കെ.പി ജലീൽ
ഇസ്രയേലും ഫലസ്തീനും തമ്മിലുള്ള പുതിയ സംഘർഷത്തിന് കാരണം നൂറ്റാണ്ടായി തുടരുന്ന പരസ്പര പ്രതികാരത്തിന്റെ ഫലം .കഴിഞ്ഞ ഏതാനും വർഷമായി ഇസ്രായേൽ നടത്തുന്ന തുടർ ആക്രമണങ്ങളാണ് ഹമാസ് പ്രതികാരത്തിന് പിന്നിൽ. ഇസ്രയേൽ ഫലസ്തീനിന്റെ വെസ്റ്റ് ബാങ്കിലും ഗസ്സ മുനമ്പിനും നേർക്ക് നടത്തിക്കൊണ്ടിരിക്കുന്നത് കണ്ണിൽ ചോരയില്ലാത്ത രീതിയിലാണ്. ഈ രണ്ട് തീര നഗരങ്ങളെയും പിടിച്ചടക്കുക ,അവിടെ തങ്ങളുടെ ആളുകളെ കുടിയിരുത്തുക: , കെട്ടിടങ്ങൾ നിർമ്മിക്കുക രാജ്യം സ്വന്തമാക്കുക. ഇതാണ് നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിന് ഫലസ്തീനികളെ പ്രേരിപ്പിച്ചിരിക്കുന്നത്. സമാധാന സംഘടനയായ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ ) നേരത്തെ ഇസായേലുമായി നടത്തിയ നിരന്തര ചർച്ചകളും കരാറുകളും ഫലം കാണാത്ത അവസരത്തിൽ പോരാളികളായ ഹമാസ് അഥവാ പ്രതിരോധ സേന ഇസ്രയേലിനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയായിരുന്നു. ശനിയാഴ്ച തലസ്ഥാനമായ ടെൽ അവീവ് അടക്കമുള്ള പ്രദേശത്തേക്ക് തങ്ങളുടെ 5000 ത്തോളം റോക്കറ്റുകൾ വിട്ടയച്ചു. 40 ഓളം ഇസ്രയേലി സൈനികരെ കൊലപ്പെടുത്തുകയും ചെയ്തു. ഇസ്രയേലിന് ശക്തമായ അന്വേഷണ സംഘടനയും സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരിക്കെ എന്തുകൊണ്ട് ഇത് സംഭവിച്ചു എന്നത് ഇസ്രയേലിന്റെ വീഴ്ചയായി കണക്കാക്കുന്നു .
കഴിഞ്ഞ ഏതാനും വർഷമായി ഭൂരിപക്ഷം ഇല്ലാത്ത ഭരണകൂടത്തെ നയിക്കുകയാണ് ബെഞ്ചമിൻ നെതന്യ ഹു. ആറ് വർഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകൾ നടന്നിട്ടും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. നിരവധി ആരോപണങ്ങൾ നെതന്യാഹുവിന് എതിരെ ഉയരുകയും ചെയ്യുന്നു. ഈ അവസരത്തിൽ മനപൂർവ്വം ഹമാസിന്റെ ആക്രമണത്തിന് വഴിവെച്ചു എന്ന രാഷ്ട്രീയ നിരീക്ഷണം ചിലർ നടത്തുന്നുണ്ട്. ഏതായാലും ‘യുദ്ധം തുടങ്ങി ‘എന്നാണ് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചാത്യ -അമേരിക്ക ശക്തികൾ പൂർണ്ണപിന്തുണയുമായി എത്തിയിരിക്കുകയാണ് . ജി 20 അധ്യക്ഷനായിരുന്ന ഇന്ത്യ അനുകൂലമായി തിരിഞ്ഞിരിക്കുന്നു .പലരും വ്യക്തമായ നയം രൂപീകരിച്ചിട്ടില്ല .റഷ്യയും ചൈനയും രണ്ട് തോണിയിൽ കാൽവച്ചിരിക്കുകയാണ്.
എന്താണ് യഥാർത്ഥ ഫലസ്തീൻ പ്രശ്നം?
ഒന്നാം ലോക മഹായുദ്ധകാലത്താണ് ബ്രിട്ടൻ ഒട്ടോമനെതിരായ യുദ്ധത്തിൽ വിജയിച്ച് ഫലസ്തീൻ ഭൂപ്രദേശം പിടിച്ചടക്കുന്നത് .അറേബ്യൻ വംശീയതയും അറേബ്യൻ സംസ്കാരവും നിലകൊള്ളുന്ന പ്രദേശമാണ് വിശുദ്ധ നഗരമായ യെരുശലേം. മുസ്ലിങ്ങളുടെ മൂന്നാമത്തെ വലിയ ആരാധന കേന്ദ്രമായ അൽ അഖ്സ മസ്ജിദ് ഈ പ്രദേശത്താണ്. ഇവിടുത്തെ ബ്രിട്ടീഷ് അധീശത്വം അറബികളെ പ്രകോപിപ്പിച്ചു. ഫലസ്തീൻ ജനത ഭയചകിതരായി. ഈ സമയത്താണ് 1947ൽ ജൂതന്മാർക്ക് രാഷ്ട്രം രൂപീകരിക്കാൻ പശ്ചാത്യ ശക്തികൾ ചേർന്ന് തീരുമാനിക്കുന്നത് . ജർമനിയിലെ നാസിസത്തിൻ്റെ വംശീയാക്രമണം കാരണം സഹതാപമേറ്റുവാങ്ങി ലോകത്തിൻറെ പലയിടങ്ങളിലായി പീഡിപ്പിക്കപ്പെടുകയും ചിതറപ്പെടുകയും ചെയ്ത ജൂത ജനതയ്ക്ക് ഒരു രാഷ്ട്രം എന്നതായിരുന്നു അന്നത്തെ ആശയം .
കേട്ടാൽ വലിയ മനുഷ്യാവകാശം എന്ന് തോന്നുമെങ്കിലും നൽകിയ സ്ഥലം പക്ഷേ അറബ് – ഫലസ്തീൻ ഭൂപ്രദേശമായിരുന്നു. മുസ്ലീങ്ങളുടെ വിശുദ്ധ ഗേഹങ്ങളും പ്രദേശങ്ങളും നിലകൊള്ളുന്ന സ്ഥലത്ത് ജൂതന്മാർക്ക് ഒരു രാഷ്ട്രം ഇസ്രയേൽ എന്ന രാഷ്ട്രം രൂപീകരിച്ചു കൊടുത്തത് അറബികളെ പ്രകോപിപ്പിച്ചു.ഇസ് ലാമിക വിശ്വാസികളുടെ വിശുദ്ധ കേന്ദ്രം കൂ ടിയാണ് യെരുശലേം .യേശുക്രിസ്തുവിന്റെ ജനന സ്ഥലം .തങ്ങളുടെ പ്രദേശങ്ങളിലേക്ക് കടന്നു കയറിയ ജൂതന്മാരെ അനുസരിച്ചു ജീവിക്കാൻ സ്വാഭാവികമായും അവർ തയ്യാറായില്ല. പശ്ചാത്യ ശക്തികളുടെ പിന്തുണയോടെ ഫലസ്തീൻ പ്രദേശങ്ങൾ കീഴടങ്ങിയിരിക്കുകയായിരുന്നു പിന്നീട് ജൂതർ. അവർക്ക് നൽകിയ പ്രദേശമാത്രമല്ല ജെറുസലേമിലെയും പശ്ചിമതീരത്തെയും പ്രദേശങ്ങൾ അവർ ഓരോ തവണയും കീഴടക്കി. ഇതിനായി രണ്ടു യുദ്ധങ്ങൾ നടത്തുകയും ചെയ്തു .അറബികളുമായി നടത്തിയ യുദ്ധത്തിൽ വിജയിച്ച് പ്രദേശങ്ങൾ അവർ കീഴടക്കി കൊണ്ടേയിരിക്കുകയായിരുന്നു . ലോകജനത ജൂതന്മാർക്കായി നൽകിയ ഒരു പരിഹാരം എതിരാക്കുകയായിരുന്നു. ഇൻതിഫാദ (വിമോചനം ) എന്ന പേരിൽ ഹമാസ് നടത്തിയ രണ്ടുതവണ പോരാട്ടം വലിയ അക്രമങ്ങൾക്ക് വഴിവെച്ചു. ഇത് ഇന്നത്തെ പ്രതിസന്ധി കാരണമാണ്. ഒരു യുദ്ധവും പരിഹാരമല്ല .കാരണം ശക്തമായ പാശ്ചാത്യസഖ്യം ഇസ്രയേലിനെ പിന്തുണയുമായി രംഗത്തുണ്ട് .അറബികളിൽ തന്നെ സൗദിയും മറ്റും നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്. ഇപ്പോഴൊരു സൈനിക നടപടി വേണ്ടെന്ന് പറയുകയാണ് എല്ലാവരും. കാരണം യുദ്ധം വലിയ നാശനഷ്ടങ്ങൾ വരുത്തും. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടും. ഇതിന് ഇന്നത്തെ അവസ്ഥയിൽ തയ്യാറാകണോ എന്നതാണ് ചോദ്യം. വർഷങ്ങൾ നീണ്ടുനിൽക്കുന്ന യുദ്ധം നിരവധി വർഷങ്ങളിലെ നാശനഷ്ടങ്ങൾക്കും ദുരിതങ്ങൾക്കും ഇടവരുത്തും .
അമേരിക്ക മുൻകൈയെടുത്ത് ഫലസ്തീൻ നേതാക്കളുമായി നടത്തിയ ചർച്ച ഒരു കരാറിലെത്തിയിരുന്നു. പി. എൽ. ഒ നേതാവ് യാസർ അറഫാത്ത് ഇതിൽ ഒപ്പുവെച്ചു.ഇരു രാഷ്ട്രങ്ങൾക്കും അതിർത്തി പരിധി നിശ്ചയിക്കുക എന്നായിരുന്നു .പലസ്തീനും ഇത് അംഗീകരിക്കുകയും ചെയ്തു . ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിന് പിന്തുണ പ്രഖ്യാപിച്ചു. സമാധാനത്തിലേക്ക് നീങ്ങി എന്ന് കരുതിയ സമയത്താണ് വീണ്ടും ഇസ്രായേൽ വെസ്റ്റ് ബാങ്കിലേക്ക് സേനയുമായി നീങ്ങുന്നത്. നിരവധി വീടുകൾ ഇതിനകം ബെസ്റ്റ് ബാങ്കിലും മറ്റും അവർ നിർമ്മിച്ചു കഴിഞ്ഞു. തങ്ങളുടെ രാജ്യം തന്നെ വിഴുങ്ങുമോ എന്ന അവസ്ഥയിലാണ് അന്തിമ യുദ്ധത്തിന് ഹമാസ് തയ്യാറെടുത്തിരിക്കുന്നത് .നഷ്ടങ്ങൾ ഉണ്ടാവുമെന്ന് അറിയാമെങ്കിലും പോരാളികൾക്ക് മറ്റൊരു പോംവഴിയില്ല. സമാധാനവാദികൾക്ക് പ്രസക്തിയും കുറഞ്ഞിരിക്കുന്നു. എന്താണ് ഇനി പരിഹാരം? ഈ ചോദ്യമാണ് ലോകത്തിന് മുന്നിൽ ഉന്നയിക്കപ്പെടുന്നത്.