Connect with us

Article

ഇസ്രാഈല്‍ ഭീകരതക്ക് മൂകസാക്ഷിയായി ലോകം

ഫലസ്തീന്‍ വിമോനച പോരാട്ടം തുടങ്ങിയിട്ട് ഏഴ് പതിറ്റാണ്ടുകള്‍ കടന്നുപോയി. എല്ലാം കണ്ടിട്ടും അന്താരാഷ്ട്ര സമൂഹം മൗനം
പാലിക്കുന്നു. സ്വതന്ത്ര രാഷ്ട്രമെന്ന ഫലസ്തീനികളുടെ സ്വപ്‌നം
യാഥാര്‍ത്ഥ്യമാകാന്‍ എത്ര നാള്‍ കാത്തിരിക്കണമെന്നത് മാത്രമാണ് അവശേഷിക്കുന്ന ഏക ചോദ്യം.

Published

on

കെ. മൊയ്തീന്‍കോയ

 

 

മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയായ ബൈത്തുല്‍ മുഅദ്ദിസ് സ്ഥിതി ചെയ്യുന്ന കിഴക്കന്‍ ജറൂസലം ഇസ്രാഈല്‍ കൈയടക്കിയിട്ട് 54 വര്‍ഷം പിന്നിടുന്നു. അന്താരാഷ്ട്ര സമൂഹത്തെ നോക്കുകുത്തിയാക്കി കിഴക്കന്‍ ജറൂസമില്‍ ഇസ്രാഈല്‍ തുടരുന്ന പൈശാചികതക്ക് പക്ഷെ, ഒട്ടും അറുതിയില്ല. വിശുദ്ധ റമസാനിലെ പവിത്രമായ 27-ാം രാവിലും തുടര്‍ന്നും മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രാഈല്‍ നരനായാട്ട് തുടര്‍ന്നു. വെടിവെപ്പിലും മര്‍ദ്ദനത്തിലും നൂറുകണക്കിന് ആളുകള്‍ക്കാണ് പരിക്കേറ്റത്. അനേകം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ഇസ്രാഈല്‍ കടന്നുപോകുന്നതെങ്കിലും ഫലസ്തീനികളോടുള്ള സമീപനത്തില്‍ ഭാവമാറ്റമൊന്നുമില്ല. ഫലസ്തീനികളോട് എത്രത്തോളം ക്രൂരവും പൈശാചികവുമായി പെരുമാറാന്‍ കഴിയുമെന്ന് തെളിയിക്കാനുള്ള മത്സരത്തിലാണ് ഇസ്രാഈലിലെ ഭരണ-പ്രതിപക്ഷ വിഭാഗങ്ങള്‍. ബൈത്തുല്‍ മുഖദ്ദിസില്‍ ഇസ്രാഈല്‍ നടത്തുന്ന നരനായട്ടിനെതിരെ യൂറോപ്യന്‍ സമൂഹം ഉള്‍പ്പെടെ വിദേശ ശക്തികള്‍ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ മാത്രമാണ് ഇനി അപലപിക്കാന്‍ ബാക്കിയുള്ളത്.
ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും ഒ.ഐ.സിയും അറബ് ലീഗും ഇസ്രാഈലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും സ്‌പെയിനും ഇറ്റലിയും അക്രമങ്ങളെ അപലപിക്കാന്‍ ആവേശം കാണിച്ചു. ഇറാനും തുര്‍ക്കിയും ഭാഷ കടുപ്പിച്ചു. ഇസ്രാഈല്‍ ഒരു രാഷ്ട്രമല്ലെന്നും ഭീകരരുടെ താവളമാണെന്നുമാണ് ഇറാന്‍ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇ പ്രതികരിച്ചത്. അക്രമത്തെ അപലപിക്കാന്‍ മടിക്കുന്നവര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരാണെന്ന തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വാക്കുകള്‍ ലോകസാഹചര്യം വസ്തുതാപരമായി വിലയിരുത്തുന്നുണ്ട്. അന്താരാഷ്ട്ര പ്രതിഷേധങ്ങളെ ഇസ്രാഈല്‍ പുച്ഛിച്ചു തള്ളുകയാണ് പതിവ്. 1948ല്‍ പിറവി എടുത്തതിന് ശേഷം ഇസ്രാഈല്‍ ഇത്തരം പ്രതിഷേധങ്ങള്‍ എത്രയോ കണ്ടതാണ്. യു.എന്‍ രക്ഷാസമിതി പ്രമേയങ്ങള്‍ കൊണ്ട് ഇസ്രാഈല്‍ പ്രധാനമന്ത്രിയുടെ ചവറ്റുകൊട്ടകള്‍ നിറഞ്ഞിരിക്കുന്നു. ഇസ്രാഈല്‍ വിരുദ്ധ പ്രമേയങ്ങള്‍ക്ക് അത്രയൊക്കേ സംഭവിക്കൂ എന്ന് അത് പാസാക്കുന്നവര്‍ക്കും അറിയാം.

1947 നവംബര്‍ 29ന് യു.എന്‍ പൊതുസഭയില്‍ അമേരിക്കയും റഷ്യയും സംയുക്തമായി അവതരിപ്പിച്ച ഫലസ്തീന്‍ വിഭജന പദ്ധതിയാണ് അറബ് രാജ്യങ്ങളുടെ എതിര്‍പ്പ് മറികടന്ന് അംഗീകരിക്കപ്പെട്ടത്. രണ്ട് വന്‍ ശക്തികളും ചേര്‍ന്ന് ഫലസ്തീനെ പിളര്‍ത്തി ഇസ്രാഈലിനെ ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഫലസ്തീനെ മൂന്ന് ഭാഗമാക്കുന്നതാണ് വിഭജന പദ്ധതി. 4000 ച.മൈല്‍ അറബികള്‍ക്കും 5338 ച.മൈല്‍ ജൂതര്‍ക്കും ജറൂസലമും ചുറ്റുവട്ടവും ഉള്‍പ്പെടുന്ന 289 ച.മൈല്‍ ഐക്യരാഷ്ട്രസഭക്ക് കീഴിലുമാക്കി. അവശിഷ്ട ഫലസ്തീന്‍ ഭൂമിയില്‍ ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാതെ ഗസ്സ മുനമ്പ് ഈജിപ്തിന്റെയും വെസ്റ്റ്്ബാങ്ക് ജോര്‍ദാന്റെയും സംരക്ഷണത്തിലാക്കി. വിഭജനത്തിനെതിരെ പ്രതിഷേധം തുടര്‍ന്നുകൊണ്ടിരിക്കെ രാഷ്ട്ര രൂപീകരണം വിസ്മരിക്കപ്പെട്ടു. 1967ലെ യുദ്ധത്തില്‍ ഫലസ്തീന് നീക്കിവെച്ച പ്രദേശവും യു.എന്നിനെ കീഴിലെ കിഴക്കന്‍ ജറൂസലമും അതിന് പുറമെ സിറിയയുടെ ജൂലാന്‍ കുന്നും ഈജിപ്തിന്റെ സീനാ ഉപദ്വീപും ഇസ്രാഈല്‍ പിടിച്ചടക്കി. അക്കാലത്ത് സോവിയറ്റ് ചേരിയിലായിരുന്ന ഈജിപ്തിന്റെ ജമാല്‍ അബ്ദുനാസറും സിറിയയിലെ ഹാഫീസല്‍ അസദും പരാജയം സമ്മതിച്ചു. പിന്നീട് ക്യാമ്പ് ഡേവിഡ് കരാറിലൂടെ സീന ഉപദ്വീപ് ഈജിപ്തിന് തിരിച്ചുകിട്ടി. ജൂലാന്‍ കുന്ന് കഴിഞ്ഞ വര്‍ഷം ഇസ്രാഈലിനോട് ചേര്‍ത്ത് അമേരിക്ക അംഗീകരിച്ചു. അമേരിക്കയും കൂട്ടാളി രാജ്യങ്ങളും അധിനിവേശ ജറൂസലമിലേക്ക് ഇസ്രാഈല്‍ എംബസികള്‍ മാറ്റി. വിഭജന പദ്ധതി പ്രകാരം ഐക്യരാഷ്ട്രസഭക്ക് കീഴിലായ ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീരിച്ച് അമേരിക്ക തന്നെ യു.എന്‍ പ്രമേയം ലംഘിച്ചു.

അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്താന്‍ അമേരിക്ക കൂട്ടുള്ളപ്പോള്‍ ഇസ്രാഈല്‍ ആരെ ഭയക്കണം? യു.എന്‍ രക്ഷാസമിതിയില്‍ അമേരിക്ക ഏറ്റവും അധികം വീറ്റോ പ്രയോഗിച്ചത് ഇസ്രാഈലിനുവേണ്ടിയാണ്. അമേരിക്കയുടെ അമ്പത്തിയൊന്നാമത്തെ സംസ്ഥാനമായാണ് യു.എസ് ഭരണകൂടങ്ങള്‍ ഇസ്രാഈലിനെ ഇതുവരെയും കണ്ടുപോന്നിട്ടുള്ളത്. ആത്മാഭിമാനം പോലും ബലികഴിച്ചും കോടികള്‍ മുടക്കിയും അമേരിക്ക ഇസ്രാഈലിനുവേണ്ടി ഓടി നടന്നു. ഇസ്രാഈലിന്റെ ഏത് നെറികേടിനേയും യു.എസ് പച്ചയായി ന്യായീകരിക്കുകയാണ്. ഫലസ്തീന്റെ സഹോദര അറബ് രാജ്യങ്ങളായ യു.എ.ഇയും ബഹ്‌റൈനും ഇസ്രാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരിക്കുന്നു. ഈജിപ്തും ജോര്‍ദാനും നേരത്തെ അംഗീകരിച്ചിട്ടുണ്ട്. ഫലസ്തീന്‍ വിമോനച പോരാട്ടം തുടങ്ങിയിട്ട് ഏഴ് പതിറ്റാണ്ടുകള്‍ കടന്നുപോയി. ഇപ്പോള്‍ തുടരുന്ന പ്രതിഷേധങ്ങള്‍ വൈകാതെ കെട്ടടങ്ങും. ഫലസ്തീനികളുടെ രോദനം നേര്‍ത്ത് വരുന്നു. അവര്‍ക്കുമേല്‍ ഇസ്രാഈല്‍ ദുരിതങ്ങള്‍ വര്‍ഷിക്കുകയാണ്. എല്ലാം കണ്ടിട്ടും അന്താരാഷ്ട്ര സമൂഹം മൗനം പാലിക്കുന്നു. സ്വതന്ത്ര രാഷ്ട്രമെന്ന ഫലസ്തീനികളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ എത്ര നാള്‍ കാത്തിരിക്കണമെന്നത് മാത്രമാണ് അവശേഷിക്കുന്ന ഏക ചോദ്യം.

 

Article

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാറിന്റെ നിഴല്‍ യുദ്ധം

EDITORIAL

Published

on

സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്‌കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്നു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന്‍ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന്‍ വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്‍കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.

പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള്‍ തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.

Continue Reading

Article

ഭീകരവാദത്തിന് മാപ്പില്ല

EDITORIAL

Published

on

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും രാജ്യത്തെ ഒന്നടങ്കം കനത്ത ദുഖത്തിലേക്ക് തള്ളിവിടുന്നതുമാണ്. ഒരു ഇടവേളക്കുശേഷം ഭൂമിയിലെ സ്വര്‍ഗത്തില്‍ അശാന്തിയും അക്രമവും വിതക്കാനുള്ള ഭീകരരുടെ ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കുകയെന്നതാണ് നമ്മുടെ മുമ്പിലുള്ള അടിയന്തിര നടപടി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കു മെതിരായ നീക്കത്തെ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന സന്ദേശം ഭീകരര്‍ക്ക് എത്രയും പെട്ടെന്ന് കൈമാറിയേ മതിയാകൂ.

27 പേര്‍ കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് രാത്രി വൈകി പുറത്തുവന്നിരിക്കുന്നത്. ട്രക്കിങ് മേഖലയിലേക്കു പോയ രാജസ്ഥാനില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരിക്കേറ്റത്. ജമ്മുകശ്മീരില്‍ 2019 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. റിസോര്‍ട്ട് പട്ടണമെന്ന് അറിയപ്പെടുന്ന പഹല്‍ഗാമില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ അകലെയുള്ള ബൈസാരനിലാണ് ആക്രണമുണ്ടായത്. ഇടതൂര്‍ന്ന പൈന്‍ വനങ്ങളാലും പര്‍വതങ്ങളാലും ചുറ്റപ്പെട്ട വിശാലമായ ഒരു പുല്‍മേടാണീ പ്രദേശം.

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമാണിവിടം. മിനി സിറ്റ്‌സര്‍ലാന്റ് എന്നറിയപ്പെടുന്ന ഈ പുല്‍മേട്ടിലേക്ക് കടന്നുവന്ന ആയുധ ധാരികളായ ഭീകരര്‍ ഭക്ഷണശാലക്ക് ചുറ്റും കൂടിനിന്ന വരും കുതിരസവാരി നടത്തിക്കൊണ്ടിരുന്നവരുമായ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇത്വയ്ബയുടെ നിഴല്‍ സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് പ്രദേശത്ത് വീണ്ടും തലപൊക്കുന്ന ഭീകരത പ്രവര്‍ത്തനങ്ങളിലേക്കുള്ള സൂചനയാണ്. സഊദി സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം ആഭ്യന്തര മന്ത്രി അമിത്ഷാ സംഭവ സ്ഥലത്ത് കുതിച്ചെത്തുകയും സുരക്ഷാ ഏജന്‍സികളുടെ അടിയന്തിര യോഗം ചേരുകയും ചെയ്തിരിക്കുകയാണ്.

ആക്രമികളെ വെറുതെ വിടുകയില്ലെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുകള്‍ ഇരുവരും നല്‍കുകയും ചെയ്തിട്ടുണ്ട്. ആക്രമണങ്ങളില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവരുടെയും ദൃക്സാക്ഷികളുടെയും വാക്കുകള്‍
സംഭവത്തിനുപിന്നിലെ ക്രൂരത അക്കമിട്ടു നിരത്തുന്നുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള മഞ്ജുനാഥ് കൊല്ലപ്പെടുന്നത് ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍ വെച്ചാണ്. ‘എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ എന്നെയും കൊല്ലൂ’ എന്ന് പറഞ്ഞ് ആ സ്ത്രീ അലമുറയിടുമ്പോള്‍ നിന്നെ കൊല്ലില്ല, നീ മോദിയോട് ചെന്നു പറയൂ എന്നായിരുന്നുവത്രെ ഭീകരരുടെ പ്രതികരണം. കളിചിരികള്‍ക്കിടയിലുണ്ടായ അപ്രതീക്ഷിതവും നടുക്കുന്നതുമായ സംഭവ വികാസങ്ങള്‍ പലരും ഒരു ദുസ്വപ്‌നം പോലെയാണ് അനുഭവിച്ചത്.

നിരവധി പേര്‍ പ്രദേശത്ത് ഒരു വിവരവുമില്ലാതെ കുടുങ്ങിക്കിടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സൈനികരെയും തദ്ദേശികളെയുമായിരുന്നു കശ്മീരില്‍ ഭീകരവാദികള്‍ ലക്ഷ്യം വെച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് വിനോദ സഞ്ചാരികളിലേക്കും എത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും ഗൗരവതരം. പ്രദേശത്തിന്റെ ഭരണപരമായ അസ്ഥിരതയെ ലക്ഷ്യംവെച്ചായിരുന്നു മുന്‍കാലങ്ങളിലെ നീക്കങ്ങളെങ്കില്‍ സാമ്പത്തികമുള്‍പ്പെടെയുള്ള കൂടുതല്‍ മേഖലകളിലേക്ക് ഇത് വ്യാപിച്ചിരിക്കുന്നു എന്നതാണ് ഇന്നലത്തെ ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത്. 2019നു ശേഷമുണ്ടായ ഇടവേള ഭീകരരുടെ പിന്‍വാങ്ങലോ, നിര്‍മാര്‍ജ്ജനമോ ആയിരുന്നില്ല, പുതിയ തലങ്ങളിലേക്കുള്ള വ്യാപനത്തിന്റെ ഭാഗംകൂടിയായിരുന്നു എന്നുകൂടി ഈ സംഭവം സൂചന നല്‍കുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലുള്ള രാജ്യത്തിന്റെ ആശങ്കയും ഇവിടെ ശരിവെക്കപ്പെടുകയാണ്. 370-ാം വകുപ്പിന്റെ നിര്‍മാര്‍ജ്ജനം സംസ്ഥാനത്ത് ആക്രമണങ്ങള്‍ക്ക് തടയിട്ടു വെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം ശരിയല്ലെന്നുള്ളതിനു കൂടി ഈ സംഭവം അടിവരയിടുന്നുണ്ട്. പ്രദേശത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള സംസ്ഥാനത്തുതന്നെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പോലും മുന്നറിയിപ്പുകളും അഭ്യര്‍ത്ഥനകളും മറി കടന്നുകൊണ്ടായിരുന്നു മോദി സര്‍ക്കാറിന്റെ പ്രസ്തുത വിഷയത്തിലുള്ള നീക്കം.

