Features
അത്തോളിയിലെ അഗ്നിപുഷ്പം
രാജ്യത്തെ പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്യായങ്ങളോട് കലഹിച്ച് നിയമനിര്‍മാണ സഭക്കകത്തും പുറത്തും മനുഷ്യാവകാശങ്ങള്‍ക്കു പൊരുതുന്ന പടയാളി.

സി.പി സൈതലവി
റേഷന്‍ കാര്‍ഡും സഞ്ചിയുമായി കടയിലേക്കുവന്ന എം.എല്‍.എ യെ കണ്ട് പഴയ ദേശീയ പ്രസ്ഥാനക്കാരനായ ഷോപ്പ് മാനേജര്‍ മൂലക്കണ്ടി ഗോപാലന്‍ ചാടിയെണീറ്റു:സാറെന്തിനാ വന്നത് റേഷന്‍ വാങ്ങാന്‍,വല്ല കുട്ടികളെയും അയച്ചാല്‍ പോരായിരുന്നോ?.
ഇരുപത്തൊമ്പതുകാരനായ എം.എല്‍.എയുടെ തമാശകലര്‍ന്ന മറുപടി: ഇവിടത്തെ കാര്യങ്ങളൊക്കെ എനിക്കുമൊന്നറിയണ്ടേ?.
അന്നശ്ശേരി ന്യായവില ഷോപ്പിലുണ്ടായിരുന്നവർ കൗതുകത്തോടെ ആളെ നോക്കി. പത്രങ്ങളില്‍ പതിവായി പടവും പ്രസംഗവും വരുന്ന, റേഡിയോ വാര്‍ത്തകളില്‍ സ്ഥിരമായി കേള്‍ക്കുന്ന സി.എച്ച് മുഹമ്മദ് കോയ. ഈ മണ്ണിന്റെ മകന്‍. അത്തോളിയുടെ പുത്രന്‍.
രാജ്യത്തെ പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അന്യായങ്ങളോട് കലഹിച്ച് നിയമനിര്‍മാണ സഭക്കകത്തും പുറത്തും മനുഷ്യാവകാശങ്ങള്‍ക്കു പൊരുതുന്ന പടയാളി. മുഖ്യമന്ത്രി ഇ.എം.എസ്, പട്ടം താണുപിള്ള, ആര്‍ ശങ്കര്‍, അച്യുതമേനോന്‍, പി.ടി ചാക്കോ തുടങ്ങി സഭക്കുള്ളിലെ വന്‍മരങ്ങളോട് കിടയൊത്ത് നില്‍ക്കാന്‍ കരുത്താര്‍ന്ന യൗവനം.
അതിര്‍ത്തിയിലെ സൈനികന്റെ ജാഗ്രതയോടെ സ്വന്തം ജനതയുടെ അവകാശങ്ങള്‍ക്കു കാവലിരുന്നും സമുദായത്തിനര്‍ഹതപ്പെട്ടത് പിടിച്ചുവാങ്ങിയും മുന്നേറുകയാണ് സി എച്ച്.
വാക്കിന്റെ വജ്രസൂചികളാൽ എതിർവാദങ്ങളുടെ മസ്തകം തകർത്ത് നിയമ സഭയിൽ കൊടി പറത്തുമ്പോൾ തന്നെ പ്രസംഗപ്പെരുമഴയുമായി വേദികളിൽ നിന്നു വേദികളിലേക്കുള്ള രാപ്രയാണങ്ങൾ. ഒപ്പം ചന്ദ്രികയുടെ താളുകളെ കിടയറ്റതാക്കുന്ന അക്ഷരപ്പയറ്റും. അതിനിടെ വീണുകിട്ടുന്ന ദുർലഭമായ ഇടവേളകൾക്കു മധുരം പകരുന്ന നാട്ടിലെ ഇടത്താവളങ്ങളിലൊന്നായ അണ്ടിക്കോട്ടെ പൂതപ്പള്ളി മമ്മദ് കോയയുടെ നാലുകാലോല ഷെഡ്ഡില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ സി.എച്ച് പറഞ്ഞു ‘റേഷന്‍ വാങ്ങാന്‍ പോകണം. ബാപ്പാക്ക് നല്ല സുഖമില്ല. അതുകൊണ്ട് ഞാന്‍ തന്നെ പോന്നു. ശനിയാഴ്ചയല്ലേ; ഇന്നു വാങ്ങിയില്ലെങ്കില്‍ ഈ ആഴ്ചത്തേത് ഒഴിഞ്ഞുപോകും’.മമ്മദ് കോയക്ക് ഒരു വല്ലായ്ക തോന്നി. ചായക്കടക്കുമുന്നില്‍ ചക്രമുരുട്ടിക്കളിക്കുകയായിരുന്ന കുട്ടിയെ അരികില്‍ വിളിച്ചു പറഞ്ഞു. ‘മോനേ, മൂപ്പരിപ്പോ പണ്ടത്തെ പോലെയല്ലല്ലോ. എം.എല്‍.എയൊക്കെയല്ലേ?. റേഷന്‍ഷാപ്പ് വരെ ഒന്നു കൂടെ ചെല്ല്. അരി തൂക്കി കഴിഞ്ഞാല്‍ സഞ്ചി നീ പിടിച്ചോ; കോയയെക്കൊണ്ട് എടുപ്പിക്കേണ്ട”. റോഡുകടന്ന് വയല്‍വരമ്പിലൂടെ സി.എച്ചിനു പുറകെ കുറച്ചു ദൂരം നടന്നപ്പോള്‍ തന്നെ അദ്ദേഹം സഞ്ചി വാങ്ങി തിരിച്ചയച്ചുവെന്ന് അണ്ടിക്കോട്ടെ പ്രാദേശിക മുസ്്‌ലിംലീഗ് നേതാവ് കൂടിയായ എന്‍.ടി ബീരാന്‍ കോയ തന്റെ കുട്ടിക്കാലമോര്‍ക്കുന്നു. ഒരു കുടുംബത്തിന് ആഴ്ചയില്‍ കിട്ടുന്ന മൂന്ന് ലിറ്റര്‍ അരിക്കുവേണ്ടിയാണ്, നാടെങ്ങും കീര്‍ത്തിയുള്ള ഈ എം.എല്‍.എ മടിയൊട്ടും കൂടാതെ റേഷന്‍കട തേടിച്ചെല്ലുന്നത്.
അധികാരവും പദവികളും സമ്മതിദാനാവകാശം പോലും സമ്പന്നര്‍ക്കു മാത്രമായി പതിച്ചുകൊടുത്തിരുന്ന കാലത്ത്, രാഷ്ട്രീയത്തിന്റെ മുഖ്യധാരാ പ്രവേശം സാധാരണക്കാരനു അപ്രാപ്യമായിരുന്ന ഘട്ടത്തില്‍ ആ പൊതുനിയമങ്ങളെയെല്ലാം മുറിച്ചുകടന്ന് കുതിച്ചുയര്‍ന്ന് ഒരു ദരിദ്ര ബാലന്‍ കേരളത്തിന്റെ മുഖ്യഭരണാധികാരിയായി മാറിയ അത്ഭുതത്തിന്റെ അടിവേര് തേടിയാല്‍ കോഴിക്കോട്ടെ അത്തോളിയിലെത്തും. അതിരറ്റ ഇച്ഛാശക്തിയിലൂട്ടിയ പ്രതിഭ കൊണ്ട് പ്രതികൂല സാഹചര്യങ്ങളുടെ കൊടുമുടികള്‍ കീഴടക്കിയ ജേതാവ് പിറന്ന ഭൂമി.
ഒരിക്കല്‍, ഒരിക്കല്‍ മാത്രമെങ്കിലും ആ അഗ്നിപുഷ്പം വിടർന്ന അത്തോളിയുടെ ഉള്‍വഴികളിലൂടെ നടക്കണം. സി.എച്ച് ചുവടുവെച്ചു തുടങ്ങിയ ഗ്രാമത്തിന്റെ ഞരമ്പുകളിലൂടെ.
കാലം കണ്ണാടി നോക്കുന്ന കോരപ്പുഴയുടെ ഓരങ്ങളിലൂടെ.
ആഗ്ര കോട്ടയ്ക്കുള്ളിലെ ഇടനാഴിയില്‍ നില്ക്കുന്ന സഞ്ചാരിയുടെ കാതില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ പാദുക ശബ്ദം അടുത്തടുത്ത് വരുന്നതു പോലൊരു അനുഭൂതി, അത്തോളിയിലെ-അന്നശ്ശേരിയിലെ മണ്ണിൽ തൊടുമ്പോൾ ഉള്ളിലുണരുന്നു. ദരിദ്രനായി ജനിച്ച്, സാധാരണക്കാരനായി ജീവിച്ച്, അധികാരത്തിന്റെ ഉന്നതങ്ങളിൽ വിരാജിച്ച് , ഒടുവിൽ അനന്തര തലമുറക്കായി ഒരു ചില്ലിക്കാശുപോലും നീക്കിയിരിപ്പില്ലാതെ വിടചൊല്ലിയ മറ്റൊരു ചക്രവർത്തിയുടെ കാൽപെരുമാറ്റം.
കണ്‍മറഞ്ഞു നാല് പതിറ്റാണ്ടായിട്ടും ഓര്‍മയുടെ മുറ്റത്ത് മാരിവില്ലഴകോടെ മന്ദഹസിച്ചു നില്‍ക്കുന്നു സി.എച്ച് മുഹമ്മദ് കോയാ സാഹിബ് എന്ന സ്നേഹസാമ്രാജ്യത്തിലെ സുൽത്താൻ.
പ്രസിദ്ധ മലയാള കവി യൂസുഫലി കേച്ചേരി സി.എച്ച് പൊയ്‌പോയ ദുഃഖത്തിലൊരുനാള്‍ ‘അത്തോളി മണ്ണ്’ല്‍ എഴുതുന്നുണ്ടിത്.
‘പുണ്യം ലഭിച്ചതാണിന്നെനിയ്ക്കത്തോളി മണ്ണിലൊന്നാമതായ് പാദങ്ങളൂന്നുവാന്‍ ധന്യമാണീ ദിനം; കാല്‍കളീ ഭൂമിയില്‍ വിന്യസ്തമാവതിന്‍ മുമ്പെന്‍ കരങ്ങളേ അഞ്ജലിയർപ്പിയ്ക്ക!- വിപ്ലവച്ചൂടാര്‍ന്നൊരംഗാര പുഷ്പം വിടര്‍ന്നതാണീ സ്ഥലം….. ചത്തകുതിരയ്ക്കുയിരേകുമത്ഭുത തത്വവിജ്ഞാനം വിളഞ്ഞതാണീ സ്ഥലം’
ആ പൊള്ളുന്ന യൗവ്വനത്തെ തൊട്ടരികിൽനിന്നു കണ്ട സ്വദേശിതലമുറക്കും വയസ്സേറുകയാണ്. ഓര്‍മകള്‍ പിടി വിട്ടോടുന്നു.
ഡ്രൈവറും അറ്റൻഡറുമായി രണ്ടുപതിറ്റാണ്ട് സി.എച്ചിനൊപ്പമുണ്ടായിരുന്ന മല്ലിശ്ശേരി ഇബ്രാഹിം,എന്‍.ടി ബീരാന്‍ കോയ, കാഞ്ഞിരോളി മുഹമ്മദ് കോയ, സി.എച്ചിന്റെ ഭാര്യാസഹോദരന്‍ മുന്‍ കെ.എം.സി.സി ഭാരവാഹി കമ്മോട്ടില്‍ അബ്ദുല്‍ അസീസ്, കമ്മോട്ടില്‍ അബൂബക്കര്… സി.എച്ചിനെ അനുയാത്ര ചെയ്ത ആ കാലമോര്‍ത്തു: മുപ്പത്തിനാലു വയസ്സിന്റെ നിറയൗവ്വനത്തിനുള്ളില്‍ ചന്ദ്രിക മുഖ്യപത്രാധിപർ, എം.എല്‍.എ, സ്പീക്കര്‍, പാര്‍ലമെന്റ് മെമ്പര്‍ പദവികളുടെ തൊപ്പിയണിഞ്ഞപ്പോഴും വെറുമൊരു അന്നശ്ശേരിക്കാരനായി,വേഷത്തില്‍പോലും ധാരാളിത്തമില്ലാതെ, ഏതോ ചിന്തയില്‍ മുഴുകി റോഡരികിലൂടെ അലസമായി നടന്നു പോകുന്ന സി.എച്ച്. ആരും കൊതിക്കുന്ന മുഖശ്രീ.
