X

കളർകോട് വാഹനാപകടം: കാർ നൽകിയത് സൗഹൃദത്തിന്‍റെ പേരിലാണ് ഉടമ ഷാമിൽ ഖാൻ

ആലപ്പുഴ: കളര്‍കോട് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് വാഹന ഉടമ ഷാമിൽ ഖാൻ. കാർ നൽകിയത് വാടകക്കല്ലെന്നും സൗഹൃദത്തിന്‍റെ പേരിലാണ് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിൽപ്പെട്ട ടവേര വീട്ടിലെ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ്. ഇന്നലെ രാത്രി ഏഴരയോടെയാണ് വാഹനം കൈമാറിയത്. തനിക്കും അഞ്ച് സുഹൃത്തുക്കൾക്കും സിനിമക്ക് പോകണമെന്നും മഴയായതുകൊണ്ട് കാർ തരുമോ എന്നും ചോദിച്ചാണ് ജബ്ബാർ തന്നെ സമീപിച്ചത്. വിദ്യാർഥിയുമായുള്ള സൗഹൃദത്തെ തുടർന്നാണ് വാഹനം നൽകിയതെന്നും ഷാമിൽ പറഞ്ഞു.

മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാറുമായി ഒന്നര മാസത്തെ പരിചയമുണ്ട്. കാർ വാടകക്ക് കൊടുക്കുന്ന പരിപാടിയില്ല. അതുകൊണ്ടു തന്നെ അതിന്‍റെ ലൈസൻസിന്‍റെ ആവശ്യവുമില്ല. സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ വിൽപനയാണ്. സിനിമക്ക് പോകാൻ വേണ്ടിയാണ് കുട്ടികൾ വാഹനം ചോദിച്ചത്. അവധിയായതിനാൽ ആറ് പേർക്ക് സിനിമക്ക് പോകാനുണ്ടെന്ന് പറഞ്ഞാണ് ജബ്ബാറും മറ്റു രണ്ടു വിദ്യാർഥികളും വീട്ടിൽ എത്തിയത്. വാഹനം കൊടുക്കാൻ മടിച്ചപ്പോൾ സഹോദരനെക്കൊണ്ട് വിളിപ്പിച്ചുവെന്നും ഷാമിൽ ഖാൻ പറയുന്നു.

 

webdesk14: