Connect with us

kerala

തൃശൂരിലെ ബാങ്ക് കവര്‍ച്ച ആസൂത്രിതം; കവര്‍ച്ച നടത്തിയത് സാമ്പത്തിക ബാധ്യത തീര്‍ക്കാനെന്ന് പ്രതി

പിടിക്കപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തോടെ ആസൂത്രിതമായി നടത്തിയതെന്ന് പൊലീസ് കണ്ടെത്തല്‍

Published

on

തൃശൂരിലെ ബാങ്ക് കവര്‍ച്ച പിടിക്കപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തോടെ ആസൂത്രിതമായി നടത്തിയതെന്ന് പൊലീസ് കണ്ടെത്തല്‍. ഇന്ന് രാത്രി വീട്ടില്‍വെച്ചാണ് പ്രതി റിജോ ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കവര്‍ച്ച നടത്തുന്നതിന്റെ മൂന്ന് ദിവസം മുമ്പ് എടിഎം കാര്‍ഡ് സംബന്ധിച്ച കാര്യത്തിനായി പ്രതി ബാങ്കിലെത്തിയിരുന്നു. ഇത് അന്വേഷണത്തില്‍ സഹായകരമായെന്ന് ഡിവൈഎസ്പി പറഞ്ഞു.

പ്രതി ആഴ്ചകള്‍ക്ക് മുമ്പ് തന്നെ കവര്‍ച്ചക്ക് തീരുമാനമെടുത്തിരുന്നു. വളരെ കൃത്യമായ നിരീക്ഷണത്തിലൂടെ ബാങ്കിന്റെ പ്രവര്‍ത്തനം മനസ്സിലാക്കിയാണ് പ്രതി കവര്‍ച്ച നടത്തിയത്. വലിയ സാമ്പത്തിക ബാധ്യതയാണ് കവര്‍ച്ച നടത്താന്‍ കാരണമെന്നാണ് പ്രതി മൊഴി നല്‍കിയത്. റിജോയുടെ ഭാര്യ വിദേശത്താണ്. സാമ്പത്തിക ബാധ്യത എന്തൊക്കെയാണ് എന്നതിനെ സംബന്ധിച്ചും കവര്‍ച്ചക്ക് മറ്റാരുടെയങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നത് സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

സംഭവം നടന്ന് 36 മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതി പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. കറുത്ത ഹെല്‍മെറ്റും ജാക്കറ്റും കയ്യുറകളും ധരിച്ചായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങളും ഇയാള്‍ സഞ്ചരിച്ച ബൈക്കിന്റെ വിവരങ്ങളും അടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.

പ്രതിയുടെ ശരീരഘടനയും ഷൂവിന്റെ നിറവും അന്വേഷണത്തില്‍ നിര്‍ണായകമായി. പ്രതി വസ്ത്രം പല തവണ മാറിയെങ്കിലും ഷൂ മാറ്റിയിരുന്നില്ല. കുടവയറുള്ള ശരീരഘടന സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചു. പ്രതിക്ക് 40 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുണ്ട് എന്നാണ് പ്രാഥമിക വിവരം. ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. പൊലീസ് വീട്ടിലെത്തിയപ്പോഴും ആദ്യം കുറ്റം നിഷേധിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. പൊലീസ് തെളിവ് നിരത്തിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്തെ വീട്ടുപ്രസവം; പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ കസ്റ്റഡിയില്‍

മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടുപ്രസവത്തില്‍ മരിച്ച യുവതിയുടെ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ പൊലീസ് കസ്റ്റഡിയില്‍.

Published

on

മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടുപ്രസവത്തില്‍ മരിച്ച യുവതിയുടെ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ പൊലീസ് കസ്റ്റഡിയില്‍. ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. മരിച്ച അസ്മയുടെ ആദ്യ രണ്ട് പ്രസവം ആശുപത്രിയിലും ബാക്കി മൂന്ന് പ്രസവങ്ങള്‍ വീട്ടിലുമാണ് നടന്നത്.

അതേസമയം കുടുംബം വളാഞ്ചേരിയിലും കുറച്ച് കാലം താമസിച്ചിരുന്നെന്നും ഇവിടെ വെച്ചും പ്രസവം നടന്നിരുന്നെന്നും എസ്പി പറയുന്നു.

പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് മലപ്പുറം പൊലീസ് സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്തത്.

മലപ്പുറം ഈസ്റ്റ് കോഡൂരിലെ വാടകവീട്ടില്‍വെച്ചാണ് അസ്മ മരിച്ചത്. അമിത രക്തസ്രാവമാണ് യുവതിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസ് പെരുമ്പാവൂര്‍ പൊലീസ് മലപ്പുറം പൊലീസിന് കൈമാറിയിരുന്നു.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടന്നത്. പ്രസവത്തിന് പിന്നാലെ ശ്വാസതടസം അനുഭവപ്പെട്ടാണ് അസ്മ മരിച്ചതെന്നായിരുന്നു ഭര്‍ത്താവ് സിറാജുദ്ദീന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് പ്രസവം നടന്ന് രാത്രി ഒമ്പതിനാണ് അസ്മ മരിക്കുന്നത്. അതുവരെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവതി മൂന്ന് മണിക്കൂറോളം വീട്ടില്‍ കിടന്നിട്ടും ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ഇയാള്‍ തയാറായിരുന്നില്ലെന്നും പൊലീസ് പറയുന്നു.

യുവതി മരിച്ചതിനു പിന്നാലെ മൃതദേഹം ആരും അറിയാതെ ഇയാള്‍ പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയും ഭാര്യക്ക് ശ്വാസംമുട്ടലാണെന്ന് ആംബുലന്‍സ് ഡ്രൈവറെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നാല്‍ അസ്മയുടെ ബന്ധുക്കളാണ് പൊലീസില്‍ വിവരം അറിയിച്ചത്.

 

Continue Reading

kerala

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒറ്റയടിക്ക് 2160 രൂപയുടെ വര്‍ധനവ്

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില.

Published

on

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഒറ്റയടിക്ക് പവന് 2160 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,480 രൂപയായി. ഗ്രാമിന് 270 രൂപയും കൂടി. 8560 രൂപയായാണ് ഗ്രാമിന്റെ വില വര്‍ധിച്ചത്.

അഞ്ചുദിവസത്തിനിടെ 2680 രൂപ കുറഞ്ഞ് 66,000നു താഴെയിറങ്ങിയ സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം ഉയര്‍ന്ന ഇന്ന് റോക്കറ്റ് കുതിപ്പിലേക്ക് എത്തിയത്.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക പകരച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ ആഗോള തലത്തില്‍ സൃഷ്ടിച്ച അനിശ്ചിതാവസ്ഥയില്‍ സുരക്ഷിത നിക്ഷേപം തേടി ആളുകള്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് ഒഴുകിയെത്തിയതാണ് വില കൂടാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഇക്കഴിഞ്ഞ വ്യാഴാഴ്ച 68,480 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ സ്വര്‍ണവില താഴേക്ക് പതിക്കുന്നതാണ് കണ്ടത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

 

Continue Reading

kerala

ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തിലാകണമെന്ന് സര്‍ക്കുലര്‍

ഉത്തരവുകളുണ്ടെങ്കിലും വകുപ്പിലെ പല സെക്ഷനുകളും ഉത്തരവുകളിറക്കുന്നത് ഇംഗ്ലീഷിലാണ്.

Published

on

ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍ തന്നെയാകണമെന്ന സര്‍ക്കുലര്‍ പുറത്തിറങ്ങി. എന്നാല്‍ ഉത്തരവുകളുണ്ടെങ്കിലും വകുപ്പിലെ പല സെക്ഷനുകളും ഉത്തരവുകളിറക്കുന്നത് ഇംഗ്ലീഷിലാണ്. വിഷയം വീണ്ടും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിലെ ഔദ്യോഗികഭാഷ വിഭാഗം ശ്രദ്ധയില്‍ പെടുത്തിയതിനെത്തുടര്‍ന്നാണ് കര്‍ശന നിര്‍ദേശമെന്ന രീതിയില്‍ ധനവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

വകുപ്പില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, അര്‍ധ ഔദ്യോഗിക കത്തുകള്‍, അനൗദ്യോഗിക കുറിപ്പ്, മറ്റ് കത്തിടപാടുകള്‍, റിപ്പോര്‍ട്ടുകള്‍, മറ്റ് വകുപ്പുകള്‍ക്കുള്ള മറുപടികള്‍ തുടങ്ങിയ എല്ലാത്തരം ആശയവിനിമയങ്ങളും മലയാളത്തില്‍ തന്നെയാകണമെന്നാണ് നിര്‍ദേശം.

കേന്ദ്രസര്‍ക്കാര്‍, ഇതര സംസ്ഥാനങ്ങള്‍, ഹൈക്കോടതി, സുപ്രീം കോടതി, മറ്റ് രാജ്യങ്ങള്‍, തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിട്ടുള്ള സാഹചര്യം, മറ്റ് ഭാഷാ ന്യൂനപക്ഷങ്ങളുമായുള്ള കത്തിടപാടുകള്‍, ഇംഗ്ലീഷ് തന്നെ ഉപയോഗിക്കണമെന്ന് വ്യവസ്ഥയുള്ള സംഗതികള്‍ എന്നീ എട്ട് സാഹചര്യങ്ങളില്‍ മാത്രമാണ് മലയാളം ഉപയോഗിക്കുന്നതില്‍ ഇളവ് ലഭിക്കുക.

 

Continue Reading

Trending