കണ്ണടയുവോളം കാത്തുവെച്ച പ്രസിദ്ധമായ ആ പുഞ്ചിരിയും. ഉടുതുണിയുടെ ഒരറ്റം കൈകൊണ്ട് കക്ഷത്തിറുക്കി, കാലന്‍കുട തോളില്‍ കൊളുത്തി, മറുകൈ പൊക്കി മത്സ്യപ്പൊതിയും പിടിച്ച് ആ പോകുന്നത് ഇന്ത്യൻ പാര്‍ലമെന്റ് മെമ്പര്‍. ‘കോയ എവിടന്നാ വരുന്നെ’ന്ന ചോദ്യത്തിന് ചിലപ്പോഴുത്തരം ‘ഡല്‍ഹീന്ന്’.
സ്പീക്കറുടെ ‘ചലിക്കുന്ന കൊട്ടാരത്തില്‍’ കൊടിവെച്ച് പറക്കുമ്പോഴും, ലോകരാഷ്ട്രങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും മനത്താംകണ്ടി വീട്ടിലെത്താന്‍ പദയാത്ര തന്നെ ശരണം. എലത്തൂരില്‍ ബസ്സിറങ്ങി, പുതിയോട്ടില്‍ കടവില്‍ തോണി കടന്ന്, അണ്ടിക്കോട് വഴി നാല് കിലോമീറ്റര്‍ നടത്തം. പാതിരാ പ്രസംഗങ്ങള്‍ കഴിഞ്ഞാവും മിക്കവാറും മടക്കം. തോണിക്കാരന്‍ റാന്തല്‍ തിരിതാഴ്ത്തി ഉറക്കമായിട്ടുണ്ടാകും. അര്‍ധ രാത്രിയിലെ ഈ ഏകാന്ത യാത്രയും സി.എച്ച് ഏറെ ആസ്വദിച്ചു കാണും. 1965ല്‍ കോഴിക്കോട് നടക്കാവിലേക്ക് താമസം മാറ്റുംവരെ ഈ പതിവിന് മുടക്കം വന്നില്ല. ഈ കാലത്തു തന്നെയാണ് ചാലിയാര്‍ തീരത്തെ സുഹൃത്ത് സി.എച്ചിന് ഒരു യാത്രാവാഹനം സമ്മാനമായി നല്‍കുന്നത്. ഒരു കടത്തുതോണി.
ദ്വീപ് പോലെ കിടന്ന സ്വദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കാന്‍ പുറക്കാട്ടിരിയില്‍ പാലം കൊണ്ടുവന്നു സി.എച്ച്. 1961ല്‍ സ്പീക്കറായിരിക്കെയാണ് തറക്കല്ലിടല്‍. തന്റെ പാര്‍ട്ടിക്ക് ആളും അര്‍ത്ഥവും കുറവായ കാലം. കരപ്രമാണിമാരില്‍ ചിലര്‍ക്ക് സി.എച്ചിനെ അത്ര പഥ്യമല്ല. അവര്‍ക്കൊത്ത തറവാട്ട് മഹിമയുടെ എടുപ്പുകളില്ലാത്തതുകൊണ്ട്. അടിത്തട്ടില്‍ നിന്നൊരാള്‍ ഉയര്‍ന്നു വരുന്നതിലുള്ള സഹിക്കായ്ക പലേടത്തും പ്രകടമായി. കുടിയോത്തും മരുന്നുവില്പനയുമായി നടക്കുന്ന ദരിദ്രനായ പയ്യംപുനത്തില്‍ ആലി മുസ്‌ല്യാരുടെ മകന്, ചെറിയാരന്‍കണ്ടിയിലെ കൂരയില്‍ പിറന്നവന്, അവന്റെ തരത്തിനൊത്ത നാവല്ലെന്ന് വരേണ്യരുടെ പുച്ഛം.സ്‌കൂളില്‍ പല സമ്പന്ന കുമാരന്മാരെക്കാളും ശ്രദ്ധനേടി മുഹമ്മദ് കോയ. പുസ്തകം വാങ്ങാന്‍ പണമില്ലെങ്കിലും പഠനത്തിലും പ്രസംഗത്തിലും ബഹുമിടുക്കനായി.
ഉമ്മയുടെയും ബാപ്പയുടെയും കുടുംബത്തിന്റെ മതപണ്ഡിത പാരമ്പര്യം സി.എച്ചിന്റെ അറിവുകള്‍ക്ക് അസ്തിവാരമായി. കൊങ്ങന്നൂര്‍ എലിമെന്ററി സ്‌കൂള്‍ 1932ല്‍ സ്ഥാപിതമായതിന്റെ പിറ്റേവര്‍ഷമാണ് സി എച്ചിനെ ചേർത്തത്.പാച്ചര്‍ മാസ്റ്റര്‍ ആദ്യാക്ഷരം കുറിച്ച ഒന്നാം ക്ലാസില്‍ തന്നെ പഠനത്തില്‍ സമര്‍ത്ഥനായി. അടുത്തകൊല്ലം വേളൂര്‍ മാപ്പിള സ്‌കൂളില്‍ ചേര്‍ന്നു. ‘അത്തോളിയിലെ സര്‍ സയ്യിദ്’ എന്ന് സി.എച്ച് വിശേഷിപ്പിച്ച ഈസക്കുട്ടി മാസ്റ്റര്‍ പ്രവേശന രജിസ്റ്ററിൽ ചെറിയാരന്‍ കണ്ടി മുഹമ്മദ് കോയ എന്ന് ഇംഗ്ലീഷില്‍ എഴുതിയിടത്ത് വിധി നിശ്ചയിച്ച അശ്രദ്ധയാല്‍ വീട്ടുപേരില്‍ ‘കെ’യുടെ സ്ഥാനത്ത് ‘എച്ച്’ എന്നു ചേര്‍ത്തുപോയി. സി.കെ മുഹമ്മദ് കോയ ആകേണ്ടിയിരുന്നയാള്‍ ‘സി.എച്ച്’ എന്ന മുഴങ്ങുന്ന ശബ്ദമായി ഒരു ജനതയുടെ അഭിമാന മുദ്രാവാക്യമായി മാറുന്നതിവിടെ.
