അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ന്യൂജേഴ്‌സിയിലെ റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ എം എം എന്‍ ജെയുടേയും നന്മയുടേയും മുഖ്യ കാര്‍മികത്വത്തില്‍ വിവിധ മുസ്‌ലിം സംഘടനകള്‍ ചേര്‍ന്നുകൊണ്ട് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് പങ്കെടുത്തവര്‍ക്കും അതിഥികള്‍ക്കും പ്രത്യേകമായ അനുഭവമായി മാറി.
മാര്‍ച്ച് 26ആം തീയതി വൈകിട്ട് ന്യൂ ജേഴ്‌സിയില്‍ സംഘടിപ്പിച്ച സമൂഹഇഫ്താര്‍ വിരുന്നില്‍ നാനൂറോളം മുസ്‌ലിം കുടുംബങ്ങളും 150ല്‍ പരം അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സേവന സംഘടന നേതാക്കളും, പ്രശസ്തരായ മാധ്യമപ്രവര്‍ത്തകരും, എഴുത്തുകാരും , ബ്ലോഗര്‍മാരും പങ്കെടുത്തു.
വളരെ ചിട്ടയോടെയും ആസൂത്രണത്തോടെയും സംഘടിപ്പിച്ച ചടങ്ങില്‍ വൈകുന്നേരത്തോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അതിഥികളെ വളരെ ആദരപൂര്‍വ്വം പരമ്പരാഗതമായ രീതിയില്‍ തന്നെ ആതിഥേയമരുളി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് കൃത്യ സമയത്ത് തുടങ്ങിയ ഇന്റര്‍ഫേയ്ത്ത് ഇഫ്താര്‍ നൈറ്റ് പരിപാടി പങ്കെടുത്ത ആളുകളുടെ സാന്നിധ്യം കൊണ്ടും മതേതര കാഴ്ചപ്പാട്ടോടുകൂടി അമേരിക്കയിലെ മുസ്ലിം സമൂഹം സംഘടിപ്പിച്ച പ്രോഗ്രാമിനെ പ്രകീര്‍ത്തിച്ചുള്ള സംസാരങ്ങള്‍ കൊണ്ടും വളരെയധികം ശ്രദ്ധേയമായി. അനാന്‍ വദൂദ എന്ന കൊച്ചു കുട്ടിയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ നന്മയുടെയും , എം എം എന്‍ ജെ യുടെയും നേതാവ് ഡോക്ടര്‍ സമദ് പൊന്നേരിയുടെ സ്വാഗത പ്രസംഗത്തില്‍ പ്രളയ സമയത്ത് നന്മ കേരളത്തിനു നല്‍കിയ സേവനങ്ങള്‍ വിശദീകരിച്ചു.
മുന്‍ ഫൊക്കാന പ്രസിഡണ്ടും, ഗുരുകുലം സ്‌കൂള്‍ പ്രിന്‍സിപ്പലും ജനനി മാസിക എഡിറ്ററുമായ ജെ മാത്യൂസ് മതങ്ങളും മനുഷ്യരും തമ്മില്‍ സമരസപ്പെട്ടു ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ട പ്രാധാന്യം ചൂണ്ടിക്കാട്ടി മുഖ്യപ്രഭാഷണം നടത്തി. സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസത്തിനും , ഭാഷക്കും സംസ്‌കാരത്തിനും നല്‍കിയ സംഭാവനകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സംസാരിച്ച ലോംഗ് ഐലന്റ് ഇന്റര്‍ഫേയത്ത് ഇന്‍സ്റ്റിറ്റിയൂട്ട് തലവനും പ്രസ്ത യൂറോളജിസ്റ്റുമായ ഡോക്ടര്‍ ഉണ്ണി മൂപ്പന്‍ കേരളത്തിലെ വിവിധ മതങ്ങളുടെ വഴികളും വേരുകളും വിശദീകരിച്ചു. ലോകത്ത് ഏതൊരു ഭാഗത്ത് വ്യാപിക്കുന്നതിനും മുമ്പേ അബ്രഹാമിക് മതങ്ങള്‍ കേരളത്തില്‍ വേരുന്നിയതായി അദ്ദേഹം സോദാഹരണം ചൂണ്ടിക്കാട്ടി. യഹൂദ കൃസ്ത്യന്‍ , ഇസ്ലാം മതങ്ങളെ സ്വാഗതം ചെയ്ത ഹിന്ദു സഹോദരന്മാരുടെ വിശാല മനസ്‌കത അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഫോമയുടെ മുന്‍ പ്രസിഡണ്ടും, അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനുമായ അനിയന്‍ ജോര്‍ജ് പവിത്രമായ റംസാന്‍ മാസത്തില്‍ മുസ്ലിം സഹോദരന്മാര്‍ ഇത്തരം മഹത്തായ ഒരു ആശയത്തിനു തുടക്കം കുറിച്ച നേതൃത്വത്തെ . അഭിനന്ദിച്ചു.
