ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഒരുമിച്ച് മത്സരിക്കാന്‍ ധാരണയിലെത്തി കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും. ഇരു പാര്‍ട്ടികളും സംയുക്തമായി സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഉത്തര്‍പ്രദേശില്‍ എസ്.പി 63 സീറ്റിലും കോണ്‍ഗ്രസ് 17 സീറ്റിലും മത്സരിക്കുവാന്‍ ധാരണയായെന്ന് അറിയിച്ചു.
മധ്യപ്രദേശില്‍ ഖജൂറോ മണ്ഡലത്തില്‍ എസ്.പി മത്സരിക്കും. ബാക്കി 28 സീറ്റുകളിലും കോണ്‍ഗ്രസ് തന്നെ മത്സരിക്കും. ഇന്ത്യ സഖ്യം രൂപീകരിക്കപ്പെട്ടതിന് ശേഷം ഇതാദ്യമയാണ് ഒരു സംസ്ഥാനത്തെ സീറ്റ് വിഭജനത്തില്‍ ഔദ്യോഗിക തീരുമാനം പുറത്തുവരുന്നത്.
‘ഞങ്ങള്‍ ഒരുമിച്ച് മത്സരിക്കുക മാത്രമല്ല, ഒരുമിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തുകയും ചെയ്യും,’ കോണ്‍ഗ്രസിന്റെ യു.പി ഇന്‍ ചാര്‍ജ് അവിനാശ് പാണ്ഡെ പറഞ്ഞു. ‘2014ല്‍ ബി.ജെ.പി അധികാരത്തിലെത്തിയത് യു.പിയിലൂടെയാണ്. ഇപ്പോള്‍ 2014ല്‍ എസ്.പി, കോണ്‍ഗ്രസ്, ഇന്ത്യ മുന്നണി വഴി യു.പിയിലൂടെ തന്നെ അവരെ പുറത്താക്കും,’ എസ്.പിയുടെ രാജേന്ദ്ര ചൗധരി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ആകെയുള്ള 80 ലോക്‌സഭാ സീറ്റുകളില്‍ 62ലും ബി.ജെ.പിയാണ്. ഇന്ത്യ മുന്നണി വിട്ട് ബി.ജെ.പിയിലേക്ക് പോകുകയാണെന്ന് രാഷ്ട്രീയ ലോക് ദള്‍ സൂചന നല്‍കിയതിന് പിന്നാലെയാണ് സീറ്റ് വിഭജനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുന്നത്.
റായ് ബറേലി, അമേഠി, വാരണാസി, കാന്‍പൂര്‍ സിറ്റി, ഫത്തേപൂര്‍ സിഖ്രി, ബന്‍സ്ഗാവ്, സഹറാന്‍പൂര്‍, പ്രയാഗ്രാജ്, മഹാരാജ്ഗഞ്ച്, അംരോഹ, ഝാന്‍സി, ബുലന്ദ്ശഹര്‍, ഗാസിയാബാദ്, മഥുര, സീതാപൂര്‍, ബരാബന്‍കി, ദരിയ എന്നിവിടങ്ങളിലാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മത്സരിക്കുക.
ഈ 17 സീറ്റുകളില്‍ നിലവില്‍ റായ് ബറേലി മാത്രമാണ് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ്. സോണിയ ഗാന്ധിയുടെ മണ്ഡലമാണിത്. അതേസമയം ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കില്ലെന്ന് സോണിയ അറിയിച്ചിരുന്നു. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2019ല്‍ ബി.എസ്.പിക്കൊപ്പം നിന്ന് മത്സരിച്ച എസ്.പി യു.പിയില്‍ അഞ്ച് സീറ്റുകളിലാണ് വിജയിച്ചത്.
ഇതിനകം 31 മണ്ഡലങ്ങളില്‍ എസ്.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. വാരണാസിയിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമെന്നും എസ്.പി അറിയിച്ചു. ഫെബ്രുവരി 21ന് പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവും നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് വിഭജനം സംബന്ധിച്ച് തീരുമാനം അന്തിമമായത്.