ദില്ലി: ജോര്‍ജിയയില്‍ ഗുദൗരിയിലെ ഇന്ത്യന്‍ ഹോട്ടലില്‍ 11 ഇന്ത്യാക്കാരടക്കം 12 ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. തബ്ലിസിയിലെ ഇന്ത്യന്‍ എംബസിയാണ് വിവരം അറിയിച്ചത്. വിഷവാതകം ശ്വസിച്ച് മരണപെട്ടന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. മരിച്ചവരില്‍ ഒരാള്‍ ജോര്‍ജിയന്‍ പൗരനെന്നാണ് വിവരം.
ഹോട്ടല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ റൂമില്‍ ഉറങ്ങുകയായിരുന്നവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ മുറിവുകളോ ആക്രമണത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്ന് ജോര്‍ജിയ പൊലീസ് അറിയിച്ചു. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നും പ്രാഥമിക വിവരമുണ്ട്. അതേസമയം സംഭവം കൂട്ട കൊലപാതകമാണോയെന്നടക്കം അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു