എൻജിൻ തകരാറിനെത്തുടര്‍ന്ന് കടലില്‍ അകപ്പെട്ട മത്സ്യബന്ധനവള്ളവും 40 തൊഴിലാളികളെയും പൊന്നാനി ഫിഷറീസ് മറൈൻ എൻഫോഴ്‌സ്മെന്റ് കരയിലെത്തിച്ചു. ഞായറാഴ്ച കൂട്ടായിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട നിഷാദിന്റെ ഉടമസ്‌ഥതയിലുള്ള ‘അല്‍ റഹ്മാൻ’ ഇൻബോര്‍ഡ് വള്ളമാണ് 10 നോട്ടിക്കല്‍ മൈല്‍ അകലെ എൻജിൻ തകരാര്‍ മൂലം കടലില്‍ കുടുങ്ങിയത്.
പൊന്നാനി ഫിഷറീസ് സ്റ്റേഷനില്‍ അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം മറൈൻ എൻഫോഴ്‌സ്മെന്റും റസ്ക്യു ഗാര്‍ഡും വള്ളത്തെയും മത്സ്യതൊഴിലാളികളെയും സുരക്ഷിതമായി പൊന്നാനി ഹാര്‍ബറില്‍ എത്തിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് അഞ്ച് മണിക്കൂര്‍ സമയമെടുത്താണ് ഇവരെ പൊന്നാനി ഹാര്‍ബറില്‍ എത്തിച്ചത്. മറൈൻ എൻഫോഴ്‌സമെന്റ് വിഭാഗം ഉദ്യോഗസ്ഥർ, റസ്ക്യു ഗാര്‍ഡുമാര്‍ തുടങ്ങിയവർ രക്ഷാപ്രവര്‍ത്തനത്തിന് നേതൃതം നല്‍കി. പ്രതികൂല കാലാവസ്ഥയായതിനാല്‍ കടലില്‍ പോവുന്ന വള്ളങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്നും ലൈഫ് ബോയയും ജാക്കറ്റും നിര്‍ബന്ധമായും കൊണ്ടുപോകണമെന്നും പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍.