Connect with us

india

ലക്നൗ സൂപ്പർ ജയന്റ്സ് മെന്റർ സ്ഥാനം രാജിവച്ച് ഗൗതം ഗംഭീർ, മടക്കം കൊൽക്കത്തയിലേക്ക്

ഗംഭീര്‍ ക്യാപ്റ്റനായിരുന്ന സീസണുകളില്‍ ടീം രണ്ടുതവണ കിരീടം നേടിയിരുന്നു

Published

on

ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍ പുതിയ റോളുമായി ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ തിരിച്ചെത്തി. ക്ലബിന്റെ ഉപദേശകനായാണ് കൊല്‍ക്കത്തയുടെ മുന്‍ നായകന്‍ കൂടിയായിരുന്ന ഗംഭീര്‍ തിരിച്ചെത്തുന്നത്. രണ്ട് വര്‍ഷത്തെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള കരാര്‍ ഗംഭീര്‍ അവസാനിപ്പിച്ചു.

ഗംഭീര്‍ ക്യാപ്റ്റനായിരുന്ന സീസണുകളില്‍ ടീം രണ്ടുതവണ കിരീടം നേടിയിരുന്നു. കെകെആര്‍ ടീം മെന്ററായി ഗംഭീറിനെ നിയമിച്ചതായി സിഇഒ വെങ്കി മൈസൂര്‍ പ്രഖ്യാപിച്ചു. നടനും ടീമിന്റെ സഹഉടമയുമായ ഷാറൂഖ് ഖാന്‍ ‘ക്യാപ്റ്റന്റെ തിരിച്ചു വരവ്’ എന്നാണ് ഗംഭീറിന്റെ തിരിച്ചു വരവിനെ വിശേഷിപ്പിച്ചത്.

 

crime

ബംഗാളിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊല: വിചാരണ നവംബര്‍ 11 മുതല്‍

പ്രതിക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് വെളിവാക്കുന്ന തെളിവുകള്‍ അടങ്ങിയ കുറ്റപത്രമാണ് സിബിഐ സമര്‍പ്പിച്ചത്.

Published

on

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ മുഖ്യപ്രതി സഞ്ജയ് റോയിക്കെതിരെ കൊലകുറ്റം ചുമത്തി. സംഭവം നടന്ന് മൂന്നു മാസങ്ങള്‍ക്ക് ശേഷം സീല്‍ദാ കോടതിയാണ് സഞ്ജയ് റോയിക്കെതിരെ 103(1), 64, 66 ഭാരതീയ ന്യായ് സംഹിത എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയത്. കേസിന്റെ വിചാരണ നവംബര്‍ 11 മുതല്‍ ആരംഭിക്കും.

കേസില്‍ സിബിഐയുടെ പ്രാഥമിക കുറ്റപത്രത്തില്‍ സഞ്ജയ് റോയിയാണ് പ്രധാന പ്രതിയെന്നും കുറ്റകൃത്യത്തിന് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നും പറഞ്ഞിരുന്നു. പ്രതിക്ക് കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുണ്ടെന്ന് വെളിവാക്കുന്ന തെളിവുകള്‍ അടങ്ങിയ കുറ്റപത്രമാണ് സിബിഐ സമര്‍പ്പിച്ചത്. ഇരയുടെ ശരീരത്തില്‍ പ്രതിയുടെ ബീജത്തിന്റെ സാന്നിധ്യം ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

ലോക്കല്‍ പൊലീസില്‍ സിവില്‍ വോളന്റിയറായി ജോലി ചെയ്തിരുന്ന പ്രതി ആഗസ്ത് 9 നാണ് കൃത്യം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആശുപത്രിയിലെ സെമിനാര്‍ മുറിയില്‍ വിശ്രമിക്കുന്നതിനിടെയാണ് സംഭവം. പ്രതിയെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നു. എന്നാല്‍ കേസില്‍ തനിക്ക് പങ്കില്ലെന്ന് ഇയാള്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു, മൃതദേഹം കണ്ടതിന് ശേഷം താന്‍ ഓടിപ്പോയെന്നാണ് ഇയാള്‍ പറഞ്ഞത്.

കേസിന്റെ അന്വേഷണം കൊല്‍ക്കത്ത ഹൈക്കോടതി സിബിഐക്ക് കൈമാറുന്നതിന് മുമ്പ് പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് അശ്ലീല ഉള്ളടക്കം കണ്ടെത്തിയിരുന്നതായും പൊലീസ് പറഞ്ഞിരുന്നു.

Continue Reading

india

ഗുജറാത്തില്‍ കാറിനകത്ത് കളിക്കുന്നതിനിടെ ഡോർ ലോക്കായി, ശ്വാസംമുട്ടി നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

ജോലിക്ക് പോയിരുന്ന രക്ഷിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് ദാരുണസംഭവം ശ്രദ്ധയിൽപെട്ടത്.

Published

on

വീടിനരികിൽ നിർത്തിയിട്ട കാറിനുള്ളിൽ കളിക്കുന്നതിനിടെ ഡോർ ലോക്കായതിനെ തുടർന്ന് സഹോദരങ്ങളായ നാല് കുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അമ്രേലിയിൽ രൺധിയ ഗ്രാമത്തിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശികളുടെ മക്കളാണ് മരിച്ചത്. ജോലിക്ക് പോയിരുന്ന രക്ഷിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് ദാരുണസംഭവം ശ്രദ്ധയിൽപെട്ടത്.

മധ്യപ്രദേശ് സ്വദേശിയായ സോബിയ മച്ചാർ എന്നയാളുടെ മക്കളായ സുനിത (എഴ്), സാവിത്രി (നാല്), വിഷ്ണു (അഞ്ച്), കാർത്തിക് (രണ്ട്) എന്നീ കുട്ടികളാണ് മരിച്ചത്. ഇയാൾക്ക് ഏഴ് മക്കളാണുള്ളത്. ഭരത് മന്ഥാനി എന്നയാളുടെ ഫാമിലാണ് സോബിയ മച്ചാറും ഭാര്യയും ജോലിചെയ്തിരുന്നത്. കുഞ്ഞുങ്ങളെ വീട്ടിലാക്കിയാണ് ഇവർ പോകാറുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം ഫാം ഉടമയായ ഭരത് മന്ഥാനിയുടെ കാർ ഇവരുടെ വീടിന് സമീപം പാർക്ക് ചെയ്തിരുന്നു. രാവിലെ രക്ഷിതാക്കൾ ജോലിക്ക് പോയതിന് പിന്നാലെ കാറിന്‍റെ താക്കോൽ കുട്ടികൾക്ക് ലഭിക്കുകയും ഇതോടെ ഇവർ കാറിനുള്ളിൽ കയറി കളിക്കുകയുമായിരുന്നു. എന്നാൽ, കളിക്കിടെ കാർ ലോക്കാവുകയും നാല് കുട്ടികൾ ഉള്ളിൽ കുടുങ്ങുകയും ചെയ്തു.

സന്ധ്യയോടെ രക്ഷിതാക്കൾ ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കുട്ടികൾ കാറിനുള്ളിൽ ബോധരഹിതരായി കിടക്കുന്നത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരും മരിക്കുകയായിരുന്നു. കടുത്ത ചൂടിൽ കാറിനകത്ത് കുടുങ്ങിയ കുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അമ്രേലി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Continue Reading

india

കുംഭമേളയില്‍ മുസ്‌ലിം കച്ചവടക്കാരെ വിലക്കാനുള്ള നീക്കം; യു.പിയില്‍ പ്രതിഷേധം ശക്തം

മുസ്‌ലിം കച്ചവടക്കാരെ വിലക്കണമെന്ന അഖാര പരിഷത്തിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് ഷഹാബുദ്ദീന്‍ റസ്‌വിയുടെ പ്രതികരണം.

Published

on

വരാനിരിക്കുന്ന കുംഭമേളയില്‍ മുസ്‌ലിം കച്ചവടക്കാരെ വിലക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. നീക്കം രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുമെന്ന് അഖിലേന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്‌വി.

കുംഭമേള സമാധാനപരമായി നടക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നമ്മുടെ സമൂഹം മുന്നോട്ടാണ് പോകേണ്ടതെന്നും റസ്‌വി ചൂണ്ടിക്കാട്ടി. മുസ്‌ലിം കച്ചവടക്കാരെ വിലക്കണമെന്ന അഖാര പരിഷത്തിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് ഷഹാബുദ്ദീന്‍ റസ്‌വിയുടെ പ്രതികരണം.

ഈ തീരുമാനം മതസഹിഷ്ണുതയെ തുരങ്കം വെക്കുന്നതാണ്. നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ സാമൂഹിക വിഭജനത്തിന് കാരണമാകുമെന്നും അഖിലേന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

മുസ്‌ലിം കച്ചവടക്കാര്‍ക്ക് അവസരം നിഷേധിച്ചുകൊണ്ടുള്ള നീക്കം ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളായ മതനിരപേക്ഷത, സാമൂഹിക ഐക്യം എന്നിവയ്ക്ക് എതിരാണെന്നും റസ്‌വി പറഞ്ഞു. ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ സമൂഹത്തിന് ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീരുമാനം പിന്‍വലിക്കണമെന്നും സാമൂഹിക സൗഹാര്‍ദം നിലനിര്‍ത്തണമെന്നും റസ്‌വി പറഞ്ഞു. മതം നോക്കാതെ എല്ലാ പൗരന്മാര്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം ഇന്ത്യയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2025 ജനുവരി 13ന് പ്രയാഗ്രാജില്‍ നിന്ന് ആരംഭിക്കുന്ന മഹാകുംഭമേള ഫെബ്രുവരി 26 വരെ തുടരും. ഈ കാലയളവില്‍ കുംഭമേള കടന്നുപോകുന്ന വീഥികളിലും മറ്റും മുസ്‌ലിങ്ങളെ കച്ചവടം ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് പ്രഖ്യാപനം.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അഹിന്ദുക്കളെ കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് അഖില ഭാരതീയ അഖാര പരിഷത്ത് (എ.ബി.എ.പി) പ്രഖ്യാപിക്കുകയായിരുന്നു. എ.ബി.എ.പിയുടെ പ്രഖ്യാപനത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ പ്രയാഗ് രാജില്‍ വരുന്ന ആഴ്ച സര്‍ക്കാര്‍ യോഗം ചേരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹിന്ദു, സിഖ്, ബുദ്ധ, ജൈന മതസ്ഥരായവര്‍ക്ക് മാത്രമേ കടയിടാന്‍ സ്ഥലവും സൗകര്യവും നല്കുള്ളുവെന്നും എ.ബി.എ.പി പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മൗലാന ഷഹാബുദ്ദീന്‍ റസ്‌വിയുടെ പ്രതികരണം.

Continue Reading

Trending