ശാശ്വത സമാധാനത്തിനു പകരം അവസാനിക്കാത്ത അക്രമങ്ങള്‍ക്കായിരിക്കും ഈ നീക്കം വഴിമരുന്നിടുകയെന്നായിരുന്നു അവരുടെ നിരീക്ഷണങ്ങള്‍. 2019 ലെ പുല്‍വാമ ആക്രമണത്തിന്‍ന്റെയും 2016 ലെ ഉറിഭീകാരാക്രമണത്തിന്റെയുമെല്ലാം നടുക്കുന്ന ഓര്‍മകളെ തൊട്ടുണര്‍ത്തി മറ്റൊരു ഭീകരാക്രമണത്തിന് കശ്മീര്‍ വേദിയാകുമ്പോള്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ സ്ഥാനമില്ലെന്ന് ബോധ്യപ്പെടുത്തുന്ന ശക്തമായ നടപടികള്‍ ഭരണകൂടത്തിന്റ ഭാഗത്തു നിന്നുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Continue Reading

Article

അറുതിവേണം ഈ അഴിഞ്ഞാട്ടത്തിന്

EDITORIAL

Published

on

അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കൊലപാതകങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 – 17 വര്‍ഷങ്ങളില്‍ 305 കൊലപാതകങ്ങളായിരുന്നു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷമായപ്പോഴേക്കും അത് 350 ല്‍ എത്തിയിരിക്കുകയാണ്. ലഹരിയും അക്രമവാസനകള്‍ പ്രോത്സാഹിപ്പിക്കുന്ന സിനിമകളുമാണ് കൊലപാതകങ്ങളുടെ പെരുംവര്‍ധനവിന് ഇടയാക്കിയിരിക്കുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ സിനിമയും ലഹരിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ തുറന്നുകാണിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവവികാസങ്ങള്‍. നടന്‍ ഷൈന്‍ടോം ചാക്കോ ലഹരിക്കേ സില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സിനിമാ മേഖലയില്‍ അരങ്ങുവാണുകൊണ്ടിരിക്കുന്ന ലഹരിയുടെ മായാലോകത്തിലോക്കുള്ള വിരല്‍ചൂണ്ടലായി അത് മാറിയിരിക്കുകയാണ്. സമൂഹത്തെ, പ്രത്യേകിച്ച് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ആഴത്തില്‍ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ക ലാരൂപമാണ് സിനിമ.

സിനിമാ താരങ്ങള്‍ക്കു സമൂഹത്തിലുള്ള അംഗീകാരവും ആരാധനയും ഈ യാഥാര്‍ത്ഥ്യത്തിനുള്ള തെളിവാണ്. സമീപകാലത്തുണ്ടായ ദൗര്‍ഭാഗ്യകരമായ പല സംഭവങ്ങള്‍ക്കും പിന്നില്‍ സിനിമ പ്രസരിപ്പിക്കുന്ന സന്ദേശങ്ങള്‍ വഹിക്കുന്ന പങ്ക് ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്, കഥയേക്കാള്‍ വലിയ സ്വാധീനശക്തിയായ കഥാപാത്രങ്ങളില്‍ നിന്നും ഇത്തരം തിക്താനുഭവങ്ങള്‍ പുറത്തുവരുന്നത്.

സംസ്ഥാനത്ത് ലഹരി വ്യാപകമായിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ സങ്കേതങ്ങളിലൊന്നായി സിനിമാ മേഖല മാറിക്കഴിഞ്ഞിട്ടുണ്ട്. ലോകത്ത് ലഭ്യമാവുന്ന എല്ലാത്തരം ലഹരികളും ഏറിയും കുറഞ്ഞും മലയാള സിനിമ മേഖലയിലും ലഭിക്കുമെന്നത് ഇന്ന് പരസ്യമായ രഹസ്യമാണ്. മദ്യത്തിന്റെയും കഞ്ചാവിന്റെയുമെല്ലാം ഉപയോഗം സര്‍വസാധാരണമായിരുന്ന ഷൂട്ടിങ് സെറ്റുകളില്‍ രാസല ഹരിയുടെ കടന്നുവരവോടെ കാര്യങ്ങള്‍ അപ്പാടെ മാറിമറിഞ്ഞതായാണ് പുതിയ വെളിപ്പെടുത്തലുകള്‍.

