കുട്ടികള്‍ക്ക് നിരത്തിലിറങ്ങാന്‍ വാഹനം നല്‍കുന്ന രക്ഷിതാക്കള്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ്. കണ്ണില്‍ പെട്ടാല്‍ പിഴകൊണ്ടു മാത്രം രക്ഷപ്പെടില്ല. തടവുശിക്ഷ അനുഭവിക്കാനും വിധിയുണ്ടാകും. വാഹനത്തിന്റെ ആര്‍.സി ഉടമയാണ് ശിക്ഷ അനുഭവിക്കേണ്ടിവരുക എന്നതിനാല്‍ 18 വയസ്സിനു മുമ്പ് വണ്ടിയോടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ക്ക് പിന്നീടുണ്ടാകുക തീരാതലവേദനയാകും.
പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ 1988ലെ മോട്ടോര്‍ വാഹന നിയമപ്രകാരം മൂന്നു വര്‍ഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാം.
ചുങ്കത്തറയില്‍ കഴിഞ്ഞദിവസം ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മരിച്ച രണ്ട് വിദ്യാര്‍ഥികളും പ്രായപൂര്‍ത്തി എത്താത്തവരായിരുന്നു. 14 വയസ്സ് മാത്രമുള്ള ഒമ്പതാം ക്ലാസില്‍ പഠിച്ചിരുന്ന ഇവര്‍ ബൈക്ക് വാടകക്ക് എടുത്താണ് ഓടിച്ചത്. തുടര്‍ന്ന് വാഹനം വാടകക്ക് നല്‍കിയ പോത്തുകല്ല് കോടാലിപ്പൊയില്‍ മുഹമ്മദ് അജ്‌നാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുട്ടികള്‍ നിയമലംഘനം നടത്തിയതിന് കഴിഞ്ഞയാഴ്ച മഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 18 പേരെയാണ് ശിക്ഷിച്ചത്. ഇതില്‍ ആറുപേരും വീട്ടമ്മമാരാണ്. 18 പേരില്‍നിന്നായി കോടതി 5,07,750 രൂപയാണ് പിഴ ഈടാക്കിയത്. എല്ലാവരും കോടതി പിരിയുംവരെ തടവുശിക്ഷ അനുഭവിക്കണമെന്നും വിധിച്ചു. ആറുപേര്‍ കാല്‍ ലക്ഷം രൂപ വീതം പിഴയൊടുക്കി വന്നപ്പോള്‍ 11 പേര്‍ക്ക് 30,250 രൂപ വീതമാണ് പിഴ ശിക്ഷ വിധിച്ചത്.
മങ്കട കൂട്ടിലില്‍ ഏപ്രില്‍ എട്ടിന് എസ്.ഐയുടെ നേതൃത്വത്തില്‍ 15കാരനെ സ്‌കൂട്ടര്‍ ഓടിച്ചതിന് പിടികൂടി. ഇതില്‍ ശിക്ഷ ലഭിച്ചത് പിതാവിനാണ്. എന്നാല്‍, പിതാവ് വിദേശത്തായതിനാല്‍ കുട്ടിയുടെ മാതാവിന് ശിക്ഷയേല്‍ക്കേണ്ടിവന്നു. ഇതുപോലെ വിശ്വസിച്ച് വാഹനം കുട്ടിക്ക് സവാരിക്ക് നല്‍കിയ വീട്ടമ്മക്കും കിട്ടി എട്ടിന്റെ പണി. പുഴക്കാട്ടിരി കണ്ണുംകുളം പാലത്തിങ്ങല്‍ സ്വദേശിനിക്കാണ് തടവും പിഴയും അനുഭവിക്കേണ്ടിവന്നത്.
17കാരനെ കഴിഞ്ഞ ഏപ്രില്‍ 11ന് മേലാറ്റൂര്‍ പൊലീസ് കീഴാറ്റൂര്‍ കമാനത്തുവെച്ചും പിടികൂടി. ഇതിലും രക്ഷിതാവിന് ശിക്ഷ അനുഭവിക്കേണ്ടിവന്നു. മുതുകുര്‍ശ്ശിയില്‍വെച്ച് മാര്‍ച്ച് 17ന് കുട്ടി െ്രെഡവര്‍ പൊലീസിന് മുന്നില്‍പ്പെട്ടു. ശിക്ഷ കിട്ടിയതോ ആര്‍.സി ഉടമയായ വീട്ടമ്മക്ക്. ഇരുമ്പുഴിയില്‍ വെച്ച് മാര്‍ച്ച് 16ന് 17കാരനെ മഞ്ചേരി എസ്.ഐ പിടികൂടിയ കേസിലും ശിക്ഷ അനുഭവിക്കേണ്ടിവന്നത് മാതാവിനാണ്. ഏപ്രില്‍ 19ന് പെരിന്തല്‍മണ്ണ പാതായ്ക്കരയില്‍ 17കാരന്‍ പിടിയിലായപ്പോള്‍ ശിക്ഷ ലഭിച്ചത് പെരിന്തല്‍മണ്ണ പുത്തനങ്ങാടി സ്വദേശിയായ പിതാവിനാണ്.
ശിക്ഷ നടപടികള്‍ ഇങ്ങനെ;
മോട്ടോര്‍ വാഹന നിയമം വകുപ്പ് 180 ആന്‍ഡ് 181 പ്രകാരം പിഴ.
വാഹന ഉടമ/ രക്ഷിതാവ് ഇവരിലൊരാള്‍ക്ക് മോട്ടോര്‍ വാഹന ആക്ട് പ്രകാരം 25,000 രൂപ പിഴ.
രക്ഷിതാവ് അല്ലെങ്കില്‍ ഉടമക്ക് മൂന്നുവര്‍ഷം വരെ തടവുശിക്ഷ.
വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷം റദ്ദാക്കല്‍.
25 വയസ്സുവരെ ഇന്ത്യയിലെവിടെനിന്നും ലൈസന്‍സ്/ ലേണേഴ്‌സ് എടുക്കാന്‍ വിലക്ക്.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള മറ്റു നടപടികള്‍.