Connect with us

india

ആശങ്കയുടെ കുരുക്ക്; ബഹിരാകാശത്ത് 14000ത്തിലേറെ സാറ്റ്ലൈറ്റുകള്‍, 120 ദശലക്ഷം അവശിഷ്ടങ്ങള്‍

ഭൂമിയുടെ ഉപരിതലത്തോട് ഏറ്റവും അടുത്ത് ഉപഗ്രഹങ്ങള്‍ പരിക്രമണം ചെയ്യുന്ന ബഹിരാകാശ മേഖലയാണ് ലോ എര്‍ത്ത് ഓര്‍ബിറ്റ്

Published

on

തിരുവനന്തപുരം: ഉപഗ്രഹങ്ങളും ഉപഗ്രഹാവശിഷ്ടങ്ങളും കൊണ്ട് ഭൂമിയുടെ ലോ എര്‍ത്ത് ഓര്‍ബിറ്റ് അപകടകരമായ കുരുക്കിലെന്ന് റിപ്പോര്‍ട്ട്. കാലാവധി അവസാനിച്ച 3,500 സാറ്റ്ലൈറ്റുകള്‍ ഉള്‍പ്പടെ 14,000ത്തിലേറെ കൃത്രിമ ഉപഗ്രഹങ്ങളും 120 ദശലക്ഷം കഷണം അവശിഷ്ടങ്ങളുമാണ് ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ സഞ്ചരിക്കുന്നത്. ഇതുമൂലം, ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ആശങ്കയിലാണ്. ഭൂമിയുടെ ഉപരിതലത്തോട് ഏറ്റവും അടുത്ത് ഉപഗ്രഹങ്ങള്‍ പരിക്രമണം ചെയ്യുന്ന ബഹിരാകാശ മേഖലയാണ് ലോ എര്‍ത്ത് ഓര്‍ബിറ്റ്.

സുസ്ഥിരമായ ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക് തടസമായിക്കൊണ്ടിരിക്കുകയാണ് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെ കുരുക്ക്. മുന്‍കാല വിക്ഷേപണങ്ങളുടെ ബാക്കിപത്രമെന്നോളം ചിന്നിച്ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാറ്റ്ലൈറ്റുകള്‍ക്ക് പോലും കനത്ത ഭീഷണിയാണ്.ലോ എര്‍ത്ത് ഓര്‍ബിറ്റിലെ കൂട്ടിയിടികളുടെ ഭാഗമായുണ്ടായ ബഹിരാകാശ അവശിഷ്ടങ്ങളും ഇതിലുണ്ട്.

ലോ എര്‍ത്ത് ഓര്‍ബിറ്റിലെ കൂട്ടിയിടികള്‍ ഒഴിവാക്കാന്‍ സാറ്റ്ലൈറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും ബഹിരാകാശ വിക്ഷേപണ കമ്പനികള്‍ക്കുമിടയില്‍ വിവരങ്ങള്‍ പങ്കിടുന്നത് അനിവാര്യമാണെന്നാണ് യുഎന്‍ കമ്മിറ്റി പറയുന്നത്. ആഗോള ആശയവിനിമയത്തിനും നാവിഗേഷന്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ശാസ്ത്രീയ പര്യവേഷണങ്ങള്‍ക്കും ലോ എര്‍ത്ത് ഓര്‍ബിറ്റിന്റെ സുരക്ഷ അനിവാര്യമാണെന്ന് യുഎന്‍ പറഞ്ഞു. എന്നിരുന്നാലും എല്ലാ സാറ്റ്ലൈറ്റുകളെയും ബഹിരാകാശ അവശിഷ്ടങ്ങളെയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും അത്ര എളുപ്പമല്ല.

 

india

പതിമൂന്നാം റൗണ്ടില്‍ സമനിലയില്‍ പിരിഞ്ഞ് ഗുകേഷും ലിറനും; ഇനി കലാശപ്പോര്

വ്യാഴാഴ്ചയാണ് അവസാന റൗണ്ട് മത്സരം.

Published

on

ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ പതിമൂന്നാം റൗണ്ട് മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറനും. അഞ്ചു മണിക്കൂര്‍ നീണ്ട മത്സരം സമനിലയില്‍ അവസാനിച്ചതോടെ 6.5 വീതം പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പമാണുള്ളത്. വ്യാഴാഴ്ചയാണ് അവസാന റൗണ്ട് മത്സരം.

ഞായറാഴ്ച നടന്ന 11ാം ഗെയിം ജയിച്ച് ഇന്ത്യന്‍ താരം മുന്നിലെത്തിയിരുന്ന ചാംപ്യന്‍ഷിപ്പില്‍ തൊട്ടടുത്ത ദിവസം തന്നെ ചൈനീസ് താരം മറുപടി നല്‍കുകയായിരുന്നു. 12ാം റൗണ്ട് മത്സരത്തില്‍ ഡിങ് ലിറനായിരുന്നു മേല്‍ക്കൈ. ചാംപ്യന്‍ഷിപ്പിലെ ഒന്നാം പോരാട്ടം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ഗുകേഷും ജയം കണ്ടിരുന്നു. പിന്നീടു തുടര്‍ച്ചയായ 7 ഗെയിമുകളിലെ സമനിലയിലാണു കലാശിച്ചത്.

14 പോരാട്ടങ്ങളുള്ള ചാംപ്യന്‍ഷിപ്പില്‍ ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ചാംപ്യനാകും. ഒരു വിജയത്തിന് ഒരു പോയിന്റും സമനിലയ്ക്ക് 0.5 പോയിന്റുമാണ് ലഭിക്കുക. 14 റൗണ്ടുകള്‍ അവസാനിക്കുമ്പോഴും മത്സരം സമനില ആവുകയാണെങ്കില്‍ അടുത്ത ദിവസം ടൈബ്രേക്ക് നടത്തിയായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.

 

 

Continue Reading

india

ആരാധനാലയ നിയമം റദ്ദാക്കരുത്: മുസ്‌ലിം ലീഗ് സുപ്രിംകോടതിയില്‍

ലീഗിന് വേണ്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവരാണ് സുപ്രീം കോടതിയിൽ കക്ഷിചേരൽ അപേക്ഷ നൽകിയത്

Published

on

1991ലെ ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിക്കെതിരെ മുസ്‌ലിംലീഗ് സുപ്രീംകോടതിയെ സമീപിച്ചു. ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിയിൽ കക്ഷിചേരാൻ ലീഗ് അപേക്ഷ നൽകി. ലീഗിന് വേണ്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവരാണ് സുപ്രീം കോടതിയിൽ കക്ഷിചേരൽ അപേക്ഷ നൽകിയത്.

ആരാധനാലയ നിയമം മതേതരത്വം സംരക്ഷിക്കുന്ന നിയമാണെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടി. മതേതരത്വം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ പെട്ടതാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനോ, ഭേദഗതി ചെയ്യാനോ പാർലമെന്റിന് പോലും അധികാരം ഇല്ലെന്ന് ഭരണഘടന ബെഞ്ച് വിധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മതേതരത്വം സംരക്ഷിക്കുന്ന നിയമം റദ്ദാക്കണമെന്ന ആവശ്യം തള്ളണം എന്ന് മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.

ആരാധനാലയ നിയമം ഫലപ്രദമായി നടപ്പാക്കിയിരുന്നുവെങ്കിൽ ഉത്തരപ്രദേശിലെ സംഭലിൽ നടന്നത് പോലുള്ള സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു എന്നും കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുസ്‌ലിംലീഗിന്റെ രാജ്യസഭാംഗവും സുപ്രിംകോടതി അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാനാണ് മുസ്‌ലിംലീഗിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നത്.

Continue Reading

india

ശത്രുക്കളാല്‍ ചുറ്റപ്പെട്ടാല്‍ എങ്ങനെ അതിജീവിക്കണമെന്ന് ഇസ്രാഈലിനെ കണ്ട് അസ്സം പഠിക്കണം: ഹിമന്ത ബിശ്വ ശര്‍മ

അസ്സമിന്റെ അതിര്‍ത്തികള്‍ ഒരിക്കലും സുരക്ഷിതമല്ലെന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു.

Published

on

എതിരാളികളാല്‍ ചുറ്റപ്പെട്ടാലും അതിജീവിക്കാന്‍ ഇസ്രാഈലില്‍ നിന്ന് പാഠം പഠിക്കേണ്ടതുണ്ടെന്ന് അസ്സം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ. സോനിത്പൂര്‍ ജില്ലയിലെ ജമുഗുരിഹാട്ടില്‍ സ്വാഹിദ് ദിവസ് ആഘോഷത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസ്സമിന്റെ അതിര്‍ത്തികള്‍ ഒരിക്കലും സുരക്ഷിതമല്ലെന്ന് ശര്‍മ കൂട്ടിച്ചേര്‍ത്തു.

‘ചരിത്രപരമായി, ബംഗ്ലാദേശ്, മ്യാന്‍മര്‍, പശ്ചിമ ബംഗാള്‍ എന്നിവയുമായി ഞങ്ങള്‍ അതിര്‍ത്തികള്‍ പങ്കിട്ടിട്ടുണ്ട്. ഞങ്ങള്‍ (ആസാമികള്‍) 12 ജില്ലകളില്‍ ന്യൂനപക്ഷമാണ്,’ ഹിമന്ത പറയുന്നു. ‘ശത്രുക്കളാല്‍ ചുറ്റപ്പെട്ടപ്പോള്‍ പോലും വിജ്ഞാനവും ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഒരു ശക്തമായ രാജ്യമായി മാറിയതെങ്ങനെയെന്ന് ഇസ്രായേല്‍ പോലുള്ള രാജ്യങ്ങളുടെ ചരിത്രത്തില്‍ നിന്ന് നമുക്ക് പഠിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമുക്ക് ഒരു സമുദായമായി നിലനില്‍ക്കാന്‍ കഴിയൂ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നാം ഇപ്പോള്‍ മറ്റൊരു വഴിത്തിരിവിലാണ്. അസം പ്രക്ഷോഭം അസമീസ് ജനതയുടെ വ്യക്തിത്വം സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ ഭീഷണി അപ്രത്യക്ഷമായിട്ടില്ലെന്ന് നമ്മള്‍ സമ്മതിക്കണം. ഓരോ ദിവസവും ജനസംഖ്യാശാസ്ത്രം മാറുകയാണ്, ഓരോ ദിവസവും തദ്ദേശവാസികള്‍ക്ക് ഭൂമി നഷ്ടപ്പെടുന്നു”. ആസാമികള്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെടുന്നതിന് കോണ്‍ഗ്രസ് ഉത്തരവാദികളാണെന്ന് ഹിമന്ത ആരോപിച്ചു. ചണ്ഡീഗഢിന്റെ വിസ്തൃതിക്ക് തുല്യമായ ഏകദേശം 10,000 ഹെക്ടര്‍ ഭൂമി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കൈയേറ്റത്തില്‍ നിന്ന് ഒഴിപ്പിച്ചതായി ശര്‍മ വ്യക്തമാക്കി.

നുഴഞ്ഞുകയറ്റക്കാരെ തുരത്തുക എന്നതാണ് അസം പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ലക്ഷ്യമെങ്കില്‍, സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കുകയാണ് അതിന്റെ സാമ്പത്തിക ലക്ഷ്യമെന്നും യുവാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഏറ്റവും നിര്‍ണായക പങ്കുണ്ടെന്നും ഹിമന്ത കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending