ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ലോകകപ്പ് മത്സരത്തിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. മിന്നും ഫോമിലുള്ള ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ഞായറാഴ്ച ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഗില്‍ കളിച്ചേക്കില്ലെന്നാണ് സൂചന.
അടുത്ത കാലത്തായി ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററായ ഗില്‍, കടുത്ത പനി ബാധിച്ച് വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഡെങ്കി പോസിറ്റീവായത്.’ചെന്നൈയില്‍ ഇറങ്ങിയതു മുതല്‍ ഗില്ലിന് നല്ല പനി ഉണ്ടായിരുന്നു. പരിശോധനകള്‍ നടക്കുന്നു. വെള്ളിയാഴ്ച അദ്ദേഹത്തിന് കൂടുതല്‍ ടെസ്റ്റുകള്‍ ഉണ്ടായിരിക്കും. ആദ്യ മത്സരത്തില്‍ ഗില്‍ കളിക്കുമോയെന്ന് ഉറപ്പില്ല ‘ ടീമുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഗില്ലിന്റെ പുരോഗതി നിരീക്ഷിച്ചുവരികയാണെന്നും വെള്ളിയാഴ്ച മറ്റൊരു റൗണ്ട് പരിശോധനയ്ക്ക് ശേഷമായിരിക്കും അദ്ദേഹം കളിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും വ്യക്തമായിട്ടുണ്ട്.
ഡെങ്കിപ്പനി ബാധിക്കുന്ന രോഗികള്‍ക്ക് ആരോഗ്യ വീണ്ടെടുക്കാന്‍ 7-10 ദിവസമെടുക്കുമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ‘ഡെങ്കിപ്പനിയുടെ കാര്യത്തില്‍ റിസ്‌ക്ക് എടുക്കാനാകില്ല. ഇത് സാധാരണ വൈറല്‍ പനി ആണെങ്കില്‍, ആന്റിബയോട്ടിക്കുകള്‍ കഴിക്കാം, പക്ഷേ ഡെങ്കിപ്പനി ആയതുകൊണ്ടുതന്നെ വിദഗ്ദരുടെ നിര്‍ദേശമനുസരിച്ച് മാത്രമെ മുന്നോട്ടുപോകാനാകു’ ടീം വൃത്തങ്ങള്‍ പറഞ്ഞു.ഡെങ്കിപ്പനിയെ തുടര്‍ന്ന് ഗില്‍ കളിക്കില്ലെങ്കില്‍ കെ എല്‍ രാഹുലോ ഇഷാന്‍ കിഷനോ ആയിരിക്കും രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക.
അതേസമയം ഗില്ലിന്റെ അഭാവം തീര്‍ച്ചയായും ഇന്ത്യയുടെ ബാറ്റിംഗ് നിരയ്ക്ക് കനത്ത തിരിച്ചടിയാണ്. ഈ വര്‍ഷത്തെ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വിശ്വസനീയമായ സ്‌കോററാണ് ഈ യുവതാരം. ഈ വര്‍ഷം ഏകദിനത്തില്‍ 70ല്‍ അധികം റണ്‍സ് ശരാശരിയോടെ നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണെന്ന് ഗില്‍ തെളിയിച്ചുകഴിഞ്ഞു.