റിയാദ് : അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം. മക്കയില്‍ വെച്ച് ഹജ്ജ് പെര്‍മിറ്റില്ലാതെ പിടികൂടുന്ന വിദേശികളെ പിഴയും ജയില്‍ശിക്ഷക്കും പുറമെ നാടുകടത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മക്ക ഇഖാമ ഉള്ളവരൊഴികെയും ഇവിടെ തൊഴില്‍ ചെയ്യുന്ന അനുമതി പത്രവുമില്ലാത്തവരും ഒഴികെ ഹജ്ജ് പെര്‍മിറ്റില്ലാതെ ആരെങ്കിലും പുണ്യഭൂമിയില്‍ വെച്ച് പിടിയിലകപ്പെട്ടാല്‍ കടുത്ത ശിക്ഷ നല്‍കുകയും അവര്‍ക്ക് പിന്നീട് സഊദിയിലേക്ക് പ്രവേശിക്കാനുള്ള അനുമതിയും ഉണ്ടാകില്ല. 2014 മുതല്‍ ഈ നിയമം കര്‍ശനമായി നടപ്പാക്കി വരുന്നുണ്ട് ആഭ്യന്തര മന്ത്രാലയം. പെര്‍മിറ്റില്ലാത്തവരെ സഹായിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ തന്നെ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ അനുമതിയില്ലാതെ വ്യാജ ഹജ്ജ് ഗ്രൂപ്പുകള്‍ നടത്തിയ മൂന്ന് ഈജിപ്ഷ്യന്‍ പൗരന്മാരെ മക്ക പോലീസ് പിടികൂടി. സോഷ്യല്‍ മീഡിയ വഴി ഇവര്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയും വ്യാജ തസ്‌രീഹ് ഉണ്ടാക്കി അനധികൃതമായി ആളുകളെ ഹജ്ജിന് കൊണ്ടുവരാന്‍ പദ്ധതിയിട്ടതായും പോലീസ് അറിയിച്ചു.