Connect with us

News

ഈഫൽ ടവറിന് മുന്നിലൊരു മലയാള പുസ്തക പ്രകാശനം

Published

on

പാരീസ്: 2024 ൽ പാരീസ് നഗരം ആതിഥേയത്വം വഹിച്ച ഒളിംപിക്സിനെയും ഫ്രഞ്ച് ആസ്ഥാന നഗരിയുടെ ചരിത്ര വിസ്മയങ്ങളെയും അധികരിച്ച് മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ രചിച്ച ‘ ബോൻജൂർ പാരീസ് ‘ യാത്രാ വിവരണ ഗ്രന്ഥം പാരിസ് നഗരമധ്യത്തിലെ നിർമാണ വിസ്മയമായ ഈഫൽ ടവറിന് മുന്നിൽ പ്രകാശനം ചെയ്തു.

പാരീസിലെ മലയാളി കൂട്ടായ്മയാണ് പുസ്തകം ചരിത്ര സ്മാരകത്തിന് മുന്നിൽ വെച്ച് പ്രകാശിപ്പിച്ചത്. ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ. ചടങ്ങിൽ റജിബ് സ്വാഗതം പറഞ്ഞു. അസി.പ്രൊഫസർ സാലിം പുസ്തകം പ്രകാശിപ്പിച്ചു. ഫെനിൽ പി, ആബിദ് എസ്, ഇംലാസ് ആർ, മിഥുൻ എം, അജ്മൽ ആർ,ഉദയ് കെ, അഷ്ഫാഖ് എന്നിവർ സംസാരിച്ചു.

kerala

ലഹരിക്കെതിരെ ശക്തമായ മുദ്രാവാക്യവുമായി-‘മാഡ്’

Published

on

മയക്കുമരുന്നിൻ്റെ, ലഹരിയുടെ അപായമണി കാതുകളിൽ മുഴങ്ങാൻ തുടങ്ങിയിട്ട് നാളേറെയായി. പണ്ടെന്നോ പണ്ടെങ്ങാണ്ടോ കേട്ടിരുന്നൊരു കാര്യം ഇതാ നമ്മുടെ വീട്ടുമുറ്റത്തെത്തി. വീട്ടകത്തെത്താറായി. ലഹരിയുടെ കഥകൾ ഇന്ന് നമ്മളെ മത്തുപിടിപ്പിക്കുന്നില്ല. അതൊരു നിർവികാരത മാത്രം സമ്മാനിക്കുന്നു.ദൈവമേ എന്ന് വീണ്ടും വീണ്ടും നമ്മളെക്കൊണ്ട് ആണയിടീക്കുന്നു. ലഹരിയുടെ നീരാളിക്കൈകളിൽ കുടുങ്ങാത്തവരാണ് ഇന്ന് ഭാഗ്യവാന്മാർ. ആശ്വസിക്കാൻ വരട്ടെ. ഉമ്മറത്തു നിന്ന് അകത്തെത്തുന്ന നേരമേ ആശ്വാസത്തിന് വകയുള്ളു. അത്രയേറെ മോഹിപ്പിക്കുന്നുവത്രേ മയക്കുമരുന്ന് പകർന്നു നൽകുന്ന നിമിഷസുഖം. ഈ വിചാരം തെറ്റാണെന്ന് ആര് ആരെയാണ് പറഞ്ഞ് പഠിപ്പിക്കുക. അനുഭവ ഭേദ്യമാക്കുന്ന സുഖം വെറും മാജിക്കൽ ആണെന്നും എല്ലും പല്ലും മനസ്സും ഓർമയും നാഡിയും തലച്ചോറും കൂട്ടും കുടുംബവും എല്ലാം തകർക്കുന്നതാണ് റിയലിസമെന്നും എന്തേ തോന്നാത്തത്. അറിവിന് മുന്നിൽ, അജ്ഞത നടിക്കുന്നവർക്കു മുന്നിൽ ഈ അവസാന നിമിഷത്തിൽ, പകച്ചു നിൽക്കാൻ നേരമില്ല. ലഹരിക്കെതിരെ പ്രത്യാക്രമണമാണ് മികച്ച പ്രതിരോധ മാർഗമെന്ന തിരിച്ചറിവാണ് മ്മാഡ് എന്ന ഷോ സമ്മാനിച്ചത്. നാടകമോ ബാലെയോ ഡോക്യുമെൻ്ററിയോ സിനിമയോ മാജിക്കോ ഒന്നുമല്ലാത്ത എല്ലാം ഉൾച്ചേർന്ന ഒരു കലാസൃഷ്ടി. കോഴിക്കോട് തലക്കുളത്തൂർ സി.എം.എം ഹൈസ്കൂളിലെ എസ്.പി.സി വിദ്യാർഥികളുടെ അവധിക്കാലം സമ്മാനിച്ചത് ഒരു വലിയ കലാസൃഷ്ടിയെയാണ് തിരിച്ചറിയിപ്പിച്ചത് ചുറ്റുപാടുകളെയാണ്. കോഴിക്കോട് സിറ്റി പൊലീസിന്റെ നോ നെവർ കാമ്പയിന്റെ ഭാഗമായി പൊലീസിന്റെയും കക്കോടിയിലെ നവദർശന റെസിഡന്റസ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് ആ വലിയ ദൗത്യം നിർവഹിച്ചത്.

മാധ്യമ പ്രവർത്തകനും തിയറ്റർ ആർട്ടിസ്റ്റുമായ ഉല്ലാസ് മാവിലായിയാണ് ഇവർക്കെല്ലാം വേണ്ടി ഇത് അണിയിച്ചൊരുക്കിയത്. മയക്കുമരുന്നിനെതിരായ എത്ര ചെറിയ വിരലനക്കവും വരും തലമുറയെ രക്ഷിക്കാനുള്ള പടയോട്ടമാണ്, പടപ്പുറപ്പാടാണെന്ന തിരിച്ചറിവിൽ പിറന്ന കലാരൂപം. തെയ്യങ്ങൾ കണ്ടുവളർന്ന ഉല്ലാസ് ചില ദീഭത്സരംഗങ്ങളിലേക്ക് കാവുകളിലെ തെയ്യത്തിൻ്റെ അലറൽ സന്നിവേശിപ്പിക്കുന്നുണ്ട്. കാഴ്ചക്കാരുടെ ഉള്ളുലക്കുന്നുണ്ട് അവ. അങ്ങനെയങ്ങനെ ലഹരിക്കെതിരായ പ്രതിരോധത്തിൽ തൻ്റെ പങ്ക് നിർവഹിക്കുകയാണ് ഉല്ലാസ്. അതിന് വലിയ കാട്ടായ്മയുടെ നിയോഗമൊരുക്കിയത് കോഴിക്കോട്ടെ കക്കോടിക്കാർ തന്നെ. ഒരു നല്ല കാര്യത്തിന് ഒരു നാടൊന്നിക്കുന്നതിൻ്റെ മികച്ച ഉദാഹരണം. കുഴലൂത്തുകാരൻ്റെ പിന്നാലെ ചേർന്ന കുട്ടിക്കൂട്ടത്തിന് സമാനം. അവരെ അയാൾ കഥാപാത്രമാക്കി. പോരാളികളാക്കി. ഉദ്ബുദ്ധരാക്കി. ഇത്തിരി യിടത്തുനിന്നെങ്കിലും ലഹരിയെ പിടിച്ച് പുറത്താക്കാൻ നിലമൊരുക്കി. അതിന് മുൻപിൻ നിൽക്കാൻ നവദർശന റസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്കും ഭാരവാഹികൾക്കും ഒപ്പമെത്തിയത് സിറ്റി പൊലീസും .

കൈമെയ് മറന്ന് പ്രവർത്തിച്ച മനോജ് ചീക്കപ്പറ്റ, രവി മഞ്ചേരിൽ, കെ.കെ പ്രമേഷ്, മിനി ചീക്കപ്പറ്റ… പേരുകൾ ഒരു പാട് ഉണ്ട്. കോഴിക്കോട് ക്രൈം ബ്രാഞ്ച്എസ്.പി കെ. കെ മൊയ്തീൻ കുട്ടി ഷോ മുഴുവൻ കണ്ട് സംഘാടകരെയും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ചത് പാടത്തെ പണിക്ക് വരമ്പത്തെ കൂലി പോലെ എല്ലാവരും ഹൃദയത്തിൽ ഏറ്റുവാങ്ങി. അവധിക്കാലം സാമൂഹിക പ്രതിബദ്ധതയോടെ ചെലവഴിക്കാൻ തയാറായ തലക്കളത്തൂർ സി.എം.എം ഹൈസ്കൂൾ സ്റ്റുഡൻ്റ് പൊലീസ് കേഡർ ടീമിനു തന്നെ കൈയടിയിൽ വലിയ പങ്ക്. നേരവും കാലവും നോക്കാതെ അവരും നോഡൽ ഓഫിസർ ദീപയുമെല്ലാം കൂട്ടായ്മയുടെ വലിയ കണ്ണികളായിരുന്നു. നാടിൻ്റെ കാവലിന് കൗമാരത്തെ വളർത്തിയെടുക്കുന്ന എസ്. പി.സിയെന്ന മഹാമുന്നേറ്റത്തിൻ്റെ, നിശബ്ദ വിപ്ലവത്തിൻ്റെ പങ്കിന് ഈ അവധിക്കാലന്നെ ഏറ്റവും വലിയ ഉദാഹരണം സംസ്ഥാനത്ത് ഇതു തന്നെയാകും.

നാടിൻ്റെ കാവലാളുകളായ കോഴിക്കോട് സിറ്റി പൊലീസിൻ്റെ കരങ്ങൾ ഈ യാത്രയിൽ അവർക്ക് കരുത്തേകിയത് പ്രധാനം തന്നെ. മലയാളീസ് മൂവ്മെൻ്റ് എഗെയ്ൻസ്റ്റ് ഡ്രഗ്സ് എന്നതിൻ്റെ ചുരുക്കെഴുത്തായ മ്മാഡ് എന്ന മെഗാ ഷോയാണ് ഒറ്റ വൈക്കോൽ വിപ്ലവം പോലെ ഒരു ദൃശ്യ വിപ്ലവത്തിന് അരങ്ങുണർത്തിയിരിക്കുന്നത്. കഥകളും കഥാപാത്രങ്ങളുമെല്ലാം സാങ്കൽപ്പികമാണെങ്കിലും ഇത് നമുക്ക് ചുറ്റും നടക്കുന്ന കഥയാണ്. സംഭവമാണ്. അനുഭവമാണ്. കഥയല്ലിത് ജീവിതമാണ്. ലഹരി മുഴുവട്ടാക്കുന്ന ജീവിത പരിസരങ്ങളെ ഉൾച്ചേർത്ത ‘മ്മാഡി’ൻ്റെ അനുഭവ പരിസരത്തെ പരിചയപ്പെടാം. ലഹരിക്കും ഉന്മാദത്തിനും സ്വയം വിട്ടുകൊടുക്കാതെ അക്കര പറ്റാം.

ഉണ്ണിയെത്തേടി വന്ന പൂതം നങ്ങേലിയുടെ മാതൃസ്നേഹത്തിനു മുന്നിൽ അടിയറവ് പറഞ്ഞ പഴങ്കഥയിൽനിന്ന് വർത്തമാന കാലത്തേക്ക് ഒറ്റച്ചാട്ടം. ഉണ്ണാനും ഊട്ടാനും ഉറക്കാനും പഠിക്കാനും കളിക്കാനും മിണ്ടാനും മിണ്ടുന്നില്ലെന്ന് പറയാനും ഒക്കെക്കും ഒക്കെക്കും മൊബൈൽ ഫോണെന്ന ഒറ്റമൂലി ജീവിതത്തെ നയിക്കുന്നതിൻ്റെ ദൂഷ്യങ്ങളിലേക്കാണ് ആ ചാട്ടം ചെന്ന് നിന്നത്. മൊബൈൽ ഫോണിൽ മാത്രം ലോകം കാണുന്ന കുട്ടിയെ വശത്താക്കാൻ പൂതത്തിന് നിഷ്പ്രയാസം സാധിക്കുന്നു. ആ കുട്ടിയെ ഉപയോഗിക്കാൻ ലഹരി മാഫിയക്കും പണിയേതുമില്ല. അങ്ങനെ മൊബൈലിനൊപ്പം ഊട്ടിയുറക്കി വളർത്തിയ കുട്ടിയെ മൊബൈൽ ഫോണിലൂടെ വശത്താക്കാൻ എളുപ്പമെന്ന് കാണിക്കുന്ന ജീവിത പരിസരങ്ങളാണ് പിന്നീട് വേദിയിലും സ്ക്രീനിലും തെളിഞ്ഞത്. എല്ലാം ജീവിത ഗന്ധികൾ.

ആകുന്നെങ്കിൽ ജീവിതത്തിൽ ഒരു മൊബൈൽ ഫോണാകണമെന്ന കുട്ടിയുടെ ആഗ്രഹം കേട്ട് ആശ്ചര്യപ്പെട്ടത് ഒരധ്യാപിക. അതെന്തേ അങ്ങനെയെന്ന ചോദ്യത്തിന് അച്ഛനുമമ്മയും മൊബൈൽ ഫോൺ കൈയിൽ നിന്ന് താഴെ വയ്ക്കാറില്ലെന്ന് കുട്ടിയുടെ തുറന്നു പറച്ചിൽ. സ്നേഹത്തോടെയുള്ള ഒരു തൊടലിന് കൗമാരക്കാരൻ്റെ കൊതിയെക്കുറിച്ച് അറിഞ്ഞ ടീച്ചറുടെ ഇടനെഞ്ച് പൊട്ടിയത് അത് തൻ്റെ മകനായതുകൊണ്ട് മാത്രമല്ല, അവനെ സ്നേഹിക്കാൻ മറന്നുപോയ അധ്യാപക ദമ്പതിമാരാണ് തങ്ങളെന്ന് തിരിച്ചറിഞ്ഞതുകൊണ്ടു കൂടിയാണ്. വേദിയിൽ ഇവരങ്ങനെ നിറഞ്ഞാടുമ്പോൾ അടുത്തിരുന്ന മകനെ/ മകളെ മുറുക്കെ പിടിച്ച അമ്മമാരുടെ, മുത്തശ്ശിമാരുടെ കരങ്ങളെത്ര കണ്ടു ഞാൻ. നെഞ്ച് തടവുന്ന, നീരുറ്റുന്ന കണ്ണുകളുള്ള അച്ഛൻമാരെയും പാതി വെളിച്ചത്തിൽ കണ്ടു. വീർപ്പുകൾ, അടക്കിപ്പിടിക്കലുകൾ… ഒക്കെയും വേദിയിൽനിന്ന് സദസ്സിലേക്ക് പരകായ പ്രവേശം നടത്തുകയായിരുന്നു.

ഇത്തിരി മധുരക്കള്ളു മോന്തി, നാട്ടുകളികളിൽ ഏർപ്പെട്ട്, അങ്ങാടികളിൽ ആൾക്കാരുമൊത്ത് മിണ്ടിപ്പറഞ്ഞ്, മൈതാനത്ത് പന്തുതട്ടി, പാടത്തും പറമ്പിലും കറങ്ങി നടന്ന്, മാവിന് കല്ലെറിഞ്ഞ്, സന്തോഷങ്ങളെ കൂടിച്ചേരലുകൾവഴി പലയാവർത്തി വർധിപ്പിക്കുന്ന വഴികളിലൊന്നും യുവതയെ കാണാനില്ല. സിന്തറ്റിക് ഡ്രഗ്സ് നൽകുന്ന മാസ്മരിക ലോകത്ത് അഭിരമിക്കാനാണ് അവർക്ക് താൽപര്യം. അതിനാണ് തിടുക്കം കാട്ടുന്നത്. സ്നേഹ ശാസനകൾ, വിമർശനങ്ങൾ, വേണ്ടെന്ന വിലക്കലുകൾ, മാറ്റി വെക്കാൻ പറയൽ, ഇല്ലായ്മകളുടെ തുറന്നു പറച്ചിൽ എല്ലാം അവർക്ക് ഹത്യക്ക് പ്രേരിപ്പിക്കുന്ന അത്രയും വലിയ അപരാധങ്ങളാണ്. മാതാപിതാക്കളേയും സുഹൃത്തുക്കളേയും വക വരുത്താൻ മടിയില്ലെന്ന സംഭവകഥ കാമ്പ് ചോരാതെ ഇതിലുൾചേർക്കാൻ സംവിധായകൻ ഉല്ലാസ് മാവിലായിക്ക് ആയിട്ടുണ്ട്. കുറ്റബോധം ഇല്ലാത്ത യുവതലമുറയെ അതേപടി വരച്ചുകാട്ടുന്നുണ്ട്. ഓമനത്തിങ്കൾ കിടാവും പൂതപ്പാട്ടും ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തി നീയും തുടങ്ങി ഒട്ടേറെ മനോഹര ഗാനങ്ങൾ കോർത്തു ചേർത്തിട്ടുണ്ട്.

ലഹരിക്ക് ഇടം കിട്ടാൻ അവസരമൊരുങ്ങുന്ന ഒരു പാട് ജീവിത പരിസരങ്ങളെയാണ് ഇതിൽ വിടർത്തിയിടുന്നത്. തട്ടിൽ ഒരിക്കൽ പോലും കയറിയിട്ടില്ലാത്ത മുതുമുത്തശ്ശി മുതൽ നാലോ അഞ്ചോ വയസ്സു മാത്രം പ്രായമുള്ള ഉണ്ണിയെ വരെ ഉല്ലാസ് മാവിലായി കണ്ടെത്തിയത് കക്കോടിയിലെ 127 കുടുംബങ്ങളുടെ കൂട്ടായ്മയായ നവദർശനയിൽനിന്നാണ്. റിഹേഴ്സൽ ക്യാമ്പ് പരിസരത്ത് വന്നവരെല്ലാം അഭിനേതാക്കളായി. എല്ലാവരും തങ്ങളുടെ റോൾ ഭംഗിയാക്കി. ഒടുവിൽ, പത്രവായനയിൽ അത്രയൊന്നും താൽപര്യം കാണിക്കാത്ത, ഉപദേശങ്ങൾ മുഖവിലക്ക് എടുക്കാത്ത യുവതലമുറ വിരാജിക്കുന്ന കാലത്ത് ഒരു മാധ്യമപ്രവർത്തകനിലൂടെ ഏതാനും അമ്മമാരിലേക്ക് നല്ല നേരങ്ങളുടെ സന്ദേശം എത്തിക്കാൻ രചനയിൽ ശ്രദ്ധിച്ചു. അത് ഏതാനും അമ്മമാരിലല്ല, എല്ലാവരിലും എത്തിക്കേണ്ടതാണെന്ന ഉൾവിളിയിൽ മാധ്യമപ്രവർത്തകന് മൈക്ക് കൈമാറുന്ന രംഗമൊരുക്കി. തൻ്റെ സന്ദേശം മൃദു ഭാഷയിൽ പ്രേക്ഷകരിലേക്ക് പകർന്നത് കമാൽ വരദൂർ എന്ന മാധ്യമപ്രവർത്തകനിലൂടെയാണ്. മയക്കുമരുന്നിനെ തുരത്താനുള്ള പോരാട്ടത്തിൽ പൊലീസിനും പറയാനുണ്ടാകില്ലേ ചിലതെല്ലാം എന്ന ചിന്ത പ്രേക്ഷകനിൽ മുളയെടുക്കും നേരത്ത് സദസ്സിനിടയിൽ പൊട്ടിത്തെറിയുടെ സൂചന വരുന്നു. യുവാക്കളുടെ സ്വാതന്ത്ര്യത്തിൽ കടന്നു കയറിയിട്ട്, എല്ലാം മയക്കുമരുന്നെന്ന് പറഞ്ഞ് അവമതിക്കുന്ന തന്ത വൈബാണ് ഇവിടെ അരങ്ങേറുന്നതെന്ന് ഒരാൾ കയർക്കുകയാണ്. പരിപാടി അലമ്പാക്കൽ തന്നെയാണ് ലക്ഷ്യം. വി. വി.ഐ.പികൾ ഇല്ലാത്തതിനാൽ ഷോ നടക്കുന്ന ഓഡിറ്റോറിയത്തിൽ പൊലീസ് പേരിനു മാത്രം. ഈ ഷോക്കു വേണ്ടി ആഴ്ചകൾ നീണ്ട അധ്വാനം ന്യൂ ജെൻ പ്രതിഷേധക്കാരന് കുളമാക്കാൻ സെക്കൻഡുകൾ മതി. അതിന് അവസരം ഉണ്ടാക്കാതിരിക്കാൻ സദസ്സിൽനിന്ന് ഇയാളെ പിടിച്ചു പുറത്താക്കാൻ നാട്ടുകാരുടെ ശ്രമം. ഒച്ച കേട്ടിടത്തേക്ക് ആളുകളുടെ എത്തിനോട്ടം. ന്യൂജെൻ കുതറിമാറി വേദിക്ക് മുന്നിലേക്ക്. സംഘാടകർ പകച്ചു. പ്രതിരോധങ്ങളെല്ലാം ഭേദിച്ച് അയാൾ വേദിയിൽ ചാടിക്കയറി. സംഘാടകർ കൈ വെക്കുമെന്ന ഘട്ടത്തിന് തൊട്ടു മുമ്പേ പൊലീസെത്തി. നിയമം കൈയിലെടുക്കുന്നവർക്ക് താക്കീത് നൽകി. മൽപ്പിടുത്തത്തിനിടെ പ്ര ക്ഷോഭകൻ്റെ പോക്കറ്റിൽ നിന്ന് മയക്കുമരുന്ന് പൊതികൾ വീണതോടെ പൊലീസ് ജാഗരൂകരായി. കൂടുതൽ പൊതികൾ കീശയിൽ നിന്ന് വീണ്ടെടുത്തു. സദസ്സ് അമ്പരന്നു. ഇവിടെയും അവന്മാർ എത്തിയെന്ന് അടക്കം പറച്ചിൽ. വല്ലാത്ത ധൈര്യമെന്ന് കൂട്ടിച്ചേർക്കൽ. ഇതിനിടെ കോഴിക്കോട് സിറ്റി അസിസ്റ്റൻ്റ് പൊലീസ് കമീഷണർ എ. ഉമേഷിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം വേദിയിൽ. തല നിവർത്തി നിന്ന പ്രക്ഷോഭകൻ തലയുയർത്താനാകാതെ പൊലീസ് കസ്റ്റഡിയിൽ വേദിയിൽ. ഇങ്ങനെ തല താഴ്ത്തി നിൽക്കേണ്ടവരല്ല നമ്മുടെ യുവത്വമെന്ന് പറഞ്ഞ് തുടങ്ങിയ അസി. കമീഷണർ മയക്കുമരുന്നു വേട്ടയിൽ പൊലീസിൻ്റെ പങ്കും വീട് വിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണക്കൂടുതലും ചുരുങ്ങിയ വാക്കുകളിൽ വിവരിച്ചു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ഓരോ പോരാളിക്കും ഐക്യ ദാർഢ്യവുമായി പൊലീസ് ഉണ്ടെന്ന ഉറപ്പു നൽകി. പിന്നാലെ മയക്കുമരുന്ന് വിരുദ്ധ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളുമേന്തി സ്റ്റുഡൻ്റ് പൊലീസ് ടീം വേദിയിലെത്തി. എസ് പി.സിയുടെ ചുമതലയുള്ള എസ്.ഐ ഷിബു മൂടാടിയും എ.എസ്.ഐ ഉമേഷ് നന്മണ്ടയും മയക്കുമരുന്ന് നിർമാർജനത്തിൽ അടക്കമുള്ള തങ്ങളുടെ നീക്കങ്ങൾ വിശദീകരിച്ചതിന് പിന്നാലെ എസ്.പിക്കൊപ്പം മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ ചൊല്ലാൻ അവിടെ കൂടിയ പുരുഷാരം എഴുന്നേറ്റു. പ്രതിജ്ഞ ഉള്ളിലേറ്റുവാങ്ങി. നാടകം ജീവിതത്തിലേക്ക് വഴി മാറിയതറിയാതെ കൂടി നിന്നവർ കൈയടിച്ചു. വീണ്ടും വീണ്ടും . പ്രക്ഷോഭകാരിയും പ്രതിഷേധവും കൈയേറ്റ ശ്രമവും പൊലീസും എല്ലാം ഒരു തിരക്കഥയാണെന്ന് വിശ്വസിക്കാൻ പലരും മടിച്ചു. അത്രമേൽ കൈയടക്കവും രഹസ്യവും ആ രംഗമൊരുക്കുന്നതിൽ സംവിധായകൻ പാലിച്ചു. പിന്നെ, കൈയടിയുടെ ഒച്ചയാൽ ചില ദുർഭൂതങ്ങൾ ഒഴിഞ്ഞു പോകുമെങ്കിൽ, അതിലൊന്ന് ഏതെങ്കിലുമൊരു സിന്തറ്റിക് ഡ്രഗ്ഗാണെങ്കിൽ അത് അവിടം വിട്ട് പാഞ്ഞേനെ. ഇനി കക്കോടിയിലേക്ക് ഇല്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ട്. ഈ കൈയടി നിലക്കാതിരിക്കട്ടെ, ലഹരി വസ്തുക്കൾ ഓരോന്നോരോന്നായി എൻ്റെ നാടും രാജ്യവും ലോകവും കടന്ന് പാഞ്ഞു പോകട്ടെ!

അരവിന്ദ് പുത്തൻവീട്ടിൽ
99471 98226

Continue Reading

india

പാകിസ്താന്‍ വിമാനങ്ങള്‍ക്ക് വിലക്ക്; ഇന്ത്യന്‍ വ്യോമാതിര്‍ത്തി അടച്ചു

പാക് വിമാനങ്ങള്‍ക്ക് ഇന്ത്യക്കു മുകളില്‍ പറക്കാനുള്ള അനുമതി റദ്ദാക്കി.

Published

on

പാകിസ്താന്‍ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. വ്യോമാതിര്‍ത്തി അടച്ചു. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യക്കു മുകളില്‍ പറക്കാനുള്ള അനുമതി റദ്ദാക്കി. പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ തിരിച്ചടി. അടുത്ത മാസം 23 വരെയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ വസതിയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കരസേന മേധാവിയും നിര്‍ണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാതിര്‍ത്തി അടക്കാനുള്ള തിരുമാനത്തിലേക്കെത്തിയത്. പാകിസ്താന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ഇനി തുറന്നു നല്‍കില്ല.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികള്‍ വെടിയേറ്റ് മരിച്ച സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടയിലാണ് ഈ നീക്കം. അതേസമയം ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്താന്‍ ഇസ്ലാമാബാദിലും ലാഹോറിലും ‘നോ ഫ്‌ലൈ സോണ്‍ ‘ പ്രഖ്യാപിച്ചു. മെയ് 2 വരെ ഇസ്ലാമാബാദിലും ലാഹോറിലും വ്യോമസേനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി നോട്ടീസ് നല്‍കി. നിയുക്ത വ്യോമാതിര്‍ത്തിയില്‍ ഒരു വിമാനവും പറക്കാന്‍ അനുവദിക്കില്ല. ഇന്ന് ചേര്‍ന്ന പാക് ഉന്നത തല യോഗത്തിന് ശേഷമാണ് തീരുമാനം. 24-36 മണിക്കൂറിനുള്ളില്‍ ഇന്ത്യ പാകിസ്താനെതിരെ സൈനിക നടപടി ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണിത്.

Continue Reading

india

ജാതി സെന്‍സസ് നടപ്പിലാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്‍ഡ്യാ മുന്നണിയുടെ വിജയം: എം കെ സ്റ്റാലിന്‍

രാജ്യത്ത് പൊതുസെന്‍സസിനൊപ്പം ജാതി സെന്‍സസ് നടപ്പിലാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്‍ഡ്യാ മുന്നണിയുടെ വിജയമാണെന്ന് എം കെ സ്റ്റാലിന്‍.

Published

on

രാജ്യത്ത് പൊതുസെന്‍സസിനൊപ്പം ജാതി സെന്‍സസ് നടപ്പിലാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇന്‍ഡ്യാ മുന്നണിയുടെ വിജയമാണെന്ന് എം കെ സ്റ്റാലിന്‍. സെന്‍സസ് എപ്പോള്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ ദേശീയ നയത്തിനൊപ്പം നില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായതില്‍ സന്തോഷമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജാതി സെന്‍സസിനൊപ്പം സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സര്‍വ്വേ കൂടി നടത്തണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ജാതി സെന്‍സസ് നടപ്പാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തി. ജാതി സെന്‍സസ് രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് തെലങ്കാനയാണെന്നും ഇന്ത്യ തെലങ്കാനയെ പിന്തുടരുന്നതില്‍ സന്തോഷമുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

രാജ്യത്ത് പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്് അറിയിച്ചിരുന്നു.

Continue Reading

Trending