മുനമ്പം നിലപാടിനെച്ചൊല്ലി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ പൊട്ടിത്തെറി. സംസ്ഥാന സമിതിയംഗങ്ങളും നിയോജകമണ്ഡലം പ്രസിഡന്റുമാരുമായ രണ്ടുപേര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. മുനമ്പം ഉള്‍പ്പെടെ വിഷയങ്ങളില്‍ പാര്‍ട്ടി മതേതര നിലപാടില്‍നിന്ന് വ്യതിചലിക്കുന്നു എന്നാരോപിച്ചാണ് രാജി. പൊന്നാനി മണ്ഡലം പ്രസിഡന്റ് സക്കീര്‍ ഒതളൂര്‍, കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. കുറ്റിയില്‍ ഷാനവാസ് എന്നിവരാണ് രാജിവെച്ചത്.
മുനമ്പം, ലവ് ജിഹാദ്, പൗരത്വ ദേഭഗതി വിഷയങ്ങളില്‍ പാര്‍ട്ടി നിന്നത് ആര്‍എസ്എസ് നിലപാടിനൊപ്പമെന്ന് സക്കീര്‍ ഒതളൂര്‍ പറഞ്ഞു. കാസയുടെ ബി ടീമായി കേരള കോണ്‍ഗ്രസ് മാറിയെന്ന് സംശയിക്കുന്നതായി ഷാനവാസ് ആരോപിച്ചു. നാര്‍ക്കോട്ടിക് ജിഹാദ്, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി നിലകൊണ്ടത് വര്‍ഗീയ ചേരിക്കൊപ്പമാണ്. മുനമ്പം വിഷയത്തില്‍ വര്‍ഗീയ ചേരിതിരവും സ്പര്‍ദ്ധയുമുണ്ടാക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും സക്കീര്‍ ഒതളൂര്‍ പറഞ്ഞു.
മുനമ്പം വിഷയത്തില്‍ എല്‍ഡിഎഫ് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) ബിജെപി നിലപാടിനൊപ്പമാണ് നില്‍ക്കുന്നത്. സംഘ്പരിവാറും കാസയും സംഘടിപ്പിച്ചതിന് സമാനമായ പ്രതിഷേധം കേരള കോണ്‍ഗ്രസും സംഘടിപ്പിച്ചിരുന്നു. ഇത് പാര്‍ട്ടിയില്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ കാസയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. കേരള കോണ്‍ഗ്രസ് (എം) ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനയും രാജിവെച്ച നേതാക്കള്‍ നല്‍കുന്നുണ്ട്. കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് ഇവര്‍ നല്‍കുന്ന വിവരം.