Connect with us

india

അസം സംഭവം: നിയമ പോരാട്ടത്തില്‍ മുസ്‌ലിം ലീഗ്‌ കൂടെയുണ്ടാകും; അഡ്വ. ഹാരിസ് ബീരാന്‍ എം.പി

നിലവിലെ പ്രശ്‌നവും ബിസ്വാസിന്റെ കടുത്ത മുസ്ലിം വിരുദ്ധതയിൽ നിന്നും ഉടലെടുത്തതാണെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

ഇന്ത്യൻ പൗരത്വം തെളിയിക്കാൻ സാധിച്ചില്ല എന്ന പേരിൽ ഇന്ത്യയിൽ താമസിച്ചു കൊണ്ടിരിക്കുന്ന 28 മുസ്ലിം സുഹൃത്തുക്കളെ തടങ്കൽ പാളയത്തിലേക്ക് അയച്ച അസം ഗവൺമെൻറ് നടപടി അത്യന്തം ഗൗരവമേറിയതാണെന്നും നിയമ പോരാട്ടത്തിൽ മുസ്ലിംലീഗ് ഒപ്പമുണ്ടാകുമെന്നും അഡ്വ. ഹാരിസ് ബീരാൻ എം.പി പറഞ്ഞു. അസമിൽ എന്നല്ല രാജ്യത്ത് എവിടെയും കേന്ദ്ര സർക്കാർ ആഗ്രഹിച്ച രീതിയിൽ സി.എ.എ നടപ്പിലായിട്ടില്ല. നടപ്പിലാക്കാൻ അനുവദിക്കുകയുമില്ല.

സി.എ.എ വിഷയത്തിൽ മുസ്ലിം ലീഗ് കേന്ദ്ര സർക്കാരിനെതിരെ നൽകിയ കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. നിലവിൽ കുടുംബവുമായുള്ള ബന്ധം തെളിയിക്കാൻ പറ്റാത്ത, ഡൗട്ട് ഫുൾ വോട്ടേഴ്‌സ് വിഭാഗത്തിൽപെട്ട ആളുകൾക്കെതിരെ സർക്കാർ സംവിധാനം തിരിയുന്നതുമായി ബന്ധപ്പെട്ട വിഷയത്തോടാണ് മുസ്ലിം ലീഗ് ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നത്.

ആസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമയുടെ ബിജെപി സർക്കാറിന്റെ ഭരണഘടനാ വിരുദ്ധ മുസ്ലിം വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള രാജ്യത്തെ വലതുപക്ഷ മാധ്യമങ്ങൾ വരെ ശക്തമായ ഭാഷയിൽ താക്കീത് ചെയ്തിട്ടുണ്ട്. നിലവിലെ പ്രശ്‌നവും ബിസ്വാസിന്റെ കടുത്ത മുസ്ലിം വിരുദ്ധതയിൽ നിന്നും ഉടലെടുത്തതാണെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

അസം ലോയേഴ്‌സ് ഫോറം പ്രസിഡന്റ് മുഹമ്മദ് ഇല്യാസുമായി സംസാരിച്ചിട്ടുണ്ട്. ട്രൈബ്യുണൽ തീരുമാനത്തിനെതിരെ നമുക്ക് ഹൈക്കോടതിയിൽ അപ്പീലിൽ പോകാം എന്നും എല്ലാ നിയമ സഹായവും ഞാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആവശ്യമനുസരിച്ച് അടുത്ത ദിവസം തന്നെ അസമിൽ നേരിട്ടത്തി നിയമപോരാട്ടങ്ങൾ ഏകോപിപ്പിക്കുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.

അസം വിഷയം പൗരത്വ പ്രശ്‌നമാണെങ്കിൽ കൂടി അത് സി.എ. എയുമായി കൂട്ടിവായിക്കാൻ പറ്റില്ല. രണ്ടും രണ്ടാണ്. സി.എ.എ വിഷയത്തെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് ഓരോ ഘട്ടത്തിലും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കൃത്യമായി ഇടപെടുന്നുണ്ട്. ഇപ്പോഴും കോടതിക്കുമുമ്പിലുള്ള സി.എ.എ വിഷയവുമായി ബന്ധപ്പെട്ട പോരാട്ടത്തിൽ നിന്നും പാർട്ടി ഒരിഞ്ചുപോലും പിന്നോട്ട് പോയിട്ടില്ല. ഇവിടെ നടക്കുന്നത് സി.എ.എ അല്ല എന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്തണം.

ജനങ്ങൾക്ക് കൂടുതൽ ധൈര്യം പകരണം. സി.എ.എ അവർ കരുതിയതുപോലെ നടപ്പിലാക്കാൻ കഴിയാത്ത കേന്ദ്ര സർക്കാരിന് അവരുടെ അണികളുടെ മുമ്പിലും തീവ്ര ഹിന്ദുത്വ കക്ഷികളുടെ മുന്നിലും മുഖം രക്ഷിക്കാൻ ഇതുപോലെയുള്ള പഴയ പല നിയമങ്ങളും തിടുക്കപ്പെട്ട് നടപ്പിലാക്കുകയും എന്നിട്ട് സി.എ.എ നടപ്പിലാക്കിയെന്ന് വരുത്തി തീർക്കുകയും വേണം. വസ്തുത മനസ്സിലാക്കിക്കൊണ്ട് പോരാട്ടം തുടരാമെന്നും അദ്ദേഹം പറഞ്ഞു.

india

മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ല; അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിംകോടതി

. വിധിയെഴുതിയ ജഡ്ജിക്കെതിരെ സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം.

Published

on

മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിംകോടതി. വിധിയെഴുതിയ ജഡ്ജിക്കെതിരെ സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. വിവാദ പരാമര്‍ശങ്ങള്‍ അനാവശ്യമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. കേന്ദ്രത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാറിനും കോടതി നോട്ടീസയച്ചു.

മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ കഴിഞ്ഞദിവസം സുപ്രിംകോടതി സ്വമേധയാ കേസെടുത്തിരുന്നു. സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കാണാനാകില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണം.

ബലാത്സംഗശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചാണ് ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ പരാമര്‍ശം. അതേസമയം അലഹബാദ് ഹൈക്കോടതി ഉത്തരവിലെ ചില വാചകങ്ങള്‍ നീക്കം ചെയ്യുകയോ, ഭേദഗതി ചെയ്യുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

ഹരജിക്കാരന്റെ അഭിഭാഷകന്‍ വാദം ഉന്നയിക്കാന്‍ ആരംഭിച്ചപ്പോഴേക്കും ജഡ്ജി തടയുകയായിരുന്നു. കോടതിയില്‍ പ്രഭാഷണം വേണ്ടെന്നായിരുന്നു ജസ്റ്റിസ് ബേല എം. ത്രിവേദി പറഞ്ഞത്. തുടര്‍ന്ന് ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളി. പിന്നാലെയാണ് സുപ്രിംകോടതി ഇന്ന് കേസ് എടുത്തിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുകയും പൈജാമയുടെ ചരടുപിടിച്ചു വലിക്കുകയും പിന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചെന്നുമാണ് കേസ്. പവന്‍, ആകാശ് എന്നിവരാണ് കേസിലെ പ്രതികള്‍.

ആക്രമണം നടക്കുന്നതിനിടെ സ്ഥലത്ത് ഒരാള്‍ വന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. ഈ കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് കീഴ്‌കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍ മിശ്രയുടെ വിവാദ നിരീക്ഷണം.

 

Continue Reading

india

ഗോ സംരക്ഷകരുടെ ആക്രമണം; രാജ്യം വിട്ട മുംബൈ സ്വദേശിയ്ക്ക് അയര്‍ലന്‍ഡ് അഭയം നല്‍കി

2017ല്‍ വ്യാപാരി നാടുവിട്ടതിനെ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ അഭയം തേടുകയായിരുന്നു 50കാരന്‍.

Published

on

ഗോ സംരക്ഷകരുടെ ആക്രമണത്തിനു പിന്നാലെ രാജ്യം വിട്ട മുംബൈ സ്വദേശിയ്ക്ക് അഭയം നല്‍കി അയര്‍ലന്‍ഡ്. മുംബൈ സ്വദേശിയായ വ്യാപാരിയുടെ അഭയാര്‍ത്ഥി അപേക്ഷം അയര്‍ലന്‍ഡ് അംഗീകരിച്ചു. 2017ല്‍ സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യം വിട്ട വ്യാപാരിക്കാണ് അയര്‍ലന്‍ഡ് അഭയം നല്‍കിയത്. 2017ല്‍ വ്യാപാരി നാടുവിട്ടതിനെ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ അഭയം തേടുകയായിരുന്നു 50കാരന്‍.

മാംസവുമായി പോകുന്നതിനിടെയാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നീട് വ്യാപാരിയുടെ കട ആക്രമിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ പൊലീസിനെ സമീപിച്ചെങ്കിലും കച്ചവടം നിര്‍ത്താനായിരുന്നു പോലീസ് നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍ വീടിനു നേരെയും ആക്രമണം ഉണ്ടാവുമെന്ന് കണ്ടതോടെ കുടുംബവുമായി ഇയാള്‍ നാടുവിടുകയായിരുന്നു.

വ്യാപാരിയും മകനും ട്രക്കില്‍ മാംസം കൊണ്ടുപോകുമ്പോഴായിരുന്നു ആദ്യ ആക്രമണം. ഗോ സംരക്ഷകര്‍ അവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടും, പോലീസ് തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് അദേഹം പറയുന്നു.

2017 ജൂണ്‍ 28 ന്, ആളുകള്‍ അദേഹത്തിന്റെ കടയും ജീവനക്കാരനെയും ആക്രമിക്കുകയും ചെയ്തു. പിന്നാലെ ഇയാള്‍ വ്യാപാരം നിര്‍ത്തിവെച്ചു. എന്നാല്‍ തന്നെ കൊല്ലാന്‍ പദ്ധതിയുണ്ടെന്ന് ഭയന്ന് മുംബൈ സ്വദേശി രാജ്യം വിടുകയായിരുന്നു.

2017 ഓഗസ്റ്റില്‍ മുംബൈയില്‍ നിന്ന് നാടുവിട്ട് യുകെ വഴി 2017 ഓഗസ്റ്റ് 20 ന് ഡബ്ലിനില്‍ എത്തുകയായിരുന്നു. ഏഴ് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് അഭായര്‍ത്ഥി അപേക്ഷ അംഗീകരിച്ചത്.

അഭയാര്‍ത്ഥി അപേക്ഷയെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹം തന്റെ ഇന്ത്യന്‍ പൗരത്വത്തിന്റെ തെളിവ്, എഫ്ഐആറിന്റെ പകര്‍പ്പ്, തന്റെ ബിസിനസിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആക്രമണത്തില്‍ തനിക്ക് സംഭവിച്ച പരിക്കുകളുടെ ഫോട്ടോകള്‍ എന്നിവ സമര്‍പ്പിച്ചു.

 

 

Continue Reading

gulf

ഹജ്ജ് യാത്രക്കാരോട് എന്തിനീ അനീതി

കേരളത്തില്‍ നിന്നുള്ള മറ്റു രണ്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളായ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കാളും 41000 രൂപയാണ് ഇത്തവണ കോഴിക്കോട് വഴി ഹജ്ജിന് പോകുന്നവര്‍ നല്‍കേണ്ടിവരുന്നത്.

Published

on

കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രാ നിരക്കു വര്‍ധനവ് ഇത്തവണയും തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള മറ്റു രണ്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളായ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്കാളും 41000 രൂപയാണ് ഇത്തവണ കോഴിക്കോട് വഴി ഹജ്ജിന് പോകുന്നവര്‍ നല്‍കേണ്ടിവരുന്നത്. കഴിഞ്ഞ തവണ ഇത് 35000 ലധികം രൂപയായിരുന്നു. വ്യാപകമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ തവണ തന്നെ നിരക്കില്‍ മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ലെന്നു മാത്രമല്ല, ഇത്തവണ അതിനേക്കാള്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോട് 135828 രൂപ, കൊച്ചി 93231 രൂപ, കണ്ണൂര്‍ 94248 രൂപ എന്നിങ്ങനെയാണ് ഇത്തവണത്തെ യാത്രാ നിരക്ക്. കേരളത്തിലെ എംബാര്‍ക്കേഷന്‍ പോയിന്റുകളായ കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളെ അപേക്ഷിച്ച് കോഴിക്കോട് നിന്നുള്ള തീര്‍ത്ഥാടകര്‍ നല്‍കേണ്ടി വരുന്ന അമിത യാത്രാക്കൂലിയെ ചോദ്യം ചെയ്തുകൊണ്ട് ഹാരിസ് ബി രാന്‍ എം.പി കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയെ നേരില്‍ കണ്ടിരുന്നു. മലബാറില്‍ നിന്നുള്ള സാധാരണക്കാരായ ഹജ്ജ് യാത്രക്കാര്‍ക്കാര്‍ക്ക് താങ്ങാനാവാത്ത യാത്രക്കൂലിയില്‍ ഇളവ് അനുവദിക്കണമെന്ന് ആവഷ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ നിവേദനം. എന്നാല്‍ ഒരു തരത്തിലുള്ള നി രക്കുമാറ്റവുമുണ്ടാകുകയില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. ഭൂമിശാസ്ത്രപരമായ വ്യത്യാസം, റൂട്ടുകളിലെ പ്രത്യേകത, വിമാന ലഭ്യത തുടങ്ങിയ വ്യത്യസ്ത ഘടകങ്ങള്‍ കാരണം വ്യത്യസ്ത എമ്പാര്‍ക്കേഷന്‍ പോയന്റുകളെ നേരിട്ട് താരതമ്യം ചെയ്യാന്‍ കഴിയില്ലന്നും കേരളത്തിലെ മറ്റു വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോഴിക്കോട്ടെ ഉയര്‍ന്ന വിമാന നിരക്കുകള്‍ ഭൂമി ശാസ്ത്രപരമായ പരിമിതികളുടെയും (ടേബിള്‍ടോപ്പ് റണ്‍ വേ), കുറഞ്ഞ യാത്രക്കാരുടെ എണ്ണം, വൈഡ്‌ബോഡി വിമാന പ്രവര്‍ത്തനങ്ങളെ തടയുന്ന റണ്‍വേ നിയന്ത്രണങ്ങള്‍, സീറ്റുകളുടെയും യാത്രക്കാരുടെയും എണ്ണക്കുറവ് തുടങ്ങിയ കാരണങ്ങളാണ് നിരക്കുവര്‍ധനവിന്റെ ആധാരമെന്നുമാണ് സര്‍ക്കാറിന്റെ ഭാഷ്യം. കോഴിക്കോട് നിന്നും 2024ല്‍ ഹജ്ജിന് നിര്‍ദേശിക്കപ്പെട്ട തീര്‍ത്ഥാടകരുടെ എണ്ണം 9770 ആയിരുന്നുവെന്നും എന്നാല്‍ 2025ല്‍ ഇത് 5591 മാത്രമായി കുറഞ്ഞതുവഴി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടും വിമാനചാര്‍ജ്ജില്‍ മാറ്റമില്ലതെ തുടരു കയാണെന്നും കേന്ദ്രം പറയുന്നു.

എന്നാല്‍ ഒരു നീതീകരണവുമില്ലാത്ത വിമാന ചാര്‍ജ് വര്‍ധനയാണ് കോഴിക്കോട് വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്രക്ക് താര്‍ത്ഥാടകര്‍ താല്‍പര്യപ്പെടാത്തത് എന്നതാണ് വസ്തുത. നിരക്ക് വര്‍ധന ഇത്തവണയും തുടരുമെന്നുറപ്പായതോടെ കോഴിക്കോട് വഴിയാത്ര ഉദ്ദേശിച്ച 3000ത്തോളം പേര്‍ യാത്ര കണ്ണൂര്‍ വഴിയാക്കാന്‍ ഇപ്പോള്‍ തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. കോഴിക്കോട് നിന്ന് വലിയ വിമാനങ്ങള്‍ പറത്താനുള്ള സൗകര്യമില്ലാത്തതിനാല്‍ എയര്‍ ഇന്ത്യ മാത്രമാണ് ടെണ്ടറില്‍ പങ്കെടുക്കുന്നതെന്നും അവര്‍ ക്വാട്ട് ചെയ്യുന്ന തുകക്ക് കരാര്‍ ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്നും അതിനാല്‍ നിരക്കിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുകയാണ് ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ ആവശ്യങ്ങളോടുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ സമീപനം. പാര്‍ലമെന്റംഗങ്ങളുള്‍ പ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ഇതര സംഘടനകളുമെല്ലാം ഇക്കാര്യത്തില്‍ നിരന്തരമായി സര്‍ക്കാറിനെ സമീപിക്കുമ്പോഴും അവരോടെല്ലാമുള്ള സര്‍ക്കാര്‍ സമീപനം നിസംഗതയുടേതാണ്. വിഷയം സുപ്രീംകോടതിയില്‍ വരെയെത്തിയത് കാര്യത്തിന്റെ ഗൗരവം അ ധികൃതര്‍ക്ക് വ്യക്തമാകാന്‍ പര്യാപ്തമാണ്.

കോഴിക്കാട് വിമാനത്താവള വികസനം പൂര്‍ത്തീകരിക്കേണ്ടതും വലിയ വിമാനങ്ങളുള്‍പ്പെടെയുള്ളവ ഇറങ്ങാനുള്ള സാഹചര്യം ഒരുക്കേണ്ടതും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെ ഭാഗാമായാണ് അതിനെ കാണേണ്ടത്. എന്നാല്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചക്ക് ജനങ്ങള്‍ ബലിയാടായി മാറുന്ന അവസ്ഥയാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിരന്തരം വിമാനങ്ങളും നിറയെ യാത്രക്കാരുമുണ്ടായിരുന്ന കരിപ്പൂരിനെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചത് കേന്ദ്ര സര്‍ക്കാറിന്റെ അവഗണനാപരമായ സമീപനം കൊണ്ടാണെന്നത് അവിതര്‍ക്കിതമാണ്. പശ്ചാത്തല സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിന്റെ ഭാഗമാണ്, ഒരു കാലത്ത് കേരളത്തിലെ ഒരേയൊരു ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായിരുന്ന കരിപ്പൂരിനുണ്ടായിരിക്കുന്ന ഈ ദുസ്ഥിതി. ഇനിയെങ്കിലും ഈ അനീതിക്കെതിരെ കണ്ണുതുറക്കുകയും ഇത്തവണ തന്നെ ഇതിന് പരിഹാരം കാണാനുള്ള ശ്രമവും വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. ഹജ്ജ് കര്‍മം നിര്‍വഹിക്കുകയെന്നത് ഓരോ വിശ്വാസിയുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. അതിനായി സൊരുക്കൂട്ടുന്ന പണത്തിന് ഒരായുസിന്റെ തന്നെ മൂല്യമുണ്ട്. ആ പണം ചൂഷണം ചെയ്യപ്പെടുന്നത് ഒരിക്കലും പൊറുക്കാനാകാത്ത അപരാധമാണെന്ന് തിരിച്ചറിയാന്‍ ഭരണകൂടത്തിന് സാധിക്കേണ്ടതുണ്ട്.

Continue Reading

Trending