Connect with us

Culture

ഹാപ്പി അണ്‍ലിമിറ്റഡ്: റ..സി..യാ… റ…സി…യാ…

Published

on

മെയ് 1 ആയിരുന്നില്ല ഞായറാഴ്ച്ച. മാര്‍ച്ച് എട്ടും (ലോക വനിതാദിനം) ആയിരുന്നില്ല. പക്ഷേ റഷ്യക്കാര്‍ മതിമറന്നു ഞായറാഴ്ച്ച…അമ്മോ-കാണേണ്ടതായിരുന്നു ആ ആഘോഷ കാഴ്ച്ചകളെല്ലാം. ലുഷിനിക്കി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ്് മത്സരത്തില്‍ ശക്തരായ സ്‌പെയിനിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ റഷ്യ തോല്‍പ്പിക്കുന്നത് പ്രാദേശിക സമയം ഏഴ് മണിക്കാണ്. അപ്പോള്‍ തുടങ്ങിയതാണ് ആഘോഷം. അത് പുലരുവോളമുണ്ടായിരുന്നു. റഷ്യന്‍ വിപ്ലവത്തിന്റെ സ്മരണ പുതുക്കുന്ന മെയ് ഒന്നിനാണ് ഈ നാട്ടില്‍ അതിഗംഭീര ആഘോഷങ്ങള്‍. സാര്‍വദേശീയ തൊഴിലാളി ദിനം. അന്ന് റെഡ് സ്‌ക്വയര്‍ നിറയും. രാവിലെ മുതല്‍ രാത്രി വരെ അടിപൊളി പരിപാടികളുണ്ടാവും. പിന്നെ ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിനും. ഈ രണ്ട് ദിവസങ്ങളിലെയും ആഘോഷങ്ങളാണ് കലണ്ടര്‍ വര്‍ഷത്തിലെ പ്രധാന പരിപാടികള്‍. അതിനിടെയാണ് ഈ കാല്‍പ്പന്താഘോഷം. അതിന്റെ ഒരു ലൈവാണിന്ന്.
വൈകീട്ട് 7.15 ലുഷിനിക്കി സ്‌റ്റേഡിയം: ഷൂട്ടൗട്ട് അവസാനിക്കുന്നു. രണ്ട് തകര്‍പ്പന്‍ സേവുകള്‍ നടത്തിയ ഗോള്‍കീപ്പര്‍ ഇകോര്‍ അകിന്‍ഫീവിനെയുമായി താരങ്ങള്‍ മൈതാനത്ത് ആഘോഷം നടത്തുമ്പോള്‍ ഗ്യാലറി ഇളകി മറിയുന്നു. ഒരാള്‍ പോലും ഇരിപ്പിടം വിടുന്നില്ല. ഓര്‍ക്കുക, ഗ്യാലറിയിലുണ്ടായിരുന്നത് 78,100 പേര്‍. എല്ലാവരും പരസ്പരം ആശ്ലേഷിക്കുന്നു-റസിയ… റസിയ… റസിയ മുദ്രാവാക്യങ്ങള്‍

സ്‌പെയിനിനെതിരായ ലോകകപ്പ് വിജയത്തിന് ശേഷം റെഡ് സ്വ്കയറിലെ ആഘോഷം

വൈകീട്ട് 8-00. സ്‌പോര്‍ട്ടിനേവിയ മെട്രോ സ്‌റ്റേഷന്‍: സ്റ്റേഡിയം മെട്രോയാണിത്. ഗ്യാലറിയില്‍ നിന്നും പതിനായിരങ്ങള്‍ മെട്രോ സ്‌റ്റേഷനിലേക്ക്. മുദ്രാവാക്യങ്ങളുടെ ശബ്ദം വര്‍ധിക്കുന്നു. ചാറ്റല്‍ മഴയൊന്നും ആരും മൈന്‍ഡ് ചെയ്യുന്നില്ല. എല്ലാവരുടെയും കണ്ഠത്തില്‍ നിന്നും റ..സി…യാ…. വിളികള്‍. ചിലര്‍ ഭാര്യമാരെയും മക്കളെയുമെല്ലാം തോളത്ത് ഏറ്റുന്നു. ഓടുന്നു, ചാടുന്നു, തലകുത്തി മറിയുന്നു… മെട്രോയുടെ കവാടത്തില്‍ നിറയെ പൊലീസുകാര്‍. അവര്‍ പതിവ് പോലെ നിശബ്ദരാണ്. ഈ ആഹ്ലാദപ്രകടനങ്ങളിലും അവര്‍ ചിരിക്കുന്നു പോലുമില്ല. മെട്രോ സ്‌റ്റേഷന്റെ എല്ലാ വഴികളുമിപ്പോള്‍ ആഹ്ലാദത്തിനുളളതാണ്. സമീപത്തെ രണ്ട് സ്റ്റേഷനുകള്‍ അടച്ചു. ആഹ്ലാദക്കാര്‍ക്കായി എല്ലാ ഗേറ്റും തുറക്കുന്നു… പിന്നെ ഓരോ മിനുട്ടിലും വരുന്ന മെട്രോകളിലും നിറയെ ആളുകള്‍ തിരക്കി കയറുന്നു. അവിടെയും പരിഗണന ആദ്യം കുട്ടികള്‍ക്ക്, പിന്നെ വയോധികര്‍ക്ക്, അതിന് ശേഷം സ്ത്രീകള്‍ക്ക് (ആഘോഷത്തിലും എല്ലാ മര്യാദകളും അവര്‍ പാലിക്കുന്നു)…….
വൈകീട്ട് 9-00 റെഡ് സ്‌ക്വയര്‍: റഷ്യന്‍ ആഹ്ലാദങ്ങളുടെ ആസ്ഥാനം ഇവിടമാണ്-ഔദ്യോഗിക ആഹ്ലാദ കേന്ദ്രം. ഇവിടെ ലക്ഷങ്ങളാണ് ഒരുമിച്ചിരിക്കുന്നത് നിന്ന് തിരിയാന്‍ സ്ഥലമില്ല. ഒരു വിധം അതിനുളളില്‍ കയറി. ആബാലവൃദ്ധം ജനങ്ങള്‍. ആഘോഷത്തിന്റെ പറുദീസ എന്ന് തന്നെ പറയാം. വിദേശികളെ കാണുമ്പോള്‍ എല്ലാവരും അവര്‍ക്ക് സ്ഥലമൊരുക്കുന്നു. പാട്ടിനും ഡാന്‍സിനും ക്ഷണിക്കുന്നു. സിഗരറ്റുകളും പാനീയങ്ങളുമായി നുരഞ്ഞ് പൊങ്ങുന്നു ആഘോഷവേദി. ഇവിടെ എത്തിയതിന് ശേഷം ആദ്യമായി റോഡില്‍ ഗതാഗതുകുരുക്ക് കണ്ടു. ഇത് വരെ റോഡുകളിലുടെ വാഹനങ്ങള്‍ സമൃദ്ധമായി ഓടുന്നതാണ് കണ്ടത്. ഒരു കുരുക്കും എവിടെയും കണ്ടിരുന്നില്ല. പക്ഷേ ഈ ദിവസം എല്ലാ കാറുകളും സൈറണ്‍ മുഴക്കുന്നു. ബസ്സുകളെല്ലാം റോഡില്‍ നിശ്ചലം. കാറുകളുടെ പുറത്ത് യുവാക്കള്‍ കൊടികളുമായി. പെണ്‍കുട്ടികള്‍ ബൈക്കുകളില്‍ പറക്കുന്നു. എല്ലാവരുടെയും കൈവശം ദേശീയ പതാക. യാദൃശ്ചികമായി അവിടെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ കണ്ടുമുട്ടുന്നു. അദ്ദേഹം ബ്രസീലിന്റെ ഒരു കളി കാണാന്‍ വന്നതാണ്. ആഘോഷങ്ങള്‍ കണ്ട് തങ്ങള്‍ പറഞ്ഞു-ഈ ഫുട്‌ബോള്‍ മനസ്സ് അപാരം…
രാത്രി 10-00. ക്രെംലിന്‍ കൊട്ടാരത്തിന് മുന്‍വശം: റെഡ് സ്‌ക്വയറിലെ ഈ വലിയ കോട്ടക്ക് മുന്നില്‍ ചെറുപ്പക്കാര്‍ അണിനിരന്നിരിക്കുന്നു. ഇവിടം മാത്രം ഉദ്ദേശം അര ലക്ഷം പേരുണ്ട്. വലിയ ഒരു ബാന്‍ഡ് മേളം. അതിന് ശേഷം എല്ലാവരും ബാന്‍ഡുകാരുടെ താളത്തിനൊപ്പം പാടുന്നു. തുടര്‍ന്ന് ബാന്‍ഡുകാര്‍ നഗരം ചുറ്റുന്നു. എല്ലാവരും അവരെ അനുഗമിക്കുന്നു. കാണേണ്ട കാഴ്ച്ച. അച്ചടക്കത്തിന്റെ ശക്തമായ ആഘോഷം
രാത്രി 12-00 ഒക്‌ഹോത്‌നി റെയാദ് എന്ന മെട്രോ സ്‌റ്റേഷന്‍: അര്‍ധരാത്രിയും പിന്നിട്ടിരിക്കുന്നു. എല്ലാവര്‍ക്കും വീട്ടിലേക്ക് മടങ്ങണം-എനിക്കും. എങ്ങനെയെത്തും സ്‌റ്റേഷനിലേക്ക്. ഒരടി മുന്നോട്ട് പോവാന്‍ കഴിയില്ല. അത്രയും ജനം. പക്ഷേ ഒരു പ്രശ്‌നവും ആരുമുണ്ടാക്കുന്നില്ല. ഒരു പരാതിയും ആരും ഉന്നയിക്കുന്നില്ല. എല്ലാവരും സ്‌റ്റേഷനിലേക്കുള്ള വഴിയില്‍ നിശ്ചലരായി അങ്ങനെ നില്‍ക്കുന്നു. ഒരു മണി വരെ മാത്രമേ ട്രെയിനുളളു.. ചെറിയ അങ്കലാപ്പ് മനസ്സില്‍. പക്ഷേ ഈ ക്യൂ പത്ത് മിനുട്ടില്‍ ഒരു തവണ മാത്രമാണ് അനങ്ങുന്നത്. അവസാനം ഒരു മണി കൃത്യത്തിന് സ്‌റ്റേഷനില്‍. അധികാരികള്‍ സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നു. ആഘോഷക്കാര്‍ക്കായി ഒരു മണിക്കൂര്‍ കൂടുതല്‍ മെട്രോയുണ്ട്. ട്രെയിനില്‍ നിന്ന് തിരിയാന്‍ സ്ഥലമില്ല. അപ്പോഴും ആഘോഷം അവസാനിച്ചിരുന്നില്ല.
പുലര്‍ച്ചെ 2-00. യുഗോസാപദ്യ: ഞാന്‍ എന്റെ സ്റ്റേഷനിലെത്തി. സ്‌റ്റേഷന് അകത്ത് ബാന്റ്് മേളങ്ങളുമായി വനിതകള്‍. അവരുടെ സംഖ്യ ആയിരത്തിലധികം വരും. അവര്‍ ദേശീയ ഗാനവും ആലപിച്ച് പുറത്തേക്ക് വരുന്നു. പുറത്തേ ഓപ്പണ്‍ വേദിയില്‍ അതിലേറെ ആളുകള്‍. ഓര്‍ക്കണം സമയം പുലര്‍ച്ചെയാണ്. പിന്നെ അതാ ഡാന്‍സ്…. പകല്‍ പോലെ വെളിച്ചവും. അമ്മമാരും വൃദ്ധരുമെല്ലാം പാട്ടുപാടുന്നു. പതാക വീശുന്നു. അവിടെ നിന്നും ഫ്‌ളാറ്റിലേക്ക് മടങ്ങുന്ന വഴിയില്‍ ഒരാള്‍ ഒരു പതാക എനിക്ക് തന്നു-റസിയ മുദ്രാവാക്യം വിളിച്ചു. ഞാനും അതേറ്റ് വിളിച്ചു……
ആഘോഷങ്ങളുടെ നാടാണിത്. സ്വന്തം രാജ്യത്തിന്റെ വിജയത്തില്‍ മതിമറക്കുന്നവര്‍ക്ക് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല, വര്‍ണമില്ല, വര്‍ഗമില്ല. എല്ലാവരും ഏകോദര സഹോദരങ്ങള്‍. അവര്‍ സ്വന്തം രാജ്യത്തെ മതിമറന്ന് സ്‌നേഹിക്കുന്നു. ഇനി രാജ്യത്തിന് തോല്‍വി പിണഞ്ഞാലോ-അതില്‍ കരഞ്ഞ് നടക്കുന്നുമില്ല. തോല്‍വിയെ അതേ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ അവര്‍ സ്വീകരിക്കും. എല്ലാവരും പരസ്പരം തോളില്‍ തട്ടി സാന്ത്വനപ്പെടുത്തും. അപാരമാണിവരുടെ മനസ്. നമ്മുടെ നാട്ടില്‍ കുട്ടികള്‍ മതിമറക്കുമ്പോള്‍ പ്രായം ചെന്നവര്‍-എടാ അതിര് കടക്കരുതേ എന്ന് പറയാറില്ലേ… ഇവിടെ ആഘോഷത്തില്‍ സീനിയേഴ്‌സും ജൂനിയേഴ്‌സാണ്..

news

ഇസ്രാഈലിനെതിരെ വീണ്ടും നാവിക ഉപരോധം ഏര്‍പ്പെടുത്തി ഹൂതികള്‍

ഗസയിലേക്കുള്ള സഹായ തടസം നീക്കാന്‍ ഇസ്രാഈലിന് ഹൂത്തികള്‍ നാല് ദിവസത്തെ സമയം നല്‍കിയിരുന്നു.

Published

on

ഇസ്രാഈലിനെതിരെ വീണ്ടും നാവിക ഉപരോധം ഏര്‍പ്പെടുത്തി ഹൂതികള്‍. ഗസയിലേക്കുള്ള സഹായ തടസം നീക്കാന്‍ ഇസ്രാഈലിന് ഹൂത്തികള്‍ നാല് ദിവസത്തെ സമയം നല്‍കിയിരുന്നു. എന്നാല്‍ നാല് ദിവസം പിന്നിട്ടിട്ടും അനുകൂലമായ നീക്കമുണ്ടാക്കതെ വന്നതോടെയാണ് ഇസ്രാഈലിനെതിരെ ഹൂത്തികള്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയത്.

ചെങ്കടല്‍, അറബിക്കടല്‍, ബാബ് അല്‍മന്ദാബ് കടലിടുക്ക്, ഏദന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ ഇസ്രാഈല്‍ കപ്പലുകളെ ലക്ഷ്യമിടുമെന്ന് ഹൂത്തി വക്താവ് യഹ്യ സരി അറിയിച്ചു. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഇസ്രാഈലിനെതിരായ ഉപരോധം ഹൂതികള്‍ നിര്‍ത്തിവെച്ചിരുന്നു.

എന്നാല്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം പൂര്‍ത്തിയായതോടെ ഗസയിലേക്കുള്ള ഭക്ഷണങ്ങളും മരുന്നുകളും വെള്ളവും അടങ്ങുന്ന ട്രക്കുകളും വൈദ്യുതിയുമെല്ലാം ഇസ്രാഈല്‍ തടസപ്പെടുത്തുകയാണ് ചെയ്തത്.

ഇതിനുപിന്നാലെയാണ് സഹായം തടസം നീക്കാന്‍ ഹൂതികള്‍ ഇസ്രാഈലിന് 4 ദിവസത്തെ സമയം നല്‍കിയത്. പ്രസ്താവനകള്‍ പുറപ്പെടുവിച്ച് മാത്രം ഫലസ്തീനികള്‍ക്ക് പിന്തുണ നല്‍കുന്ന പ്രസ്ഥാനമല്ല തങ്ങളുടേതെന്ന് ഹൂതികളുടെ നേതാവായ അബ്ദുള്‍ മാലിക് അല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഹമാസ് വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിച്ചുവെന്നും എന്നാല്‍ ഇസ്രാഈല്‍ തങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നില്ലെന്നും അബ്ദുള്‍ മാലിക് അല്‍ഹൂത്തി ചൂണ്ടിക്കാട്ടിയിരുന്നു.

യു.എസ് സര്‍ക്കാരിന്റെ പിന്തുണയാണ് ഫലസ്തീനികള്‍ക്കെതിരായ ഇസ്രാഈല്‍ അതിക്രമം വര്‍ധിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, 2023 നവംബര്‍ മുതല്‍ ഇസ്രാഈല്‍ ബന്ധമുള്ള 100ലധികം കപ്പലുകള്‍ ഹൂതികള്‍ ആക്രമിച്ചിട്ടുണ്ട്.

ഇക്കാലയളവില്‍ ഹൂത്തികള്‍ ഇസ്രാഈല്‍ ബന്ധമുള്ള രണ്ട് കപ്പലുകള്‍ കടലില്‍ മുക്കുകയും മറ്റൊന്ന് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞത് നാല് നേവി ഉദ്യോഗസ്ഥരെ ഹൂത്തികള്‍ കൊലപ്പെടുത്തിയിട്ടുമുണ്ട്. ഹൂത്തികളുടെ ഉപരോധം ആഗോള ഷിപ്പിങ്ങിനെ തന്നെ തടസപ്പെടുത്തിയിരുന്നു. ഇതോടെ കമ്പനികള്‍ കപ്പലുകളെ ദക്ഷിണാഫ്രിക്കയ്ക്ക് ചുറ്റുമുള്ള ദീര്‍ഘവും ചെലവേറിയതുമായ വഴികളിലൂടെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.

Continue Reading

kerala

സിപിഎം മന്‍മോഹന്‍ സിംഗിനോടു മാപ്പു പറയണം; പിണറായിയുടേത് കമ്യൂണിസ്റ്റ് നയമല്ലെന്നും രമേശ് ചെന്നിത്തല

ലഹരി മാഫിയകളെ പിടിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

സിപിഎം നയരേഖ കമ്മ്യൂണിസ്റ്റ് നയരേഖയല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നയരേഖ അംഗീകരിക്കും മുന്‍പ് മന്‍മോഹന്‍ സിംഗിനോട് സിപിഎം മാപ്പ് പറയണം. സിപിഎം 35 വര്‍ഷം കേരളത്തെ പിന്നോട്ടടിച്ചു. പിണറായി കമ്മ്യൂണിസ്റ് മുഖ്യമന്ത്രിയല്ലെന്നും രമേശ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചു.

ഇച്ഛാശക്തിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പോലീസ് വിചാരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ലഹരി മാഫിയകളെ പൂട്ടാം. ലഹരി മാഫിയകളെ പിടിക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പട്ടികജാതി പട്ടികവര്‍ഗ്ഗ ദളിത് വിഭാഗങ്ങളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി ദേശിയ ദളിത് പ്രോഗ്രസിവ് കോണ്‍ക്ളേവ് സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കഴിഞ്ഞ 15 വര്‍ഷമായിവിവിധ പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളില്‍ നിന്നും സ്വാംശീകരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് ആയിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു . 23ന് കോണ്‍ക്ലേവ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു

Continue Reading

kerala

സംസ്ഥാന വ്യാപകമായി ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്.എഫ്.ഐ മാറി- വി.ഡി സതീശൻ

സംസ്ഥാന വ്യാപകമായി ഹോസ്റ്റലുകളിലും കോളജുകളിലും ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്.എഫ്.ഐ മാറിയിരിക്കുകയാണെന്നും അദ്ദേഹം ആലുവയിൽ മാധ്യങ്ങളോട് പറഞ്ഞു.

Published

on

കളമശേരി പോളിടെക്‌നിക്കില്‍ എസ്.എഫ്.ഐ നേതാക്കളും യൂനിയന്‍ ഭാരവാഹികളും ഉള്‍പ്പെടെയുള്ളവരെയാണ് കഞ്ചാവുമായി പിടികൂടിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന വ്യാപകമായി ഹോസ്റ്റലുകളിലും കോളജുകളിലും ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്.എഫ്.ഐ മാറിയിരിക്കുകയാണെന്നും അദ്ദേഹം ആലുവയിൽ മാധ്യങ്ങളോട് പറഞ്ഞു.

ലഹരി മാഫിയക്ക് രാഷ്ട്രീയ രക്ഷകര്‍തൃത്വം ഉണ്ടെന്ന് 2022-ല്‍ ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. ലഹരി മാഫിയ കേരളത്തില്‍ അവരുടെ നെറ്റ് വര്‍ക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലഹരി മാഫിയകളുടെ കണ്ണി വികസിപ്പിക്കുന്നതില്‍ കോളജുകളിലും ഹോസ്റ്റലുകളിലുമുള്ള എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സി.പി.എം നേതൃത്വവും സര്‍ക്കാരും കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത് അപകടത്തിലേക്ക് പോകും.

പൂക്കോട് വെറ്റനറി കോളജില്‍ സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തിന് പിന്നിലും മയക്കു മരുന്ന് സംഘം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ എസ്.എഫ്.ഐ നേതാക്കളുമുണ്ട്. കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങിലും എസ്.എഫ്.ഐ ഉണ്ട്. കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ പരിശോധന നടത്തുമ്പോള്‍ അവിടെ പഠിക്കാത്ത എസ്.എഫ്.ഐ നേതാക്കള്‍ വന്ന് ബഹളമുണ്ടാക്കി.

നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ചതിനു ശേഷം മാധ്യമങ്ങളും പ്രതിപക്ഷവും എല്ലാവരും ചേര്‍ന്ന് കേരളത്തിന്റെ പ്രധാന പ്രശ്‌നമായി ഇതിനെ കൊണ്ടു വന്നതിന് ശേഷമാണ് സര്‍ക്കാര്‍ കഴിഞ്ഞ രണ്ടാഴ്ചയായി പരിശോധന ശക്തമാക്കിയത്. പരിശോധനയുമായി കേരളത്തിലെ മുഴുവന്‍ ആളുകളും സഹകരിക്കും. പരിശോധനക്ക് എതിരെ ബഹളം ഉണ്ടാക്കിയത് ഹോസ്റ്റലില്‍ ഇല്ലാത്തവരാണ്.

പഠിച്ച് കഴിഞ്ഞ് പോയവരും ഹോസ്റ്റലില്‍ തമ്പടിക്കുകയാണ്. മയക്ക് മരുന്നിന് പണം നല്‍കിയില്ലെങ്കില്‍ കുട്ടികളെ റാഗ് ചെയ്യുകയാണ്. പ്രതിപക്ഷം ഇക്കാര്യത്തില്‍ നേരത്തെ ഉന്നയിച്ച ആരോപണവും ഉത്കണ്ഠയും ശരിവയ്ക്കുന്ന സംഭവമാണ് കളമശേരിയില്‍ നടന്നത്.

ബഹളം ഉണ്ടാക്കിയത് എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്. മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാണ് കെ.എസ്.യു ആവശ്യപ്പെട്ടത്. അളവ് കുറഞ്ഞതിന്റെ പേരില്‍ ചില പ്രതികളെ വിട്ടയിച്ചിട്ടുണ്ട്. രണ്ട് കിലോ കഞ്ചാവാണ് ഹോസ്റ്റലില്‍ നിന്നും പിടിച്ചെടുത്തത്. യൂണിയന്‍ ഭാരവാഹികള്‍ വരെ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അത് മറച്ചുവച്ച് കെ.എസ്.യു ആണെന്നു പറഞ്ഞാല്‍ അതു ശരിയാകില്ലല്ലോ. എസ്.എഫ്.ഐ ഇതിന് പിന്നില്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഏതെങ്കില്‍ ഒറ്റപ്പെട്ട സംഭവത്തില്‍ മാത്രമായിരുന്നെങ്കില്‍ എസ്.എഫ്.ഐയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. എന്നാല്‍ പൂക്കോട് ഉള്‍പ്പെടെ എല്ലായിടത്തും ഇതാണ്.

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയോടാണ് കൊടിമരത്തില്‍ കയറി കൊടി കെട്ടാന്‍ പറഞ്ഞത്. അതിന് തയാറാകാതെ വന്നപ്പോള്‍ യൂണിയന്‍ മുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. എല്ലായിടത്തും എസ്.എഫ്.ഐ ആണ് മയക്ക് മരുന്നിന് പിന്തുണ നല്‍കുന്നത്.

ദക്ഷിണ, ഉത്തര മേഖലകളിലായി രണ്ട് ഐ.ജിമാര്‍ക്ക് ചുമതല നല്‍കണമെന്നും ലഹരി മാഫിയയുടെ സ്രോതസില്‍ പോയി പ്രതികളെ പിടികൂടാന്‍ അവര്‍ക്ക് സ്വതന്ത്രമായ ചുമതല നല്‍കണമെന്നും പ്രതിപക്ഷം നിര്‍ദ്ദേശിച്ചതാണ്. കേരളത്തിലേക്കുള്ള സ്പിരിറ്റ് ഒഴുക്ക് അവസാനിപ്പിച്ചതു പോലെ ലഹരി മാഫിയയുടെ പ്രവര്‍ത്തനവും അവസാനിപ്പിക്കാം. എന്നാല്‍ ലഹരി മാഫിയയുടെ സോഴ്‌സിലേക്ക് ഒരു അന്വേഷണവും നടത്തുന്നില്ല.

അതിന് പകരമായി ബോധവത്ക്കരണം മാത്രമാണ് നടത്തുന്നത്. ബോധവത്ക്കരണ ചുമതല സമൂഹിക ക്ഷേമ വകുപ്പിനെയോ യുവജന ക്ഷേമ വകുപ്പിനെയോ കായിക വകുപ്പിനെയോ ഏല്‍പ്പിക്കണം. എന്‍ഫോഴ്‌സ്‌മെന്റിന് പൊലീസിനെയും എക്‌സൈസിനെയും സജ്ജമാക്കുകയാണ് വേണ്ടത്. കേരളത്തിന് പുറത്ത് നിന്നും വരുന്ന ലഹരി വസ്തുക്കളുടെ വരവ് പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അയല്‍ സംസ്ഥാനങ്ങളുമായും കേന്ദ്ര സര്‍ക്കാരുമായും ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണം. പ്രതിപക്ഷം പിന്തുണ നല്‍കിയിട്ടും ഈ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.

മാധ്യമങ്ങള്‍ തന്നെയാണ് എസ്.എഫ്.ഐ നേതാക്കള്‍ പ്രതിയാണെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എസ്.എഫ്.ഐ ഭാരവാഹികള്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. കേരളത്തിലെ ഏത് കാമ്പസില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും അതിലൊക്കെ എസ്.എഫ്.ഐക്കും പങ്കുണ്ട്. ലഹരി മാഫിയ നെറ്റ് വര്‍ക്കിന്റെ ഭാഗമാണ് എസ്.എഫ്.ഐ. ഞങ്ങളുടെ നേതാക്കളുടെ മുറിയില്‍ നിന്ന് കഞ്ചാവ് പിടിച്ചെന്നും ക്ഷമിക്കണമെന്നും എസ്.എഫ്.ഐ പറയുമോ. ടി.പി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊലപ്പെടുത്തിയിട്ട് ഞങ്ങളല്ല ചെയ്തതെന്ന് പറഞ്ഞവര്‍ കഞ്ചാവ് കൈവശം വച്ചെന്നത് സമ്മതിക്കുമോ?

കരുവന്നൂരില്‍ കൊള്ള നടന്നിട്ടുണ്ടെന്നതും സി.പി.എം ഓഫീസിലേക്ക് പണം എത്തിയെന്നതും യാഥാർഥ്യമാണ്. അന്ന് പാര്‍ട്ടി സെക്രട്ടറി ആയിരുന്നതു കൊണ്ടാകാം കെ. രാധാകൃഷ്ണന് ഇ.ഡി സമന്‍സ് നല്‍കിയത്. കേന്ദ്രമന്ത്രി നിർമല സിതാരാമനും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിന് എന്തെങ്കിലും കിട്ടിയാള്‍ ആ കൂടിക്കാഴ്ച നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending