ടി.കെ അബ്ദുല്‍ ഗഫൂര്‍ മാറഞ്ചേരി
പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ വിശദമായ പ്രസ്താവന വന്നിട്ടുണ്ട്. കൂടാതെ പാര്‍ട്ടി സെക്രട്ടറി വിശദമായ വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനി എത്ര ചോദിച്ചാലും ഇതുതന്നെ മറുപടി. വല്ലാത്തൊരു മറുപടി. സ്വാതന്ത്ര്യം ഇല്ലാത്ത ഒരു തൊഴില്‍ ആണ് മാധ്യമപ്രവര്‍ത്തനം എന്നാണ് മരാമത്ത് മന്ത്രിയുടെ കണ്ടെത്തല്‍. മാത്രമല്ല മാധ്യമങ്ങളുടെ മുതലാളിമാരുടെ താല്‍പര്യത്തിനനുസരിച്ചുള്ള നിലപാടുകളാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്നും മന്ത്രി വിലയിരുത്തി. തന്റെ ഭാര്യ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് എന്ന ഐ.ടി കമ്പനി നല്‍കാത്ത സേവനത്തിന് മാസപ്പടി മൂന്നു ലക്ഷവും ഉടമ വീണ അഞ്ച് ലക്ഷം മാസം വീതവും കൈപ്പറ്റി എന്ന കാര്യം തെളിവ് സഹിതം പുറത്തുവന്നതിനെ സംബന്ധിച്ച് മന്ത്രി റിയാസിന്റെ പ്രതികരണമാണ് മേല്‍ സൂചിപ്പിച്ചത്. പ്രകാശമാനമായ പ്രതികരണ പ്രവര്‍ത്തിയിലൂടെ ഡി.വൈ.എഫ്. ഐയുടെ ദേശീയ പ്രസിഡണ്ട്, ഇപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ മന്ത്രിയുടെ ‘ദുരവസ്ഥ’യില്‍ ലജ്ജിക്കുന്നു. അഴിമതിക്കെതിരെയുള്ള പോരാട്ടം ഇപ്പോഴും വാചകങ്ങളില്‍ ഉണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ജനം കാഴ്ചക്കാരല്ല കാവല്‍ക്കാരാണ് എന്ന ബോര്‍ഡുകള്‍ കന്യാകുമാരി മുതല്‍ കാസര്‍കോട് വരെ ജാഗ്രതയില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.
സേവനം നല്‍കി സേവനത്തിന് പ്രതിഫലവും വാങ്ങി. ഇനിയും ആവശ്യമെങ്കില്‍ സേവനം നല്‍കും ഇനിയും പ്രതിഫലവും വാങ്ങും ആര്‍ക്കും തടയാന്‍ ആവില്ല. പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ മറുപടി. എന്നാല്‍ ചെയ്ത പ്രവര്‍ത്തി എന്താണ് എന്ന് പറയാന്‍ സാധിക്കുന്നില്ല. വീണയുടെ ഭര്‍ത്താവ് റിയാസിന്റെ പ്രതികരണംപോലെ സ്വാതന്ത്ര്യം ഇല്ലാത്ത മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതല്ല ഈ സംഭവം. വാര്‍ത്താസമ്മേളനത്തിലെ ചോദ്യങ്ങളില്‍നിന്ന് എഴുന്നേറ്റ് ഓടിപ്പോയത് കൊണ്ട് ഫലമുണ്ടോ?. സേവനം ലഭിക്കേണ്ട കമ്പനിക്കും സേവനം കൊടുക്കേണ്ട കമ്പനിക്കും പരാതിയില്ലെന്നും ആകാശത്തുനിന്ന് മാധ്യമങ്ങള്‍ക്ക് കിട്ടുന്ന വാര്‍ത്തയാണ് എന്നുമാണ് കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍ വകയായുള്ള വേറെ വിശദീകരണം. ഇത് കേരളീയ സമൂഹം പുച്ഛത്തോടെ തള്ളുമെന്നും മാധ്യമങ്ങള്‍ ഒറ്റപ്പെടും എന്നുമാണ് എ.കെ ബാലന്റെ ക്ഷോഭിച്ച പ്രതികരണം. ഇതൊക്കെയാണെങ്കിലും പിണറായിയെപ്പോലെ കടക്ക് പുറത്ത് എന്നൊന്നും പറയാത്തത് ബാലന്റെ ഗുണങ്ങളാണ് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.
