Connect with us

kerala

ഒറ്റുകാര്‍ക്കെതിരെ മലപ്പുറം

Published

on

പി. അബ്ദുല്‍ ഹമീദ്

 

ഭരണകക്ഷിയുടെ കൂടാരത്തില്‍നിന്ന് പടിയിറങ്ങാന്‍ തീരുമാനിച്ച ഒരാളുടെ വെളിപാടുകള്‍ക്ക് മാധ്യമശ്രദ്ധ ലഭിച്ചപ്പോള്‍ പുതുതായെന്തൊക്കെയോ മാലോകരറിഞ്ഞു എന്ന മട്ടിലാണ് നാടാകെ പുകിലുകളുണ്ടായത്. പ്രതിപക്ഷവും വ്യത്യസ്ത സംഘടനകളും കാലങ്ങളായി പറയുന്നതും വെളിപ്പെടുത്തുന്നതും തന്നെയാണിതെന്ന് പലരും മറന്നുപോയി. ഇടതു ഭരണം തുടങ്ങിയത് തന്നെ സംഘപരിവാറുമായുണ്ടാക്കിയ ധാരണയുടെ പുറത്താണല്ലോ. ഈ കച്ചവടം കൂടുതല്‍ തവണ ജനങ്ങളെ ബോധ്യപ്പെടുത്തിയത് കേരള പൊലീസാണ്. ഒന്നാം പിണറായി മന്ത്രി സഭയുടെ തുടക്കത്തില്‍ തന്നെ നടന്ന ഇന്റര്‍സ് സ്റ്റേറ്റ് ചീഫ് മിനിസ്റ്റേഴ്സ് കൗണ്‍സിലില്‍ പിണ റായി വിജയന്‍ കേരളത്തിലെ ആഭ്യന്തര സുരക്ഷയെ കുറിച്ച് ഉത്കണ്ഠ രേഖപ്പെടുത്തി പ്രസംഗിച്ചതാണ് ഇതിന്റെ തുടക്കം. കേരളത്തെ കൂടുതല്‍ സായുധവത്കരിക്കാനും വര്‍ധിച്ചുവരുന്ന മാവോവാദി ഭീഷണിയെ നേരിടാനും പരിശീലന കേന്ദ്രവും കൂടുതല്‍ സഹായവും വേണമെന്നായിരുന്നു പിണറായിയുടെ അഭ്യര്‍ത്ഥന. നാമമാത്രമായ മാവോവാദി പ്രവര്‍ത്തനമുള്ള കേരളത്തില്‍ അഞ്ച് ജില്ലകള്‍ കടുത്ത മാവോവാദി ഭീഷണിയിലാണെന്നാണ് അദ്ദേഹം തട്ടിവിട്ടത്. ഇതായിരുന്നു ബി.ജെ.പി ഭരണത്തിന് കേരളത്തിലെ പൊലീസിനെ ഏല്‍പിച്ച് കൊടുത്തതിന്റെ തുടക്കം.

സുപ്രിംകോടതിയുടെ ചരിത്രത്തില്‍ കൂടുതല്‍ തവണ വിചാരണക്കും വിധി പറയാനുമായി മാറ്റിവെച്ച കേസെന്ന കുപ്രസിദ്ധി കേരള മുഖ്യന്‍ പ്രതിയായ എസ്.എന്‍.സി ലാവലിന്‍ അഴിമതിക്കേസിനായിരിന്നു. പൂരം കലങ്ങുന്നതിനും ഇടതുപാളയത്തിലെ എം.എല്‍.എ. മലപ്പുറം പൊലീസ് ആസ്ഥാന വളപ്പിലെ മരക്കുറ്റി എണ്ണുന്നതിനും മുമ്പേ തന്നെ സി.പി.എം -ബി.ജെ.പി ബന്ധവും മറനീക്കി പുറത്തുവന്നതാണ്. ഇടതു ഭരണത്തിന് നേരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും അന്വേഷണങ്ങളും ഈ കൂട്ടുകെട്ട് നിലനിര്‍ത്തിപ്പോകാന്‍ അനിവാര്യമായിരിക്കുന്നു.

പൊലീസിനെതിരായി ആരോപണങ്ങളുടെ പെരുമഴയുണ്ടായപ്പോഴാണ് മുഖ്യമന്ത്രി ഗത്യന്തരമില്ലാതെ വാ തുറന്നത്. തന്നെ നിയന്ത്രിക്കുകയും വഴി കാട്ടുകയും ചെയ്തിരുന്ന ഉദ്യോഗസ്ഥപ്രമുഖര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളായിട്ടും തടവുശിക്ഷ അനുഭവിച്ചിട്ടും കൂസലില്ലാതെ പോയ മുഖ്യമന്ത്രിക്ക് പൊലീസിനെ ന്യായീകരിക്കാന്‍ അശേഷം ഉളുപ്പുണ്ടായില്ല. കുറ്റവാളികളും വര്‍ഗീയവാദികളുമായ ഒട്ടേറെ പേരടങ്ങുന്ന സേനയുടെ തലവനാകാന്‍ താന്‍ യോഗ്യനാണെന്നാണ് പിണറായി വിജയന്റെ ശരീര ഭാഷയും വാചകങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തിയത്. ആര്‍.എസ്.എസിന്റ അജണ്ടകള്‍ നടപ്പാക്കാന്‍ പാകത്തില്‍ കേരള പൊലീ സിനെ വാര്‍ത്തെടുത്ത കാലഘട്ടമായി പിണറായി ഭരണം പിന്നീട് മാറുകയായിരുന്നു. ഇടതു നേതാവായ ആനിരാജയും ഘടകകക്ഷികളില്‍ പലരും കേരളത്തിലെ പൊലീസ് സംഘി പാളയത്തില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുകയാണെന്ന് പറഞ്ഞിട്ടുണ്ട്.

ഇതിന്റെ പ്രയോഗമാണ് കഴിഞ്ഞ മൂന്നര വര്‍ഷത്തോളമായി മലപ്പുറത്ത് നടന്നത്. സംഘ്പരിവാര്‍ തയ്യാറാക്കിയ പദ്ധതികളിലൊന്നാണ് രാജ്യത്തെ ചില പ്രദേശങ്ങള്‍ കുറ്റവാളികളുടെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നത്. അത്തരമൊരു ലിസ്റ്റില്‍ മലപ്പുറം ഉണ്ടാവുക സ്വാഭാവികമാണ്. വാജ്പേയി പോലും വന്ന് വര്‍ഗീയ വാദികളെ ഇളക്കിവിട്ട് തടസ്സപ്പെടുത്തിയ ജില്ലയാണ് മലപ്പുറം. ഇപ്പോഴല്ലെങ്കില്‍ ഇനി എപ്പോഴാണ് മലപ്പുറത്തെ ചാപ്പ കുത്താന്‍ മികച്ച അവസരം കിട്ടുക എന്നാണ് സി.പി.എം-ആര്‍.എസ്.എസ് ഡില്‍. ഇരുവരും ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു സുജിത്ത് ദാസ് ഐ.പി.എസ് എന്ന ഉദ്യോഗസ്ഥനെ മലപ്പുറത്തെ പൊലീസ് സേനയുടെ തലപ്പത്തിരുത്തുക എന്നത്. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും തന്റെ കിങ്കരന്‍മാരെ നിയമിച്ചും കുറ്റകൃത്യങ്ങളുടെ എണ്ണം പെരുപ്പിക്കാന്‍ ഗൂഢാലോചന നടത്തിയും സുജിത്ത് ദാസ് തന്റെ വിധേയത്വം കാണിച്ചു. ചെറുതും വലുതുമായ ജനാധിപത്യ സമരങ്ങളെയും സ്വാഭാവിക പ്രതികരണങ്ങളെ പോലും കേസുകളാക്കി രജിസ്റ്റര്‍ ചെയ്തു. നിരപരാധികളെ ലഹരിക്കടത്തുകാരാക്കി. ക്രൂരമായി മര്‍ദ്ദിച്ചു. കാറില്‍ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യം മാരകമായ ലഹരി വസ്തുവാണെന്നാരോപിച്ച് മേലാറ്റൂര്‍ പൊലീസ് പിടികൂടിയ നാല് ചെറുപ്പക്കാരെ തടവിലിട്ടത് 82 ദിവസമാണ്. ഹൃദയഘാതം വന്ന് ഒരാള്‍ മരണപ്പെട്ടു. മറ്റൊരാളുടെ കുടുംബം തകര്‍ന്നു. ഒരാളുടെ വിദേശത്തെ ജോലി പോയി. നിരപരാധികളായ നാല് പേരുടെ ജീവിതം കൊണ്ട് പന്താടിയ വ്യത്തികെട്ട പൊലീസ് ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫുകാരായിരുന്നു. ലഹരി വേട്ട എന്ന പേരില്‍ നിര്‍ഭയം പൊലീസുകാര്‍ മലപ്പുറത്ത് അഴിഞ്ഞാടി.

താനൂരിലെ കസ്റ്റഡി കൊലപാതകം എസ്.പിയുടെ നേതൃത്വത്തില്‍ നടന്നതാണ്. താമിര്‍ ജിഫ്രിയെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ പ്രതികളായി ശിക്ഷ അനുഭവിക്കുന്ന പൊലീസുകാരും റിദാന്‍ കൊലക്കേസില്‍ കുറ്റവാളികളായവരും സുജിത്ത്ദാസിന്റെ ക്രിമിനല്‍ സംഘത്തില്‍ പെട്ടവരാണ്. ഇടതു ഭരണത്തില്‍ മലപ്പുറം ജില്ലയില്‍ നടപ്പാക്കിയ പൊലീസ് രാജിന്റെ ബാക്കിയാണ് പിന്നീട് പുറത്തവന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പൊലീസ് വാഹനത്തില്‍ ലഹരിക്കടത്ത്, കരിപ്പൂര്‍ വിമാനത്താവള പരിസരത്തെ പൊലീസിന്റെ നിയമ ബാഹ്യമായ സ്വര്‍ണ്ണ കവര്‍ച്ച തുടങ്ങി ഒട്ടേറെ വിവരങ്ങള്‍. സി.പി.എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മലപ്പുറം പൊലീസില്‍നിന്ന് രക്ഷ കിട്ടിയില്ല.

ക്രിമിനല്‍ പൊലീസിനെ ന്യായീകരിക്കാനുള്ള തരംതാണ ശ്രമത്തിലാണ് പിണറായി വിജയന്റെ കാവി മനസ്സ് മലപ്പുറത്തിനെതിരെ തിരിഞ്ഞത്. ദ ഹിന്ദു ദിനപത്രത്തിലെ പി.ആര്‍ ഏജന്‍സി മുഖേന നടത്തിയ അഭിമുഖത്തിലെ അനവസരത്തിലുള്ള മലപ്പുറം പരാമര്‍ശം തീര്‍ച്ചയായും അബദ്ധമല്ല. മലപ്പുറം ജില്ലയെന്ന ആ കേട്ടുകൊണ്ടിരിക്കുന്ന അധിക്ഷേപത്തിന്റെ പുതിയ എപ്പിസോഡ് മാത്രമാണ് പിണറായിയുടെ പരാമര്‍ശം. കുട്ടിപ്പാക്കിസ്താന്‍, മാപ്പിളസ്താന്‍, കോപ്പിയടിച്ച് വിജയം, ഉള്ളടക്കം വര്‍ഗീയം എന്നിങ്ങനെ നടത്തിവന്നിട്ടുള്ള ആര്‍.എസ്.എസ്, സി.പി.എം നേതാക്കളുടെ മലപ്പുറം വെറുപ്പിന്റെ അവസാനത്തേതാണ് മലപ്പുറത്തെ കുറിച്ച് പിണറായി പറഞ്ഞ സ്വര്‍ണ്ണക്കടത്തും ഹവാലപ്പണവും. ഒരു ജില്ലയിലെ ജനങ്ങളെയാകെ അവഹേളിക്കുംവിധം ആധികാരികമല്ലാത്ത വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയത് മാപ്പര്‍ഹിക്കാത്ത നടപടിയാണ്. കരിപ്പൂര്‍ വിമാനത്താവളം മലപ്പുറത്തുകാര്‍ക്ക് വേണ്ടി മാത്രം ഉള്ളതാണെന്ന ധാരണ സൃഷ്ടിക്കപ്പെടുന്നതും ബോധപൂര്‍വമാണ്.

 

കേരളത്തിലെ പത്താമത് ജില്ലയായി മലപ്പുറം രൂപീകരിക്കപ്പെട്ടത് നിരവധി ആരോപണങ്ങളെ നേരിട്ട് കൊണ്ടാണ്. 1967 ലെ സപ്തകക്ഷി മുന്നണി മന്ത്രിസഭയിലെ മുസ്ലിം ലീഗ് പ്രതിനിധികളായ സി.എച്ചും ബാപ്പു കുരിക്കളും നടത്തിയ ഇടപെടലുകളാണ് കാലങ്ങളായി ഉയര്‍ന്ന് വന്ന ഒരാവശ്യം എന്ന നിലയില്‍ ജില്ല യാഥാര്‍ത്ഥ്യമാകാന്‍ കാരണമായത്. 1969 ജൂണ്‍ 16 ന് മലപ്പുറം ജില്ല നിലവില്‍ വന്നതിന് ശേഷം ഇവിടെ ഉണ്ടായ സമഗ്ര വളര്‍ച്ചയും പുരോഗതിയും മുസ്ലിം ലീഗിന്റെ സംഭാവന തന്നെയാണ്. സര്‍വോപരി ജില്ല മാതൃകയായത് മതമൈത്രിയും സാഹോദര്യവും സഹിഷ്ണുക്ക്തയും നിലനിര്‍ത്തിപ്പോകുന്ന ഒരു ഭൂപ്രദേശം എന്ന നിലയിലാണ്. പരസ്പര ബഹുമാനത്തോടെ ഭിന്നമതക്കാരും സമൂഹങ്ങളും സ്‌നേഹത്തോടെ വസിക്കുന്ന നാടാണിത്. അപരവത്കരണത്തിന്റെയും വിദ്വേഷത്തിന്റെയും വിത്ത് പാകാന്‍ ശ്രമിച്ചവര്‍ക്കെതിരെ സകല ഭേദങ്ങള്‍ക്കു മന്യേ കൈകോര്‍ത്ത് പിടിച്ച നാടാണ് മലപ്പുറം. ഈ ജില്ലയെ ആര്‍.എസ്.എസിന് ഒറ്റികൊടുക്കാന്‍ തിടുക്കം കാണിക്കുന്ന സി.പി.എമ്മിന്റെ പടിപ്പുരയിലെ എം.എല്‍.എ തീക്കൊള്ളി കൊണ്ടാണ് തല ചൊറിഞ്ഞതെന്ന് ഓര്‍ക്കണം.

ഭാഷാ പിതാവ് തുഞ്ചത്തെഴുത്തഛന്‍, വള്ളത്തോള്‍ നാരായണമേനാന്‍, കുട്ടികൃഷ്ണമാരാര്‍, ഇടശ്ശേരി, ഭക്തകവി പൂന്താനം, മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി, ചെറുകാട്, നന്തനാര്‍, ഉറൂബ്, മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍, ബാലകൃഷ്ണന്‍ വള്ളിക്കുന്ന് തുടങ്ങി സാംസ്‌കാരിക രംഗത്ത് മുദ്ര പതിപ്പിച്ച ഈ ദേശം എക്കാലത്തും ഉയര്‍ത്തിപ്പിച്ചത് ശാന്തിയുടെ സന്ദേശമാണ്. ഉന്നതമായ സാംസ്‌കാരിക പൈതൃകവും ഔന്നിത്യവും എക്കാലത്തും കാത്തുസൂക്ഷിച്ച ദേശമാണ് മലപ്പുറം.

മതങ്ങള്‍ തമ്മിലുള്ള ഐക്യത്തിനും സമാധാനപൂര്‍ണമായ സാമൂഹ്യ ജീവിതത്തിനും വേണ്ടി സദാ നിലകൊണ്ട് പാണക്കാട് സയ്യിദ് കുടുംബത്തിന്റെ സാന്നിധ്യമുള്ള ജില്ലയാണ് മലപ്പുറം. വിവേകത്തോടെ രാജ്യ സ്‌നേഹ പ്രചോദിതമായ ഉത്ബുദ്ധമനസ്സോടെ ജന സേവനം നിര്‍വഹിക്കാന്‍ ജനാധിപത്യ ബോധം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ മുസ്‌ലിം ലീഗ് പാര്‍ട്ടിയെ നയിക്കുന്ന നേതാക്കന്‍മാരാണ് പാണക്കാട്ടെ സയ്യിദന്‍മാര്‍. ഭൂതകാലാനുഭവങ്ങളില്‍ നിന്ന് ഒരു ജനതയെയും പ്ര ദേശത്തെയും അതിജീവനത്തിന് സജ്ജമാക്കിയ പ്രത്യയ ശാസ്ത്രമാണ് മുസ്‌ലിം ലീഗിനുള്ളത്. ആ ദൗത്യവുമായി പാര്‍ട്ടിക്ക് മുന്നേറാന്‍ മലപ്പുറത്തെ ജനങ്ങള്‍ നല്‍കുന്ന കലവറയില്ലാത്ത് പിന്തുണയാണ് അവസാനം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചത്. സ്‌നേഹവും സൗഹാര്‍ദ്ദവുമാണ് മലപ്പുറത്തിന്റെ ഉള്ളടക്കം. അത് കാത്തുസൂക്ഷിക്കാന്‍ മലപ്പുറം പ്രതിജ്ഞാബദ്ധമാണ്.

ആര് ആരുമായി ഡീലുണ്ടാക്കിയാലും മലപ്പുറത്തിന്റെ മഹിതമായ പാരമ്പര്യത്തെ ഇകഴ്ത്താനുള്ള കുത്സിത നീക്കങ്ങളെ ഞങ്ങള്‍ ശക്തമായി നേരിടും. ആര്‍ക്കെങ്കിലും ആരെയെങ്കിലും തൃപ്തിപ്പെടുത്താന്‍ തോന്നുമ്പോള്‍ എടുത്ത് കൊട്ടാനുള്ള ചെണ്ടയല്ല മലപ്പുറം. ഭിന്നിപ്പിക്കാനും അസത്യം പ്രചരിപ്പിക്കാനുമുള്ള നീക്കങ്ങളെ നാടൊറ്റക്കെട്ടായി നേരിടും. ഞങ്ങള്‍ കൈകോര്‍ത്ത് പിടിക്കും. വര്‍ഗിയതയും തീവ്രവാദവും ഈ ജില്ലയുടെ പടിക്ക് പുറത്തായിരിക്കും. ആ കൂട്ടായ്മക്ക് കരുത്തുപകരാന്‍ പച്ചപ്പതാക വാനിലുയര്‍ന്ന് പറക്കും. സംഘ്പരിവാര്‍ ആഖ്യാനങ്ങള്‍ക്കൊപ്പംനിന്ന് പൊലീസിന്റെ കുറ്റകൃത്യങ്ങളെ ന്യായീകരിക്കാനും ഒരു ജില്ലയിലെ ജനങ്ങളെയാകെ കുറ്റവാളികളാക്കാനും പരമത വിദ്വേഷികള്‍ക്ക് ഒറ്റുകൊടുക്കാനുമുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മലപ്പുറത്തെ പൗര സമൂഹം മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ നാളെ തെരുവിലിറങ്ങുകയാണ്. മഹാറാലി ശേഷമുള്ള പൊതുസമ്മേളനത്തെ സമുന്നത നേതാക്കള്‍ അഭിസംബോധന ചെയ്യും. മലപ്പുറത്തെ അവഹേളിക്കുന്നവര്‍ക്കെതിരായ ശക്തമായ ജനകീയ മുന്നേറ്റമാണ് പ്രതിഷേധ റാലിയും മഹാ സമ്മേളനവും.

(മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സന്ധ്യക്ക് മാനസിക പ്രശ്‌നങ്ങളില്ല; പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവം; പ്രതികരിച്ച് സന്ധ്യയുടെ അമ്മ

കയറി വന്നപ്പോള്‍ കുട്ടിയെവിടെയെന്ന് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും പ്രതി സന്ധ്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

Published

on

ആലുവയില്‍ മൂന്ന് വയസുകാരിയെ പുഴയില്‍ എറിഞ്ഞുകൊന്ന അമ്മ സന്ധ്യക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് അമ്മ. വീട്ടിലേക്ക് കയറി വന്നപ്പോള്‍ കുട്ടിയെവിടെയെന്ന് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നും പ്രതി സന്ധ്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. സന്ധ്യക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവമാണെന്നും കുട്ടികളെ അടിക്കാറുണ്ടെന്നും പ്രതി സന്ധ്യയുടെ അമ്മ പറഞ്ഞു.

‘ഏഴുമണിക്കാണ് സന്ധ്യ വീട്ടിലേക്ക് കയറി വന്നത്. ഇരുട്ടത്ത് വന്നപ്പോള്‍ കൊച്ചെവിടെയെന്ന് ചോദിച്ചപ്പോള്‍ ഒരു കൂസലുമില്ലായിരുന്നു. സന്ധ്യയുടെ അച്ഛനും ചോദിച്ചു..ഒരു മറുപടിയും പറഞ്ഞില്ല. പിന്നീടാണ് വണ്ടിയില്‍ വെച്ച് കാണാതായെന്ന് പറഞ്ഞത്. സന്ധ്യക്ക് പെട്ടന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്. മുമ്പ് കുട്ടികളെ അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ദേഷ്യം വരുന്ന സമയത്ത് കുട്ടിയെ അടിക്കാറുണ്ട്. ഭര്‍ത്താവുമായി കുടുംബ പ്രശ്‌നങ്ങളുണ്ട്. ഭര്‍ത്താവ് മദ്യപിക്കും. സന്ധ്യയെ കരണത്തടിക്കുകയും കഴുത്തിന് പിടിക്കാറുമുണ്ടായിരുന്നു. ഇതുകാരണം ഇടക്കിടക്ക് വീട്ടിലേക്ക് വരാറുണ്ട്. കൊലപാതകത്തിന് ശേഷം വീട്ടിലെത്തിയ സന്ധ്യ കാര്യമായി ഒന്നും പറഞ്ഞില്ല.പൊലീസ് വന്ന് ചോദിച്ചപ്പോഴും അറിയില്ലെന്നാണ് പറഞ്ഞത്..’സന്ധ്യയുടെ അമ്മ പറഞ്ഞു.

‘വീട്ടില്‍ നിന്ന് പലപ്പോഴും പൈസയൊക്കെ വാങ്ങാറുണ്ടായിരുന്നു. ഞങ്ങളുടെ വീട് വിറ്റ് കിട്ടിയ ഒരു ലക്ഷം രൂപ അവളുടെ അക്കൗണ്ടിലിട്ട് കൊടുത്തിടുരുന്നു.അത് മുഴുവന്‍ തീര്‍ന്നു. ഭര്‍ത്താവിനോട് ഇക്കാര്യം പറയരുതെന്നും പറഞ്ഞു. ഒരു ലക്ഷം തീര്‍ന്നപ്പോള്‍ വീണ്ടും പൈസ ചോദിച്ച് വന്നിരുന്നു. എന്റെ വള വിറ്റ് പണം തരണമെന്നും പറഞ്ഞിരുന്നു. പൈസ കൊടുത്തത് ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് അറിയില്ല. അടുത്തിടെ രണ്ടു പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നു’. സന്ധ്യയുടെ അമ്മ പറയുന്നു.

മക്കളോട് സന്ധ്യക്ക് സ്‌നേഹക്കുറവുണ്ടായിരുന്നു. ഭര്‍ത്താവിന്റെ അമ്മയുമായും പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നും വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് വരാറുണ്ട്. എന്നാല്‍ കുട്ടിയെ അപായപ്പെടുത്തുമെന്ന് കരുതിയില്ലെന്നും സന്ധ്യയുടെ അമ്മ പറഞ്ഞു.

Continue Reading

kerala

നൂറാം ദിനത്തിലേക്ക് കടന്ന് ആശാസമരം; ഇന്ന് പന്തം കൊളുത്തി പ്രതിഷേധിക്കും

ഇന്ന് വൈകിട്ട് 4.30ന് സമരപ്പന്തലില്‍ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശാ പ്രവര്‍ത്തകരുടെ തീരുമാനം

Published

on

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് പടിക്കലെ ആശമാരുടെ സമരം നൂറാം ദിവസത്തിലേക്ക്. ഇന്ന് വൈകിട്ട് 4.30ന് സമരപ്പന്തലില്‍ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശാ പ്രവര്‍ത്തകരുടെ തീരുമാനം.

ആശാ പ്രവര്‍ത്തകരുടെ സംസ്ഥാനതല രാപ്പകല്‍ സമരയാത്രയിലും പന്തം കൊളുത്തി പ്രകടനം നടത്തും. സമര യാത്രയുടെ 16ാം ദിവസമാണ് ഇന്ന.് പാലക്കാട് കല്ലേപ്പുള്ളിയിലാണ് പ്രതിഷേധ ജ്വാല തെളിയിക്കുന്നത്.

ജൂണ്‍ 17ന് തിരുവനന്തപുരത്താണ് സമാപനം. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം ഇതിനോടകം പൂര്‍ത്തിയായി. ഫെബ്രുവരി 10നാണ് ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചത്.

Continue Reading

kerala

എല്ലാ പിന്തിരിപ്പന്‍ ശക്തികളും കരിഞ്ഞ് പോകും; ഭീഷണി പ്രസംഗം നടത്തി സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എ ഗോകുല്‍ദാസ

പിന്നില്‍നിന്ന് കുത്തുന്നുവര്‍ക്കും ജില്ലാ കമ്മറ്റിയെ ഒറ്റ് കൊടുക്കുന്നവര്‍ക്കും തത്ക്കാലം വിജയിക്കാമെന്നും ഗോകുല്‍ദാസ് പറഞ്ഞു.

Published

on

ഭീഷണി പ്രസംഗം നടത്തി സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.എ ഗോകുല്‍ദാസ്. അണഞ്ഞു കത്തുന്ന തീയൊന്ന് ആളിപടര്‍ന്നാല്‍ എല്ലാ പിന്തിരിപ്പന്‍ ശക്തികളും കരിഞ്ഞ് പോകുമെന്ന് ഗോകുല്‍ദാസ് ഭീഷണിപ്പെടുത്തി. സാമ്പത്തിക ക്രമക്കേടില്‍ സിപിഎം അന്വേഷണം നേരിടുന്ന ഗോകുല്‍ദാസ് തനിക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെയാണ് ഭീഷണിയുമായി രംഗത്തെത്തിയത്.

പിന്നില്‍നിന്ന് കുത്തുന്നുവര്‍ക്കും ജില്ലാ കമ്മറ്റിയെ ഒറ്റ് കൊടുക്കുന്നവര്‍ക്കും തത്ക്കാലം വിജയിക്കാമെന്നും ഗോകുല്‍ദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഗോകുല്‍ ദാസിനെതിരെ കോങ്ങാട് ഭാഗത്ത് ഫ്‌ലക്‌സ്‌ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. ഈ വിഴുപ്പ് താങ്ങാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ആകുമോ എന്ന പേരിലാണ് ഫ്‌ലക്‌സ് ഉയര്‍ന്നത്.

രക്തസാക്ഷി കെ.സി ബാലകൃഷ്ണന്റെ പേരില്‍ തട്ടിപ്പ് നടത്തിയ വഞ്ചകനാണ് ഗോകുല്‍ ദാസ് എന്നും കോങ്ങാട് ബ്രാഞ്ച് സെക്രട്ടറി മുതല്‍ മുകളിലുള്ള നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണമെന്നും ബോര്‍ഡിലുണ്ട്. പാര്‍ട്ടി അന്വേഷണം നടക്കട്ടെ, വിജിലന്‍സ് അന്വേഷണം അനിവര്യമെന്നും ഫ്‌ലക്‌സില്‍ എഴുതിയിരുന്നു.

സാമ്പത്തിക ക്രമക്കേടില്‍ ഗോകുല്‍ ദാസിന് എതിരെ സിപിഎം അന്വേഷണം തുടരുന്നതിനിടെയാണ് ഫ്‌ലക്‌സ്‌ബോര്‍ഡുകള്‍ ഉയര്‍ന്നത്. കോങ്ങാട് വിവിധ സ്ഥലങ്ങളില്‍ വെച്ച ബോര്‍ഡുകള്‍ സിപിഎം പ്രവര്‍ത്തകര്‍ എടുത്തു മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഗോകുല്‍ ദാസിന്റെ ഭീഷണി പ്രസംഗം.

Continue Reading

Trending