X

കലക്ടര്‍ ഒറ്റയാള്‍ പട്ടാളമല്ല- ഡോ. രേണു രാജ് ഐ.എ.എസ്

പി. ഇസ്മായില്‍

കേരളത്തിന്റെ പച്ചപ്പ് നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ മലയാളിയുടെ കയ്യടി നേടി സര്‍വ്വീസില്‍ വരവറിയിച്ച ഐ.എ.എസുകാരി. സ്‌റ്റെതസ്‌കോപ്പുമായി സിവില്‍ സര്‍വ്വീസ് പടവുകളിലേക്ക് ഒന്നാമൂഴത്തില്‍ തന്നെ രണ്ടാം റാങ്കിന്റെ തിളക്കവുമായി നടന്നുകയറിയ പ്രതിഭ. എറണാകുളം അസിസ്റ്റന്റ് കലക്ടര്‍, തൃശൂര്‍ സബ്കലക്ടര്‍, ദേവീകുളം സബ് കലക്ടര്‍, കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് സെക്രട്ടറി സ്റ്റാഫ് ഓഫീസര്‍, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍, ആലപ്പുഴ, എറണാകുളം, വയനാട് ജില്ലകളില്‍ കലക്ടര്‍.

സിവില്‍ സര്‍വീസ് പരീക്ഷ ഒരു യാത്രയായി മാറുന്നത്?

ജൂണില്‍ ആരംഭിക്കുന്ന പ്രിലിമിനറിയും ഡിസംബര്‍ ജനുവരി മാസങ്ങളിലായി നടക്കുന്ന മെയിന്‍സും ഏപ്രില്‍ മെയ് മാസങ്ങളിലെ അഭിമുഖവും ജൂലൈയിലെ റിസള്‍ട്ടും വരെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധഘട്ടങ്ങളിലെ പരീക്ഷാ തയ്യാറെടുപ്പുകള്‍ കൗതുകകരമായ ഒരു യാത്രയാണ്. യാത്രയില്‍ പോകേണ്ട സ്ഥലങ്ങളെകുറിച്ചും സഞ്ചരിക്കേണ്ട വഴികളെ കുറിച്ചും കൃത്യമായ ധാരണ ആവശ്യമാണ്. ലക്ഷ്യത്തിലേക്കുള്ള ഏറ്റവും അനുയോജ്യവും സുഗമവുമായ വഴി തെരഞ്ഞെടുക്കാനായാലേ യാത്ര യഥാസമയത്ത് ലക്ഷ്യസ്ഥാനത്തെത്തൂ. പലയിടങ്ങളിലും വഴി ചോദിക്കേണ്ട സാഹചര്യത്തില്‍ മുന്‍നടന്നവരുടെ അനുഭവങ്ങള്‍ നമുക്ക് വഴികാട്ടിയാവും. സിവില്‍ സര്‍വീസിനെ കുറിച്ച് അറിവുള്ളവരും മുമ്പ് ആ വഴിയില്‍ സഞ്ചരിച്ചവരോടുമാണ് ഉപദേശം തേടേണ്ടത്. കൃത്യമായ വഴിയറിയാത്തവര്‍ നല്‍കുന്ന വിവരങ്ങള്‍ നമ്മുടെ വഴി തെറ്റിച്ചേക്കും. അതുപോലെ തന്നെയാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയും. കൃത്യമായ തയ്യാറെടുപ്പുകളുമായി നടത്തുന്ന യാത്ര പോലെയാണത്. വ്യക്തമായ ലക്ഷ്യബോധം സിവില്‍ സര്‍വീസ് പരീക്ഷക്ക് അനിവാര്യമാണ്. യാത്ര രസകരമാക്കുന്നത് മനോഹരമായ കാഴ്ചകളും അനുഭവങ്ങളുമാണ്. യാത്രയിലേതുപോലെ പുതിയ അറിവുകളും സൗഹൃദങ്ങളും പ്രദാനം ചെയ്യുനതിനാലാണ് സിവില്‍ സര്‍വീസ് പരീക്ഷയും യാത്രയായി മാറുന്നത്.

വിജയ രഹസ്യം?

കൂടുതല്‍ സമയം പഠിക്കുന്നത് കൊണ്ട് സിവില്‍ സര്‍വീസ് പരീക്ഷ പാസാവണമെന്നില്ല. ചിട്ടയായ തയ്യാറെടുപ്പാണ് പ്രധാനം. സൂര്യന് കീഴിലെ എല്ലാ വിഷയങ്ങളും പഠിക്കുകയെന്നത് സാധ്യമല്ല. ഗ്രാജുവേഷന്‍ കഴിഞ്ഞ ഒരാള്‍ക്ക് പരമാവധി ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് പരീക്ഷക്കൊരുങ്ങാന്‍ സമയം ലഭിക്കുക. ഈ സമയത്തിനുള്ളില്‍ എന്ത് പഠിക്കണം എന്ന് കൃത്യമായി മനസ്സിലാക്കി അതില്‍ ഫോക്കസ് ചെയ്യണം. ഹാര്‍ഡ് വര്‍ക്കിനെക്കാളും സ്മാര്‍ട്ട് വര്‍ക്കാണ് ഗുണം ചെയ്യുക. പരീക്ഷക്ക് സമാനമായി എഴുതി പഠിക്കുന്നതും അഭിമുഖത്തിന് മുന്നൊരുക്കമായി മോക് ഇന്റര്‍വ്യൂവില്‍ പങ്കാളികളാവുന്നതും വഴി എളുപ്പമാക്കും. പഠിക്കുന്നതിനും വായിക്കുന്നതിനുമപ്പുറം ഏത് വിഷയത്തിലും സ്വന്തമായ കാഴ്ചപാടുകള്‍ വളര്‍ത്തി എടുക്കുന്നതും സിവില്‍ സര്‍വീസിലേക്കുളള ദൂരം കുറയ്ക്കും.

ഐഛിക വിഷയം മലയാളമായതിന് പിന്നില്‍?

സിവില്‍ പരീക്ഷ എഴുതിയത് ഇംഗ്ലീഷിലാണെങ്കിലും ഐഛിക വിഷയമായി തെരഞ്ഞെടുത്തത് മലയാളമായിരുന്നു. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നതിനാല്‍ മലയാളം കൂടുതലായി പഠിക്കാന്‍ അവസരം കുറവായിരുന്നു. പത്താം തരം വരെ ഒരു വിഷയം മാത്രമാണ് മലയാളത്തില്‍ പഠിച്ചത്. പ്ലസ്ടുവില്‍ ഹിന്ദിയാണ് തെരഞ്ഞെടുത്തത്. എം.ബി.ബി.എസില്‍ ഭാഷാപഠനം ആവശ്യവുമുണ്ടായിരുന്നില്ല. എന്നാലും ഈ പരിമിതികളെ മറികടക്കാനായത് ചെറുപ്പം മുതലേ തുടര്‍ന്നുപോന്നിരുന്ന മലയാള പുസ്തകങ്ങളോടുള്ള ചങ്ങാത്തമാണ്. നല്ല വായനയും ചെറിയ രീതിയില്‍ എഴുത്തും വശമുണ്ടായിരുന്നതിനാല്‍ നന്നായി ശോഭിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം കൊണ്ടാണ് മലയാളം തെരഞെടുത്തത്.

പത്രവായന ശീലിച്ചതും ഉപകരിച്ചതും?

പത്രം മുഴുവനായും കൃത്യമായും മുടങ്ങാതെയും വായിക്കുന്ന ശീലം അച്ഛനുണ്ടായിരുന്നു. അമ്മയും പുസ്തകങ്ങളും ലേഖനങ്ങളും വായിക്കാറുണ്ടായിരുന്നു. പത്രം വായിക്കാന്‍ ഇരുവരും പ്രോത്സാഹിപ്പിച്ചിരുന്നു. സ്‌കൂള്‍ തലത്തില്‍ പഠിക്കുമ്പോള്‍ സാധാരണ രീതിയിലുള്ള വായനയാണ് നടന്നിരുന്നത്. കോളജില്‍ എത്തിയതിന് ശേഷമാണ് ആഴത്തിലുള്ള പത്രവായന ശീലിച്ചത്. ചുറ്റുപാടുകളും നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ധാരണ പത്രവായനയില്‍ നിന്ന് ലഭിച്ചിരുന്നു. ഇംഗ്ലീഷ് – മലയാളം പത്രങ്ങളിലെ എഡിറ്റോറിയലുകളും ലേഖനങ്ങളും പരീക്ഷക്ക് ഉപകരിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസ് തയ്യാറെടുപ്പില്‍ പത്രവായനക്ക് വലിയ പ്രാധാന്യമുണ്ട്. ലോക്കല്‍ ന്യൂസുകളോ സെന്‍സേഷനല്‍ വാര്‍ത്തകളോ അത്തരം ചിത്രങ്ങളോ സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് പ്രധാനപ്പെട്ടവയല്ല. സര്‍ക്കാരിന്റെ വിവിധ പോളിസികള്‍, പ്രോജക്ടുകള്‍, സാമൂഹിക ചലനങ്ങള്‍, രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് പത്രവായനയില്‍ ശ്രദ്ധിക്കേണ്ടത്.

അഭിമുഖം; അനുഭവം?

ചോദ്യവും ഉത്തരവും എന്ന ശൈലിയിലുള്ള മറ്റു ഇന്റര്‍വ്യൂകളില്‍ നിന്നും വിഭിന്നമാണ് സിവില്‍ സര്‍വീസിലെ അഭിമുഖം. പ്രിലിംസ് – മെയിന്‍സ് പരീക്ഷകളില്‍ നമ്മുടെ അറിവ് പരീക്ഷിച്ചു കഴിഞ്ഞതിനാല്‍ ഇന്റര്‍വ്യൂവില്‍ നമ്മുടെ വ്യക്തിത്വമാണ് അളക്കപെടുക. ചെറിയ പ്രായത്തില്‍ തന്നെ സമൂഹത്തിലെ വലിയ പദവിയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യരാണോ എന്നാണ് യു.പി.എസ്.സി പരിശോധിക്കുന്നത്. അത് കൊണ്ട് തന്നെ പക്വതയും സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ടവരോടും നിഷ്പക്ഷമായി ഇടപെടാന്‍ കഴിവുണ്ടോയെന്നും പ്രതിസന്ധി ഘട്ടത്തില്‍ മികച്ച പരിഹാരം നിര്‍ദേശിക്കാനുള്ള കാര്യശേഷിയുണ്ടോ എന്നുമാണ് പരീക്ഷാ ബോര്‍ഡ് അംഗങ്ങള്‍ നോക്കാറുളളത്. ചോദ്യങ്ങള്‍ മനസിലാക്കി ഉത്തരങ്ങള്‍ പറയാനാണ് ശ്രമിക്കേണ്ടത്. അറിയില്ല എന്ന് പറയുന്നതിന് പകരം വിഷയത്തെക്കുറിച്ച് അറിയുമെന്ന പ്രകടനപരത തിരിച്ചടിയാവും. സത്യസന്ധമായി ചോദ്യങ്ങളോട് പ്രതികരിക്കുക എന്നത് പ്രധാനമാണ്. മുക്കാല്‍ മണിക്കൂര്‍ മാത്രം നീളുന്ന ഒരു അഭിമുഖത്തില്‍ വലിയ ഉത്തരവാദിത്വം നിര്‍വ്വഹിക്കാനുള്ള പ്രാപ്തി നമുക്കുണ്ടോ എന്നതാണ് പ്രധാനമായും പരിഗണിക്കുക. എന്നെ സംബന്ധിച്ച് അഭിമുഖം ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു.

ബയോഡാറ്റയില്‍ നിന്നുള്ള ചോദ്യസാധ്യതകള്‍?

ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നിലുള്ള ബയോഡാറ്റയാണ് പരീക്ഷാര്‍ത്ഥിയെക്കുറിച്ചുള്ള പ്രാഥമികമായ വിവരം. ഉദ്യോഗാര്‍ത്ഥി യു.പി.എസ്.സി ബോര്‍ഡിന് സമര്‍പ്പിക്കുന്ന ഈ ബയോഡാറ്റയുടെ അടിസ്ഥാനത്തില്‍ നിന്നാണ് പ്രധാനമായും ചോദ്യങ്ങള്‍ തുടങ്ങുന്നത്. പരീക്ഷാര്‍ത്ഥിയുടെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം സത്യസന്ധമായി വേണം ബയോഡാറ്റയില്‍ ഉള്‍ക്കൊള്ളിക്കാന്‍. പഠിച്ച വിദ്യാലയങ്ങള്‍, കോളജുകള്‍, തെരഞ്ഞെടുത്ത വിഷയം, ഹോബികള്‍, കുടുംബം, ആഗ്രഹങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി വിവരിക്കണം. നല്‍കിയ വിവരങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവേണ്ടത് അത്യാവശ്യമാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം ബയോഡാറ്റ നൂറുശതമാനം സത്യസന്ധമായിരിക്കണം. ഇല്ലാത്ത കാര്യങ്ങളെപറ്റി എഴുതിയാല്‍, അതേക്കുറിച്ചുള്ള ആഴത്തിലുള്ള ചോദ്യങ്ങളെ നേരിടാന്‍ എത്ര മുന്‍കരുതലെടുത്താലും നമുക്ക് കഴിയാതെ വരും.

എസ്സേ പേപ്പര്‍ മികവുറ്റതാക്കാനുള്ള മാര്‍ഗങ്ങള്‍?

എസ്സേ എഴുത്ത് ഒരു കലയാണ്. പരീക്ഷാര്‍ത്ഥിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള വൈദഗ്ധ്യത്തിന് പ്രാധാന്യം ലഭിക്കുന്ന പേപ്പര്‍ കൂടിയാണിത്. നേരത്തേ 250 മാര്‍ക്കിനുള്ള എസ്സേക്ക് ഒരു വിഷയമാണ് ഉണ്ടായിരുന്നത്. ചില വര്‍ഷങ്ങളില്‍ രണ്ടോ മൂന്നോ വിഷയങ്ങളായി വിഭജിക്കാറുണ്ട്. ചോദ്യം കണ്ടാലുടന്‍ എഴുതുന്നതിന് പകരം ചോദ്യത്തെക്കുറിച്ച് അപഗ്രഥനം ചെയ്ത് മനസ്സില്‍ ഒരാശയം രൂപപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. കുറേയേറെ എഴുതിയത് കൊണ്ട് കൂടുതല്‍ മാര്‍ക്ക് കിട്ടണമെന്നില്ല. അടുക്കും ചിട്ടയോടും ഓരോ പാരഗ്രാഫാക്കി ആശയങ്ങളുടെ തുടര്‍ച്ച ചോരാതെ വേണം എഴുതാന്‍. ഒരു കഥ വായിക്കും പോലെ നാമെഴുതുന്നത് വായിക്കുന്നയാള്‍ക്ക് കാര്യങ്ങള്‍ ഗ്രാഹ്യമാവുന്ന രീതിയില്‍ എഴുതേണ്ടത് പ്രധാനമാണ്. ഇംഗ്ലീഷില്‍ പരന്ന വായനയും എഴുതാനുള്ള കഴിവും വളര്‍ത്തിയെടുക്കുന്നത് എസ്സേ എളുപ്പമാക്കും.

സിവില്‍ സര്‍വീസില്‍ മലയാളി മുന്നേറ്റം?

മുന്‍വര്‍ഷങ്ങളില്‍ വിരലിലെണ്ണാവുന്ന മലയാളികള്‍ മാത്രം ജയിച്ചിരുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആദ്യ റാങ്കുകളടക്കം നേടുന്ന അവസ്ഥയിലേക്കുള്ള മാറ്റമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ജനസംഖ്യയും ഭൂവിസ്തൃതിയും താരതമ്യാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ മലയാളികളുടെ നേട്ടം ബോധ്യമാവും. അതേ സമയം ഭൂരിപക്ഷം പേരും അഭിമുഖത്തിലാണ് തട്ടിത്തടഞ്ഞുവീഴുന്നത്. നല്ല അറിവുണ്ടെങ്കിലും കൃത്യമായ ആശയവിനിമയത്തിന്റെ പോരായ്മയാണ് കൂടുതല്‍ പേര്‍ക്കും വിനയാവുന്നത്. ഒരേസമയം പല പരീക്ഷകള്‍ക്കും വേണ്ടിയുള്ള തയ്യാറെടുപ്പും പ്രതികൂലമാവും. ഈ പോരായ്മകള്‍ പരിഹരിക്കാനായാല്‍ മലയാളികള്‍ക്ക് ഇതിലും മികച്ച മുന്നേറ്റം സാധ്യമാവും.

സിവില്‍ സര്‍വീസ് പരീക്ഷയും മറ്റു പരീക്ഷകളും തമ്മിലുള്ള വ്യത്യാസം?

ഒരേ വിഷയമാണെങ്കില്‍ പോലും യൂനിവേഴ്‌സിറ്റി – സിവില്‍ സര്‍വ്വീസ് പരീക്ഷകളിലെ ചോദ്യങ്ങള്‍ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടാവും. നേരിട്ടൊരു ചോദ്യവും ഉത്തരവും എന്ന രീതിയില്‍ ഒരിക്കലും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ചോദ്യങ്ങളുണ്ടാവില്ല. ആദ്യ നോട്ടത്തില്‍ ഒരേ ചോദ്യമാണെന്ന് തോന്നുമെങ്കിലും രണ്ടാംവായനയില്‍ വ്യത്യാസം മനസ്സിലാവും. നമ്മളില്‍ നിന്ന് കുറേ വിവരങ്ങളല്ല, മറിച്ച് ഒരു വിഷയത്തില്‍ നമ്മളില്‍ നിന്നും അപഗ്രഥനവും കാഴ്ചപ്പാടുമാണ് ചോദ്യമായി വരുന്നത്. ചോദ്യങ്ങള്‍ മനസ്സിലാക്കാതെ എത്ര ഗംഭീരമായി ഉത്തരമെഴുതിയാലും മാര്‍ക്ക് ലഭിക്കാതെ വരും. യൂനിവേഴ്‌സിറ്റി പരീക്ഷയില്‍ ചോദ്യവുമായി ബന്ധപ്പെട്ട ഏകദേശ വിവരങ്ങള്‍ക്ക് ആനുപാതികമായി മാര്‍ക്ക് ലഭിക്കുന്നിടത്ത്, സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വ്യക്തമായ ഉത്തരമല്ലെങ്കില്‍ യാതൊരു മാര്‍ക്കും കിട്ടില്ല. മറ്റ് പരീക്ഷകളെല്ലാം ദിവസങ്ങള്‍ക്കകം അവസാനിക്കുമെങ്കിലും സിവില്‍ സര്‍വ്വീസ് പരീക്ഷ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതിനാല്‍ അതിന്റെ ഒരു ഘട്ടത്തിലും പരീക്ഷയോടുള്ള താല്‍പര്യം കുറഞ്ഞ് പിന്‍മാറാന്‍ കഴിയില്ല. മറ്റെല്ലാ പരീക്ഷകളിലും ഒരു നിയതമായ മാര്‍ക്കുണ്ടെങ്കില്‍ വിജയിക്കും. എന്നാല്‍ സിവില്‍ സര്‍വ്വീസ് എലിമിനേഷന്‍ സ്ട്രാറ്റജിയിലുള്ള പരീക്ഷയായതിനാല്‍ നിശ്ചിത ആളുകളുടെ എണ്ണം തികഞ്ഞാല്‍ മറ്റെല്ലാവരും പുറത്താക്കപ്പെടും.

പഠനത്തിന് സോഷ്യല്‍ മീഡിയകള്‍ മാത്രം മതിയാവുമോ?

മാതാ പിതാ ഗൂഗിള്‍ ദൈവം എന്നാണല്ലോ ന്യുജന്‍ ആപ്തവാക്യം. എന്നാല്‍ പഠനകാര്യത്തില്‍ സോഷ്യല്‍ മീഡിയക്ക് വളരെ ചെറിയ ഒരു റോള്‍മാത്രമാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകളും മറ്റും ശരിയാണന്നതിന് യാതൊരു തെളിവുമില്ല. അതേസമയം പുസ്തകങ്ങളും, പത്രങ്ങളും മാസികകളും ഇപ്പോഴും വിവരശേഖരണത്തിനുള്ള പ്രധാനപ്പെട്ട മാര്‍ഗങ്ങളാണ്. അതോടൊപ്പം ഇന്റര്‍നെറ്റ് നല്ലരീതിയില്‍ സഹായകമാവും. സിവില്‍ സര്‍വ്വീസ് കേന്ദ്രീകരിച്ച് വരുന്ന മികച്ച ബ്ലോഗുകളും വലിയ ജേണലുകളുടെ ഓണ്‍ലൈന്‍ പതിപ്പുകളും വായിക്കാന്‍ കിട്ടും. ഇവ പരീക്ഷയെ നല്ല രീതിയില്‍ സഹായിക്കും. പരീക്ഷക്കൊരുങ്ങുന്നവരുമായി ആശയവിനിമയത്തിന് മാത്രം സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നതായിരിക്കും ഉചിതം.

ഹിമവാനെ തൊട്ടപ്പോള്‍..

മസൂറി അക്കാദമിയിലെ ഏറ്റവും ആകര്‍ഷകമായ ഒന്നാണ് ഹിമാലയന്‍ ട്രക്കിംഗ്. സിംപിള്‍, ഡിഫിക്കല്‍റ്റ് ട്രക്കിംഗ് എന്നിങ്ങനെയുള്ള രണ്ട് തരത്തിലുള്ള ട്രക്കില്‍ ഞാന്‍ തെരഞ്ഞെടുത്തത് ഡിഫിക്കല്‍റ്റ് ട്രക്കാണ്. വലിയ ട്രക്കിംഗിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ചെറിയ ട്രക്കിംഗുകള്‍ നേരത്തേ നടക്കും. പങ്കെടുക്കുന്നവരുടെ ശാരീരിക ക്ഷമതക്കനുസരിച്ചാണ് ട്രക്കിംഗ് തെരഞ്ഞെടുക്കാറുള്ളത്. പത്ത് ദിവസത്തോളം നീളുന്നതാണ് ഹിമാലയന്‍ ട്രക്ക്. 19 പേരടങ്ങുന്ന എന്റെ ഗ്രൂപ്പ് പ്രധാനമായും കേദാര്‍നാഥ്, ഗംഗോത്രി എന്നിവിടങ്ങളിലേക്ക് നടന്നുകയറിയത്. മഞ്ഞുമലയില്‍ നിന്നുരുകി ഗംഗയുല്‍ഭവിക്കുന്നയിടമാണ് ഗംഗോത്രി. ജീവിതത്തിലെ ഏറ്റവും സാഹസികം നിറഞ്ഞ ഈ യാത്ര നല്‍കിയ ആത്മവിശ്വാസം വലുതായിരുന്നു. ഹിമാലയം മഞ്ഞില്‍പൊതിഞ്ഞിരുന്ന നവംബറിലായിരുന്നു യാത്ര.

webdesk14: