കെ പി ജലീൽ
യുക്തിവാദി സമ്മേളനത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ.കെ അനിൽകുമാർ പറഞ്ഞത് പാർട്ടിയുടെ നയം തന്നെ. ഒറ്റപ്പെട്ട നേതാക്കൾ പറഞ്ഞതാണെങ്കിലും നിരവധി തവണ സി.പി.എം നേതാക്കളുടെ വായിൽ നിന്ന് ഉയർന്നു വരുന്നതാണ് ഇസ്ലാമിനും മുസ്ലീങ്ങൾക്കും എതിരായ ആക്ഷേപങ്ങൾ. കഴിഞ്ഞദിവസം യുക്തിവാദികളുടെ സമ്മേളനത്തിലാണ് മുസ്ലിം പെൺകുട്ടികൾ തട്ടമിടുന്നത് നിർത്തിയത് സിപിഎമ്മിന്റെ നേട്ടമാണെന്ന രീതിയിൽ പാർട്ടി സംസ്ഥാന സമിതിഅംഗം അഭിപ്രായപ്പെട്ടത്. ഇതിനെ നേതൃത്വം ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ലെന്ന് മാത്രമല്ല ,പലപ്പോഴും സിപിഎം നേതൃത്വത്തിലെ എൽഡിഎഫ് കൺവീനർ അടക്കമുള്ളവർ ഇസ്ലാമിനെതിരെ പരസ്യ പ്രസ്താവന നടത്തുക ഉണ്ടായിട്ടുണ്ട്. ‘ ഏഴാം നൂറ്റാണ്ടിലെ തത്വശാസ്ത്രം ‘എന്ന് ഇസ്ലാമിനെ അധിക്ഷേപിച്ചത് സിപിഎം കോഴിക്കോട് ജില്ലാകമ്മിറ്റി പ്രമേയം പാസാക്കിയാണ്.
‘ലൗ ജിഹാദ്’ യാഥാർത്ഥ്യമാണെന്ന് പരസ്യമായി പറഞ്ഞത് സിപിഎമ്മിന്റെ മുൻ എംഎൽഎ ആയിരുന്നു .പാണക്കാടും മലപ്പുറവും വർഗീയതയാണെന്ന് പറഞ്ഞത് എൽഡിഎഫ് മുൻ കൺവീനറും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ വിജയരാഘവൻ ആയിരുന്നു .കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ മലപ്പുറത്തിനെതിരെ പരസ്യ പ്രസ്താവനത്തുകയുണ്ടായി. മുസ്ലിം ലീഗ് കോൺഗ്രസിനെ നിയന്ത്രിക്കുന്നു എന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ് .മുസ് ലിംകളിലെ മദ്രസ വിദ്യാഭ്യാസത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയതും പാർട്ടിയുടെ പോഷക സംഘടനയായ ഡിവൈഎഫ്ഐയുടെ നേതാക്കളായിരുന്നു .ക്യാമ്പസുകളിൽ നഗ്നത വരച്ചുവെച്ച് അഭിമാനിച്ചത് എസ്.എഫ്. ഐ ക്കാരാണ്. .മുസ് ലിംകൾക്ക് മതിയായ പ്രാധിനിധ്യം സിപിഎം പാർട്ടിയിലോ സർക്കാരിലോ ഇതുവരെ നൽകിയിട്ടുമില്ല .സിപിഎമ്മിന്റെ ഉന്നത നേതാവായിരുന്ന പാലോളി മുഹമ്മദ്കുട്ടിയെ മുഖ്യമന്ത്രിയാക്കണമെന്ന നിർദ്ദേശം ഉയർന്നപ്പോൾ ഇദ്ദേഹത്തെ സെക്രട്ടറിയേറ്റിൽ പോലും ഉൾപ്പെടുത്താതെ മാറ്റിനിർത്തിയിരിക്കുകയാണ് .മുൻ എംപി ടി.കെ ഹംസയെ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി . വഖഫ് ബോർഡിൽ പി.എസ്. സി നിയമനം നടത്താൻ നിയമം നിർമിച്ച് ദേവസ്വം ബോർഡുകൾക്ക് പ്രത്യേക റിക്രൂട്ടിങ് ബോർഡുണ്ടാക്കി. തരാതരം മതവിശ്വാസത്തെ വോട്ടിനു വേണ്ടി ഉപയോഗിക്കുകയും ഇലക്ഷൻ കഴിഞ്ഞാൽ പരസ്യമായി വിശ്വാസങ്ങളെയും വിശ്വാസികളെയും തള്ളിപ്പറയുന്ന രീതിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് എന്നുമുള്ളത് .
മുസ്ലിം ലീഗിനെ ശരീഅത്തിനെ ഉപയോഗിച്ചാണ് 80കളിൽ നേരിട്ടത് .അന്ന് മുന്നണിയിൽ ഉണ്ടായിരുന്ന അഖിലേന്ത്യാ ലീഗിനെ പുറത്താക്കാൻ കൂടി വേണ്ടി ഉപയോഗിച്ച തന്ത്രമായിരുന്നു ശരീഅത്തിനെതിരായ വിമർശനം .ശരീഅത്ത് കാടത്തമാണെന്ന് നേതാക്കൾ പരസ്യമായി പറഞ്ഞു നടന്നു .അതിനുമുന്നിൽ നിന്നത് ഉന്നത നേതാവ്ഇ എം. എസ്സായിരുന്നു. മുസ്ലിം ലീഗും മുസ് ലിംകളും തീവ്രവാദികൾ ആണെന്ന രീതിയിൽ പരസ്യമായി പ്രസ്താവനകൾ നടത്തി .മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് വിജയിക്കുമെന്ന് പറഞ്ഞത് മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദൻ ആയിരുന്നു. കേരളത്തിൽ മുസ് ലിംകളുടെ എണ്ണം 20 കൊല്ലം കഴിഞ്ഞാൽ ഹിന്ദുക്കളെ കവച്ചുവയ്ക്കും എന്ന് പറഞ്ഞതും വിഎസ് ആയിരുന്നു. അന്നൊന്നും ഈ നേതാക്കളെ തള്ളിപ്പറയാൻ നേതൃത്വം തയ്യാറായിരുന്നില്ല. അനിൽകുമാറിന്റെ കാര്യത്തിലും മറ്റൊന്നല്ല സംഭവിച്ചിരിക്കുന്നത് .
പതിവായി മുസ് ലിംകൾക്കും ഇസ്ലാമിനു മെതിരെ പ്രസ്താവനകൾ നടത്താറുള്ള യുക്തിവാദി നേതാവ് സി രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള എസൻസ് ഗ്ലോബലിന്‍റെ ലിറ്റ്മസ്-23 എന്ന പരിപാടിയിലാണ് സിപിഎം നേതാവ് സംസാരിച്ചത് എന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു.
അതേസമയം മലപ്പുറത്തെ മുസ് ലിം കളെ പാട്ടിലാക്കാൻ കെ ടി ജലീലിനെ പോലെയുള്ള മുസ്ലിം പ്രതിനിധികളെ ഇറക്കാനും നേതൃത്വം മടികാണിച്ചിട്ടില്ല. അനിൽകുമാറിൻ്റേത് അബദ്ധമാണെന്ന് ജലീൽ പറയുമ്പോൾ അത് ശരിവെക്കാൻ പോലും സിപിഎം സംസ്ഥാന സെക്രട്ടറിയോ സെക്രട്ടറിയേറ്റ് അംഗങ്ങളോ തയ്യാറായിട്ടില്ല. മുസ്ലിം പെൺകുട്ടികൾ തട്ടം ഇടുന്നത് അവരുടെ വിശ്വാസത്തിന്റെയും വസ്ത്രധാരണ രീതിയുടെയും ഭാഗമാണ്. കർണാടകത്തിലും മറ്റും ഹിജാബിനെതിരെ സംഘപരിവാരം ആക്രമണോത്സുകമായ നടപടികൾ സ്വീകരിച്ചപ്പോൾ അതിനെ എതിർത്തത് മുസ്ലീങ്ങൾ മാത്രമായിരുന്നു സിപിഎം അവിടെ എവിടെയും നിയമപരമായോ സമരരംഗത്തോ ഉണ്ടായില്ല. ബിജെപി സർക്കാരുകൾ പലപ്പോഴും ഹിജാബിനെതിരെ പ്രസ്താവന നടത്തുകയും നിയമങ്ങൾ നിർമിക്കുകയും ചെയ്തു . തട്ടം ഇഷ്ടപ്പെടുന്നത് ഒരാളുടെ വ്യക്തിപരമായ അവകാശത്തിൻറെ ഭാഗമാണെന്ന് അംഗീകരിക്കാൻ പോലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ തയ്യാറില്ല എന്നതിൻറെ തെളിവാണ് അനിൽകുമാറിലൂടെ പുറത്തുവന്നിരിക്കുന്നത് .കന്യാസ്ത്രീകൾ ധരിക്കുന്ന തലയിലെ വസ്ത്രം ഇതുവരെ ആക്ഷേപിക്കപ്പെട്ടിട്ടില്ല . ഉത്തരേന്ത്യയിലെ വനിതകൾ തലമറച്ചാണ് ജീവിക്കുന്നത്. അതിനെതിരെയും ആരും ആക്ഷേപം ഉന്നയിക്കാറില്ല .എന്നാൽ മുസ്ലിം എന്ന പേര് പറഞ്ഞാണ് സിപിഎം സംസ്ഥാന സമിതി അംഗം പരസ്യമായി ആക്ഷേപുന്നയിച്ചത്. യുക്തിവാദികൾക്കെതിരെയും സ്വതന്ത്ര ചിന്താഗതികൾക്ക് എതിരെയും നിലപാടെടുക്കുന്നു എന്ന് പറയുന്ന സിപിഎം വിശ്വാസികളുടെ സംരക്ഷകരാണെന്ന മൂടുപടം പലപ്പോഴും ഇത്തരം പ്രസ്താവനകളിലൂടെ അഴിച്ചു കളയുകയാണ്. ഇത് തിരിച്ചറിയാനുള്ള വിവേകം മുസ്ലീങ്ങൾക്കുണ്ടെന്നതാണ് ഫ്രാൻസിൽ അടക്കമുള്ള പ്രതിഷേധങ്ങൾ വ്യക്തമാക്കുന്നത് .കമ്മ്യൂണിസ്റ്റുകാർ ഭരിച്ച യൂറോപ്യൻരാജ്യങ്ങളിലും എന്താണ് മതവിശ്വാസത്തിനെതിരെ സ്വീകരിച്ച നിലപാട് എന്നത് ഇപ്പോൾ ഓർക്കുന്നതും നന്നാവും.