പി.കെ കുഞ്ഞാലിക്കുട്ടി
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 75 വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തിന്റെ വര്‍ത്തമാനവും ഭാവിയും വിശകലനം ചെയ്യുക എന്നത് ഏതൊരു ഇന്ത്യക്കാരനില്‍നിന്നും സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. സ്വാതന്ത്ര്യ സമരസേനാനികള്‍ സ്വപ്‌നംകണ്ട ഇന്ത്യ മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും സകല മേഖലകളിലും വികസനത്തിന്റെ വെന്നിക്കൊടികള്‍ പാറിപ്പിക്കുന്ന, രാജ്യത്തെ ഓരോ പൗരന്റെയും ജീവിത സുരക്ഷ ഉറപ്പാക്കുന്നതുമായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍, അറിയപ്പെടുന്നവരും അല്ലാത്തവരുമായ നിരവധി ധീരദേശാഭിമാനികള്‍ പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ ധീരോദാത്തമായ പോരാട്ടത്തിന്റെ കഥ രാജ്യം നിലനില്‍ക്കുന്നിടത്തോളം കാലം ഓരോ ഇന്ത്യക്കാരന്റെയും സിരകളില്‍ ആവേശം സൃഷ്ടിക്കുക തന്നെ ചെയ്യും. സ്വതന്ത്ര ഇന്ത്യയുടെ ഭരണത്തിനു ചുക്കാന്‍ പിടിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു പരിധിവരെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നങ്ങള്‍ക്ക് നിറംപകരുന്ന രീതിയില്‍ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോയി. ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ബഹുസ്വര സമൂഹത്തിലെ നീതിയുക്തമായ ഇടപെടലുകള്‍ വഴി ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റാനും രാഷ്ട്രശില്‍പി ജവഹര്‍ലാല്‍ നെഹ്്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്ക് സാധിച്ചിരുന്നു. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും ഭരണപരമായി അസ്ഥിരതക്കും പട്ടാള അട്ടിമറികള്‍ക്കുമെല്ലാം സാക്ഷ്യം വഹിച്ചപ്പോള്‍ നമ്മുടെ രാജ്യം അത്തരം പ്രവണതകളോടെല്ലാം മുഖംതിരിഞ്ഞു നില്‍ക്കുകയും ജനാധിപത്യത്തിന്റെ പാതയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. മാത്രമല്ല, നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളും മറ്റുവ്യവസ്ഥകളുമെല്ലാം നാളിതുവരെ നിഷ്പക്ഷവും നീതിയുക്തവുമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ കാര്യത്തിലും സാമൂഹ്യ പുരോഗതിയുടെ കാര്യത്തിലുമെല്ലാം അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചവര്‍പോലും ഭരണഘടനാ സ്ഥാപനങ്ങളുടെ നീതിയുക്തമായ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഡം പ്രശംസിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞിരുന്നത്. അവകാശ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമെല്ലാം ഉയര്‍ന്ന നിലവാരത്തില്‍ തന്നെ രാജ്യത്ത് നിലനില്‍ക്കുകയും ലോകാടിസ്ഥാനത്തില്‍ അത് പ്രശംസിക്കപ്പെടുന്ന സാഹചര്യം വരെ ഉണ്ടാവുകയും ചെയ്തു.
