Connect with us

crime

ബലാത്സംഗ കൊലയ്ക്ക് വധശിക്ഷ; ‘അപരാജിത ബിൽ’ പാസാക്കി പശ്ചിമ ബംഗാൾ

ബിജെപി നേതാവും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ബില്ലില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും സഭ അംഗീകരിച്ചില്ല.

Published

on

ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ ഉറപ്പാക്കുന്ന ബലാത്സംഗ വിരുദ്ധ ബില്‍ ഏകകണ്ഠമായി പാസാക്കി പശ്ചിമബംഗാള്‍ നിയമസഭ. അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024, എന്ന തലക്കെട്ടില്‍, ബലാത്സംഗം, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകള്‍ അവതരിപ്പിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ശക്തിപ്പെടുത്താനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പരോളില്ലാതെ ജീവപര്യന്തം തടവ് നല്‍കാനും, ബലാത്സംഗത്തിന് ഇരയായ വ്യക്തി മരിച്ചാല്‍ പ്രതിക്ക് വധശിക്ഷ നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ബിജെപി നേതാവും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ബില്ലില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും സഭ അംഗീകരിച്ചില്ല. ഇതോടെ കൂട്ട ബലാത്സംഗം, ലൈംഗികാതിക്രമങ്ങള്‍, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കേന്ദ്ര നിയമങ്ങളില്‍ ഭേദഗതി വരുത്തുന്ന ആദ്യ സംസ്ഥാനമായി ബംഗാള്‍ മാറി.

കഴിഞ്ഞ മാസം കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തൃണമൂല്‍ സര്‍ക്കാര്‍ നിയമസഭയുടെ രണ്ട് ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ച് ബില്‍ അവതരിപ്പിച്ചത്. നിയമസഭ അംഗീകാരം ലഭിച്ചതോടെ ബില്‍ ഇനി ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിനും തുടര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും അംഗീകാരത്തിനായി അയക്കും.

ബില്‍ മാതൃകാപരവും ചരിത്രപരവുമാണെന്നായിരുന്നു മമതയുടെ പ്രതികരണം. അതേസമയം, ബി.ജെ.പിയും ബില്ലിനെ സ്വാഗതം ചെയ്തു. എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള എല്ലാ കര്‍ശന വ്യവസ്ഥകളും ഭാരതീയ ന്യായ് സംഹിതയിലും ഉണ്ടെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടി. ബില്ലില്‍ ഏഴ് ഭേദഗതികള്‍ ആവശ്യപ്പെട്ടാണ് സുവേന്ദു അധികാരി പ്രമേയം അവതരിപ്പിച്ചത്.

ബില്ലിനെക്കുറിച്ച് സംസാരിക്കവേ, ബില്ലിന് അനുമതി നല്‍കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടണമെന്ന് മമത ബാനര്‍ജി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയോട് ആവശ്യപ്പെട്ടു. ‘ഈ ബില്ലിലൂടെ, കേന്ദ്ര നിയമനിര്‍മ്മാണത്തിലെ പഴുതുകള്‍ അടയ്ക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ബലാത്സംഗം മനുഷ്യരാശിക്കെതിരായ ശാപമാണ്, അത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സാമൂഹിക പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്,’ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.

crime

കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി കാമറ; യുവാവ് പിടിയില്‍

ഡ്രസിങ് റൂമില്‍ നിന്നും കണ്ടെടുത്ത ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു

Published

on

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നഴ്‌സുമാർ ഡ്രസ് മാറുന്ന മുറിയിൽ ഒളികാമറ വെച്ച നഴ്സിങ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയിൽ. മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫിനെ ഗാന്ധിനഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

കോട്ടയം മെഡിക്കല്‍ കോളജ് ബിഎസ്സി നഴ്‌സിങ് പൂര്‍ത്തിയാക്കിയ ആന്‍സണ്‍ ഒരു മാസം മുന്‍പാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശീലനത്തിലായി എത്തിയത്. ആന്‍സണിന് ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ആക്കിയ നിലയില്‍ ഫോണ്‍ കണ്ടെത്തിയത്. ഉടന്‍ വിവരം അധികൃതരെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഡ്രസിങ് റൂമില്‍ നിന്നും കണ്ടെടുത്ത ഫോണ്‍ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ഗാന്ധി നഗര്‍ പൊലീസ് അറിയിച്ചു.

Continue Reading

crime

കര്‍ണാടകയില്‍ ഇസ്രാഈലി വനിതയടക്കം രണ്ട് പേര്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവം: ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് തീവ്ര ഹിന്ദുത്വ വാദികള്‍

ഹിന്ദുത്വവാദികള്‍ ഇസ്രാഈലി യുവതി ബലാത്സംഗത്തിനിരയായത് പ്രത്യേകം എടുത്തുകാണിക്കുകയും കുറ്റകൃത്യത്തെ ഇസ്രാഈല്‍- ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധിപ്പിക്കുകയും ചെയ്തു.

Published

on

കര്‍ണാടകയില്‍ ഇസ്രാഈലി വനിതയും ഹോംസ്‌റ്റേ ഉടമയും കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് ഹിന്ദുത്വ വാദികള്‍. കര്‍ണാടകയിലെ ഗംഗാവതിയിലെ സനാപൂര്‍ തടാകത്തിന് സമീപമാണ് 27 കാരിയായ ഇസ്രാഈല്‍ ടൂറിസ്റ്റും ഹോംസ്‌റ്റേ ഉടമയും ഉള്‍പ്പെടെ രണ്ട് സ്ത്രീകളെ ചിലര്‍ ക്രൂരമായി ആക്രമിച്ച് കൂട്ടബലാത്സംഗം ചെയ്തത്.

വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ, ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദുത്വ വാദികള്‍ അപകടകരമായ വിദ്വേഷ പ്രചാരണം ആരംഭിച്ചു.

തീവ്ര ഹിന്ദുത്വവാദികള്‍ ഇസ്രാഈലി യുവതി ബലാത്സംഗത്തിനിരയായത് പ്രത്യേകം എടുത്തുകാണിക്കുകയും കുറ്റകൃത്യത്തെ ഇസ്രാഈല്‍- ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഫലസ്തീനിലെ മുസ്‌ലിംകള്‍ക്ക് വേണ്ടി ഇസ്രഈലിനോടുള്ള പ്രതികാരമായാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ ഈ കുറ്റകൃത്യം ചെയ്തതെന്ന് അവര്‍ ആരോപിച്ചു.

തങ്ങളുടെ തെറ്റായ അവകാശവാദങ്ങള്‍ സാധൂകരിക്കുന്നതിനായി ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ക്ക് ഇസ്രാഈലികളോട് വെറുപ്പാണെന്നവര്‍ ആരോപിക്കുകയും ചെയ്തു. മുസ്‌ലിംകളാണ് ഇസ്രാഈല്‍ പൗരന്മാരെ ആക്രമിക്കാന്‍ ആഗ്രഹിക്കുന്നവരെന്നും അവര്‍ വാദിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ടാഗ് ചെയ്ത് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നിരവധി അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ഇതേ അടിക്കുറിപ്പുകളോടെ പോസ്റ്റുകള്‍ അപ്‌ലോഡ് ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ കുപ്രസിദ്ധനായ, എക്‌സ്ഹാന്‍ഡ്‌ലറായ മിസ്റ്റര്‍ സിന്‍ഹയാണ് ഇത്തരം പ്രചാരണങ്ങളില്‍ സുപ്രധാനി.

‘കര്‍ണാടകയില്‍ ഒരു ഇസ്രാഈലി വിനോദസഞ്ചാരിയും ഒഡീഷയില്‍ നിന്നുള്ള ഒരു സ്ത്രീയും ബലാത്സംഗത്തിന് ഇരയായി, മറ്റ് മൂന്ന് പുരുഷ കൂട്ടാളികളും ക്രൂരമായി ആക്രമിക്കപ്പെട്ടു. അവരില്‍ ഒരാളെ ഒരു കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഒരു ഇസ്രാഈലി പൗര ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍, ഫലസ്തീന്‍ അനുകൂല ഘടകങ്ങളുടെ പങ്കാളിത്തം നിഷേധിക്കാനാവില്ല. @ഹോം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ ഈ കേസ് സി.ബി.ഐക്ക് നല്‍കണം. അങ്ങനെ കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാറിനെ ഈ വിഷയം മൂടിവയ്ക്കാന്‍ അനുവദിക്കരുത്. ഒരു ഇസ്രാഈലി പൗര ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍, ഫലസ്തീന്‍ അനുകൂല ഘടകങ്ങളുടെ പങ്കാളിത്തം നിഷേധിക്കാനാവില്ല’ എന്നായിരുന്നു കുറിപ്പ്.

സിന്‍ഹയുടെ വ്യാജ അവകാശവാദങ്ങള്‍ ന്യൂനപക്ഷ സമുദായത്തിനെതിരെ വിമര്‍ശനമുയര്‍ത്താന്‍ നിരവധി ആളുകളെ പ്രേരിപ്പിച്ചു. ചിലര്‍ നിരാശ പ്രകടിപ്പിക്കുകയും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കെതിരെ രാജ്യവ്യാപകമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യയും ഇസ്രാഈലും തമ്മിലുള്ള നല്ല ബന്ധം തകര്‍ക്കാന്‍ ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ചിലര്‍ ആരോപിച്ചു. അതേസമയം കൊപ്പല്‍ ജില്ലയിലെ വിനോദസഞ്ചാരിയെയും ഹോംസ്‌റ്റേ ഉടമയെയും കൂട്ട ബലാത്സംഗം ചെയ്യുകയും കൂടെയുണ്ടായിരുന്ന യുവാവിനെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ മൂന്നാമത്തെ പ്രതിയെ അറസ്റ്റ് ചെയ്തതായി കര്‍ണാടക മന്ത്രി ശിവരാജ് തങ്കഡഗി ഞായറാഴ്ച പറഞ്ഞു. കുറ്റകൃത്യത്തില്‍ മൂന്ന് പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

crime

യു.പിയില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി സ്വകാര്യ സര്‍വകലാശാല; ചാന്‍സിലറടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

2022ല്‍ രാജസ്ഥാനിലെ ഫിസിക്കല്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യാജ ബിരുദം നല്‍കിയതിന് പിന്നാലെയാണ് നടപടി

Published

on

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് ആസ്ഥാനമായ പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയിലെ ചാന്‍സലര്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. യൂണിവേഴ്‌സിറ്റി ചാന്‍സലര്‍, രജിസ്ട്രാര്‍, ഉള്‍പ്പെടെ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

2022ല്‍ രാജസ്ഥാനിലെ ഫിസിക്കല്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യാജ ബിരുദം നല്‍കിയതിന് പിന്നാലെയാണ് നടപടി. ഓം പ്രകാശ് ജോഗീന്ദര്‍ സിങ് സര്‍വകലാശാലയിലാണ് സംഭവം. രാജസ്ഥാനിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പിന്നാലെ സമാനമായി തന്നെ യു.പിയിലെ ജഗദീഷ് സിങ് സര്‍വകലാശാലയിലും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിലധികം വ്യാജ ബി.പി.എഡ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായും കണ്ടെത്തിയെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പൊലീസ് വി.കെ സിങ് പറഞ്ഞു.

പരീക്ഷയിലെ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലുകളും പശ്ചാത്തലങ്ങളും പരിശോധിക്കുന്നതിനിടെയാണ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിഷയം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പലരും ആള്‍മാറാട്ടം നടത്തിയതായും ഇത്തരത്തിലാണ് യോഗ്യത നേടിയതെന്നും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കണക്കുകള്‍ പ്രകാരം 2022ലെ പി.ടി.ഇ പരീക്ഷ എഴുതിയ 254 പേരില് 108 പേര്‍ക്ക് വ്യാജ ബിരുദമുള്ളതായും എന്നാല്‍ സര്‍വകലാശാലയുടെ കണക്ക് പ്രകാരം 100 പേര്‍ക്ക് മാത്രമേ ബിരുദം നല്‍കിയിട്ടുള്ളൂവെന്നുമാണ് കണക്ക്. വെരിഫിക്കേഷന്‍ പ്രക്രിയയില്‍ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ജെ.എസ്. സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ടെന്നും അപേക്ഷാ പ്രക്രിയയില്‍ അവര്‍ മറ്റൊരു സര്‍വകലാശാലയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

എസ്.ഒ.ജി സമന്‍സ് അയച്ചതിനെത്തുടര്‍ന്ന് ചാന്‍സലര്‍ സുകേഷ് വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചതായും ദല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വ്യാജ ഡിഗ്രി റാക്കറ്റുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ എസ്.ഒ.ജി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഈ വര്‍ഷം ജനുവരിയില്‍ സര്‍വകലാശാലയ്ക്ക് പി.എച്ച്.ഡി ബിരുദങ്ങള്‍ നല്‍കുന്നതില്‍ നിന്ന് യു.ജി.സി വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Continue Reading

Trending