എന്നാല്‍ ബാലാ ഇതൊന്നു കാണൂ. കൊച്ചിന്‍ മിനറല്‍ റൂട്ടയില്‍ ലിമിറ്റഡ് സി.എം. ആര്‍.എല്‍ എന്ന കരിമണല്‍ കമ്പനിയുമായാണ് എക്‌സാലോജിക് കരാര്‍ ഉണ്ടാക്കിയത്. വീണയുടെ എക്‌സാലോജിക്, ഐ.ടി സോഫ്റ്റ്‌വെയര്‍ അടക്കം സാങ്കേതിക സഹായവും മെയിന്റനസ്സും മാനേജ്‌മെന്റ് അടക്കം നല്‍കാനാണ് കരാര്‍ ഉണ്ടാക്കിയത്. ഈ കരാര്‍ പ്രകാരമുള്ള ഒരു പ്രവര്‍ത്തിയും ചെയ്തതായി രേഖകള്‍ ഇല്ല, ചെയ്തിട്ടുമില്ല. വീണക്ക് ഒരു രേഖയും പുറത്തുവിടാനുമില്ല. സി.എം.ആര്‍.എല്‍ കരിമണല്‍ കമ്പനി ആദായനികുതി വകുപ്പുമായി വര്‍ഷങ്ങള്‍ നീണ്ട കേസിന്റെ വിധിയിലാണ് വീണയും കമ്പനിയും മറനീക്കി പുറത്തുവരുന്നത്. നികുതി തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന ബോര്‍ഡിന്റെ ഉത്തരവില്‍ വീണയും കമ്പനിയും കുറ്റക്കാരാണ് എന്ന് കണ്ടെത്തിയിട്ടുള്ളത്. മാത്രമല്ല പിണറായിയുടെ മകള്‍ ആയതുകൊണ്ട് മാത്രമാണ് ഇത്രയും സംഖ്യ കരിമണല്‍ കമ്പനി കൊടുത്തത് എന്ന് ഉത്തരവില്‍ പറയുന്നുണ്ട്. പിണറായി അധികാരത്തില്‍ വന്നതിനുശേഷമാണ് ശശിധരന്‍ കര്‍ത്തായുടെ കരിമണല്‍ കമ്പനി വീണയുമായി നിശ്ചലമായ പ്രവര്‍ത്തനരഹിതമായ കരാര്‍ ഉണ്ടാക്കിയത്. കമ്പനിക്ക് ഒരു സേവനവും വീണയുടെ എക്‌സാലോജിക് ചെയ്തിട്ടില്ല എന്ന് കമ്പനി ഉദ്യോഗസ്ഥരും ഐ.ടി മേധാവിയും ശശിധരന്‍ കര്‍ത്തായും ആദായനികുതി ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡില്‍ മൊഴി നല്‍കി. ഈ മൊഴിയും യാതൊരുവിധ രേഖകളുടെ പിന്‍ബലവും ഇല്ലാത്തതുകൊണ്ട് വീണക്ക് കമ്പനി കൊടുത്ത 1.72 കോടി രൂപ അനധികൃതമാണ്, അഴിമതി പണമാണ് എന്ന് ആദായ നികുതി വകുപ്പ് സെറ്റില്‍മെന്റ് ബോര്‍ഡ് വിധിച്ചത്. മാത്രമല്ല ഏറ്റവും രസകരവും ശ്രദ്ധേയവുമായ കാര്യം ഈ വിധിക്ക് അപ്പീല്‍ ഇല്ല എന്നതാണ്.
ഇക്കാര്യങ്ങളൊക്കെ പറയുമ്പോള്‍ കേന്ദ്രകമ്മിറ്റിയുടെ തെറ്റ് തിരുത്തല്‍രേഖ ഓര്‍മവരുന്നു. പൊതുപദവികള്‍ വഹിക്കുന്നവരുടെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും പദവി മുതലെടുത്ത് സാമ്പത്തിക നേട്ടമുണ്ടാക്കുകയോ, അവിഹിതമായി സ്വത്ത് സമ്പാദിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കനത്ത ജാഗ്രത വേണമെന്ന് രേഖ പറയുന്നു. എങ്ങനെ വീണക്ക് ജാഗ്രത ഉണ്ടാകും?. എസ്.എഫ്.ഐ സ്വാശ്രയ വിരുദ്ധ സമരം നടത്തുമ്പോള്‍ വീണയെ പിണറായി പഠിപ്പിച്ചത് സാശ്രയ കോളജിലാണ്. ആ ഗുണം വീണ കാണിക്കുമല്ലോ. വീണ ചെയ്യാത്ത സേവനത്തിന് പണം വാങ്ങി എന്നത് ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ബോര്‍ഡിന്റെ അപ്പീല്‍ ഇല്ലാത്ത അന്തിമ തീര്‍പ്പാണ്. ചങ്ങാത്ത മുതലാളിത്തത്തെ കുറിച്ച് പാര്‍ട്ടിക്ക് ഇപ്പോള്‍ മൗനമാണ്. ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ചും കോര്‍പറേറ്റ് വിരുദ്ധതയെക്കുറിച്ചും പാര്‍ട്ടി ഏരിയ തലത്തില്‍ ചര്‍ച്ച സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത് ഇപ്പോള്‍ ഏറെ ഉചിതമായിരിക്കും. ഇനിയിപ്പോള്‍ ബാലന്റെ മറ്റൊരു ഉള്‍ വിളി പുറത്തുവന്നിരിക്കുന്നു. വീണക്ക് ലഭിച്ച പണത്തിന് ഐ.ജി.എസ്.ടി അടച്ചു എന്ന് തെളിയിക്കുന്ന രേഖ പുറത്തുവിടും. എത്രയും വേഗം വിടൂ. കാരണം അങ്ങനെ വന്നാല്‍ വീണ പണം വാങ്ങി എന്നത് അരക്കിട്ട് ഉറപ്പിക്കുന്നതിന് തുല്യമാണ്. എന്നാല്‍ വെല്ലുവിളി ഇതാണ് അങ്ങനെ രേഖ പുറത്തുവിട്ടാല്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്ന ചോദ്യം രാഷ്ട്രീയമായി എത്ര ബാലിശമാണ് ബാലാ. അപ്പോഴും അവനവന്റെ തെറ്റ് സമ്മതിക്കാനും അതിലെ സത്യത്തെ അംഗീകരിക്കാനും തയ്യാറാവാത്തതിലും മൗനം ആയുധമാക്കുന്നതിലും പാര്‍ട്ടി നാളെ കനത്ത വില നല്‍കേണ്ടിവരും. പ്രബുദ്ധ രാഷ്ട്രീയ കേരളത്തിന്ഉത്തരവും നല്‍കേണ്ടിയും വരും.
പ്രശസ്ത കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദന്റെ വേദനയും ആകുലതയും ഒന്നും കേള്‍ക്കാന്‍ ഈ സമയത്ത് പാര്‍ട്ടിക്ക് ഒട്ടും സമയമില്ല. പാര്‍ട്ടി ഇനിയും അധികാരത്തില്‍വന്നാല്‍ തകര്‍ന്നുപോകും. അതുകൊണ്ട് ഇനി അധികാരത്തില്‍ വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കണം. എവിടെയൊക്കെ നീണ്ട അധികാരങ്ങള്‍ പാര്‍ട്ടി കയ്യാളിയിട്ടുണ്ടോ അവിടെയൊക്കെ പാര്‍ട്ടി തകര്‍ന്നടിഞ്ഞിട്ടുണ്ട്. ബംഗാളും ത്രിപുരയും എല്ലാം. പ്രിയ കവീ, മരിച്ചുകിടക്കുന്ന സഖാക്കള്‍ക്ക്‌പോലും പ്രാര്‍ത്ഥനയില്ല. എന്നിട്ടല്ലേ ജീവനോടെ ഇരിക്കുന്നവര്‍ക്ക്!. മരിച്ചുകിടക്കുന്നവര്‍ കേട്ടാലും ഇല്ലെങ്കിലും അറിഞ്ഞാലും ഇല്ലെങ്കിലും മുഷ്ടിചുരുട്ടി മുദ്രാവാക്യം മാത്രം. ഇല്ല മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ. പ്രാര്‍ത്ഥന ഇല്ലാത്തവരോട് പാര്‍ട്ടിയെ രക്ഷിക്കാന്‍ പ്രാര്‍ത്ഥിക്കാന്‍ (ആരോട് ദൈവത്തോട് അങ്ങനെ ഒന്നുണ്ടോ) സച്ചിദാനന്ദനെ പോലുള്ള ഒരു വ്യക്തിത്വം അപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം എത്ര അപകടകരം. ഈ വിവാദത്തില്‍, വസ്തുതയില്‍ മൗനം പോലെ നേതാക്കള്‍ക്കും പാര്‍ട്ടിക്കും മൗന പ്രാര്‍ത്ഥന ഒരുപക്ഷേ സ്വീകാര്യമായിരിക്കും.