പക്ഷേ വര്‍ത്തമാന കാലത്ത് ഇതെല്ലാം മാറിമറിയുന്നതിന്റെ അടയാളങ്ങളാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തില്‍ വന്ന സര്‍ക്കാറുകള്‍ ഏകാധിപത്യ പ്രവണതകളെ പുല്‍കിക്കൊണ്ടിരിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. അന്വേഷണ ഏജന്‍സികളെ വരുതിയിലാക്കുന്നു. നീതി ലഭിക്കേണ്ട മുഴുവന്‍ സ്ഥാപനങ്ങളെയും കൈപ്പിടിയിലൊതുക്കുന്നു എന്ന തോന്നലുകള്‍ ഉളവാക്കുന്നു. ഒരു ഘട്ടത്തിലും ഇടപെടാന്‍ പാടില്ലാത്ത നീതിപീഠങ്ങളില്‍ പോലും സര്‍ക്കാര്‍ കൈവെക്കുന്നു എന്ന ആക്ഷേപങ്ങള്‍ ഉയരുന്നു. ഈ പ്രവണതകള്‍ നമ്മുടെ രാജ്യത്തിന് ഒട്ടും അഭികാമ്യമല്ല. ജാതി, മത, വര്‍ണ, വൈജാത്യങ്ങള്‍ക്ക് അതീതമായ നീതിയുടെ ഉറവിടമായി കരുതപ്പെട്ട രാജ്യം ആ വിശേഷണങ്ങളില്‍ നിന്ന് അകലുന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഭരിക്കുന്ന കക്ഷിതന്നെ ഇത്തരം ദുഷ്പ്രവണതകളെ പരിപോഷിക്കുന്ന സമീപനം സ്വീകരിച്ചാല്‍ ഭാവി എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും കഴിയില്ല.
സമാധാനവും ഐക്യവുമില്ലാത്ത ഒരു രാജ്യവും വികസന രംഗത്ത് മുന്നോട്ടുപോയിട്ടില്ല. നമ്മുടെ രാജ്യം നിരവധിയായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ വേളയിലും ദാരിദ്ര്യം, നിരക്ഷരത തുടങ്ങിയവയെല്ലാം നമ്മെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുകയാണ്. ശത്രു രാജ്യങ്ങളുടെ കടന്നാക്രമണങ്ങള്‍ പോലെ പുറമെ നിന്നുള്ള ഭീഷണികള്‍ വേറെയും. ആഭ്യന്തര സമാധാനവും ആഭ്യന്തര ഐക്യവും ഊട്ടിയുറപ്പിക്കേണ്ട ഈ ഘട്ടത്തില്‍ പ്രതിപക്ഷത്തെ പോലും വിശ്വാസത്തിലെടുക്കാത്ത ഏകാധിപത്യ പ്രവണതകളിലൂടയെയാണ് ഭരണകൂടം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ട് തന്നെ രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലെല്ലാം പരസ്പരം സഹകരിച്ചുകൊണ്ടായിരുന്നു മുന്‍കാലങ്ങളിലെല്ലാം നാം മുന്നോട്ടു പോയിരുന്നത്. എന്നാല്‍ അത്തരം താല്‍പര്യങ്ങളെയെല്ലാം ബലികഴിക്കുന്നതാണ് ഇന്നത്തെ ബി.ജെ.പി സര്‍ക്കാറിന്റെ നടപടികള്‍. ഈ അപകടകരമായ സ്ഥിതി വിശേഷത്തെ മറികടക്കാനുള്ള ഏക മാര്‍ഗം ഭരണകൂടത്തിന്റെ ഫാസിസ്റ്റ് സമീപനത്തിനെതിരെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറികടന്നുകൊണ്ട് ഒറ്റക്കെട്ടായി നിലകൊള്ളുക എന്നതുമാത്രമാണ്.
മതേതരത്വത്തെ ജീവവായുവായിക്കണ്ട പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗ്. പാണക്കാട് പി.എം.എസ്.എ പൂക്കോയതങ്ങളുടെ പിതാമഹാന്മാരുടെ കാലത്ത് തന്നെ ആ കുടുംബം പിന്നോക്കത്തിന്റെ ഭാണ്ഡം പേറിയ ഒരു ജനതയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായ കഠിന പ്രയത്‌നം നടത്തുകയുണ്ടായി. അടിസ്ഥാന ജനവിഭാഗത്തിന്റെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും അവര്‍ക്ക് അക്ഷരാഭ്യാസം നല്‍കുന്നതിനുമെല്ലാം മഹാരഥന്‍മാരായ സയ്യിദുമാര്‍ അവരുടെ ജീവിതം തന്നെ സമര്‍പ്പിക്കുകയായിരുന്നു. ജയില്‍വാസമുള്‍പ്പെടെയുള്ള നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിവന്നെങ്കിലും തങ്ങളുടെ ഉദ്യമത്തില്‍ നിന്ന് അവര്‍ പിന്നോട്ടുപോയില്ല. ഈ ലക്ഷ്യത്തിനുവേണ്ടി സമൂഹത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും സാമൂഹ്യ സാംസ്‌കാരിക പുരോഗതിക്കാവശ്യമായ മറ്റെല്ലാ സൗകര്യങ്ങളും സജ്ജമാക്കുകയും ചെയ്തു. ഈ രീതിയിലുള്ള സാമൂഹ്യ പരിവര്‍ത്തന പ്രക്രിയകള്‍ അവരുടെ എക്കാലത്തെയും മുഖമുദ്രയായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ നേതൃത്വത്തിന്‍ കീഴിലായി സമൂഹത്തിനും രാജ്യത്തിനും ഉജ്വലമായ നേട്ടങ്ങള്‍ കൈവരിച്ചു നല്‍കാന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗിനു സാധിച്ചു.
സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ കാലത്ത് ഒട്ടനവധി പുരോഗമനപരമായ നിയമങ്ങള്‍ മുസ്‌ലിംലീഗിന്റെ നേതൃത്വത്തിലുള്ള ഭരണകൂടങ്ങള്‍ നടപ്പിലാക്കുകയുണ്ടായി. തുടര്‍ന്നു വന്ന യു.ഡി.എഫ് സര്‍ക്കാറുകളെല്ലാം നിരവധി വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. സംസ്‌കൃത സര്‍വകലാശാലതൊട്ട് എല്ലാ ജാതി, മത വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്ന പല വിദ്യാഭ്യാസ സംരഭങ്ങള്‍ക്കും തുടക്കം കുറിച്ചത് മുസ്്‌ലിംലീഗിന്റെ വിദ്യാഭ്യാസ മന്ത്രിമാരാണ്. അങ്ങിനെ നാടിന്റെ പുരോഗതിക്കാവശ്യമായ എല്ലാ സുപ്രധാന നിയമനിര്‍മാണങ്ങളിലും നേതൃ പരമായ പങ്കുവഹിച്ച പാരമ്പര്യമാണ് മുസ്്‌ലിം ലീഗിനുള്ളത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മുസ്്‌ലിംലീഗ് പ്രസ്ഥാനം ആഗ്രഹിക്കുന്നത് സര്‍വ ജനവിഭാഗങ്ങള്‍ക്കും പൂര്‍ണാര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യം ലഭ്യമാകുക എന്നതാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ നമ്മുടെ പൂര്‍വ സൂരികള്‍ മനസില്‍ കണ്ട മുഴുവന്‍ ജനങ്ങള്‍ക്കും എല്ലാ അര്‍ത്ഥത്തിലുമുള്ള സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്ക് നമുക്കൊന്നായി പരിശ്രമിക്കാം.
രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെല്ലാം താല്‍ക്കാലികമാണ്. ഇന്ത്യ അതിന്റെ ജനാധിപത്യ മതേതര സ്വഭാവത്തിലേക്ക് തിരിച്ചുവരിക തന്നെ ചെയ്യും. യു.പി.എ കാലത്ത് നമ്മുടെ രാജ്യത്തിന്റെ സ്ഥാനം ലോകത്തിന്റെ നെറുകയിലായിരുന്നു. എല്ലാ മേഖലകളിലും കുതിച്ചുകയറ്റമായിരുന്നു. ജനാധിപത്യവും മതേതരത്വവുമുള്‍പ്പെടെയുള്ള മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കപ്പെട്ട കാലമായിരുന്നു. ആ നല്ല നാളുകളിലേക്കുള്ള മടക്കവും ഈ സുദിനത്തില്‍ നമുക്ക് ലക്ഷ്യം വെക്കാം.