ആരൊക്കെ എന്തോക്കെ ലഹരികള്‍ ഉപയോഗിക്കുന്നുവെന്നത് എല്ലാവര്‍ക്കും പരസ്പരം അറിയാവുന്ന സ്ഥിതി വിശേഷം വരെ നിലനില്‍ക്കുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ വ്യ ത്യാസമില്ലാതെ ലഹരിയുടെ ഉപയോഗവും വിപണനവുമെല്ലാം തകൃതിയായി നടക്കുമ്പോള്‍ അതിനെ നിര്‍ലജ്ജം ന്യായീകരിക്കാനും ആളുകളുണ്ടെന്നത് ഏറെ ഗൗരവതര വും, ലഹരി ഈ മേഖലയിലുണ്ടാക്കിയിരിക്കുന്ന സ്വാധീ നത്തിന്റെ തെളിവുമാണ്. യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ പിന്നെ ഈ വ്യവസായത്തില്‍ തന്നെ ഇടമില്ല എന്നതാണ് അവസ്ഥ. അവസരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയും ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കുന്നതിനുവേണ്ടിയും എല്ലാ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടിവരുന്ന സ്ഥിതിയാണ് പല നടീനടന്‍മാര്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഈ ദുഷ്പ്രവണതക്കെതിരെ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തവരുടെ അനുഭവങ്ങള്‍ ഇരകളാക്കപ്പെട്ടവരെ നിശബ്ദരും നിഷ്‌ക്രിയരുമാക്കാന്‍ പ്രേരിപ്പിക്കുകയാണ്. ഷൈന്‍ ടോം ചാക്കോക്കെതിരായ ആരോപണത്തില്‍പോലും ഈ പിന്‍വലിയല്‍ പ്രകടമാണ്. അതുപോലെ ഇത്തരം കൃത്യങ്ങള്‍ക്കെതിരെ ന്യായീകരണവുമായെത്തുന്നവരുടെയും ലക്ഷ്യം അവസരവും അം ഗീകാരവും തന്നെയാണ്.

ലഹരിയുടെ ഉപയോഗം ഷൂട്ടിങ്ങ് സെറ്റുകളില്‍ വലിയ പ്രയാസം സൃഷ്ടിക്കുന്നതായുള്ള പരാതികള്‍ വര്‍ഷങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും പ്രസ്താവനകളും പ്രഖ്യാപനങ്ങളുമല്ലാതെ ഈ പ്രവണതക്കെതിരെ ഒരുനടപടിയു മുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഷൂട്ടിങ് സെറ്റുകളില്‍ ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിക്കുകയും അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയതിരുന്നു.

സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ നിയമിക്കുന്നതിനെയും സംഘടന അംഗീകരിച്ചിരുന്നു. സെറ്റുകളിലെ ലഹരിയുടെ വ്യാപനത്തിനെതിരെ തങ്ങള്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു അനുകൂല സമീപനവും ഉണ്ടാവുന്നില്ലെന്നാണ് ഇവരുടെ പരാതി.

സിനിമാ രംഗത്തുമാത്രമല്ല, കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ തന്നെ വലിയകോളിളക്കങ്ങള്‍ സൃഷ്ടിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലും സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വന്‍പരാമര്‍ശങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പോലും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആലില അനങ്ങിയില്ലെന്നുള്ളതാണ് പിന്നീടുണ്ടായ യാഥാര്‍ത്ഥ്യം. സമൂഹത്തെ ഏറെ സ്വാധീനിക്കുന്ന മേഖലയെന്ന നിലയില്‍ സിനിമയും സിനിമാ മേഖലയും ശുദ്ധീകരിക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

എന്നാല്‍ ലഹരിയുടെ വ്യാപനത്തിന് എല്ലാം അനുകൂല സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന ഒരുഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. പുതിയ സാഹചര്യങ്ങള്‍ വിഷയത്തിന്റെ രൗദ്രത വരച്ചുകാണിക്കുമ്പോള്‍ ഇനിയെങ്കിലും ഇടപെടാന്‍ ഭരണകൂടത്തിന് കഴിയേണ്ടതുണ്ട്.

Continue Reading

Trending