Connect with us

kerala

‘ഒരു വെള്ളക്കുപ്പായവും കുറച്ച് ഒച്ചപ്പാടും മാത്രം ആണ് നിങ്ങളുടെ മുടക്കുമുതല്‍’; കെ.ടി ജലീലിന് മാസ് മറുപടിയുമായി കെ.എം ഷാജി

നിങ്ങളെ പുറത്താക്കിയതില്‍ എനിക്ക് പങ്കുണ്ടെന്ന വാദത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഇത്രയ്ക്ക് ഉളുപ്പില്ലാത്ത ഒരുവനെ പുറത്താക്കുന്നത് സംഘടനയ്ക്ക് ചെയ്യുന്ന മികച്ച സംഭാവനയാണ്. അതൊരു സുകൃതമായി തോന്നുകയാണ്

Published

on

കെ.ടി ജലീല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. ഒരു വെള്ളക്കുപ്പായവും കുറച്ച് ഒച്ചപ്പാടും മാത്രം ആണ് നിങ്ങളുടെ മുടക്കുമുതലെന്നും എന്നാല്‍ തനിക്ക് അങ്ങനെയല്ലെന്നും ഒരായുസിന്റെ അധ്വാനമുണ്ടെന്നും കെ.എം ഷാജി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘2006ല്‍ നിയമസഭയിലേക്ക് തോറ്റത് പി.കെ കുഞ്ഞാലിക്കുട്ടി മാത്രമല്ല, ജയിച്ചത് ജലീല്‍ മാത്രവുമല്ല. മലപ്പുറത്ത് തന്നെ മറ്റ് ഇടതുപക്ഷ സ്ഥാനാര്‍ഥികളും ജയിച്ചിരുന്നു. അവരൊന്നും ആ തഴമ്പില്‍ ഉഴിഞ്ഞല്ല പില്‍ക്കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്. നിങ്ങള്‍ സ്വയം പൊക്കി പറയുന്ന ആ വിജയരഥം തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് നിന്ന് കാണാതായതും പുഴയ്ക്കക്കരെ ഒരു കാളവണ്ടിയായി പൊങ്ങിയതും ചരിത്രത്തിലുണ്ട്. സിപിഎമ്മിന് ശക്തമായ വേരോട്ടമുള്ള തവനൂരിലാണ് പിന്നെ നിങ്ങള്‍ തേരോട്ടാന്‍ പോയത്. അന്ന് ആ സീറ്റ് കിട്ടിയില്ലായിരുന്നെങ്കില്‍ നിങ്ങളുടെ ഏറ്റവും വലിയ ശത്രു സിപിഎം ആവുമായിരുന്നല്ലോ?’ കെ.എം ഷാജി ചോദിച്ചു.

‘2006ല്‍ നിങ്ങള്‍ തോല്‍പിച്ച പി.കെ കുഞ്ഞാലിക്കുട്ടിക്കു മുന്നില്‍ പിന്നീട് നിങ്ങളെത്ര തവണ തോറ്റു എന്നതിന്റെ കണക്ക് നിങ്ങളുടെ കൈയിലില്ല എങ്കിലും ജനങ്ങള്‍ കൂട്ടിവച്ചിട്ടുണ്ട്. പിന്നീടുള്ള 18 വര്‍ഷത്തെ ജലീലിന്റെ നിയമസഭാ സാമാജികത്വത്തിന്റെയും അധികാര ലബ്ധിയുടേയും ഗര്‍വ് കേള്‍ക്കുന്ന ജനങ്ങള്‍ നിങ്ങളുടെ നിലപാട് മാറ്റങ്ങളും ശ്രദ്ധിക്കുന്നുണ്ട്. എന്നെക്കുറിച്ച് ഉന്നയിച്ച മറ്റൊരാരോപണം നിങ്ങളെ ലീഗില്‍ നിന്ന് പുറത്താക്കിയതിന് കാരണക്കാരനാണ് എന്നതാണല്ലോ’.

‘നിങ്ങളെ പുറത്താക്കിയതില്‍ എനിക്ക് പങ്കുണ്ടെന്ന വാദത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഇത്രയ്ക്ക് ഉളുപ്പില്ലാത്ത ഒരുവനെ പുറത്താക്കുന്നത് സംഘടനയ്ക്ക് ചെയ്യുന്ന മികച്ച സംഭാവനയാണ്. അതൊരു സുകൃതമായി തോന്നുകയാണ്. ഇഹലോകത്ത് ജലീല്‍ കളിച്ച കളിയുടെ ചെറിയ ഭാഗം മാത്രമാണ് പറഞ്ഞത്. പരലോകമൊക്കെ എത്താന്‍ കുറേ കുറിപ്പുകള്‍ വേണ്ടി വരും. നമുക്ക് പരലോക വിജയവും ചര്‍ച്ച ചെയ്യണം. ഞാന്‍ തയാറാണ്’ കെ.എം ഷാജി കുറിച്ചു.

 ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സ്വയം മുഹമ്മദലി ക്ലെ എന്നും നാട്ടുകാർ പലപേരിനിടക്ക് കെ.ടി ജലീൽ എന്നും വിളിക്കുന്ന ജലീലിന്,

കഴിഞ്ഞ ദിവസം മലപ്പുറത്ത് നടത്തിയ പ്രസംഗത്തിലെ വെല്ലുവിളിക്ക് മറുപടി ആയി നീ എഴുതിയ എഫ് ബി. കുറിപ്പ് വായിച്ചു.

ആ എഴുത്തിൽ നീ സ്ഥിരമായി പറയുന്ന കാര്യങ്ങൾക്കപ്പുറം പുതുതായി ഒന്നുമില്ലെങ്കിലും ഒരു മറുകുറിപ്പ് നല്ലതാണെന്ന് തോന്നി. നിൻ്റെ രാഷ്ട്രീയ പ്രൊഫൈൽ നാട്ടുകാർക്കെല്ലാം അറിയാവുന്നതാണ്. പക്ഷെ, അതിൻ്റെ ആവർത്തനത്തിൽ ചില പ്രശ്നങ്ങൾ ഉണ്ട്. 2006 ൽ കുറ്റിപ്പുറത്ത് ആനപ്പുറത്ത് കയറിയതിൻ്റെ ആ തഴമ്പ് മായാതെ നിലനിർത്തേണ്ടത് നിൻ്റെ ആവശ്യമായിരിക്കാം എന്നാൽ മാഞ്ഞു പോകാതിരിക്കാൻ നിലത്തിട്ടുരസി പഴുത്ത് ചീഞ്ഞ് മണം വരുന്നുണ്ട്.ആ ദുർഗന്ധം നിനക്ക് സുഗന്ധമായി തോന്നാം. ജനങ്ങൾ എന്തിനത് സഹിക്കണം.?

2006 ൽ നിയമസഭയിലേക്ക് തോറ്റത് പി.കെ കുഞ്ഞാലിക്കുട്ടി മാത്രമല്ല ജയിച്ചത് നീ മാത്രവുമല്ല. മലപ്പുറത്ത് തന്നെ മറ്റ് ഇടത്പക്ഷ സ്ഥാനാർത്ഥിളും ജയിച്ചിരുന്നു. അവരൊന്നും ആ തഴമ്പിൽ ഉഴിഞ്ഞല്ല പിൽക്കാലത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയത്.

നീ സ്വയം പൊക്കി പറയുന്ന ആ വിജയരഥം തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് നിന്ന് കാണാതായതും പുഴക്കക്കരെ ഒരു കാളവണ്ടിയായി പൊങ്ങിയതും ചരിത്രത്തിലുണ്ട്. സി പി എമ്മിന് ശക്തമായ വേരോട്ടമുള്ള തവനൂരിലാണ് പിന്നെ നീ തേരോട്ടാൻ പോയത്. അന്ന് ആ സീറ്റ് കിട്ടിയില്ലായിരുന്നെങ്കിൽ നിൻ്റെ ഏറ്റവും വലിയ ശത്രു സി.പി.എം. ആവുമായിരുന്നല്ലോ? അന്ന് ഞാൻ സഭയിലെത്തുന്നത് തവനൂര് പോലെ മാർക്സിസ്റ്റ് പാർട്ടി വാഴുന്ന കണ്ണൂരിലെ അഴീക്കോട് നിന്നാണ്. അതൊന്നും എൻ്റെ മിടുക്കല്ല നാട്ടുകാർ എൻ്റെ മുന്നണിക്ക് നൽകിയ അംഗീകാരമാണ്. ഞാനതിലൊന്നും അഹങ്കരിക്കുന്നതിൽ അർത്ഥമില്ല.

2006 ൽ നീ തോൽപിച്ച പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന് മുന്നിൽ പിന്നീട് നീ എത്ര തവണ തോറ്റു എന്നതിൻ്റെ കണക്ക് നിൻ്റെ കൈയിലില്ല എങ്കിലും ജനങ്ങൾ കൂട്ടി വെച്ചിട്ടുണ്ട്. പിന്നീടുള്ള 18 വർഷത്തെ നിൻ്റെ നിയമസഭ സാമാജികത്വത്തിൻ്റെയും അധികാര ലബ്ധിയുടെയും ഗർവ്വ് കേൾക്കുന്ന ജനങ്ങൾ നിൻ്റെ നിലപാട് മാറ്റങ്ങളും ശ്രദ്ധിക്കുന്നുണ്ട്. എന്നെക്കുറിച്ച് ഉന്നയിച്ച മറ്റൊരാരോപണം നിന്നെ ലീഗിൽ നിന്ന് പുറത്താക്കിയതിന് കാരണക്കാരനാണ് എന്നതാണല്ലോ. ഗുജറാത്ത് ഫണ്ടടക്കം കുഞ്ഞാലിക്കുട്ടി സാഹിബിനെപ്പറ്റി പറഞ്ഞ കുറ്റങ്ങൾ ആയിരുന്നു 2006 ൽ നിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സ്റ്റേജ് കെട്ടി നീ തന്നെ കൂകിപ്പറഞ്ഞത്. അതൊക്കെ നീ മറന്നാലും ജനം മറക്കില്ല. അന്ന് ആദർശം കൊണ്ട് ലീഗ് വിട്ടതാണെന്ന നിൻ്റെ വിസർജ്യം 2024 ൽ സ്വയം വാരി വിഴുങ്ങുകയാണ്. മറ്റു പലതിനൊപ്പം അതൊരു അമൃത് ആയി നിനക്ക് തോന്നാം. ഇനി നീ ഇങ്ങനെയും പറയാം.

അടുത്ത കുറിപ്പിൽ നിന്നെ സിമിയിൽ നിന്ന് പുറത്താക്കിയത് ഞാനാണെന്നും എനിക്ക് PSM0 കോളേജിൽ ചെയർമാനാവാൻ ആണെന്നും പറയാനിടയുണ്ട്. പക്ഷെ, നിയസഭയിൽ നീ വലിയ കാര്യമായി പറഞ്ഞത് ഓർക്കണം. കെ.എം ഷാജി റഗുലർ കോളേജിൽ പോയിട്ടില്ല എന്ന നിൻ്റെ പ്രസംഗം സഭാ രേഖയിലുണ്ടാവും.

ജലീലെ ,

[നിന്നെ “ബഹുമാനപൂർവ്വം മുഹമ്മദലി ക്ലേ: എന്ന് തന്നെ വിളിക്കണമെന്നുണ്ട്. പക്ഷെ, കോടിക്കണക്കിന് മനുഷ്യരുടെ മനസ്സിൻ്റെ ആദരവിന് അർഹനായ ആ മഹാപ്രതിഭയുടെ പേരിൻ്റെ യശസ്സ് ഇല്ലാതായി പോകരുതല്ലോ.] ശരിയാണ്, നിയമസഭയിൽ വെച്ച് നീ എന്നോട് പറഞ്ഞ വാക്കുകൾ ഞാൻ ഓർക്കുന്നുണ്ട്. അന്ന് പറഞ്ഞ കാര്യം പരസ്യമായി നീ സമ്മതിച്ചല്ലോ.

ആ കാര്യം പിന്നീട് പലരോടും പങ്കുവെച്ചപ്പോൾ അവർ വിശ്വസിച്ചിട്ടില്ലായിരുന്നു. കാരണം, അവരൊക്കെ അപ്പോഴും നിനക്ക് കുറച്ച് സാമാന്യബുദ്ധി ബാക്കിയുണ്ടെന്ന ധാരണയുള്ളവരായിരുന്നു. MLA യും മന്ത്രിയുമൊക്കെ ആവലാണ് നിൻ്റെ ആത്യന്തിക ലക്ഷ്യമെന്ന് നീ തന്നെ പറയുമെന്ന് അവർ വിചാരിച്ചു കാണില്ല. 2021 ലെ വിജയത്തെക്കുറിച്ച് നീ എഴുതിയത് “ചാരിറ്റി മാഫിയ തലവന് എതിരായ മിന്നുന്ന ജയം” എന്നാണ്. അങ്ങനെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിലൂടെ നീ അയാളെ ചെറുതാക്കി കാണിക്കാൻ ശ്രമിക്കുകയാണ്.

എന്നാൽ, ആ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായതിനാൽ മാത്രം സജീവ രാഷ്ട്രീയത്തിൽ വന്ന, ആ വ്യക്തിക്കെതിരായി നീ നേടിയ “മിന്നുന്ന ” ജയത്തിൻ്റെ ഭൂരിപക്ഷം ഒന്ന് ഓർത്തു നോക്കിയാൽ നിനക്കിപ്പോഴും തലമിന്നുന്നുണ്ടാവും. 18 വർഷം MLA യും ഒരു ടേം മന്ത്രിയുമായ നിനക്ക് വോട്ടർമാർ നൽകിയ “മിന്നുന്ന പിന്തുണ” സി പി എമ്മിന് മനസ്സിലായതാണ് മത്സരത്തിൽ നിന്നുള്ള നിൻ്റെ പിൻവാങ്ങലിൻ്റെ ആധാരമെന്ന് ആർക്കാണ് അറിയാത്തത്.? നാലു തെരഞ്ഞെടുപ്പുകളിൽ പറ്റിയ അബദ്ധം ഇനി പറ്റില്ലെന്ന് സഖാക്കൾ ശപഥം ചെയ്തിട്ടുമുണ്ട്. നിന്നെ പോലെ നിയമസഭ കണ്ട് രാഷ്ട്രീയത്തിലിറങ്ങിയതല്ല ഞാനെന്ന് പറയേണ്ടി വന്നതിൽ സങ്കോചമുണ്ട്. നടക്കാൻ പഠിച്ച കാലത്ത് ഒരു കൊടി കൈയിൽ തന്ന് ബാപ്പ പറഞ്ഞത് “എംഎൽഎ ആയി തിരിച്ച് വാ”എന്നല്ല. ഇതിന് ഒരു ആദർശമുണ്ട്, ഇത് ഒരാശയത്തിൻ്റെ പതാകയാണ് എന്നാണ്.

നീ സിമി വിട്ട് കാറിൽ കയറി ലീഗ് വേദികളിൽ പ്രസംഗിക്കാനിറങ്ങുന്നതിന് വർഷങ്ങൾക്ക് മുമ്പ് ബസ് കയറി എം.എസ് എഫ് പ്രവർത്തനവും പ്രസംഗവും നടത്തിയ എന്നെപ്പോലുള്ള ഒട്ടനവധി വ്യക്തികളുടെ മുകളിൽ നീ കയറിയിരുന്നപ്പോൾ വലിച്ചു താഴെയിടാതിരുന്നത് മാന്യത കൊണ്ടാണ്.

ഒന്നും കിട്ടില്ലെന്നുറപ്പുണ്ടായിട്ടും തെരുവിൽ നിന്ന് പോരാടിയ ലക്ഷക്കണക്കിന് മനുഷ്യരുടെ രക്തവും മാംസവും വിയർപ്പുമാണ് ഞാനും നീയും ആസ്വദിച്ച എം.എൽ എ കുപ്പായം: അത് നിനക്ക് മറക്കാം. മറ്റൊരു കൊമ്പിലേക്ക് ചാടാം. ഒരു വെള്ളക്കുപ്പായവും കുറച്ച് ഒച്ചപ്പാടും മാത്രം ആണ് നിന്റെ മുടക്ക് മുതൽ ഞങ്ങൾക്ക് അങ്ങനെയല്ല. ഒരായുസ്സിൻ്റെ അധ്വാനമുണ്ട്. തൽക്കാലം ഈ എഴുത്ത് ചുരുക്കുകയാണ്. നിന്നെക്കുറിച്ച് എഴുതാനുള്ള വിഷയ ദാരിദ്ര്യം കൊണ്ടല്ല. വിസ്താരഭയം കൊണ്ടാണ്.

നീ മറുപടി അർഹിക്കുന്നില്ല. മൗനമാണ് നല്ലതെന്ന് ഉപദേശിച്ച സുഹൃത്തുക്കളോട് പറഞ്ഞത് ചിലരെ ഈ തെരുവിൽ തന്നെ നേരിടണമെന്നാണ്. പിന്നെ മറ്റൊരു കാര്യം കൂടിയുണ്ട്. നീ എഫ് ബി കുറിപ്പുകൾ സമാഹരിച്ച് പുസ്തകം രചിച്ച് കാശുണ്ടാക്കുന്നയാളാണ്. നാളെ എന്നെ വെച്ച് കാശുണ്ടാക്കുന്ന “ട്രിക്ക്” പൊളിക്കാനാണ് ഈ മറുകുറിപ്പ്. ഇതിന് നീ മറുപടി എഴുതുമെന്ന് ഉറപ്പുണ്ട്. അപ്പോൾ പറയാനായി ചില കാര്യങ്ങൾ ബാക്കി വെച്ചിട്ടുണ്ട്. എന്തായാലും നിന്നെ പുറത്താക്കിയതിൽ എനിക്ക് പങ്കുണ്ടെന്ന നിൻ്റെ വാദത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഇത്രക്ക് ഉളുപ്പില്ലാത്ത ഒരുവനെ പുറത്താക്കുന്നത് സംഘടനക്ക് ചെയ്യുന്ന മികച്ച സംഭാവനയാണ്. അതൊരു സുകൃതമായി തോന്നുകയാണ്.

ജലീലേ,

മന്ത്രിയല്ല ഇന്ത്യൻ പ്രസിഡണ്ട് ആക്കാമെന്ന് പറഞ്ഞാലും നിന്നെ പോലെ, “ആരോടും പ്രതിബദ്ധതയില്ല” എന്ന് രാവിലെ പറഞ്ഞത് ഉച്ചക്ക് ഒരു ഗുളിക കിട്ടിയാൽ മാറ്റിപ്പറയാൻ എനിക്കാവില്ല. കാരണം, എനിക്കൊരു മേൽവിലാസമുണ്ട്. ഇഹലോകത്ത് നീ കളിച്ച കളിയുടെ ചെറിയ ഭാഗം മാത്രമാണ് പറഞ്ഞത്. പരലോകമൊക്കെ എത്താൻ കുറേ കുറിപ്പുകൾ വേണ്ടി വരും. നമുക്ക് പരലോക വിജയവും ചർച്ച ചെയ്യണം. ഞാൻ തയ്യാറാണ്.

എന്ന്,

ഇടക്ക് ചുരമിറങ്ങുകയും കയറുകയും ചെയ്യുന്ന കെ.എം. ഷാജി .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി മുസ്‌ലിം ലീഗ് എം.പി ഹാരിസ് ബീരാന്‍

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.

Published

on

റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും സതേണ്‍ റയില്‍വെ തിരുവനതപുരം ഡി.ആര്‍.എമ്മുമായും കൂടിക്കാഴ്ച നടത്തി അഡ്വ. ഹാരിസ് ബീരാന്‍ എം.പി. നഞ്ചന്‍കോട്ടെ 300 ഏക്കര്‍ ഭൂമി എല്ലാ കാലത്തും ചര്‍ച്ചയില്‍ വരിക എന്നല്ലാതെ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ന്ന അനാസ്ഥ പരിഹരിക്കണമെന്നും കേരളത്തില്‍ റയില്‍വെ വികസനം ഉറപ്പ് വരുത്തണമെന്നും ഹാരിസ് ബീരാന്‍ എം.പി ആവശ്യപ്പെട്ടു.