ആത്മവിദ്യാസംഘത്തിന്റെ പ്രചാരണവുമായി വന്ന വാഗ്ഭടാനന്ദ സ്വാമികള്‍ അണ്ടിക്കോട് അങ്ങാടിയില്‍ പ്രസംഗിക്കുന്നതുകേട്ട് ആവേശഭരിതനായ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് കോയ ‘എനിക്കും പ്രസംഗിക്കണ’മെന്ന് വിളിച്ചുപറഞ്ഞു. ഇതുകേട്ട് ആളുകള്‍ ചിരിച്ചു. എന്താണ് ആവശ്യമെന്നാരാഞ്ഞ വാഗ്ഭടാനന്ദന്‍ കുട്ടിയെ വേദിയില്‍ വിളിച്ചു വരുത്തി പ്രസംഗിപ്പിച്ചു.
ആ തല്‍ക്ഷണ പ്രസംഗത്തിലെ അറിവിന്റെ വ്യാപ്തിയും ആരോഹണാവരോഹണവും കണ്ട് ജനം കയ്യടിച്ചു. ഇവന്‍ ഭാവിയിലൊരു മഹാവാഗ്മിയായി മാറുമെന്ന് വാഗ്ഭടാനന്ദന്‍ ആശീർവദിച്ചു. ബാല്യത്തിലേയുള്ള അസൂയാര്‍ഹമായ ഈ പ്രകടനങ്ങള്‍ കുടിലുകളിലും കൊട്ടാരങ്ങളിലും സി.എച്ചിനെ ചര്‍ച്ചാ വിഷയമാക്കി കഴിഞ്ഞിരുന്നു. നാടിന്റെ സ്‌നേഹം സി.എച്ചിലേക്ക് ഒഴുകിത്തുടങ്ങി.
പാലം തറക്കല്ലിടാനെത്തുന്ന സ്പീക്കറെ സ്റ്റേറ്റ്‌കാര്‍ സഹിതം അക്കരെ കൊണ്ടുപോകാന്‍ ചങ്ങാടമൊരുക്കിയിരുന്നു. മോട്ടോർ വാഹനങ്ങള്‍ കടന്നുവരാത്ത ജന്മനാട്ടിലൂടെ ദേശീയപതാക വെച്ച ഔദ്യോഗിക കാറില്‍ സി.എച്ച് സഞ്ചരിക്കുന്നതും അസഹിഷ്ണുക്കൾ അതുകാണുന്നതും മനസ്സില്‍ കണക്കുകൂട്ടിയ ഇളം പ്രായക്കാര്‍ ആവേശത്തിലായി. അധികാര നാട്യങ്ങളെ എന്നും തിരസ്കരിച്ച സി.എച്ച് പക്ഷെ, അക്കരെ കാര്‍ നിര്‍ത്തി പുഴകടന്ന് ഒരാള്‍ക്കൂട്ടത്തിന്റെ അകമ്പടിയോടെ നടന്നുപോയി. എവിടെയായിരുന്നാലും ആശ്രയം അര്‍ഹിക്കുന്നവനിലേക്ക് അദ്ദേഹത്തിന്റെ കണ്ണെത്തും.
അണ്ടിക്കോട് വി.കെ റോഡിലുള്ള റാത്തീബ് പള്ളി (ഇപ്പോള്‍ മസ്ജിദു തഖ്‌വ)യില്‍ റമസാനില്‍ തറാവീഹിനു ശേഷം ഉറുദി പറയാന്‍ മുസ്്‌ല്യാരുകുട്ടികള്‍ വരും. പ്രബോധനത്തിനൊപ്പം പ്രസംഗ പരിശീലനവും ചെറിയൊരു പോക്കറ്റ് മണിയും ഇത്തരം ഉറുദികളുടെ ഘടകങ്ങളാണ്. വേണ്ടത്ര പ്രസംഗം വശമില്ലാത്ത ഒരുകുട്ടി ഉറുദി പറയാനെത്തി. പാര്‍ലമെന്റില്ലാത്ത സമയമായതിനാല്‍ സി.എച്ചും പള്ളിയിലുണ്ട്. അന്ന് ‘ഉറുദി’ സി.എച്ച് പറഞ്ഞു. പിരിഞ്ഞുകിട്ടിയ തുക കുട്ടിക്കു കൈമാറുകയും ചെയ്തു. ഇതോടെ ഉറുദിക്ക് സി എച്ച് മതിയെന്നായി.എം പി യുടെ ഉറുദിക്ക് ശ്രോതാക്കളേറി.സി എച്ചിനതൊരു പതിവുമായി. മന്ത്രിയാകുമ്പോഴും അല്ലാത്തപ്പോഴും ഏത് പാതിരാവില്‍ വന്നുകിടന്നാലും ആളുകള്‍ വിളിച്ചാല്‍ ഉടനെഴുന്നേല്‍ക്കും. പരിഹാരവും നല്‍കും.
1980ലെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടില്‍ ഉറങ്ങാന്‍ കിടന്നത് പുലര്‍ച്ചെ രണ്ടുമണിക്ക്. നാല് മണിക്കു കുടകില്‍ നിന്നൊരു സംഘം ആവലാതിയുമായെത്തി. അവിടെ മലയാളികളെ കുടിയിറക്കുകയാണ്. അറസ്റ്റ് ഭയന്ന് പുരുഷന്മാര്‍ ഒളിവിൽ. വീടുകള്‍ക്കു നേരെ ആക്രമണം നടക്കുന്നു. ആ നിമിഷം തന്നെ ഉണര്‍ന്നിരുന്ന് സി.എച്ച് ആവശ്യമായത് ചെയ്തു.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്പീക്കറും ആഭ്യന്തര, വിദ്യാഭ്യാസ, ധനകാര്യമുൾപ്പെടെ സകല വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയും എം.എല്‍.എയും എം.പിയുമെല്ലാമായിരുന്നപ്പോഴും അടിച്ചമര്‍ത്തപ്പെടുന്നവനും അവഗണിക്കപ്പെടുന്നവനും നില്‍ക്കകള്ളിയുണ്ടാക്കുകയായിരുന്നു. സി എച്ച് എന്നുമെപ്പോഴും പറഞ്ഞത് “നിങ്ങളാരുടേയും അടിമകളാകരുത്; ആരുടേയും വിറകുവെട്ടികളും വെള്ളംകോരികളുമാകരുത്,സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്ത് നേടണം” എന്നായിരുന്നു.തന്നെ തേടിവന്ന നിരാലംബരുടെ കൈകളൊന്നും മരണംവരേയും വെറുതെ മടക്കിയില്ല. ഒരു വിലാപവും കേള്‍ക്കാതെ പോയില്ല.’എന്റെ സമുദായം’ എന്ന് അഭിമാനത്തോടെ ഉറക്കെയുറക്കെ പറഞ്ഞു.
അവസാനമായി 1983 സെപ്തംബര്‍ 25ന് ജന്മനാട്ടില്‍ ഔദ്യോഗിക പരിപാടികള്‍ക്കെത്തി ഉമ്മയോടൊപ്പം ഏറെനേരമിരുന്നു. പിറ്റേന്ന് ഹൈദരാബാദിലേക്ക് പോയത് അഹമ്മദ് സാഹിബിന് പകരമായി വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാത്രമല്ല; പ്രധാന ലക്ഷ്യം മറ്റൊന്നായിരുന്നു. മുസ്്‌ലിംകള്‍ക്കെതിരെ അവിടെ നടക്കുന്ന കലാപത്തിന് അറുതി വരുത്താന്‍ മുഖ്യമന്ത്രി എന്‍.ടി രാമറാവുവിനെ നേരില്‍കണ്ട് സംസാരിക്കാന്‍, കേരള ഉപമുഖ്യമന്ത്രിയുടെ, ഇന്ത്യന്‍ മുസല്‍മാന്‍മാരുടെ നേതാവിന്റെ യാത്ര. സെപ്തംബര്‍ 27ന് ആ കൂടിക്കാഴ്ച നടന്നു. “എന്റെ സമുദായം ഇവിടെ വേട്ടയാടപ്പെടുകയാണ്. ഭരണകൂടമുണരണം. അവര്‍ക്കു രക്ഷ നല്‍കണം’ സി എച്ച് ആവശ്യപ്പെട്ടു.
കുടുംബനാഥന്‍മാര്‍ നഷ്ടപ്പെട്ട്,കുടിലുകള്‍ വെണ്ണീറായി, ഉപജീവനമാർഗ്ഗങ്ങൾ കൈവിട്ട് എങ്ങോട്ട് പോകുമെന്നറിയാതെ പെരുവഴിയില്‍ വിങ്ങിപ്പൊട്ടി നിന്ന സാധുമനുഷ്യരെ മാറോടണച്ചു ചേര്‍ത്ത്, ഞാനുണ്ട് കൂടെ എന്നാശ്വസിപ്പിച്ചാണ് ആ രാത്രി ഹൃദയവേദനയോടെ ഉറങ്ങാന്‍ കിടന്നത്. പിറ്റേന്ന് ഒരിക്കലുമുണരാത്ത നിത്യനിദ്രയിലേക്കാഴ്‌ന്നു പോയതും.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
Features
ചരിത്ര പ്രസിദ്ധമായ വെള്ളിയാങ്കല്ലും കാവലായി ലൈറ്റ് ഹൗസും
സാമൂതിരിയുടെ നാവിക പടതലവനായ ധീര ദേശാഭിമാനി കുഞ്ഞാലിമരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടത്തിന്റെ കഥ.

പി.കെ മുഹമ്മദലി
കോഴിക്കോട് ജില്ലയിലെ തിക്കോടി കോടിക്കൽ തീരത്ത് നിന്ന് ഏഴ് കീലോമീറ്ററോളം അകലെ അറബികടലിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വെള്ളിയാം കല്ല്. പരന്ന് കിടക്കുന്ന മഹാ സമുദ്രത്തിന്റെ നീലിമയിൽ വെട്ടിതിളങ്ങി നിൽക്കുന്ന പാറകളുടെ പവിഴ ദീപായ വെള്ളിയാംകല്ലിന് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട്. സാമൂതിരിയുടെ നാവിക പടതലവനായ ധീര ദേശാഭിമാനി കുഞ്ഞാലിമരക്കാരുടെ നാവിക സൈനിക ഒളിപ്പോരിടത്തിന്റെ കഥ…വഴിമാറിയെത്തിയ നിരവധി വിദേശ കപ്പലുകൾ ഇടിച്ച് തരിപ്പണമായ സ്ഥലം…പറങ്കിപ്പട കരയിൽ നിന്ന് പിടിച്ചു കൊണ്ടുപോയ ആയിഷ എന്ന പെൺകുടിയുടെ കഥ ഇങ്ങനെ ഇന്ത്യയുടെ ചരിത്രം .
ഒരുപാട് യുദ്ധങ്ങളുടെ ഓർമ്മകൾ പറയാനുണ്ട് വെള്ളിയാം കല്ലിന്. ഇന്നു വരെ പേര് പോലും കണ്ടെത്താനാവാത്ത ദേശാടന പറവകളുടെയും വൻകരാനന്തര സഞ്ചാരികളായ അനേകായിരം പക്ഷികളുടെ വിശ്രമ കേന്ദ്രവും കൂടിയാണ് നടുക്കലിൽ ഉയർന്ന് നിൽക്കുന്നഈ വിശാലമായ പാറ.പക്ഷികളുടെ വിസർജ്യത്താലാണ് വെള്ളനിറമായി ഈ പാറ മാറിയതും വെള്ളിയാം കല്ല് എന്ന് പേര് വരാനുള്ള കാരണം.
ഇസ്ലാമിക ചരിത്രത്തിലും ഹിന്ദു പുരാണത്തിലുമെല്ലാം വെള്ളിയാംകല്ലിനെ കുറിച്ച് പ്രതിപാതിച്ചിട്ടുണ്ട്. ആദം നബിയുടെ കാൽപാതം പതിഞ്ഞ സ്ഥലമാണെന്നും മുക്കുവൻ മാരുടെ വിശ്വാസങ്ങളിൽ വെള്ളിയാംകല്ലിന് പ്രത്യാക സ്ഥാനമുണ്ട് നിരവധി ക്ഷേത്രങ്ങളിൽ ദേവീചൈതന്യം വെള്ളിയാങ്കല്ലിൽ നിന്ന് എത്തിയതാണെന്നുള്ള ഐതിഹ്യം ഉണ്ട്. വെള്ളിയാം കല്ലിലേക്ക് പോകുന്നവർ പ്രത്യാകം പ്രാർത്ഥന നടത്തണമെന്നും ശരീരം ശുദ്ധികരിക്കാതെ ഈ പാറയിൽ കയറരുതെന്നും ഇവരുടെ മത വിശ്വാസത്തിൽ പറയുന്നുണ്ട്.
സാമൂതിരിയുടെ നാവികപ്പടത്തലവൻ ധീര ദേശാഭീമാനി കോട്ടക്കൽ കുഞ്ഞാലി മരക്കാരുടെ ധീരതയുടെയും പോരാട്ട വീര്യത്തിന്റെയും ചുടുചോരയും പീരങ്കിയുണ്ടകളേറ്റ പാടുകളും ഇന്ന് വെള്ളിയാംകല്ലിനുണ്ട്. കുഞ്ഞാലിമരക്കാറും നാവികപ്പടയും കടലിന്റെ കണ്ണെത്താ ദൂരത്ത് നിന്ന് വരുന്ന ശ്രത്രുക്കളെ നേരിട്ടെത് വെള്ളിയാം കല്ലിൽവെച്ചാണ്. പറങ്കിപ്പട കരയിൽ നിന്ന് പിടിച്ചുകൊണ്ടുപോയ ആയിഷ എന്ന പെൺകുട്ടിയെ വെള്ളിയാം കല്ലിൽ വെച്ച് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു പട്ടാളക്കാരൻ അവളെ രക്ഷിക്കുകയും ബലാൽസംഗം ചെയ്യാൻ ശ്രമിച്ച പറങ്കികളെ കൊന്നുകളയുകയും ഇവിടുന്ന് ചെയ്തിട്ടുണ്ട്.
ഈ സംഭവം പോർച്ചുഗീസ് പ്രണയകാവ്യാമായി പ്രചരിച്ചിരുന്നു.1507 മുതൽ 1600 വരെ ഏകദേശം ഒരു നൂറ്റാണ്ട് മുഴുവനും കുഞ്ഞാലിമരക്കാറും നാവികസൈന്യാധിപൻമാരും പോർച്ചുഗീസ് ശക്തികളെ തുരത്താൻ കാവൽ നിന്നത് ഈ പാറകളുടെ ഒളിവിലാണ്. ഒരൊറ്റ ശീലാഖണ്ഡമല്ല വെള്ളിയാം കല്ല് .ഭീമാകാരൻ പാറക്കെട്ടുകൾ അതിൻ മേൽ ഏതാനും പടുകൂറ്റൻ പാറകൾ ദൂരേ നിന്ന് നോക്കുമ്പോൾ വശം ചരിഞ്ഞ് നീണ്ട് നിവർന്നു കിടക്കുന്ന മനുഷ്യ രൂപത്തെ ഓർമ്മിപ്പിക്കുന്ന വലിയ പാറക്കല്ലുകൾ.വെള്ളിയാം കല്ലിന്റെ തെക്ക് വശത്ത് പാറയുടെ മുകളിൽ ഭയം വിതക്കുന്ന രീതിയിൽ ആരോ എടുത്ത് വെച്ചത് പോലെ കാണുന്ന പാറക്കല്ലിന് പണ്ട് മുതലെ നാട്ടുകാരിതിനെ എടുത്ത് വെച്ച കല്ല് എന്ന പേരിലാണ് പറയപ്പെടുന്നത്.
തൊട്ടു സമീപത്തായി പന്നിയുടെ മുഖവുമായി സാദൃശ്യം തോന്നുന്ന കല്ലിന് പന്നിക്കല്ല് എന്നപേരിലും അറിയപെടുന്നു. വെള്ളിയാം കല്ലിൽ തൊടാതെ അൽപം മാറി ആമയുടെ പുറന്തോട് പോലെ ഒരു ഭാഗം ജലോപരിതലത്തിൽ കാണപെടുന്ന കല്ലിന് ആമക്കല്ല് എന്ന പേരിലും പറയപ്പെടുന്നുണ്ട്. കല്ലുമ്മക്കായ,സ്ലേറ്റിലെഴുതാനുപയോഗിക്കുന്ന പെൻസിലുകൾ,വർണാഭമായ പല രൂപത്തിലുമുള്ള കളർ കല്ലുകൾ,കല്ല് രൂപത്തിലുള്ള പല അച്ചുകളും വെള്ളിയാംങ്കല്ലിൽ സുലഭമാണ്. കടലിന്റെ അടി ഭാഗത്തേക്ക് ഈ ശിലാസ്തംഭത്തിൽ നിന്ന് പന്ത്രണ്ട് ആൾ താഴ്ചയുണ്ട്.
പാറയുടെ മുകളിൽ ആഴത്തിലുള്ള കിണറുകളും ഉണ്ട്. നിരവധി വിനോദ സഞ്ചാരികൾ വെള്ളിയാംകല്ല് കാണാൻ പല സ്ഥലങ്ങളിൽ നിന്ന് ബോട്ട്,വഞ്ചി മാർഗമെല്ലാം ഇവിടെയെത്തുന്നുണ്ട്. പ്രത്യാക കലാവസ്ഥയിൽ വർഷത്തിലെ ചില മാസങ്ങളിൽ മാത്രമെ ഇവിടെ സഞ്ചരിക്കാൻ പറ്റു.എം മുകുന്ദന്റെ മയ്യഴിപുഴയുടെ തീരങ്ങൾ എന്ന പുസ്തകത്തിൽ വെള്ളിയാം കല്ലിലേക്ക് പോകുന്ന സാഹസികതയെ കുറിച്ച് കൃത്യമായി വിവരിച്ചിട്ടുണ്ട്. വില്യം ലോഗൽ മലബാർ മാന്വലിൽ ‘Sacri Fice Rock’ എന്ന് വെള്ളിയാംങ്കല്ലിനെ കുറിച്ച് പ്രത്യാകം വിശേഷിപ്പിച്ചിട്ടുണ്ട്. നാല് ഏക്കറോളം വിസ്തീർണ്ണമുള്ള ഈ പാറകൂട്ടങ്ങളിലേക്ക് കയറണമെങ്കിൽ ഇരുന്നൂറ് മീറ്ററെങ്കിലും നീന്തി മാത്രമെ കയറാൻപറ്റു.
കടലിലെ ഏറ്റവും ആഴം കൂടിയ ഭാഗവും വലിയ മത്സ്യങ്ങൾ തങ്ങി നിൽക്കുന്നതും ഇവിടെയാണ്. പാറകൾക്കിടയിൽ ഗുഹാ രൂപത്തിൽ പ്രത്യാക അറകൾ വെള്ളിയാംകല്ലിലുണ്ട്. സാഹസികമായി മത്സ്യ ബന്ധനം നടത്തി ജീവിതം കരപിടിപ്പിക്കുന്ന നിരവധി മൽസ്യ തൊഴിലാളികൾ തിക്കോടി,കോടിക്കൽ കടൽതീരത്ത് ഉണ്ട്. നിരവധി മത്സ്യ തൊഴിലാളികൾ ഇവിടെ വെച്ച് അപകടത്തിൽ പെട്ട് മരണപ്പെട്ടിട്ടുണ്ട്. പോർച്ചുഗീസ് നാവികർക്ക് ബോംബെ മുതൽ പന്തലായനി കോഴിക്കോട് വരെയുള്ള കടൽ മാർഗത്തിൽ വെള്ളിയാങ്കല്ല് വലിയ തടസ്സമായിരുന്നു .വെള്ളിയാങ്കല്ലിന്റെ തൊട്ടു സമീപത്തെ സ്ഥലമായ പന്തലായനി അറബിവ്യാപാരികളുടെയും ചൈനക്കാരുടെയും പ്രധാന കേന്ദ്രമായിരുന്നു.
പോർച്ചുഗീസുകാർ കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും വിലയേറിയ കല്ലുകളും പന്തലായനി തുറമുഖത്തേക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ട്പോകാൻ വെള്ളിയാംകല്ല് വഴിയാണ്. വലിയ ചരക്ക്കപ്പലുകൾ ദിവസങ്ങളോളം തങ്ങുകയും നാവികർ വിശ്രമിക്കുകയും വെള്ളിയാംങ്കല്ലിലാണ്. കൂറ്റൻ പോർച്ചുഗീസ് കപ്പലുകൾ ഇവിടെ വെച്ച് കടൽക്കയങ്ങളിലേക്ക് മുങ്ങിപോയിട്ടുണ്ട്. പോർച്ചുഗീസുകാരും അവരെ പിന്തുടർന്ന് എത്തിയ യൂറോപ്പ്,അറബ്,ചൈനീസ് കപ്പലുകൾ കൊള്ളയടിച്ചും കൂട്ടിയിടിച്ച് തരിപ്പണമായും രക്തപങ്കിലമാക്കി തിർത്തിട്ടുണ്ട് ഇവിടെ. 1766 ൽ മൈസൂർ രാജാവായ ഹൈദർ അലി മലബാർ അക്രമിച്ചതിനു ശേഷം 1786 ൽ അദ്ദേഹത്തിന്റെ മകൻ ടിപ്പു സുൽത്താൻ വടക്കൻ കേരളം പൂർണ്ണമായും അവരുടെ നിയന്ത്രണത്തിൽ ആക്കിയപ്പോൾ തിക്കോടി കടലൂർ തിരദേശ ഗ്രാമത്തെ തന്റെ സൈനിക ഉപകേന്ദ്രമായി മാറ്റി ഇവിടെ ഒരുകോട്ട നിർമ്മിച്ചതായി ബ്രിട്ടീഷ് രേഖകളിൽ പറയുന്നു.
1792 കാലഘട്ടം മുതൽ മലബാർ ജില്ല ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മദ്രാസ് സ്റ്റേറ്റിന് കിഴിലായതോടെ കോഴിക്കോട്,കണ്ണൂർ,ബോംബെ തുറമുഖങ്ങൾക്കിടയിലുള്ള വ്യാപരാവും കപ്പൽ ഗതാഗതവും വർദ്ധിച്ച സാഹചര്യത്തിൽ നിരവധി നാവികർക്ക് ജീവൻ നഷ്ട്ടമാകുകയും കപ്പലുകൾ വെള്ളിയാങ്കല്ലിൽ കുട്ടിയിച്ച് അപകടങ്ങൾ സംഭവിക്കാൻ തുടങ്ങിയപ്പോൾ ബ്രിട്ടിഷ് സർക്കാർ ഇന്ത്യാ സർക്കാറിനെ ഗൗരവമായി ചർച്ചയ്ക്ക് വിളിക്കുകയും അപകടത്തിൽ രക്ഷനേടാൻ വഴികാട്ടിയായി വിളക്കുമാടമെന്ന (ലൈറ്റ് ഹൗസ്)എന്ന ആശയം ഉദിക്കുന്നത്.
1985 ൽ മദ്രാസ് പ്രസിഡൻസി ഫോർട്ട് ഓഫീസറായിരുന്ന ഡബ്യൂ.ജെ പോവൽ പൊതുമരാമത്ത് വകുപ്പ് മറൈൻ ഡിവിഷൻ ലൈറ്റ് ഹൗസ് വിഭാഗം എഞ്ചിനിയറായ എഫ് ഡബ്യൂ ആഷ്പ്പിറ്റിനോട് വെള്ളിയാംകല്ല് നേരിട്ട് സന്ദർശിച്ച് പഠനം നടത്താൻ ആവിശ്യപെടുകയും അത് പ്രകാരം കടലൂർ പ്രദേശത്തെ മത്സ്യ തൊഴിലാളികളുടെ സഹായത്തോടെ എഫ് ഡബ്യൂ ആഷ്പിറ്റ് വെള്ളിയാംകല്ല് സന്ദർശിക്കുകയും അപകട സാധ്യതകളുടെയും അത് തടയാനാവിശ്യമായ പരിഹാര മാർഗങ്ങളെ കുറിച്ച് പഠനം നടത്തി റിപ്പോർട്ട് 1896ൽ മദ്രാസ് പ്രസിഡൻസി ഓഫീസർക്ക് കൈമാറുകയും ചെയ്തു.1906 നവംബറിൽ ഗവർമെൻറ് സിക്രട്ടറി എഫ്.ജെ വിൽസൺ പൊതുമാരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനിയറായ സ്മിത്തിനെ ലൈറ്റ് ഹൗസ് നിർമ്മാണത്തിനായി നിയമിക്കുകയും ചെയ്തു.
സ്മിത്ത് സമയം പാഴാക്കാതെ ലൈറ്റ് ഹൗസിന് അടിത്തറ പണിയുന്നതിനും മറ്റുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി പ്രദേശത്തെ മത്സ്യതൊഴിലാളികളെ വിളിച്ച് ചേർക്കുകയും ഇവരുടെ സഹായത്താൽ ലൈറ്റ് ഹൗസ് നിർമ്മാണ തൊഴിലാളികളുമായി വെള്ളിയാംകല്ല് സന്ദർശിക്കുകയും ഇവിടെ വെച്ച് നിർമ്മാണപ്രവർത്തനങ്ങൾക്ക് കൃത്യമായ രൂപം നൽകുകയുമാണ് ചെയ്തത്. അന്നത്തെ കുറുമ്പനാട് താലൂക്കിലെ വന്മുഖം അംശം കടലൂർ ദേശത്തിലേ ഓടോക്കുന്നിൽ ലൈറ്റ് ഹൗസ് നിർമ്മിക്കാൻ മദ്രാസ് ഗവർമെന്റ് ഇവിടെ വെച്ചാണ് അന്തിമ തീരുമാനമെടുത്തത്. ലൈറ്റ് ഹൗസ് നിർമ്മിക്കുന്നതിന് ആവിശ്യമായ 27.07 ഏക്കർ ഭൂമി കൈവശക്കാരായ പ്രദേശത്തെ അഞ്ച് കുടുംബങ്ങളിൽ നിന്നായി 2050 രൂപ നൽകി ഗവർമെന്റ് ഏറ്റെടുക്കുകയും ചെയ്തു.
34 മീറ്റർ ഉയരത്തിൽ വൃത്താകിതിയിൽ ഇഷ്ടികകൾ കൊണ്ട് പ്രത്യാകം ചേരുവകൾ ചേർത്തിയാണ് ലൈറ്റ് ഹൗസ് നിർമ്മിച്ചത്. ഇടവിട്ട കറുപ്പും വെളുപ്പും വരകളായി നിറമാണ് നൽകിയത്. ലൈറ്റ് ഹൗസിൽ നിന്നുള്ള പ്രകാശത്തിന്റെ ആവൃത്തി ഇരുപതാണ്.ഒരു ഫ്ളാഷ് ലൈറ്റ് അഞ്ച് സെക്കന്റിലധികം നീണ്ട് നിൽക്കും. കടലിലുള്ളവർക്ക് നാൽപ്പത് നോട്ടിക്കൽമൈൽ അകലെവരെ ഈ വെളിച്ചം കാണാൻപറ്റും. ലൈറ്റ് ഹൗസ് നിർമ്മിച്ചത് മുതൽ ഇന്ന് വരെ കടലിലൊ വെള്ളിയാംകല്ലിലോ ഒരു അപകടവും സംഭവിച്ചിട്ടില്ല.
മത്സ്യ തൊഴിലാളികൾക്ക് രാത്രി കാലങ്ങളിൽ ഒരു പ്രയാസവും കൂടാതെ മത്സ്യ ബന്ധനം നടത്താം. ലൈറ്റ് ഹൗസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് വെള്ളിയാംകല്ലിൽ അവസാനാമായി വലിയൊരു അപകടം ഉണ്ടായത്.1909 ജനുവരി 30 ബേപ്പൂരിൽ നിന്ന് നിറയെ മരങ്ങളും മറ്റ് സാധനങ്ങളുമായി കണ്ണൂർ തുറമുഖത്തേക്ക് പോവുകയായിരുന്ന ഗണേഷ് പ്രസാദ് എന്ന ചരക്കു കപ്പൽ വെള്ളിയാങ്കല്ലിൽ തട്ടിതകർന്ന് കടലിൽ മുങ്ങി. നാവികരടക്കമുള്ളവരെ പ്രദേശത്തെ മത്സ്യ തൊഴിലാളികളാണ് രക്ഷിച്ചത്. ഈ ഒക്ടോബറിൽ നൂറ്റിപതിനാലാം വാർഷികം ആഘോഷിക്കുകയാണ് ലൈറ്റ് ഹൗസ്
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
-
News3 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി