അശ്‌റഫ് തൂണേരി
ആമിര്‍ഖാനൊപ്പം സിനിമ ചെയ്യണമെന്നാണ് വലിയ സ്വപ്നം
ഇന്ത്യയില്‍ നിന്നാണെന്ന് പറയുമ്പോഴേക്കും ആമിര്‍ഖാനെക്കുറിച്ചായിരുന്നു ദോഹയില്‍ വെച്ച് കണ്ടുമുട്ടിയ മറിയം ബെയ്സയുടെ ആദ്യ ചോദ്യം. സിനിമാ ലോകത്തെ അത്ഭുതപ്രതിഭയാണ് ആമിര്‍ എന്ന് ആവേശഭരിതയാവുന്നു തുര്‍ക്കിയില്‍ നിന്നുള്ള മറിയം. ജീവിതത്തിലെ അപൂര്‍വ്വ നിമിഷങ്ങളെ ലളിത സുന്ദരമായും മനോഹരമായും പകര്‍ത്തിയ രണ്ടു സിനിമകള്‍ ഇതിനകം ചെയ്ത അവര്‍ പല തരം സിനിമകള്‍ കണ്ടെത്താനും ചെയ്യാനും നിരന്തര പ്രയത്‌നം നടത്തുന്ന ചലച്ചിത്രപ്രവര്‍ത്തകയാണ്.
നിര്‍മ്മാതാവു കൂടിയായ ഈ യുവസംവിധായിക. ഔപചാരികമായി സിനിമ പഠിച്ചിട്ടില്ലെന്നത് കൊണ്ടാവാം ഈ മേഖലയെ പതിവു രീതിയിലല്ല സമീപിക്കുന്നത്. 2016-ല്‍ ഇസ്തംബൂളിലെ അത്താത്തുര്‍ക്ക് സര്‍വ്വകലാശാലയില്‍ നിന്ന് നേടിയ സോഷ്യോളജി ബിരുദം കൂടെയുണ്ട്. പക്ഷെ നിരന്തരമായ സിനിമാ കാഴ്ചകളും യാത്രകളും പലരോടുമൊപ്പം ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള അലച്ചിലുമാണ് സിനിമാ ലോകത്തേക്ക് കടന്നുകയറാന്‍ കൈമുതല്‍.
റസ്ഗാരഗുലു എന്ന തുര്‍ക്കിഷ് സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധനേടി. ബിസ് സുസുംഗ എന്ന മറ്റൊരു സ്ത്രീപക്ഷ ചലച്ചിത്രത്തിലൂടെ പുരസ്‌കാരത്തിന് അര്‍ഹയായി. തുര്‍ക്കിയിലെ പ്രശസ്തമായ മലത്യ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് ലഭിച്ചു. കുഞ്ഞുചിത്രങ്ങളും പരസ്യചിത്രങ്ങളും നിര്‍മ്മിക്കുന്ന കുംഫിലിം എന്ന ചലച്ചിത്രനിര്‍മ്മാണ കമ്പനിയുടെ ഉടമയാണ്. 2 കുട്ടികളുടെ മാതാവായ മറിയം സ്‌പോര്‍ട്‌സ് സിനിമയിലേക്ക് കൂടി തന്റെ മേഖല വ്യാപിപ്പിച്ചിരിക്കുന്നു. ഖത്തര്‍ 2022 ലോകകപ്പ് ദിനങ്ങളിലും തുടര്‍ന്നും ദോഹയിലെത്തി ഫുട്‌ബോള്‍ കളിയും ആരവങ്ങളും ഷൂട്ട് ചെയ്തു. 8 എപ്പിസോഡുകളിലായി പുറത്തിറക്കുന്ന ഫോറെവര്‍ എന്ന് പേരിട്ട ഡോക്യുമെന്ററിയുടെ അവസാന മിനുക്കുപണിയിലാണ്.
എന്തുകൊണ്ട് സ്‌പോര്‍ട്‌സ് ഡോക്യുമെന്ററി
”എന്നെ സംബന്ധിച്ചിടത്തോളം കായികം എന്നാല്‍ അച്ചടക്കം എന്നാണ്. പിന്നെ അച്ചടക്കത്തോടെയുള്ള എന്തും ഞാന്‍ ഇഷ്ടപ്പെടുന്നു. അത് സിനിമയിലും. കായിക ഡോക്യുമെന്ററിയെടുക്കുന്നയാള്‍ എന്ന നിലയില്‍ ഞാന്‍ ധാരാളം സ്‌പോര്‍ട്‌സ് സിനിമകള്‍ കണ്ടു. എന്റെ സിനിമ, ഞാന്‍ അപ്പോള്‍ ജോലി ചെയ്യുന്ന കഥ, സ്‌പോര്‍ട്‌സിനെക്കുറിച്ചാണ് എന്ന ധാരണ എന്നെ അലട്ടിക്കൊണ്ടിരുന്നു. ഞാന്‍ മികച്ചത് ചെയ്യുന്നതുവരെ ദംഗല്‍ എന്ന ആമിര്‍ഖാന്‍ സിനിമയാണ് മികച്ച കായിക ചിത്രം.” മറിയം വിശദീകരിക്കുന്നു.
ഖത്തറിലെ ലോകകപ്പിന്റെ ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ ഞങ്ങള്‍ക്ക് നിരവധി കാരണങ്ങളുണ്ടായിരുന്നു. വലിയ കാരണം; എന്റെ നിര്‍മ്മാതാവ് അലി ബുറാക്ക് സെലാന്‍, ഈ പ്രോജക്റ്റ് എത്രത്തോളം വിലപ്പെട്ടതാണെന്ന് മുന്‍കൂട്ടി കണ്ടിരുന്നുവെന്നതാണ്. 26 പേരടങ്ങുന്ന ടീമാണ് ഡോക്യുമെന്ററി ജോലിക്കായി ദോഹയില്‍ എത്തിയത്. ഈ പ്രോജക്റ്റില്‍ ജോലി ചെയ്യുമ്പോള്‍, ഖത്തര്‍ നടത്തിയ ഒരുക്കങ്ങളും സ്റ്റേഡിയങ്ങളുടെ കഥകളും ആതിഥ്യമര്യാദയും പ്രകൃതിയും എല്ലാം ഞങ്ങളും ഏറെ ഇഷ്ടപ്പെട്ടു. വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ ഇത്രയും ആദരവോടെയും സന്തോഷത്തോടെയും ഒത്തുചേരുന്നത് വളരെയധികം ആകര്‍ഷിച്ചു. വളരെ നല്ല ചില അഭിമുഖങ്ങളും സ്റ്റോറികളുമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ആവേശത്തോടെ എത്രയുംവേഗം പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.
ആമിര്‍ഖാന്റെ സിനിമാ തെരെഞ്ഞെടുപ്പ്
ബോളിവുഡ് സിനിമ എനിക്ക് വളരെ വിലപ്പെട്ടതാണ്. പല സിനിമകളിലും അഭിനയം വളരെ സ്വാഭാവികമായി അനുഭവപ്പെടുന്നു. തിരക്കഥകള്‍ വളരെ ലളിതമാണെന്ന് തോന്നിയിട്ടുണ്ട്. എനിക്ക് ആമിര്‍ ഖാനോട് വലിയ ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ പ്രോജക്റ്റ് തിരഞ്ഞെടുപ്പുകളും ആവിഷ്‌കാര രീതിയും ഞാന്‍ മാതൃകയായി എടുക്കുന്നു. അദ്ദേഹത്തിന്റെ വര്‍ക്കുകള്‍ നല്ല സിനിമ എന്ന് വിളിക്കാനാവുന്നവയാണ്. ചില ചലച്ചിത്രങ്ങള്‍ കാണുമ്പോള്‍ അതാണ് സിനിമ എന്ന് തോന്നും. അദ്ദേഹം വെറുമൊരു ഇന്ത്യന്‍ കലാകാരനല്ല. ലോകത്തിലെ തന്നെ വലിയ ഒരു കലാകാരനാണ്. ഒരു സംവിധായിക എന്ന നിലയില്‍ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഒരിക്കല്‍ ആമിര്‍ ഖാനൊപ്പം ഒരു സിനിമ എടുക്കണം എന്നതാണ്. വാസ്തവത്തില്‍, അത് നടക്കുമോ ഇല്ലയോ എന്നറിയില്ല. പക്ഷെ ഒരു ദിവസം അത് സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ അങ്ങിനെ വിശ്വസിക്കുന്നത് ഞാന്‍ തുടരും.
സ്ത്രീ സംവിധായികയുടെ വെല്ലുവിളി
കരിയര്‍ ഇപ്പോള്‍ അതിവേഗം മുന്നേറുകയാണ്. എന്റെ അവസാന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഇത് ഉടന്‍ തന്നെ ആദ്യം അമേരിക്കയിലും പിന്നീട് തുര്‍ക്കിയിലും തിയേറ്ററുകളിലെത്തും. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കഠിനമായ ജോലികളില്‍ ഒന്ന് ഞാന്‍ തിരഞ്ഞെടുത്തുവെന്ന് ഓരോ ദിവസവും ഞാന്‍ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുന്നു. എങ്കിലും ഞാന്‍ എന്റെ പാഷന്‍ തുടരും. വെയിലില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന ഒരു പുഷ്പത്തിന്റെ കഥയാണ് ബിസ് സുസുംഗ എന്ന ചലച്ചിത്രത്തിലൂടെ ഞാന്‍ പറഞ്ഞത്. പക്ഷേ പലപ്പോഴും തണലില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇനിയൊരിക്കലും സ്ത്രീകളെ പറ്റി ഒരു സിനിമ ചെയ്യേണ്ടതില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഞങ്ങള്‍ക്ക് എവിടെ വേണമെങ്കിലും ജീവിക്കാം. വെയിലിലും തണലിലും ജീവിക്കാന്‍ അവര്‍ പ്രാപ്തരാണ്. പക്ഷേ എനിക്ക് ഇനി തണലില്‍ ജീവിക്കാന്‍ കഴിയില്ല. ജീവിതം മാറ്റിമറിക്കുന്ന സിനിമകള്‍ ചെയ്യാതെ ഞാന്‍ തളരില്ല. ദൈവം സഹായിക്കുമെന്നും എപ്പോഴും എന്നെ പിന്തുണയ്ക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ സിനിമകള്‍ ഇന്ത്യക്കാരും കാണണമെന്നാണ് എന്റെ ആശ.
ഇസ്ലാമിക് സിനിമയും മാജിദ് മജീദിയും
ഇറാനി സംവിധായകന്‍ മാജീദ് മജീദിയുടെ നിരവധി സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മുസ്ലീം സംവിധായകര്‍ക്ക് അഭിമാനിക്കാവുന്ന പേരാണ് അദ്ദേഹം. എനിക്ക് അദ്ദേഹത്തിന്റെ സിനിമകള്‍ വളരെ ഇഷ്ടമാണ്. തുര്‍ക്കിയിലും അറിയപ്പെടുന്ന ഒരു പ്രധാന സംവിധായകനാണ് അദ്ദേഹം. ‘ദി മെസേജ്’ എന്ന സിനിമ കണ്ടപ്പോള്‍ മുതല്‍ ഞാന്‍ ഒരുപാട് ചിന്തിച്ചു. അത് ഞാനാണെങ്കില്‍ അത് എങ്ങനെ ചെയ്യും, അത് എങ്ങനെ കാണിക്കും? ദി മെസ്സേജ്. അന്ന്, മുസ്തഫ അക്കാദിനെക്കാള്‍ മികച്ച ആശയം ആരെങ്കിലും കൊണ്ടുവരുമായിരുന്നോ എന്ന കാര്യത്തില്‍ സംശയമാണ്. അക്കാലത്തിറങ്ങിയ നബിയെക്കുറിച്ചുള്ള ഒരേയൊരു സിനിമ ‘ദ മെസ്സേജ്’ ആയിരിക്കുമോ?
മാജിദ് മജീദി ഈ സിനിമ മറ്റൊരു രൂപത്തില്‍ ചെയ്തവതരിപ്പിച്ചു. നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ഇതൊരു പെര്‍ഫെക്റ്റ് സിനിമയാണ്.
അദ്ദേഹം മുഹമ്മദ് നബിയെ കാണിക്കുന്ന രംഗങ്ങള്‍ ഓര്‍ക്കുമ്പോള്‍ എന്താണ് തോന്നുന്നതെന്ന് എനിക്കിപ്പോഴും അറിയില്ല. അത് നല്ലതായിരുന്നോ ചീത്തയായിരുന്നോ? പ്രത്യേകിച്ച് വിരലിലൂടെ കണ്ണ് കാണുന്ന ആ രംഗം. ഞാനെങ്ങനെ വിവരിക്കും… വിരലുകള്‍ തുറന്നാല്‍ നമുക്ക് മുഹമ്മദ് നബി (സ)യുടെ മുഖം കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കൊതിക്കുന്നു. അപ്പോള്‍ അവര്‍ അത് എങ്ങനെ കാണിക്കുന്നുവെന്നതില്‍ നിങ്ങള്‍ക്ക് ദേഷ്യം വരും. മാജീദ് മജീദിക്കും അങ്ങനെ തോന്നും എന്നാണ് കരുതുന്നത്. ഇത് മോശമാണെന്ന് എനിക്ക് തോന്നുന്നില്ല. മുസ്തഫ അക്കാദും മജീദ് മജീദിയും എടുത്ത ഇസ്ലാമിക സിനിമകളുടെ ശ്രമങ്ങള്‍ നമുക്ക് തുടരണം. ഈ രണ്ട് മികച്ച സിനിമകള്‍ക്കിടയിലെ അകലം 36 വര്‍ഷളാണ്. എന്തുകൊണ്ട് ഇത് സംഭവിച്ചു.? ഇസ്ലാമിനെക്കുറിച്ചും നമ്മുടെ പ്രവാചകനെക്കുറിച്ചും നമ്മള്‍ മറ്റാരെക്കാളും സ്വതന്ത്രരാണെന്ന് നാം ജനങ്ങളോട് പറയണം. സിനിമയിലെ ഇസ്ലാമിനെ കുറിച്ചും സെറ്റില്‍ ഒരു മുസ്ലിം വ്യക്തിയെന്ന നിലയില്‍ നമുക്കെങ്ങിനെ മുന്നോട്ടുപോവാം എന്ന കാര്യത്തിലും എനിക്ക് ധാരണയുണ്ട്. മുസ്ലിമായി പല കാര്യങ്ങളിലും പ്രായോഗിക സമീപനങ്ങള്‍ എടുത്ത് മുന്നോട്ടുപോവുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം.സിനിമയിലെ ഇസ്ലാം നമ്മുടെ ധാരണകളില്‍ മാത്രം മതിയാവില്ല. സൂക്ഷ്മ സമീപനം തേടുന്നതാണത്. നമുക്ക് ഇപ്പോഴും നമ്മളെയും നമ്മുടെ ശക്തിയെയും അറിയില്ല. ഇസ്ലാമിന്റെ അതിരുകള്‍ വളരെ വ്യക്തവും വിശാലവുമാണ്. എന്നാല്‍ നമ്മള്‍ പോലും ഈ സ്വാതന്ത്ര്യത്തെ തെറ്റിദ്ധരിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അത് സിനിമയില്‍ പ്രകടിപ്പിക്കാനാവാതെ പോവുന്നത്.
തിരിച്ചുവരവില്‍ തുര്‍ക്കി
സിനിമയുടെ യാത്രകളും ജീവിതത്തിലെ ചില നല്ല നിമിഷങ്ങളും കടന്നുപോകവേയാണ് ഭൂകമ്പം ജീവിതത്തെ പിടിച്ചുലച്ചത്. ഉറക്കമില്ലാത്ത ദിനങ്ങളുണ്ടായി. തുര്‍ക്കിയിലെ 10 പ്രവിശ്യകളിലായി 500 കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം സംഭവിച്ചത്. ചില നഗരങ്ങളിലെ തെരുവുകള്‍ പൊടുന്നനെ പാടേ ഇല്ലാതായി. കെട്ടിടങ്ങളും വാഹനങ്ങളും മരങ്ങളുമെല്ലാം ഭൂമിക്കടിയിലേക്ക് പോയി. 45,968 പേരിലധികം തുര്‍ക്കിയില്‍ മാത്രം മരിച്ചു. സിറിയയിലും മരണങ്ങള്‍ വേറെ. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പത്തിന് ശേഷം നിരവധി തുടര്‍ചലനങ്ങള്‍ ഉണ്ടായി. മിക്ക നഗരങ്ങളും കൂട്ടക്കുഴിമാടങ്ങളായി മാറിയ കാഴ്ചകള്‍ വല്ലാതെ നൊമ്പരപ്പെടുത്തി. സാധാരണയായി, ഒരു സംസ്ഥാനത്ത് ഒരു ദുരന്തം സംഭവിക്കുമ്പോള്‍, ചുറ്റുമുള്ള പ്രവിശ്യകളില്‍ നിന്ന് പിന്തുണ ലഭിക്കും. അതിന് ഇപ്രാവശ്യം തടസ്സം നേരിട്ടു ആദ്യദിവസം. ചില പ്രവിശ്യകളില്‍ എത്താന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. പിന്നീടാണ് ഖത്തര്‍ ഉള്‍പ്പെടെ പുറത്ത് നിന്നുള്ള സുരക്ഷാ സംഘമുള്‍പ്പെടെയെത്തി രക്ഷാ പ്രവര്‍ത്തനവും റിലീഫും തുടങ്ങിയത്. വിവിധ സ്ഥലങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളേയാണ് ഭൂകമ്പം ബാധിച്ചത്.
കുട്ടികളെ നഷ്ടപ്പെട്ടവരും മാതാപിതാക്കളെ ഇല്ലാതായവരും ഇണകള്‍ ഇല്ലാതായവരും നിരവധി. കുഞ്ഞുങ്ങളേ ഉള്‍പ്പെടെ കെട്ടിടത്തിനുള്ളില്‍ നിന്ന് ജീവനോടെ ദിനങ്ങള്‍ക്ക് ശേഷം കണ്ടെത്തിയ അത്ഭുതം സംഭവിച്ചു. ഇപ്പോള്‍ 102 രാജ്യങ്ങളോളം തുര്‍ക്കിക്ക് സഹായം നല്‍കിവരുന്നുണ്ട്. വീടുകളും താമസകേന്ദ്രങ്ങളും തകര്‍ന്ന ആയിരങ്ങള്‍ അഭയാര്‍ത്ഥി കൂടാരങ്ങളില്‍ താമസിക്കുകയാണ്. പുനര്‍നിര്‍മ്മാണ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. കഹ്റമന്‍മാരാസ്, ഗാസിയാന്‍ടെപ്, മാലാത്യ, ദിയാര്‍ബക്കര്‍, കിലിസ്, സാന്‍ലിയുര്‍ഫ, ആദിയമാന്‍, ഹതായ്, ഉസ്മാനിയേ, അദാന, എലാസിഗ് എന്നീ തുര്‍ക്കിയിലലെ 11 നഗരങ്ങളെയാണ് ഭൂകമ്പ ദുരിതം ഏറ്റവും ബാധിച്ചത്. കഹ്റാമന്‍മാരാസ്, ഹതായ്, അദാന എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതും കെട്ടിടങ്ങള്‍ തകര്‍ന്നതും. ഇനിയും വലിയ ദുരന്തങ്ങളുണ്ടാവല്ലേ എന്ന അനുദിന പ്രാര്‍ത്ഥനയിലാണ് ഞങ്ങളുടെ ജീവിതം.