ഏഷ്യാനെറ്റ് യു.എസ് ചീഫ് കറസ്‌പോണ്ടന്റും, പ്രശസ്ത മാധ്യമ പ്രവര്‍ത്തകനുമായ കൃഷ്ണ കിഷോര്‍ കോഴിക്കോട്ടുകാരനായ അദ്ദേഹത്തിന്റെ നാട്ടിലെ നോമ്പനുഭവങ്ങള്‍ ഹൃദ്യമായി പങ്കുവെക്കുകയും എന്നാല്‍ ഇന്ന് കാണുന്ന ചില ദുഷ്പ്രവണതകളില്‍ ആശങ്ക പങ്കു വെക്കുകയും ചെയ്തു. എങ്കിലും നാട്ടിലെ പഴയ അതേ അനുഭവം അമേരിക്കയിലും ലഭിച്ചതിലുള്ള സന്തോഷം മറച്ചു വെക്കാതെ പ്രകടിപ്പിച്ചു. യു.എസ്.എ കെ.എം.സി.സിയുടെ പ്രസിഡണ്ടും നന്മയുടെ സ്ഥാപക പ്രസിഡണ്ടുമായ യു.എ നസീര്‍ തുടര്‍ന്ന് സംസാരിച്ചു. നന്മ നിറഞ്ഞ ഈ സദുദ്യമത്തിനു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ആശംസ അറിയിച്ചതോടൊപ്പം ഈ പരിപാടി കൂടുതല്‍ വിപുലമായ രീതിയില്‍ എല്ലാവര്‍ഷവും മതേതര ഐക്യം കാത്തുസൂക്ഷിച്ചുകൊണ്ട് മുന്നോട്ടുകൊണ്ടുപോകാന്‍ സംഘാടകര്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കി. തുടര്‍ന്നു നടന്ന പാനല്‍ ചര്‍ച്ച ഡോക്ടര്‍ അന്‍സാര്‍ കാസിം നിയന്ത്രിച്ചു. ചര്‍ച്ചകളില്‍ വിജേഷ് കാരാട്ട് (കെ.എ.എന്‍ ജെ), സജീവ് കുമാര്‍ ( കെ. എച്ച്. എന്‍ .ജെ) , ജോസ് കാടാപുറം (കൈരളി ടി.വി ), ഷീല ശ്രീകുമാര്‍ (കരുണ ചാരിറ്റീസ് ) ഡോക്ടര്‍ സാബിറ അസീസ് (എം .എം .എന്‍ ജെ) റവ. തോമസ് കെ. തോമസ് (മാര്‍ത്തോമ ചര്‍ച്ച ) ഡോക്ടര്‍ പി.എം മുനീര്‍ (എം .എം .എന്‍ ജെ). ജിബി തോമസ് (ഫോമ), ബോബി ലാല്‍ (ബ്ലോഗര്‍) എന്നിവര്‍ പങ്കെടുത്തു. അസീസ് ആര്‍ വി . റംസാന്‍ സന്ദേശം പങ്കു വെച്ചു. ഫിസറോസ് കോട്ട നന്ദി രേഖപ്പെടുത്തി.ചര്‍ച്ചകള്‍ സമയബന്ധിതമായി അവസാനിക്കുകയും ചെയ്തു. പ്രശസത മാധ്യമ പ്രവര്‍ത്തകര്‍ ജോര്‍ജ് ജോസഫ് (ഇ മലയാളി) 1 മധു കൊട്ടാരക്കര ( 24 ചാനല്‍ ) ഡോക്ടര്‍ അബ്ദുല്‍ അസീസ് (കെ.എം.ജി), ജയിംസ് മാത്യു (ഫോമ) വ്യവസായികളായ എരഞ്ഞിക്കല്‍ ഹനീഫ്, ദിലീപ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ മുഖ്യാഥിതികളായിരുന്നു. നോമ്പുതുറയും പ്രാര്‍ത്ഥനയും കഴിഞ്ഞതിനുശേഷം ഹൃദ്യമായ രീതിയില്‍ മലബാര്‍ സവിശേഷതകള്‍ നിറഞ്ഞ വിഭവ സമൃദ്ധമായ ഭക്ഷണവും തുടര്‍ന്നു യൂത്ത് ലോ പ്രോഗ്രാമും തറാവീഹ് നിസ്‌കാരവും കഴിഞ്ഞ ശേഷമാണ് എല്ലാവരും പിരിഞ്ഞത്. അസ്ലം ഹമീദ് , അജാസ് നെടുവഞ്ചേരി , സാജിദ് കരീം, കുര്‍ഷിദ് റഷീദ്,ഇംതിയാസ് രണ്ടത്താണി , അലീന ജബ്ബാര്‍, നാജിയ അസീസ് തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. പങ്കെടുത്തവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും എല്ലാം മനസ്സില്‍ തട്ടിയ അനുഭവമായി മാറി. അമേരിക്കയിലെ പ്രശസ്തരായ ബ്ലോഗര്‍മാരും ആവേശപൂര്‍വം പരിപാടിയില്‍ പങ്കെടുത്തു.