അടുത്തിടെ നിയമിതനായ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറുമായി റയില്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി കേരളത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. നെടുമ്പാശ്ശേരി റെയില്‍വെ സ്‌റ്റേഷന്‍, പുതിയ ട്രെയിനുകളും കോച്ചുകളും, തലശ്ശേരി മൈസൂര്‍ പാത, ചെങ്ങന്നൂര്‍ പമ്പ (ശബരിമല) പാത തുടങ്ങിയ പുതിയ റയില്‍വെ പാതകളും, തിരൂര്‍ അടക്കം മലബാറിലെ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിക്കാത്ത റെയില്‍വേ ബോര്‍ഡിനെതിരെയുള്ള ജന രോഷവും എം.പി ബോധ്യപ്പെടുത്തി.

എം.പി ചെയര്‍മാന് നിവേദനം സമര്‍പ്പിച്ചു. പ്രശ്‌ന പരിഹാരത്തിന് സതേണ്‍ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷണല്‍ റയില്‍വെ മാനേജറുമായി കൂടിയാലോചിച്ച് ഉചിത നടപടി സ്വീകരിക്കും എന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കി.

പിന്നീട് തിരുവനന്തപുരത്തെത്തിയ ഹാരിസ് ബീരാന്‍, തിരുവനന്തപുരം ഡി.ആര്‍.എം ഡോ. മനീഷ് തപ്ലയാനുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് കൂടെനില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Continue Reading

kerala

കരുനാഗപ്പള്ളിയില്‍ ബസ് സ്‍കൂട്ടറില്‍ ഇടിച്ച് യുവതി മരിച്ചു

ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. 

Published

on

കൊല്ലം മാരാരിത്തോട്ടത്ത് ബസിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന യുവതിയാണ് മരണപ്പെട്ടത്. സുനീറ ബീവിയാണ് മരിച്ചത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

ഇന്ന് വൈകിട്ട് 6.15നാണ് അപകടം നടന്നത്. ഭർത്താവിനൊപ്പം ഇരുചക്ര വാഹനത്തിൽ പോകവേ എതിരെ വന്ന സ്വകര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് ബൈക്കിൽ ഇടിച്ച് സുനീറ ബീവി ബസിന് അടിയിൽപ്പെടുകയും തുടർന്ന് വാഹനം യുവതിയുടെ ദേഹത്തുകൂടെ കയറി ഇറങ്ങുകയുമായിരുന്നു.

യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കുകളോടെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ് അമിത വേഗതയിലായിരുന്നുവെന്ന പരാതിയെ തുടർന്ന് ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

20 ശബരിമല തീർഥാടകർ വനത്തിൽ കുടുങ്ങി

ഫയർഫോഴ്‌സ്, എൻഡിആർഎഫ്, വനം വകുപ്പ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Published

on

പുല്ലുമേട് വഴി എത്തിയ ശബരിമല തീർഥാടകർ വനത്തിൽ കുടുങ്ങി. 20 അംഗ സംഘത്തിലെ രണ്ടുപേർക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനു പിന്നാലെയാണു തീർഥാടകർ വനത്തിൽ അകപ്പെട്ടത്. ഫയർഫോഴ്‌സ്, എൻഡിആർഎഫ്, വനം വകുപ്പ് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ഇന്നു വൈകീട്ടാണ് തീർഥാടകർ വനത്തിൽ കുടുങ്ങിയത്. സന്നിധാനത്തുനിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിലാണു സംഭവം.

പുല്ലുമേടുനിന്ന് സന്നിധാനത്തേക്ക് ആറു കി.മീറ്റർ ദൂരമാണുള്ളത്. വനമേഖലയായതിനാൽ രാത്രി ഇതുവഴിയുള്ള യാത്രയ്ക്കു നിരോധനമുണ്ട്. തീർഥാടകരെ കാണാതായതിനെ തുടർന്ന് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിൽനിന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇവർ കുടുങ്ങിക്കിടക്കുന്നതു കണ്ടെത്തിയത്.

Continue Reading

Trending