി നടത്തിയതിനെ ചോദ്യം ചെയ്താണ് വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികള്‍ രംഗത്തെത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ എന്നിവര്‍ ചിറ്റൂരില്‍ ഇന്ന് പ്രതിഷേധ കരോള്‍ സംഘടിപ്പിച്ചു. നേരത്തെ പ്രസ്തുത കേസ് ബി.ജെ.പി സംസ്ഥാന നേതൃത്വം യുവമോര്‍ച്ച മുഖേന അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Continue Reading

india

ശൈശവ വിവാഹം; അസമില്‍ 416 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

അതേസമയം പങ്കാളികള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുവതികള്‍ ആത്മഹത്യ ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടുകള്‍

Published

on

ശൈശവ വിവാഹത്തിന്റെ പേരില്‍ അസമില്‍ 416 പേരെ സംസ്ഥാന പൊലീസ് അറസ്റ്റ് ചെയ്തു. 2025 അവസാനത്തോടെ സംസ്ഥാനത്ത് ശൈശവ വിവാഹം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

സംസ്ഥാനത്ത് നടന്ന മൂന്നാംഘട്ട പരിശോധനയില്‍ 345 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഇനിയും അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അസം ഡി.ജി.പി ജ്ഞാനേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. നിലവില്‍ അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പ്രതാപ് സിങ് അറിയിച്ചു.

2023 ഫെബ്രുവരിയില്‍ നടന്ന പരിശോധനയില്‍ സംസ്ഥാനത്ത് 3425 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടിരുന്നു. 4387 കേസുകളാണ് ഈ കാലയളവിനിടെ രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബറില്‍ നടന്ന രണ്ടാംഘട്ട പരിശോധനയില്‍ 13 പ്രതികളെ അറസ്റ്റ് ചെയ്യുകയും 682 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.

ഇതുവരെ നടന്ന പരിശോധനയില്‍ 5,348 കേസുകള്‍ അസമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 5,842 പേര്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്.അതേസമയം പങ്കാളികള്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുവതികള്‍ ആത്മഹത്യ ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Continue Reading

crime

യു.പിയില്‍ അഴുക്കുചാലില്‍ നാലുവയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാര്‍ക്കും മാതാപിതാക്കള്‍ക്കും സാധിച്ചില്ല. 

Published

on

ഉത്തര്‍പ്രദേശില്‍ നാലുവയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തുള്ള അഴുക്കുചാലില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രാംപൂര്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കുട്ടിയെ കാണാതായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാര്‍ക്കും മാതാപിതാക്കള്‍ക്കും സാധിച്ചില്ല.

കെമ്രി മേഖലയിലെ ഗംഗാപൂര്‍ കാഡിം ഗ്രാമത്തില്‍ നിന്നാണ് കുട്ടിയെ കാണാതായതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അതുല്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഞായറാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ അയല്‍വാസികളാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കി.

സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ ലഭിക്കുള്ളുവെന്നും പൊലീസ് പറഞ്ഞു.

പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച ഉദ്യോഗസ്ഥര്‍, സ്ഥലത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്നും പറഞ്ഞു. ഗ്രാമത്തില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ ഗ്രാമത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കെമ്രി മേഖലയില്‍ സുരക്ഷാസേനയെ വിന്യസിച്ചത്.

Continue Reading

Trending